Month: November 2019

കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ്

ഫിദ-
തിരു: കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജാണെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരെ ആവര്‍ത്തിച്ചുള്ള ആക്ഷേപം പുകമറ സൃഷ്ടിക്കാനാണ്. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമാണ്. സെക്ഷന്‍ 14(1) പ്രകാരമുള്ള ഓഡിറ്റിന് നിയന്ത്രണമില്ലെന്നും ഐസക്. കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ലെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അഴിമതിയും സ്വജനപക്ഷപാതവും പുറത്തുവരാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 20(2) അനുസരിച്ചുള്ള ഓഡിറ്റ് വേണം. വിഡ്ഢികളായത് കൊണ്ടാണോ സിഎജി മൂന്ന് തവണ കത്തയച്ചതെന്നും ചെന്നിത്തല ചോദിച്ചു.
സര്‍ക്കാര്‍ സിഎജിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട് എന്നായിരുന്നു ഇതിനുള്ള ധനമന്ത്രിയുടെ മറുപടി.
കിഫ്ബി, കിയാല്‍ സമ്പൂര്‍ണ ഓഡിറ്റ് നിഷേധിച്ചതില്‍ നിയമസഭയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ സമാന വിഷയം ചോദ്യോത്തര വേളയില്‍ വന്നിട്ടുണ്ടെന്നും നോട്ടീസിലെ ആശങ്ക അടിസ്ഥാന രഹിതമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയതായും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഋത്വിക് റോഷനോട് ആരാധന; ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

അളക ഖാനം-
ന്യൂയോര്‍ക്ക്: നടന്‍ ഋത്വിക് റോഷനോടു കടുത്ത ആരാധന പ്രകടിപ്പിച്ചിരുന്ന ഭാര്യയെ കുത്തിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദിനേശ്വര്‍ ബുധിദത്ത് എന്ന മുപ്പത്തിമൂന്നുകാരനാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ന്യുയോര്‍ക്കിലാണ് സംഭവം.താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും ഫഌറ്റിന്റെ താക്കോല്‍ പൂച്ചട്ടിക്കടിയില്‍ വെച്ചിട്ടുണ്ടെന്നും ഇയാള്‍ ഭാര്യയുടെ സഹോദരിക്ക് ഫോണില്‍ സന്ദേശമയക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഭാര്യയുടെ മ!ൃതദേഹത്തിനു സമീപം തന്നെ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇവര്‍ വിവാഹിതരായത്.
ഋതിക് റോഷനോടു കടുത്ത ആരാധനയായിരുന്നു ഡോണെക്ക്. ഋത്വിക് റോഷന്‍ അഭിനയിക്കുന്ന സിനിമയോ ഗാനമോ ഭാര്യ കാണുന്നതില്‍ അസൂയാലുവായിരുന്ന ഇയാള്‍ ടിവി ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുമായിരുന്നു.
വിവാഹത്തിനു രണ്ടാഴ്ചക്കു ശേഷം ഇയാള്‍ ഭാര്യയെ കയ്യേറ്റം ചെയ്തിരുന്നു. ഭാര്യയെ മര്‍ദിച്ചതിന് ഓഗസ്റ്റില്‍ ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യുകയും തുടര്‍ന്ന് ഡോണെക്ക് കോടതി സംരക്ഷണം അനുവദിക്കുകയും ചെയ്തിരുന്നു. ഇയാള്‍ തുടര്‍ച്ചയായി മര്‍ദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി സുഹൃത്തുകളോട് ഡോണെ പറഞ്ഞിരുന്നു.
ഇയാളുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകാത്തതിനെ തുടര്‍ന്ന് മാറിതാമസിക്കാന്‍ ഡോണെ തയാറെടുത്തെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി അവിടെ തുടരുകയായിരുന്നു.

ഡാമുകളിലെ മണല്‍ വില്‍പ്പനക്ക്

ഗായത്രി-
കൊച്ചി: മഹാപ്രളത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിനും വില്പന നടത്തുന്നതിനും സ്വകാര്യമേഖലക്ക് ഉള്‍പ്പെടെ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ദശകോടികള്‍ വിലമതിക്കുന്ന ഈ മണല്‍ശേഖരം ഘട്ടം ഘട്ടമായി അടുത്ത മാര്‍ച്ചിനു മുമ്പ് വില്‍ക്കുകയാണ് ജലവിഭവ വകുപ്പിന്റെ ലക്ഷ്യം. ആദ്യഘട്ടമായി, രണ്ടു മാസത്തിനകം 10 ലക്ഷം ഘനമീറ്റര്‍ മണല്‍ വിപണയിലെത്തിക്കും. മണല്‍ക്ഷാമം കാരണം പ്രതിസന്ധി നേരിടുന്ന നിര്‍മ്മാണ മേഖലക്ക് ആശ്വാസമാകുന്നതാണ് പദ്ധതി. മണലിന്റെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും പരിഹാരമാകും.
സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക ശേഷിയുള്ള സ്വകാര്യ വ്യക്തികള്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി മണല്‍ വാരി വില്‍പ്പന നടത്താമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ല. വ്യവസ്ഥകള്‍ക്കു വിധേയമായി 25 ലക്ഷം രൂപ കരാറുകാര്‍ കെട്ടിവെക്കണം. ഉയര്‍ന്ന ടെന്‍ഡര്‍ അനുസരിച്ചാണ് പാസ് നല്‍കുക. വാരുന്ന മണലിന്റെ കണക്കും അതിനനുസരിച്ചുള്ള ഫീസും മാസത്തില്‍ ഒരിക്കല്‍ ജില്ലാ അധികൃതര്‍ക്ക് നല്‍കണം. ചൂഷണം തടയാന്‍ മണല്‍ വാരുന്നയിടങ്ങളില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കും.
പ്രളയശേഷം നദികളില്‍ വന്‍തോതില്‍ മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് ജലസേചനവകുപ്പ് ചീഫ് എന്‍ജിനിയര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണല്‍ നിറഞ്ഞതിനാല്‍ വെള്ളിയാങ്കല്‍ ഉള്‍പ്പെടെ പല അണക്കെട്ടിന്റെയും പ്രവര്‍ത്തനം നിലച്ചിരുന്നു. മണല്‍ നീക്കം ചെയ്യണമെന്ന ഡാം റഗുലേറ്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ ഉത്തരവ്. റിപ്പോര്‍ട്ട് അനുസരിച്ച് അണക്കെട്ടുകളിലെ മണലില്‍ 40 ശതമാനം എക്കലാണ്. ഇത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കും. മണല്‍ പൊതുവിപണിയില്‍ വില്‍ക്കാം. അതിന്റെ വില കരാറുകാര്‍ക്ക് നിശ്ചയിക്കാം.നിലവില്‍ ഒരു ലോഡ് മണലിന് 3500 9000 രൂപ വരെയാണ് വില.
അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിലൂടെ അണക്കെട്ടുകളുടെ സംഭരണശേഷി 10 ശതമാനം കൂട്ടാമെന്നും ഇതിലൂടെ സംസ്ഥാനത്തിന് 800 ദശലക്ഷം ഘനമീറ്റര്‍ അധികജലം സംഭരിക്കാമെന്നുമാണ് പ്രതീക്ഷ. ഇതിലൂടെ 5000 കോടിയോളം രൂപയുടെ പരോക്ഷ നേട്ടമുണ്ടാക്കും. അഞ്ച് പുതിയ റിസര്‍വോയറുകള്‍ സ്ഥാപിക്കുന്നതു തുല്യമായ നേട്ടമാണിത്.

സംസ്ഥാനത്ത് പബ്ബുകള്‍ വന്നേക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി

ഫിദ-
തിരു: സംസ്ഥാനത്ത് പബ്ബുകള്‍ വന്നേക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകള്‍ വരുന്നതിനെ കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രിയുടെ പ്രതികരണം.
രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ട്. ഇത്തരത്തില്‍ ആക്ഷേപം സര്‍ക്കാറിന് മുന്നില്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആളുുകള്‍ ക്യൂനിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെതിരെ ഹരജി

ഫിദ-
കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ തെരഞ്ഞെടുത്തതിനെതിരേയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. സംസ്ഥാനസര്‍ക്കാരിനും ചലച്ചിത്ര അക്കാദമി ചെയര്‍മാനും സെലക്ഷന്‍ കമ്മിറ്റിക്കും നോട്ടീസ് നല്‍കാനാണ് കോടതി നിര്‍ദേശം. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത 14 ചിത്രങ്ങളില്‍ എട്ടെണ്ണം വാണിജ്യ സിനിമകളാണ്. തിയറ്ററുകളിലും മറ്റും പ്രദര്‍ശനവിജയം നേടിയ ഈ സിനിമകള്‍ തെരഞ്ഞെടുത്തത് നിയമപരമല്ല.
കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്, ആന്റ്് ദ ഓസ്‌കാര്‍ ഗോസ് ടു, ഉയരെ, ജല്ലിക്കട്ട്, ഉണ്ട, രൗദ്രം 2018, ഇഷ്‌ക് എന്നീ ചിത്രങ്ങള്‍ക്കെതിരേയാണ് ഹര്‍ജിക്കാര്‍ ആരോപണം ഉന്നയിക്കുന്നത്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം ഗ്രാന്റുണ്ട്. വാണിജ്യ സിനിമകള്‍ക്ക് ഗ്രാന്റ് നല്‍കുന്നതു വഴി ചലച്ചിത്രോത്സവത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിച്ചു.
സമര്‍പ്പിക്കപ്പെട്ട 93 സിനിമകള്‍ 12 ദിവസത്തിനുള്ളിലാണ് കണ്ടുതീര്‍ത്തതെന്ന് അക്കാദമി പറയുന്നു. ഇത് പ്രായോഗികമല്ല.
സെലക്ഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കിയതും സിനിമകള്‍ തെരഞ്ഞെടുത്തതും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം, കമ്മിറ്റിയിലുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ ഒഴിവാക്കി ചിത്രങ്ങള്‍ വീണ്ടും തെരഞ്ഞെടുക്കണം, മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് സ്‌റ്റേ ചെയ്യണം എന്നിവയാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍.

മൈജി ആനിവേഴ്‌സറി സെയില്‍ ഇന്നു മുതല്‍

ഫിദ-
രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റല്‍ റീട്ടെയില്‍ ബ്രാന്‍ഡ് മൈജി യുടെ പതിനാലാമത് ആനിവേഴ്‌സറി സെയില്‍ഇന്നു മുതല്‍ എല്ലാ ഏാഷ്യാ ഷോറൂമുകളിലും ആരംഭിക്കുന്നു. ഏറെ സവിശേഷതകളോടെയാണ് മൈജി ആനിവേഴ്‌സറി സെയില്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുന്നത്.
ബിഗസ്റ്റ് ക്യാഷ് ബാക്ക് ഓഫറുകളും കൈനിറയെ സമ്മാനങ്ങളുമാണ് ഏാഷ്യാ ആനിവേഴ്‌സറി സെയിലിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബിഗസ്റ്റ് ക്യാഷ് ബാക്ക് ഓഫറിലൂടെ ഓരോ പതിനായിരം രൂപയുടെ പര്‍ച്ചേസിനോടൊപ്പം 1400 രൂപ ഡിസ്‌കൗണ്ട് സ്വന്തമാക്കാം. കൂടാതെ നിരവധി സമ്മാനങ്ങളും. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍, ക്യാമറ, ആക്‌സസറികള്‍ തുടങ്ങി എല്ലാ ഗാഡ്‌ജെറ്റുകളുടെ പര്‍ച്ചേസിനോടൊപ്പവും പണം തിരികെ നല്‍കുന്നു.
സവിശേഷതകള്‍ നിറഞ്ഞ ഈ ആനിവേഴ്‌സറി സെയിലിന്റെ ഭാഗമായി മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങള്‍ മൈജിയുടെ വിവിധ ഷോറൂമുകള്‍ സന്ദര്‍ശിക്കും.
കേരളത്തില്‍ 75 ഷോറൂമുകളാണ് മൈജിക്ക്് ഉള്ളത്. ഈ ഷോറൂമുകളിലെല്ലാം മൈജിയുടെ പതിനാലാമത് ആനിവേഴ്‌സറി സെയില്‍ ബിഗസ്റ്റ് ക്യാഷ് ബാക്ക് ഓഫര്‍ ലഭ്യമാണ്.

 

ഇന്ത്യന്‍ സമുദ്ര ഭക്ഷ്യവിഭവങ്ങള്‍ക്ക് ചൈനയില്‍ ആവശ്യക്കാരേറെ

ഫിദ-
കൊച്ചി: ഇന്ത്യന്‍ സമുദ്രങ്ങളില്‍നിന്നുള്ള ഭക്ഷ്യവിഭവങ്ങള്‍ക്ക് ചൈനയില്‍ ആവശ്യക്കാരേറുന്നു. 2019ല്‍ ജനുവരിമുതല്‍ സെപ്റ്റംബര്‍വരെ 800 മില്യണ്‍ ഡോളറിന്റെ (80 കോടി രൂപ) കയറ്റുമതിയാണ് ചൈനയിലേക്ക് നടത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് മൂന്നുമടങ്ങാണ്. മീനുകള്‍ ഉള്‍പ്പെടെയുള്ള കടല്‍വിഭവങ്ങള്‍ക്കെല്ലാം ചൈനയില്‍ ആവശ്യക്കാരേറിയതോടെ ഡിസംബര്‍ അവസാനമാകുമ്പോഴേക്കും ഒരു ബില്യണ്‍ ഡോളറിന്റെ (നൂറു കോടി രൂപ) വ്യാപാരം നടക്കുമെന്നാണ് ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ.)യുടെ പ്രതീക്ഷ.
അടുത്ത രണ്ടുവര്‍ഷത്തേക്ക് 500 മില്യന്‍ ഡോളറിന്റെ വ്യാപാരത്തിന് ഏതാനും ചൈനീസ് കമ്പനികള്‍ ഈ മാസം കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. കൂടുതല്‍ കമ്പനികള്‍ കയറ്റുമതി കരാറില്‍ ഒപ്പിടുന്നതോടെ അടുത്ത വര്‍ഷം ഇന്ത്യന്‍ സമുദ്രവിഭവങ്ങളുടെ ഏറ്റവും വലിയ വിപണിയായി ചൈന മാറുമെന്നാണ് പ്രതീക്ഷ.
ചൈനയില്‍ ഇന്ത്യന്‍ കടല്‍വിഭവങ്ങളുടെ പ്രചാരണത്തിന് കേന്ദ്ര വാണിജ്യമന്ത്രാലയവും ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും ചേര്‍ന്ന് കഴിഞ്ഞമാസം നടത്തിയ എക്‌സ്‌പോയില്‍ 40 ഇന്ത്യന്‍ കയറ്റുമതി കമ്പനികള്‍ പങ്കെടുത്തിരുന്നു. മേളയില്‍ ചൈനയിലെ 50 ചൈനീസ് ഇറക്കുമതി സംരംഭകരും പങ്കെടുത്തു. ഇവയില്‍ 25 എണ്ണം ഈ രംഗത്തെ പ്രമുഖ സംരംഭകരാണ്. വരുംവര്‍ഷങ്ങളില്‍ ചൈനയിലേക്ക് ഇന്ത്യന്‍ കടല്‍വിഭവങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ ഈ സംരംഭകര്‍ സമ്മതമറിയിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യ വേഗത്തിലാക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ആര്‍സിഇപി കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടാനുള്ള നീക്കത്തിന് ഇന്ത്യ വേഗം കൂട്ടി. വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ കടന്നുവരവ് വിപണിയെ തകര്‍ക്കും എന്ന ഭയത്തെ തുടര്‍ന്നാണ് ചൈനീസ് നേതൃത്വത്തിലുള്ള ആര്‍സിഇപി കരാറില്‍ ഒപ്പിടാതെ ഇന്ത്യ പിന്മാറിയത്.
ഇതിന് പിന്നാലെയാണ് എങ്ങുമെത്താതെ പോയ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ചര്‍ച്ചകള്‍ തുടരാന്‍ കേന്ദ്രം തീരുമാനിച്ചത്. അടുത്തിടെ ഇന്ത്യയിലെത്തിയ ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.
യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടാനുള്ള ഇന്ത്യയുടെ ശ്രമം കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് വ്യക്തമാക്കിയത്. ടെക്‌സ്‌റ്റൈല്‍, രത്‌ന, കാര്‍ഷിക മേഖലകളില്‍ നിന്നുള്ള വ്യവസായികളില്‍ നിന്ന് യൂറോപ്യന്‍ യൂണിയനുമായി കരാറിലേര്‍പ്പെടാന്‍ ആവശ്യം ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണ് ആര്‍സിഇപി കരാറില്‍ ഒപ്പിടുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് ഒപ്പിട്ട വിവിധ സ്വതന്ത്ര വ്യാപാര കരാറുകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

മലയാള സിനിമയില്‍ ജാതി വിവേചനമില്ലെന്നു ടൊവീനോ തോമസ്

അളക ഖാനം-
ഷാര്‍ജ: മലയാള സിനിമയില്‍ ജാതി വിവേചനമില്ലെന്നു നടന്‍ ടൊവീനോ തോമസ്. അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഇത്തരം തോന്നലുകള്‍ മാറുമെന്നും ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ടൊവീനോ പറഞ്ഞു.
മലയാള സിനിമയില്‍ വിവേചനമുണ്ടെന്ന പ്രചാരണം തെറ്റാണ്. വ്യക്തിപരമായ തോന്നലുകളില്‍നിന്നും മനോഭാവങ്ങളില്‍നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണത്. പഴയ കാലമല്ല. അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഇത്തരം തോന്നലുകള്‍ മാറും ടൊവീനോ പറഞ്ഞു.
മലയാള സിനിമാ മേഖല വളരെ വേഗത്തില്‍ മുന്നേറുകയാണെന്നും പുതുമുഖങ്ങള്‍ക്ക് ഇനിയും അവസരങ്ങളുണ്ട്. കലാമൂല്യവും വിനോദമൂല്യവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഒരു സിനിമയുടെ വിജയത്തിന് ആവശ്യമാണ്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ പിന്നാക്കം പോയാല്‍ സിനിമക്കു പൂര്‍ണവിജയം നേടാനാവില്ലെന്നും ടൊവീനോ അഭിപ്രായപ്പെട്ടു.

 

ജോക്കറിന് റെക്കാഡ് കളക്ഷന്‍

ഫിദ-
ഗോതം നഗരത്തിലെ ക്രൂരനായ വില്ലന്റെ കഥപറയുന്ന ജോക്കര്‍ ബോക്‌സോഫീസില്‍ റെക്കാഡ് കളക് ഷനുമായി കുതിക്കുന്നു. ലോകവ്യാപകമായി 90 കോടി ഡോളറാണ് ( ഏകദേശം 6400 കോടി രൂപ )ജോക്കര്‍ ഇതിനോടകം നേടിയത്. ആറ് കോടി ഡോളറാണ് ചിത്രത്തിന്റെ മുതല്‍മുടക്ക് .
50 കോടിയാണ് ഡോളറാണ് അണിയറപ്രവര്‍ത്തകര്‍ ലാഭം പ്രതീക്ഷിച്ചിരുന്നത്. സൂപ്പര്‍ ഹീറോ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക് ഷന്‍ ലഭിക്കുന്ന ചിത്രമാണ് ജോക്കര്‍. ഒക്ടോബര്‍ 2 നാണ് ജോക്കര്‍ ലോകവ്യാപകമായി റിലീസ് ചെയ്തത്. വാക്കിന്‍ ഫീനിക്‌സാണ് ജോക്കറുടെ റോളിലെത്തിയത്. തോക്കെടുക്കാനും അക്രമം അഴിച്ചുവിടാനും ജോക്കര്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നുവെന്നും വിമര്‍ശനങ്ങളുണ്ട്. ടോഡ് ഫിലിപ്‌സാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജീവിതത്തിലുടനീളം പരിഹാസവും അപമാനവും ഏറ്റുവങ്ങിയ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ആര്‍തര്‍ ഫ്‌ലെക്‌സ് ഗോതം സിറ്റിയെ വിറപ്പിക്കുന്ന ജോക്കറായി തീരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.