മസാലബോണ്ട് വഴി സമാഹരിച്ചത് 2150 കോടി

മസാലബോണ്ട് വഴി സമാഹരിച്ചത് 2150 കോടി

ഫിദ-
കൊച്ചി: കിഫ്ബിക്ക് പണംകണ്ടെത്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മസാലബോണ്ട് വഴി 2,150 കോടിരൂപ സമാഹരിച്ചതായി മന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയെ അറിയിച്ചു. മാര്‍ച്ച് 29നാണ് ഈ പണം കിഫ്ബിയുടെ അക്കൗണ്ടിലെത്തിയത്. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ മുതലുംപലിശയും ചേര്‍ത്ത് 3,195 കോടിരൂപ സര്‍ക്കാര്‍ നല്‍കേണ്ടിവരും. മസാലബോണ്ട് വഴി സമാഹരിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ എല്ലാമാസവും റിസര്‍വ് ബാങ്കിന് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ബോണ്ടുവഴി സമാഹരിച്ച തുക യൂണിയന്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കൊടക് മഹീന്ദ്ര, വിജയ ബാങ്ക്, എസ്.ബി.ഐ. എന്നിവിടങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ട്. കുറവ് തുക എസ്.ബി.ഐയിലും കൂടുതല്‍ തുക എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ., യൂണിന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലുമാണ്.
കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയിലൂടെ 61.32 കോടിരൂപ സമാഹരിച്ചു. ഇതിന് പരസ്യയിനത്തില്‍ 16.28 കോടിരൂപ ചെലവിട്ടു. ചിട്ടിയിലൂടെ ലഭിച്ച തുക കിഫ്ബിബോണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഒരുവര്‍ഷം പതിനായിരംകോടി രൂപ ചിട്ടിവഴി സമാഹരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതുവരെ 11,278 പേര്‍ ചിട്ടിയില്‍ ചേര്‍ന്നു. യു.എന്‍. ഉപരോധമുള്ള രാജ്യങ്ങളിലൊഴികെ പ്രവാസിച്ചിട്ടി ആരംഭിച്ചിട്ടുണ്ടെന്ന് പി.കെ ബഷീറിനെ മന്ത്രി അറിയിച്ചു.
മാര്‍ച്ച് 31ന് 1848.71 കോടി രൂപയുടെ ബില്ലുകള്‍ ട്രഷറി ക്യൂവില്‍ ഉള്‍പ്പെടുത്തിയിരുന്നതായി മന്ത്രി, എ.പി. അനില്‍കുമാറിനെ അറിയിച്ചു. ഇതില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ 837.66 കോടിരൂപയുടെ ബില്ലുകളും ഉള്‍പ്പെടും. ഒക്ടോബര്‍ 22വരെ 1414.56 കോടിരൂപയുടെ ബില്ലുകള്‍ പാസാക്കി. ഇതില്‍ 820.46 കോടിരൂപയുടെ ബില്ലുകള്‍ തദ്ദേശസ്ഥാപനങ്ങളുടെതാണെന്നും മന്ത്രി അറിയിച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close