നയം ജനവിരുദ്ധമായാല്‍ ജനം കടക്ക് പുറത്തെന്ന് പറയും: ജോയ് മാത്യു

നയം ജനവിരുദ്ധമായാല്‍ ജനം കടക്ക് പുറത്തെന്ന് പറയും: ജോയ് മാത്യു

ഫിദ-
കോഴിക്കോട്: മാവോ സേ തൂങ്ങിന്റെ പുസ്തകങ്ങള്‍ കൈവശംവെച്ചവരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ആദ്യം എകെജി സെന്ററിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഭരിക്കുന്ന പാര്‍ട്ടിയുടെ നയമാണ് പോലീസിന്റെ നയം ആ നയം ജനവിരുദ്ധമായാല്‍ ജനങ്ങള്‍ കടക്ക് പുറത്ത് എന്ന് പറയും. കോഴിക്കോട്ട് രണ്ട് സി.പി.എം. പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു. മാധവ് ഗാഡ്ഗില്‍ എങ്ങനെയാണ് രാജ്യദ്രോഹിയായതെന്നാണ് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ് ഇതിന് മറുപടി പറയേണ്ടതും, അദ്ദേഹം തന്നെയാണ ഇതിന്റെ ഉത്തരവാദി ജോയ് മാത്യു പറഞ്ഞു.
മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലന്‍, താഹ എന്നിവരില്‍ നിന്ന് കണ്ടെടുത്ത പുസ്തകങ്ങളില്‍ ഒന്ന് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ടതായിരുന്നു. ജോയ് മാത്യുവാണ് ഈ പുസ്തകം അച്ചടിച്ച് പുറത്തിറക്കിയത്.
കഴിഞ്ഞ പ്രളയസമയത്ത് നിയമസഭയില്‍ സമാജികര്‍ പറയുന്ന മണ്ടത്തരം കേട്ടപ്പോള്‍ നിയമസഭാ സമാജികര്‍ക്ക് കുറച്ചുകൂടി ദിശാബോധം ഉണ്ടാകട്ടെയെന്ന് കരുതി. ഞാന്‍ എന്റെ സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി തയ്യാറാക്കിയ പുസ്തകമാണിത്. ആയിരം കോപ്പിയാണ് പ്രിന്റ് ചെയ്തത്. ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് പുസ്തകം പ്രിന്റ് ചെയ്തത്. എം.എല്‍എമാര്‍ക്ക് നിയമസഭയില്‍ കൊണ്ടുപോയി സൗജന്യമായി കൊടുക്കാനാണ് പുസ്തകം തയ്യാറാക്കിയത്. പക്ഷേ അത് നടന്നില്ല. ഉദ്ഘാടനത്തിനായി കോളേജുകളില്‍ പോകുമ്പോള്‍ ഇതിന്റെ പത്ത് കോപ്പി വാങ്ങാനാണ് ആവശ്യപ്പെടാറ്. കുട്ടികള്‍ പുസ്തകം വായിക്കുകയും മുടക്കിയ പണം തിരിച്ച് കിട്ടുകയുമാണ് ലക്ഷ്യം. ഈ പുസ്തകത്തിന്റെ 500 കോപ്പി എന്റെ കൈവശമുണ്ട്. അതിന്റെ പേരില്‍ വെറുതെ ഒരു യുഎപിഎ കിട്ടുമോയെന്നാണ് ഇപ്പോള്‍ എന്റെ ഭയം.
കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അലനെ അറിയാം. അടുത്ത സുഹൃത്തിന്റെ മകനാണ്. അലന്റെ മുത്തശ്ശി സാവിത്രി ടീച്ചര്‍ കോഴിക്കോടിന്റെ ആത്മാവിന്റെ ഭാഗമാണ്. വീടുവിട്ട് ചേരിപോലുള്ള സ്ഥലത്തുവന്ന് താമസിച്ച് അവിടുത്ത് നിര്‍ധനരായ സ്ത്രീകള്‍ക്ക് തൊഴിലും ആത്മാഭിമാനവുമൊക്കെ കൊടുത്ത ടീച്ചറാണവര്‍. അവര്‍ മരിക്കുന്നത് വരെ സഖാവായിരുന്നു. അവരുടെ കൊച്ചുമോനാണ് ഈ അവസ്ഥ വന്നിരിക്കുന്നതെന്ന കാര്യം അത്ഭുതപ്പെടുത്തുന്നതാണ്.
ഇവിടെ നടക്കുന്ന കാര്യങ്ങള്‍ പോലീസ് രാജിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ജനാധിപത്യ രീതിയില്‍ ജനാധിപത്യ സര്‍ക്കാരിന്റെ ഭരണമല്ല. ഇത് പോലീസുകാരുടെ കൈവിട്ട കളിയാണ്. നാളെ എന്നെ ഈ പുസ്തകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാം..എത്ര പേര് ശബ്ദമുണ്ടാക്കുമെന്ന് അറിയില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close