സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെതിരെ ഹരജി

സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെതിരെ ഹരജി

ഫിദ-
കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ തെരഞ്ഞെടുത്തതിനെതിരേയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. സംസ്ഥാനസര്‍ക്കാരിനും ചലച്ചിത്ര അക്കാദമി ചെയര്‍മാനും സെലക്ഷന്‍ കമ്മിറ്റിക്കും നോട്ടീസ് നല്‍കാനാണ് കോടതി നിര്‍ദേശം. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത 14 ചിത്രങ്ങളില്‍ എട്ടെണ്ണം വാണിജ്യ സിനിമകളാണ്. തിയറ്ററുകളിലും മറ്റും പ്രദര്‍ശനവിജയം നേടിയ ഈ സിനിമകള്‍ തെരഞ്ഞെടുത്തത് നിയമപരമല്ല.
കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്, ആന്റ്് ദ ഓസ്‌കാര്‍ ഗോസ് ടു, ഉയരെ, ജല്ലിക്കട്ട്, ഉണ്ട, രൗദ്രം 2018, ഇഷ്‌ക് എന്നീ ചിത്രങ്ങള്‍ക്കെതിരേയാണ് ഹര്‍ജിക്കാര്‍ ആരോപണം ഉന്നയിക്കുന്നത്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം ഗ്രാന്റുണ്ട്. വാണിജ്യ സിനിമകള്‍ക്ക് ഗ്രാന്റ് നല്‍കുന്നതു വഴി ചലച്ചിത്രോത്സവത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിച്ചു.
സമര്‍പ്പിക്കപ്പെട്ട 93 സിനിമകള്‍ 12 ദിവസത്തിനുള്ളിലാണ് കണ്ടുതീര്‍ത്തതെന്ന് അക്കാദമി പറയുന്നു. ഇത് പ്രായോഗികമല്ല.
സെലക്ഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കിയതും സിനിമകള്‍ തെരഞ്ഞെടുത്തതും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം, കമ്മിറ്റിയിലുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ ഒഴിവാക്കി ചിത്രങ്ങള്‍ വീണ്ടും തെരഞ്ഞെടുക്കണം, മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് സ്‌റ്റേ ചെയ്യണം എന്നിവയാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close