മലയാള സിനിമാലോകം മയക്കുമരുന്നില്‍ പുകയുന്നു: നിര്‍മാതാക്കള്‍

മലയാള സിനിമാലോകം മയക്കുമരുന്നില്‍ പുകയുന്നു: നിര്‍മാതാക്കള്‍

ഫിദ-
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗം ഏറ്റെടുത്ത സിനിമകളുമായി സഹരിക്കുന്നില്ലെന്ന വിവാദത്തിനുപിന്നാലെ, മലയാള സിനിമാലോകം മയക്കുമരുന്നില്‍ പുകയുന്നു. പുതുതലമുറ സിനിമാതാരങ്ങളില്‍ ചിലരില്‍ മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നതിന് തെളിവുണ്ടെന്ന ഗുരുതര ആരോപണവുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തി. സിനിമയിലെ ചിലരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം ബോധ്യപ്പെട്ടു. കര്‍ശന നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലൊക്കേഷനില്‍ ഉള്‍പ്പെടെ മയക്കുമരുന്ന് ഉപയോഗമുണ്ടെന്നു പരോക്ഷമായി സൂചിപ്പിച്ചായിരുന്നു അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടന്ന പത്രസമ്മേളനം.
‘കഞ്ചാവ് മാത്രമല്ല ലഹരിമരുന്നെന്നു പറയുന്നത്. കഞ്ചാവ് പുകച്ചാല്‍ അതിന്റെ മണംകൊണ്ടു തിരിച്ചറിയാന്‍ കഴിയും. ഇവര്‍ ഉപയോഗിക്കുന്നത് എല്‍.എസ്.ഡി. പോലുള്ള മയക്കുമരുന്നുകളാണെന്ന് ഞങ്ങള്‍ സംശയിക്കുന്നു. മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പലരും പലവിധത്തിലാണ് പ്രതികരിക്കുന്നത്’ നിര്‍മാതാക്കള്‍ പറഞ്ഞു.
ഒരാളും കാരവനില്‍നിന്ന് ഇറങ്ങുന്നില്ല. എല്ലാ കാരവനുകളും പരിശോധിക്കണം. ലൊക്കേഷനില്‍ കൃത്യമായി വരാത്ത പലരുമുണ്ട്. പരാതി പറഞ്ഞിട്ടും ഗൗനിക്കുന്നില്ല. ഇവരൊക്കെ നല്ല ബോധത്തോടെയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് വിശ്വസിക്കുന്നില്ല. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. പരിശോധനയ്ക്ക് നിര്‍മാതാക്കളുടെ സംഘടന പൂര്‍ണപിന്തുണ നല്‍കും.
ഇനിയും ഈ സിനിമകളില്‍ കാശുമുടക്കാന്‍ നിര്‍മാതാക്കള്‍ക്ക് എന്തെങ്കിലും ഉറപ്പുകിട്ടണം. അയാള്‍ ‘നോര്‍മല്‍’ ആണെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള കാര്യങ്ങള്‍ ആവശ്യപ്പെടാമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES