Month: November 2017

ഇന്‍ഫോസിസിന്റെ ഓഹരി തിരികെ വാങ്ങല്‍ 30ന് തുടങ്ങും

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി തിരികെ വാങ്ങല്‍ നവംബര്‍ 30ന് തുടങ്ങും. ഡിസംബര്‍ 14ന് അവസാനിക്കും. ഒരു ഓഹരിക്ക് 1,150 രൂപ നിരക്കില്‍ 11.30 കോടി ഓഹരികളാണ് തിരികെയെടുക്കുക. 13,000 കോടിയോളം രൂപയാണ് ഇതിനായി ചെലവഴിക്കുക.
970.95 രൂപ്ക്കാണ് ഇന്‍ഫോസിസിന്റെ ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. കമ്പനിയുടെ 36 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഓഹരികള്‍ തിരിച്ചുവാങ്ങുന്നത്.
കമ്പനിയുടെ സ്ഥാപകരായ ചിലരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നുവരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു കൂടുതലായുള്ള മൂലധനം ഓഹരി ഉടമകള്‍ക്ക് തിരിച്ചുനല്‍കുകയെന്നത്.
ഈ വര്‍ഷം ആദ്യം ടിസിഎസ് 16,000 കോടി രൂപയുടെ ബൈ ബാക്ക് പൂര്‍ത്തിയാക്കിയിരുന്നു.

മൂഡീസ് റേറ്റിംഗ് രാജ്യത്തിന് കിട്ടിയ അംഗീകാരം: ജെയ്റ്റ്‌ലി

സിംഗപൂര്‍ സിറ്റി: കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശ്വാസമായി യു.എസ് ആസ്ഥാനമായ റേറ്റിംഗ് ഏജന്‍സി മൂഡീസിന്റെ പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഒരു പടി കൂടി ഉയര്‍ത്തിയ റിപ്പോര്‍ട്ട് മൂഡിസ് പുറത്തുവിട്ടു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മോദി സര്‍ക്കാര്‍ കൊണ്ടു വന്ന മാറ്റങ്ങള്‍ക്ക് മൂഡിസ് അംഗീകാരം നല്‍കിയിരിക്കുന്നുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി സിംഗപൂരില്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു നാല് വര്‍ഷമായി നടപ്പാക്കി വരുന്ന മാറ്റങ്ങള്‍ക്കുള്ള അംഗീകാരണമാണ് റേറ്റിങ്ങിലെ ഉയര്‍ച്ച. ഈ വര്‍ഷങ്ങളില്‍ നിരവധി ഘടനാപരമായ മാറ്റങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ നടപ്പിലാക്കിയിട്ടുണ്ട്. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ റേറ്റിംഗില്‍ മൂഡി വ്യത്യാസം വരുത്തുന്നത്. കുറച്ച് വൈകിയെന്ന തോന്നലുണ്ട്. എന്നാലും ഇത് പുതിയ മാറ്റങ്ങള്‍ക്കുള്ള അംഗീകാരം തന്നെയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ അടക്കമുള്ള നടപടികളാണ് ഇന്ത്യയെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയാക്കിയത്. ഈ അന്താരാഷ്ട്ര അംഗീകാരം പ്രോത്‌സാഹനജനകമാണെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

ജിഎസ്ടി; കൊള്ള ലാഭം കൊയ്യുന്നത് നിയന്ത്രിക്കും

രാംനാഥ് ചാവ്‌ല
മുംബൈ: ജി.എസ്.ടി സമ്പ്രദായത്തില്‍, നികുതിനിരക്കില്‍ വന്ന മാറ്റത്തിന് അനുസൃതമായി വില കുറക്കാതെ കൊള്ളലാഭം എടുക്കുന്നത് തടയാനുള്ള സംവിധാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ഇതിന് ദേശീയ അമിതലാഭ നിയന്ത്രണഅതോറിറ്റി രൂപവത്കരിക്കും. ഉഭോക്താക്കള്‍ക്ക് അതോറിറ്റിയില്‍ പരാതിപ്പെടാം.
ഗുവാഹതിയില്‍ കഴിഞ്ഞയാഴ്ച ജി.എസ്.ടി കൗണ്‍സില്‍ യോഗം 213 ഉല്‍പന്നങ്ങളുടെ നികുതി താഴ്ത്തുകയും ഹോട്ടലുകളുടെ ജി.എസ്.ടി നിരക്ക് അഞ്ചുശതമാനമായി ഏകീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതിന്റെ പ്രയോജനം വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്നുപരാതിയുണ്ട്. അമിതലാഭ നിയന്ത്രണ അതോറിറ്റി സ്ഥാപിക്കണമെന്നത് ജി.എസ്.ടി നിയമവ്യവസ്ഥകളിലൊന്നാണ്. അഞ്ചംഗ ദേശീയ അതോറിറ്റി സ്ഥാപിക്കുന്നതിന് ജി.എസ്.ടി കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹ, റവന്യൂ സെക്രട്ടറി, രണ്ടു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, സി.ബി.ഇ.സി ചെയര്‍മാന്‍ എന്നിവരുള്‍പ്പെട്ട സമിതി നാമനിര്‍ദേശം നടത്തും. രണ്ടുവര്‍ഷമാണ് പ്രവര്‍ത്തനകാലാവധി. ചെയര്‍മാനും അംഗങ്ങളും 62 വയസ്സില്‍ താഴെയുള്ളവരാകണം. പ്രാദേശികപരാതികള്‍ ആദ്യം സംസ്ഥാനതല പരിശോധനസമിതിക്ക് അയക്കും. ദേശീയസ്വഭാവമുള്ളത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്കുവിടും.
പരാതികളില്‍ കഴമ്പുണ്ടെന്നുകണ്ടാല്‍ സംരക്ഷണവിഭാഗം ഡയറക്ടര്‍ ജനറലിന് അയക്കും. മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഡയറക്ടര്‍ ജനറല്‍ അന്വേഷണ റിപ്പോര്‍ട്ട് അതോറിറ്റിക്ക് അയക്കും. കമ്പനി ഉപയോക്താവിന് നികുതിയിളവ് കൈമാറിയിട്ടില്ലെന്നുകണ്ടാല്‍, ഇളവ് നല്‍കണമെന്ന് ഉത്തരവിറക്കാം. ഉപയോക്താവിനെ കണ്ടെത്തിയില്ലെങ്കില്‍ ഉപഭോക്തൃക്ഷേമനിധിയിലേക്ക് തുക കൈമാറാം.

ഡിസൈനര്‍മാരുടെ കഥ പറഞ്ഞ് ‘പരസ്യക്കാരന്‍’

ഫിദ
മലയാളത്തില്‍ ഡിസൈനര്‍മാരുടെ കഥ പറയുന്ന വ്യത്യസ്തമായ ഷോര്‍ട്ട് ഫിലിം തയാറാവുന്നു. ‘പരസ്യക്കാരന്‍’ എന്നാണ് ഷോര്‍ട്ട് ഫിലിമിന്റെ പേര്. ഹിപ്‌സ്‌റ്റേഴ്‌സ് മീഡിയയുടെ ബാനറില്‍ തേജസ് കെ ദാസ് സംവിധാനം ചെയ്ത് ഹരിദാസന്‍ കമ്പംതൊടിയിലും തേജസ്സും ചേര്‍ന്നാണ് പരസ്യക്കാരന്‍ നിര്‍മിക്കുന്നത്.
നായകനായി ജിബിന്‍ സിബിയും സഹനടനായി ആഷിഖ് തോംസണും വേഷമിട്ടിരിക്കുന്നു. ഒപ്പം ജിജോയും റീവെന്‍സ് സ്റ്റീഫനും നല്ലൊരു വേഷത്തില്‍ തന്നെ മുന്നണിയില്‍ പ്രത്യക്ഷപെടുന്നുണ്ട്. സിനിമ പോസ്റ്റര്‍ ഡിസൈനിങ് രംഗത്ത് ഒരു തുടക്കകാരനാണ് സംവിധായകന്‍ തേജസ് കെ ദാസ്. ക്യാമറ കൈകാര്യം ചെയുന്നത് ശ്യാം റോയ്. മലയാളത്തിലും തമിഴിലുമായി രണ്ടു സിനിമകളില്‍ വര്‍ക്ക് അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫറായി വര്‍ക്ക് ചെയ്ത് കഴിവ് തെളിയിച്ച യുവ പ്രതിഭയാണ് ശ്യാം റോയ്. ആല്‍വിന്‍ തോമസാണ് എഡിറ്റിംഗും അസ്സോസിയേറ്റ് ഡയറക്ടറായും വര്‍ക്ക് ചെയ്തിട്ടുള്ളത്.
കാസര്‍കോട്ടെ സി മേജര്‍ സെവന്‍ ബാന്‍ഡിന്റെ തലവനായ അജയ് ശേഖര്‍ ആണ് പരസ്യക്കാരന് വേണ്ടി മ്യൂസിക്കിലൂടെ ജീവവായു പകരുന്നത്. ആര്‍ട്ട് ഡയറക്ട്ടറായി ആദ്യമായി വേഷമണിയുകയാണ് എയ്‌റോ നോട്ടിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ രാഹുല്‍ ഉണ്ണികൃഷ്ണന്‍. ക്രിയേറ്റീവ് ഡയറക്ടര്‍ ആയി ഹിപ്‌സ്‌റ്റേഴ്‌സിന്റെ തന്നെ കോടയ് എന്നാ ഷോര്‍ട്ഫിലിമിന്റെ ഡയറക്ടര്‍ ആണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. തന്റെ വരകളിലൂടെ ഒരു ആര്‍ട്ടിസ്റ്റ് റൂം ഉണ്ടാക്കി എടുക്കാന്‍ രാഹുല്‍ പരിശ്രമം നടത്തിയിട്ടുണ്ട്,പരസ്യക്കാരന്റെ ലൊക്കേഷന്‍ ചിത്രങ്ങളില്‍ അത് വ്യക്തമാണ്. ടൈറ്റില്‍ അനിമേഷനും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപെട്ട മോഷന്‍ പോസ്റ്ററും ചെയ്തിരിക്കുന്നത് മലയാള സിനിമയില്ലേക്കു കാലെടുത്തു വച്ച അഭിരാം ആണ്. മോഷന്‍ പോസ്റ്റര്‍ പെയിന്റ് ചെയ്തിരിക്കുന്നത് തന്റേതായ കലാവിരുതുകളിലൂടെ രസകരമായ വരകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കുന്ന വിമല്‍ ജോണ്‍ ജേക്കബും പരസ്യക്കാരന്റെ കളറിങ് ചെയ്തിരിക്കുന്നത് ഫേസ്ബുക്കിലൂടെ ഇടക്കിടക്ക് വൈറല്‍ ആകുന്ന ്രൈടലെര്‍ കട്ട് ചെയുന്ന അരുണ്‍ പി ജി യും സൗണ്ട് മിക്‌സിംഗ് മലയാള സിനിമയുടെ നെടുംതൂണായ മോഹന്‍ സിത്താരയുടെ റീ റെക്കോഡിംഗ് എന്‍ജിനിയര്‍ ആയ ഡെല്‍സന്‍ വി ഡേവിഡുമാണ്. അസോസിയേറ്റ് ക്യാമറ മാനായി റീവെന്‍സ് സ്റ്റീഫണും സംവിധാന സഹായികളായി ഉണ്ണികൃഷ്ണനും ശരത് എസ് മാരാരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി അമല്‍ കൃഷ്ണയും സ്റ്റില്‍സ് കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന്‍ മാത്യുവും അമല്‍ കൃഷ്ണയുമാണ്.
പാലക്കാട് കാഞ്ഞിരപ്പുഴ എന്ന സ്ഥലത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. എന്തായാലും മലയാള ഷോര്‍ട്ഫിലിം രംഗത്ത് മറ്റൊരു വേറിട്ട അനുഭവമാകും ഈ ഷോര്‍ട്ഫിലിം എന്ന് തീര്‍ച്ച. അതിനു മികച്ച ഉദാഹരണമായിരുന്നു ഇതിന്റെ മോഷന്‍ പോസ്റ്റര്‍. ഹിപ്‌സ്‌റ്റേഴ്‌സ് മീഡിയയുടെ ബാനറില്‍ ഇറങ്ങുന്ന ആറാമത്തെ ഷോര്‍ട്ട് ഫിലിമാണിത്. ഇതിനു മുമ്പിറങ്ങിയ കല്യാണിക്കൊരു പ്രേമലേഖനം എന്ന ഷോര്‍ട്ഫിലിം ഇതിനോടകം തന്നെ 7 ലക്ഷത്തിനടുത്തു പ്രേക്ഷകര്‍ കണ്ടു കഴിഞ്ഞിട്ടുണ്ട്.

 

ഇന്ത്യയുടെ വളര്‍ച്ച 6.2 ശതമാനം ആയി കുറയുമെന്ന് പഠനം

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: ഈ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 6.2 ശതമാനം ആയി കുറയും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 7.1 ശതമാനമായിരുന്നു വളര്‍ച്ച. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും അന്താരാഷ്ട്ര നാണ്യനിധിയും 6.7 ശതമാനം വളര്‍ച്ചയാണ് ഇക്കൊല്ലത്തേക്കു പ്രവചിച്ചിട്ടുള്ളത്.
201718ന്റെ ഒന്നാം െ്രെതമാസത്തില്‍ 5.7 ശതമാനം മാത്രമായിരുന്നു വളര്‍ച്ച. രണ്ടാം െ്രെതമാസവളര്‍ച്ച നവംബര്‍ 30ന
ഈ ധനകാര്യവര്‍ഷം കൃഷി മൂന്നും വ്യവസായമേഖല 4.5ഉം സേവനമേഖല 7.6ഉം ശതമാനം വളരുമെന്ന് എന്‍സിഎഇആര്‍ കരുതുന്നു. കയറ്റുമതിയില്‍ 10.7ഉം ഇറക്കുമതിയില്‍ 24.4ഉം ശതമാനം വളര്‍ച്ച കണക്കാക്കിക്കൊണ്ടാണിത്.
പക്ഷേ, ഈ ലക്ഷ്യങ്ങള്‍ക്കു പോലും ഭീഷണിയുണ്ട്. ഏപ്രില്‍ ഓഗസ്റ്റിലെ വ്യവസായ ഉത്പാദനവളര്‍ച്ച 5.9 ശതമാനത്തില്‍നിന്ന് 2.2 ശതമാനമായി കുറഞ്ഞു. യന്ത്രോത്പാദനമേഖല 1.9 ശതമാനം താണത് മൂലധന നിക്ഷേപം കുറയുന്നതിന്റെ ഫലമാണ്.
ബാങ്കുകളില്‍നിന്നു ബിസിനസുകള്‍ക്കുള്ള വായ്പ 6.4 ശതമാനമേ വര്‍ധിച്ചുള്ളൂ. കഴിഞ്ഞ വര്‍ഷം 11.7 ശതമാനം വര്‍ധിച്ച സ്ഥാനത്താണിത്. ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പയില്‍ എട്ടു ശതമാനം കുറവുണ്ട്. മൊത്തം വ്യവസായങ്ങള്‍ക്കുള്ള വായ്പയില്‍ 0.44 ശതമാനം കുറവായി.

ഹോട്ടല്‍ ഭക്ഷണത്തിന് വില ഉയര്‍ത്തേണ്ടി വരും

ഗായത്രി
കൊച്ചി: ജി.എസ്.ടി കുറച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷണത്തിന് വില കുറഞ്ഞെങ്കിലും ആശ്വാസം താല്‍ക്കാലികമാകും. നികുതി കുറച്ചതിനൊപ്പം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐ.ടി.സി) എടുത്തുകളഞ്ഞതാണ് സമീപ ഭാവിയില്‍ വിലവര്‍ധനക്കു വഴിതെളിക്കുന്നത്. എ.സി റസ്റ്റാറന്റുകള്‍ക്ക് 18 ശതമാനവും നോണ്‍ എ.സിയില്‍ 12 ശതമാനവും ഒരു കോടിയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവുമായിരുന്നു ജി.എസ്.ടി. ഈ മാസം 10ന് ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ളവയുടെയെല്ലാം നികുതി അഞ്ചു ശതമാനമാക്കി ഏകീകരിച്ചു. ഇത് പ്രാബല്യത്തില്‍വന്നതോടെയാണ് ബുധനാഴ്ച മുതല്‍ ഹോട്ടല്‍ ഭക്ഷണവില കുറഞ്ഞത്.
നഷ്ടം നികത്താന്‍ സമീപ ഭാവിയില്‍തന്നെ വില ഉയര്‍ത്തേണ്ടിവരുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്റെ മുതിര്‍ന്ന ഭാരവാഹി പറഞ്ഞു. അല്ലെങ്കില്‍ അളവോ ഗുണനിലവാരമോ കുറക്കേണ്ടിവരും. ഏകീകൃത നികുതി നിലവില്‍വന്ന ബുധനാഴ്ച മുതല്‍ 12ഉം 18ഉം ശതമാനം ജി.എസ്.ടി ഈടാക്കിയിരുന്ന ഹോട്ടലുകള്‍ അഞ്ചു ശതമാനമാണ് ഉപഭോക്താക്കളില്‍നിന്ന് വാങ്ങുന്നത്. ഇത്തരത്തില്‍ മുന്നോട്ടുപോകാനാവില്ലെന്നാണ് ഹോട്ടല്‍ വ്യവസായികളുടെ നിലപാട്.

 

ബിഗ് സെയില്‍ ഓഫറുമായി എയര്‍ ഏഷ്യ

രാംനാഥ് ചാവ്‌ല
ബംഗളൂരു: പ്രശസ്ത വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ബിഗ് സെയില്‍ ഓഫറുമായി രംഗത്ത്. ടിക്കറ്റ് നിരക്കുകള്‍ 99 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫര്‍ വഴി ഞായറാഴ്ച വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. 2018 മേയ് ഏഴു മുതല്‍ 2019 ജനുവരി 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക.
ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ തുകയും അടക്കണം. ഇത് റീഫണ്ട് ചെയ്യില്ലെന്നും കമ്പനി അറിയിച്ചു.

 

പുതുമകളോടെ മോട്ടോ എക്‌സ് 4

വിഷ്ണു പ്രതാപ്
മുംബൈ: പ്രശസ്ത മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ലെനോവ മോട്ടോ ശ്രേണിയില്‍ പുതിയ മോഡലായ മോട്ടോ എക്‌സ് 4 വിപണിയില്‍ അവതരിപ്പിച്ചു. 12 മെഗാപിക്‌സലിന്റെ രണ്ട് പിന്‍ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. മൂന്ന് ജി.ബി. റാം, നാല് ജി.ബി. റാം എന്നിങ്ങനെ രണ്ട് പ്രത്യേകതളാണ് ഫോണിനുള്ളത്.
32 ജി.ബി, 64 ജി.ബി. എന്നിങ്ങനെയാണ് വകഭേദങ്ങളിലെ ഇന്റേണല്‍ സ്‌റ്റോറേജ്. ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ അലെക്‌സാ വോയിസ് അസിസ്റ്റന്റ് എന്നിവയും ഫോണിലുണ്ടാകും. പ്രീമിയം ലുക്ക് നല്‍കാനായി ഫോണിന് മെറ്റല്‍ ഗ്ലാസ് ഡിെസെനാണ് നല്‍കിയിരിക്കുന്നത്.
സുരക്ഷാ സംവിധനമായി ഐ.പി. 68 റേറ്റിങ്ങും നല്‍കിയിട്ടുണ്ട്. 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് നാല് പ്രൊട്ടക്ഷനോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 23,999 രൂപയാണ് വില.

ചക്ക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കൃഷിവകുപ്പിന്റെ നീക്കം

ഗായത്രി
കൊച്ചി: നാടന്‍ പഴ വര്‍ഗമായ ചക്കയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാനകൃഷിവകുപ്പിന്റെ നീക്കം. പ്ലാവ്കൃഷി പ്രോത്സാഹിപ്പിക്കാന്‍ ദേശീയസംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷിവ്യാപനം നടപ്പാക്കുക. പ്ലാവ് ഒന്നിന് 257 രൂപയുടെ ധനസഹായമാണ് കൃഷിവകുപ്പ് നല്‍കുക.
പ്ലാവ് കൃഷി വ്യാപിപ്പിക്കാന്‍ ഒട്ടേറെ ആകര്‍ഷക പദ്ധതികളുമായി സംസ്ഥാനകൃഷിവകുപ്പ് രംഗത്തുണ്ട്. ഒരുഹെക്ടര്‍ സ്ഥലത്ത് എഴുപത് പല്‍വുകള്‍ ശാസ്ത്രീയമായി കൃഷിചെയ്യാം. ഇതിന് 18,000 രൂപ തിരിച്ചടവില്ലാത്ത ധനസഹായമായി നല്‍കും. പ്ലാവ് ഒന്നിന് 257 രൂപ കര്‍ഷകന് ലഭിക്കും. കുറഞ്ഞത് 25 സെന്റ് സ്ഥലത്തെങ്കിലും കൃഷിവേണം. 25 സെന്റ് സ്ഥലത്ത് ഏഴുപ്ലാവുകള്‍ നട്ടുവളര്‍ത്താം. കഴിഞ്ഞവര്‍ഷമോ ഈ വര്‍ഷമോ കൃഷിചെയ്ത പ്ലാവുകള്‍ക്ക് നിലവില്‍ ധനസഹായം ലഭിക്കും. പ്ലാവ് വലുതാകുംവരെ ഇടകൃഷിയും ചെയ്യാം. പ്ലാവ് കൃഷിയില്‍ താല്‍പര്യമുള്ളവര്‍ ആധാര്‍തിരിച്ചറിയല്‍കാര്‍ഡുകള്‍, ദേശസാല്‍കൃതബാങ്കിന്റെ പാസ്ബുക്ക്, കരമടച്ച രസീത് എന്നിവയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളുമായി അതത് സ്ഥലത്തെ കൃഷിഭവനുകളുമായി ബന്ധപ്പെടണം. ചക്കകൊണ്ടുള്ള വിഭവങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ താല്‍പര്യം ഏറിയതോടെ ചക്ക ഉല്‍പാദനത്തിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉണ്ടാക്കാനാകും
ഒരുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ സജീവമായിരുന്നു പ്ലാവും ചക്കയും ആധുനികവല്‍ക്കരണം നടപ്പാക്കി നിലവിലുണ്ടായിരുന്ന ഭൂമി ചില്ലറയായി തിരിച്ച് വീട് നിര്‍മിച്ചതോടെ പലയിടങ്ങളിലും പ്ലാവുകള്‍ തന്നെ അജ്ഞാതമായി. നിലവിലുള്ള പ്ലാവുകളിലെ ചക്ക പറിച്ചെടുക്കുന്നതിന് ആളെ കിട്ടാതെവന്നതോടെ കച്ചവടക്കാര്‍ എത്തി ചക്ക മൊത്തമായി എടുത്ത് അയല്‍സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുകയാണ്. തമിഴ്‌നാട്ടില്‍നിന്നും മറ്റും ചക്ക ഉപ്പേരിനിര്‍മിച്ച് ഇത് വന്‍വില്ക്ക് കേരളീയര്‍ വാങ്ങികഴിക്കുകയാണിപ്പോള്‍. ചക്കച്ചുളയും കുരുവും പാടയുമെല്ലാം വിവിധ തരങ്ങളില്‍ ഭക്ഷിക്കാന്‍ പഴമക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍ പുത്തന്‍തലമുറക്ക് ചക്കയും ചുളയും കുരുവും ഒക്കെ അജ്ഞാതം. ചക്കവെട്ടുമ്പോള്‍ അരക്ക് ദേഹത്ത് പറ്റിക്കാന്‍ പുത്തന്‍തലമുറയ്ക്ക് ബുദ്ധിമുട്ടായി. ആദ്യകാലങ്ങളില്‍ 10,12 കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് വിശപ്പകറ്റാന്‍ ചക്കയും ചക്കപ്പഴവും ഏറെ പ്രയോജനപ്പെട്ടിരുന്നത് പഴമക്കാര്‍ ഇപ്പോഴും ഓര്‍ക്കുന്നു. ചക്കപ്പഴവും കുരുവും ഔഷധഗുണമുള്ളതാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച ഈ കാലത്തും ചക്കയോട് ‘അയിത്തം കാട്ടാനാണ്’ കേരളീയര്‍ക്ക് താല്‍പര്യം.