ചക്ക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കൃഷിവകുപ്പിന്റെ നീക്കം

ചക്ക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കൃഷിവകുപ്പിന്റെ നീക്കം

ഗായത്രി
കൊച്ചി: നാടന്‍ പഴ വര്‍ഗമായ ചക്കയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാനകൃഷിവകുപ്പിന്റെ നീക്കം. പ്ലാവ്കൃഷി പ്രോത്സാഹിപ്പിക്കാന്‍ ദേശീയസംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷിവ്യാപനം നടപ്പാക്കുക. പ്ലാവ് ഒന്നിന് 257 രൂപയുടെ ധനസഹായമാണ് കൃഷിവകുപ്പ് നല്‍കുക.
പ്ലാവ് കൃഷി വ്യാപിപ്പിക്കാന്‍ ഒട്ടേറെ ആകര്‍ഷക പദ്ധതികളുമായി സംസ്ഥാനകൃഷിവകുപ്പ് രംഗത്തുണ്ട്. ഒരുഹെക്ടര്‍ സ്ഥലത്ത് എഴുപത് പല്‍വുകള്‍ ശാസ്ത്രീയമായി കൃഷിചെയ്യാം. ഇതിന് 18,000 രൂപ തിരിച്ചടവില്ലാത്ത ധനസഹായമായി നല്‍കും. പ്ലാവ് ഒന്നിന് 257 രൂപ കര്‍ഷകന് ലഭിക്കും. കുറഞ്ഞത് 25 സെന്റ് സ്ഥലത്തെങ്കിലും കൃഷിവേണം. 25 സെന്റ് സ്ഥലത്ത് ഏഴുപ്ലാവുകള്‍ നട്ടുവളര്‍ത്താം. കഴിഞ്ഞവര്‍ഷമോ ഈ വര്‍ഷമോ കൃഷിചെയ്ത പ്ലാവുകള്‍ക്ക് നിലവില്‍ ധനസഹായം ലഭിക്കും. പ്ലാവ് വലുതാകുംവരെ ഇടകൃഷിയും ചെയ്യാം. പ്ലാവ് കൃഷിയില്‍ താല്‍പര്യമുള്ളവര്‍ ആധാര്‍തിരിച്ചറിയല്‍കാര്‍ഡുകള്‍, ദേശസാല്‍കൃതബാങ്കിന്റെ പാസ്ബുക്ക്, കരമടച്ച രസീത് എന്നിവയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളുമായി അതത് സ്ഥലത്തെ കൃഷിഭവനുകളുമായി ബന്ധപ്പെടണം. ചക്കകൊണ്ടുള്ള വിഭവങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ താല്‍പര്യം ഏറിയതോടെ ചക്ക ഉല്‍പാദനത്തിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉണ്ടാക്കാനാകും
ഒരുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ സജീവമായിരുന്നു പ്ലാവും ചക്കയും ആധുനികവല്‍ക്കരണം നടപ്പാക്കി നിലവിലുണ്ടായിരുന്ന ഭൂമി ചില്ലറയായി തിരിച്ച് വീട് നിര്‍മിച്ചതോടെ പലയിടങ്ങളിലും പ്ലാവുകള്‍ തന്നെ അജ്ഞാതമായി. നിലവിലുള്ള പ്ലാവുകളിലെ ചക്ക പറിച്ചെടുക്കുന്നതിന് ആളെ കിട്ടാതെവന്നതോടെ കച്ചവടക്കാര്‍ എത്തി ചക്ക മൊത്തമായി എടുത്ത് അയല്‍സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുകയാണ്. തമിഴ്‌നാട്ടില്‍നിന്നും മറ്റും ചക്ക ഉപ്പേരിനിര്‍മിച്ച് ഇത് വന്‍വില്ക്ക് കേരളീയര്‍ വാങ്ങികഴിക്കുകയാണിപ്പോള്‍. ചക്കച്ചുളയും കുരുവും പാടയുമെല്ലാം വിവിധ തരങ്ങളില്‍ ഭക്ഷിക്കാന്‍ പഴമക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍ പുത്തന്‍തലമുറക്ക് ചക്കയും ചുളയും കുരുവും ഒക്കെ അജ്ഞാതം. ചക്കവെട്ടുമ്പോള്‍ അരക്ക് ദേഹത്ത് പറ്റിക്കാന്‍ പുത്തന്‍തലമുറയ്ക്ക് ബുദ്ധിമുട്ടായി. ആദ്യകാലങ്ങളില്‍ 10,12 കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് വിശപ്പകറ്റാന്‍ ചക്കയും ചക്കപ്പഴവും ഏറെ പ്രയോജനപ്പെട്ടിരുന്നത് പഴമക്കാര്‍ ഇപ്പോഴും ഓര്‍ക്കുന്നു. ചക്കപ്പഴവും കുരുവും ഔഷധഗുണമുള്ളതാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച ഈ കാലത്തും ചക്കയോട് ‘അയിത്തം കാട്ടാനാണ്’ കേരളീയര്‍ക്ക് താല്‍പര്യം.

Post Your Comments Here ( Click here for malayalam )
Press Esc to close