ഡാമുകളിലെ മണല്‍ വില്‍പ്പനക്ക്

ഡാമുകളിലെ മണല്‍ വില്‍പ്പനക്ക്

ഗായത്രി-
കൊച്ചി: മഹാപ്രളത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിനും വില്പന നടത്തുന്നതിനും സ്വകാര്യമേഖലക്ക് ഉള്‍പ്പെടെ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ദശകോടികള്‍ വിലമതിക്കുന്ന ഈ മണല്‍ശേഖരം ഘട്ടം ഘട്ടമായി അടുത്ത മാര്‍ച്ചിനു മുമ്പ് വില്‍ക്കുകയാണ് ജലവിഭവ വകുപ്പിന്റെ ലക്ഷ്യം. ആദ്യഘട്ടമായി, രണ്ടു മാസത്തിനകം 10 ലക്ഷം ഘനമീറ്റര്‍ മണല്‍ വിപണയിലെത്തിക്കും. മണല്‍ക്ഷാമം കാരണം പ്രതിസന്ധി നേരിടുന്ന നിര്‍മ്മാണ മേഖലക്ക് ആശ്വാസമാകുന്നതാണ് പദ്ധതി. മണലിന്റെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും പരിഹാരമാകും.
സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക ശേഷിയുള്ള സ്വകാര്യ വ്യക്തികള്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി മണല്‍ വാരി വില്‍പ്പന നടത്താമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ല. വ്യവസ്ഥകള്‍ക്കു വിധേയമായി 25 ലക്ഷം രൂപ കരാറുകാര്‍ കെട്ടിവെക്കണം. ഉയര്‍ന്ന ടെന്‍ഡര്‍ അനുസരിച്ചാണ് പാസ് നല്‍കുക. വാരുന്ന മണലിന്റെ കണക്കും അതിനനുസരിച്ചുള്ള ഫീസും മാസത്തില്‍ ഒരിക്കല്‍ ജില്ലാ അധികൃതര്‍ക്ക് നല്‍കണം. ചൂഷണം തടയാന്‍ മണല്‍ വാരുന്നയിടങ്ങളില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കും.
പ്രളയശേഷം നദികളില്‍ വന്‍തോതില്‍ മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് ജലസേചനവകുപ്പ് ചീഫ് എന്‍ജിനിയര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണല്‍ നിറഞ്ഞതിനാല്‍ വെള്ളിയാങ്കല്‍ ഉള്‍പ്പെടെ പല അണക്കെട്ടിന്റെയും പ്രവര്‍ത്തനം നിലച്ചിരുന്നു. മണല്‍ നീക്കം ചെയ്യണമെന്ന ഡാം റഗുലേറ്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ ഉത്തരവ്. റിപ്പോര്‍ട്ട് അനുസരിച്ച് അണക്കെട്ടുകളിലെ മണലില്‍ 40 ശതമാനം എക്കലാണ്. ഇത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കും. മണല്‍ പൊതുവിപണിയില്‍ വില്‍ക്കാം. അതിന്റെ വില കരാറുകാര്‍ക്ക് നിശ്ചയിക്കാം.നിലവില്‍ ഒരു ലോഡ് മണലിന് 3500 9000 രൂപ വരെയാണ് വില.
അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിലൂടെ അണക്കെട്ടുകളുടെ സംഭരണശേഷി 10 ശതമാനം കൂട്ടാമെന്നും ഇതിലൂടെ സംസ്ഥാനത്തിന് 800 ദശലക്ഷം ഘനമീറ്റര്‍ അധികജലം സംഭരിക്കാമെന്നുമാണ് പ്രതീക്ഷ. ഇതിലൂടെ 5000 കോടിയോളം രൂപയുടെ പരോക്ഷ നേട്ടമുണ്ടാക്കും. അഞ്ച് പുതിയ റിസര്‍വോയറുകള്‍ സ്ഥാപിക്കുന്നതു തുല്യമായ നേട്ടമാണിത്.

Post Your Comments Here ( Click here for malayalam )
Press Esc to close