ഗായത്രി
കൊച്ചി: ജി.എസ്.ടി കുറച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷണത്തിന് വില കുറഞ്ഞെങ്കിലും ആശ്വാസം താല്‍ക്കാലികമാകും. നികുതി കുറച്ചതിനൊപ്പം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐ.ടി.സി) എടുത്തുകളഞ്ഞതാണ് സമീപ ഭാവിയില്‍ വിലവര്‍ധനക്കു വഴിതെളിക്കുന്നത്. എ.സി റസ്റ്റാറന്റുകള്‍ക്ക് 18 ശതമാനവും നോണ്‍ എ.സിയില്‍ 12 ശതമാനവും ഒരു കോടിയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവുമായിരുന്നു ജി.എസ്.ടി. ഈ മാസം 10ന് ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ളവയുടെയെല്ലാം നികുതി അഞ്ചു ശതമാനമാക്കി ഏകീകരിച്ചു. ഇത് പ്രാബല്യത്തില്‍വന്നതോടെയാണ് ബുധനാഴ്ച മുതല്‍ ഹോട്ടല്‍ ഭക്ഷണവില കുറഞ്ഞത്.
നഷ്ടം നികത്താന്‍ സമീപ ഭാവിയില്‍തന്നെ വില ഉയര്‍ത്തേണ്ടിവരുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്റെ മുതിര്‍ന്ന ഭാരവാഹി പറഞ്ഞു. അല്ലെങ്കില്‍ അളവോ ഗുണനിലവാരമോ കുറക്കേണ്ടിവരും. ഏകീകൃത നികുതി നിലവില്‍വന്ന ബുധനാഴ്ച മുതല്‍ 12ഉം 18ഉം ശതമാനം ജി.എസ്.ടി ഈടാക്കിയിരുന്ന ഹോട്ടലുകള്‍ അഞ്ചു ശതമാനമാണ് ഉപഭോക്താക്കളില്‍നിന്ന് വാങ്ങുന്നത്. ഇത്തരത്തില്‍ മുന്നോട്ടുപോകാനാവില്ലെന്നാണ് ഹോട്ടല്‍ വ്യവസായികളുടെ നിലപാട്.