Month: August 2020

അധിന്‍ ഒള്ളൂരിന്റെ ‘ചൊറ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: തമിഴ് മലയാളം പോസ്റ്റര്‍ ഡിസൈനറും സംവിധായകവുമായ അധിന്‍ ഒള്ളൂര്‍ സംവിധാനം ചെയ്യുന്ന മിനി വെബ് സീരീസായ ‘ചൊറ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിംഗിള്‍ ഷോട്ട് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന അധിന്റെ ആദ്യ വെബ് സീരീസാണ് ഇത്. ഫജ്ജു, അക്ഷയ് ഫനന്‍, ഇസ്മയില്‍ കലിക്കറ്റ്, ഷൈജു പേരാമ്പ്ര, അമീന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ചൊറ’യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിരണ്‍ കൃഷ്ണയാണ്. ഫജ്ജു വൈഡ് സ്‌ക്രീന്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു. പ്രൊഡ്യൂസര്‍- മുഹമ്മദ് റാഷിദ്. വെബ് സീരീസിന്റെ ട്രൈലര്‍ ഉടന്‍ പുറത്തിറങ്ങും.

‘മാസ്‌ക്ക്’ ചിത്രീകരണം ആരംഭിച്ചു

എഎസ്സ് ദിനേശ്-
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ ടോണിയെ കേന്ദ്ര കഥാപാത്രമാക്കി നിഷാദ് വലിയ വീട്ടില്‍, അസീസ് പാലക്കാട് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ‘മാസ്‌ക്ക്’ തൃപ്പൂണിത്തറയില്‍ ചിത്രീകരണം ആരംഭിച്ചു.
പിച്ചു ആന്റ് കിച്ചു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ശ്രീകണ്ഠാപുരം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അജ്മല്‍, പിപി രഞ്ജിത്ത് നെട്ടൂര്‍,ജിപ്‌സ ബീഗം,ബേബി ഫിര്‍സ തുടങ്ങിയവരും അഭിനയിക്കുന്നു.
മുഖത്തെ മാസ്‌ക്ക് കാണാം. എന്നാല്‍, കാണാത്ത മാസ്‌ക്കുണ്ട് പലരുടേയും മനസ്സിന്.
പറയുന്നത് ഒന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്…
മനുഷ്യന്റെ മനസിനിട്ട മാസ്‌ക്ക് അനാവരണം ചെയ്യുകയാണീ ഈ ചെറുചിത്രത്തിലൂടെ.
നിരവധി ഹിറ്റ് പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ ചന്ദ്രന്‍ രാമന്തളി തിരക്കഥ, സംഭാഷണമെഴുതുന്നു. സംഗീതം- മന്‍ജിത്ത് സുമന്‍.
‘അബ്ക്കാരി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടന്‍ ടോണിയുടെ നൂറ്റിനാല്പതാമത്തെ ചിത്രമാണിത്.
സൂപ്പര്‍ സ്റ്റാറുകളുള്‍പ്പെടെ 125ല്‍ പരം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ആസീസ് പാലക്കാട് ആദ്യമായി സംവിധായകനാവുകയാണ് ഈ ചിത്രത്തിലൂടെ.
ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായ ‘501 ഡെയ്‌സ്’ എന്ന ചിത്രത്തിനു ശേഷം നിഷാദ് വലിയ വീട്ടില്‍ സംവിധായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ‘മാസ്‌ക്ക്’.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രൂപേഷ് മുരുകന്‍, കല- കൃഷ്ണകുമാര്‍, മേക്കപ്പ്- ബിബില്‍ കൊടുങ്ങല്ലൂര്‍, വസ്ത്രലങ്കാരം- അസീസ് പാലക്കാട്, സ്റ്റില്‍സ്- ഡോണ്‍, പരസ്യക്കല- ഷാജി പാലോളി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനീഷ് മുടവത്തില്‍, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

സംസ്ഥാനത്ത് ഇന്ധനവില കൂടി

ഫിദ-
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. കൊച്ചിയില്‍ പെട്രോള്‍ വില 82 രൂപ പിന്നിട്ടപ്പോള്‍ തിരുവനന്തപുരത്ത് 83 രൂപ പിന്നിട്ടു മുന്നേറുകയാണ്. ഇന്നലെ മാത്രം പെട്രോളിനു 11 പൈസയുടെ വര്‍ധനയാണുണ്ടായത്. ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കൊച്ചിയില്‍ പെട്രോള്‍ വില 82.09 രൂപയായപ്പോള്‍ ഡീസല്‍ വില 77.75 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 83.56 രൂപയും ഡീസല്‍ വില 79.13 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 45 ഡോളറായി തുടരുന്നതിനിടെയാണ് ഇന്ധനവില വര്‍ധന തുടരുന്നത്.

പുതിയ ഫീച്ചറുകളുമായി ഹോണ്ട ജാസ് വിപണിയിലെത്തി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഹോണ്ട ജാസ് മെച്ചപ്പെട്ട സ്‌റ്റൈലിംഗും സെഗ്‌മെന്റ് എക്‌സ്‌ക്ലൂസീവ് വണ്‍ ടച്ച് ഇലക്ട്രിക് സണ്‍റൂഫും ഒപ്പം പുതിയ ടോപ്പ് എന്‍ഡ് ZX വേരിയന്റും ഉള്‍പ്പെടുത്തിയ മോഡല്‍ വിപണിയില്‍ എത്തി. ഹോണ്ട ജാസ് V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി എത്തുന്ന പുതിയ 2020 ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് 7.49 ലക്ഷം രൂപ മുതല്‍ 9.73 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പുതിയ ഹോണ്ട ജാസിന്റെ മാനുവല്‍ വേരിയന്റുകള്‍ 16.6 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം എര്‍ത്ത് ഡ്രീംസ് ടെക്‌നോളജി സീരീസില്‍ നിന്നുള്ള ഹോണ്ടയുടെ നൂതന സിവിടി സാങ്കേതികവിദ്യ ഉപയോഗിച്ച് എത്തുന്ന ഓട്ടോമാറ്റിക് മോഡലുകള്‍ 17.1 കിലോമീറ്റര്‍ മൈലേജും നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പുതുക്കിയ ജാസ് അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. മൂന്ന് പതിപ്പിലും ഒരേ ബിഎസ്VI കംപ്ലയിന്റ് 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനാണ്്. ഈ യൂണിറ്റ് 90 യവു കരുത്തില്‍ 110 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ഓട്ടോമാറ്റിക് വേരിയന്റുകളില്‍ റേസ് പ്രചോദിത സ്റ്റിയറിംഗ് വീല്‍ മൗണ്ട് ചെയ്ത പാഡില്‍ ഷിഫ്റ്ററുകള്‍ അവതരിപ്പിക്കുന്ന ഏക കാറാണ് ഫെയ്‌സ്‌ലിഫ്റ്റ് ജാസെന്ന് ഹോണ്ട അവകാശപ്പെടുന്നു.
ചാന്ദ്ര സില്‍വര്‍ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍ എന്നിങ്ങനെ അഞ്ച് കളര്‍ സ്‌കീമുകളിലാണ് പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ പുതിയ മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
സെഗ്മെന്റിലെ ആദ്യ വണ്‍ ടച്ച് ഇലക്ട്രിക് സണ്‍റൂഫിന്റെ സാന്നിധ്യവും പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ 2020 ഹോണ്ട ജാസിന്റെ ഈ മോഡലിന്റെ സവിശേഷതയാണ്. സ്റ്റിയറിംഗ് മൗണ്ട്ഡ് കണ്‍ട്രോളുകള്‍ക്കൊപ്പം ഹാച്ച്ബാക്കില്‍ പുതിയ സോഫ്റ്റ് ടച്ച്പാഡ് ഡാഷ്‌ബോര്‍ഡ്, 17.7 സെന്റിമീറ്റര്‍ ടച്ച്‌സ്‌ക്രീനുള്ള ഡിജിപാഡ് 2.0 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തെ പ്രീമിയം ശ്രണിയില്‍ എത്തിക്കുന്നു.
കൂടാതെ നാവിഗേഷന്‍ സിസ്റ്റം, ആന്‍ഡ്രോയിഡ്, എല്‍സിഡി ഡിസ്‌പ്ലേയുള്ള മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ കോമ്പിമീറ്റര്‍, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, ടച്ച്‌സ്‌ക്രീന്‍ കണ്‍ട്രോള്‍ പാനലിനൊപ്പം ഓട്ടോ എസി, ആംബിയന്റ് റിംഗ്‌സ്, ക്രൂയിസ് നിയന്ത്രണം, റെഡ്‌വൈറ്റ് നിറത്തിലുള്ള ഇമിമിയേഷനോടുകൂടിയ ഒരു പുഷ് സ്റ്റാര്‍ട്ട് / സ്‌റ്റോപ്പ് ബട്ടണ്‍, കീലെസ് റിമോട്ട് ഉള്ള ഹോണ്ട സ്മാര്‍ട്ട് കീ സിസ്റ്റം, ഇക്കോ അസിസ്റ്റ് എന്നിവയും പുതിയ ജാസിന്റെ പ്രധാന ഫീച്ചറുകളാണ്.
ഹാച്ച്ബാക്കിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് ഇപ്പോള്‍ വെബ്‌ലിങ്കിനെയും ബ്ലൂടൂത്ത് ഹാന്‍ഡ്‌സ് ഫ്രീ ടെലിഫോണി, ഓഡിയോ, വോയ്‌സ് കമാന്‍ഡ്, വയര്‍ലെസ് ഇന്‍ഫ്രാറെഡ് റിമോട്ട്, സന്ദേശങ്ങള്‍ എന്നിവയും ഈ മോഡലിന്റെ സവിശേഷതകളാണ്.
സുരക്ഷാ സവിശേഷതകളില്‍ ഡ്യുവല്‍ ഫ്രണ്ട് എസ്ആര്‍എസ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, മള്‍ട്ടിവ്യൂ റിയര്‍ ക്യാമറ, ഇംപാക്റ്റ് ലഘൂകരിക്കുന്ന ഫ്രണ്ട് ഹെഡ് റെസ്റ്റുകള്‍, കൂടാതെ ഡ്രൈവര്‍ സൈഡ് വിന്‍ഡോ വണ്‍ ടച്ച് അപ്പ് /ഡൗണ്‍ ഓപ്പറേഷന്‍ ആന്റി തെഫ്റ്റ് സിസ്റ്റവുമുണ്ട്.
പുറംമോടിയിലേക്ക് നോക്കിയാല്‍ പുതിയ ജാസിന് ക്രോം ആക്‌സന്റേറ്റഡ് ഹൈ ഗ്ലോസ് ബ്ലാക്ക് ഗ്രില്ലും അതോടെപ്പം നവീകരിച്ച ഫ്രണ്ട്, റിയര്‍ ബമ്പറുകളും ഉണ്ട്. കൂടാതെ ഡിആര്‍എല്ലുകളുള്ള പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഈ മോഡലിന്റെ പ്രത്യേകതയാണ്. എല്‍ഇഡി ഫോഗ് ലാമ്പുകള്‍, സിഗ്‌നേച്ചര്‍ റിയര്‍ എല്‍ഇഡി വിംഗ് ലൈറ്റ് എന്നിവ ഉള്‍പ്പെടുന്ന നൂതനകളും പുതിയ ജാസിലുണ്ട്.

രണ്ടായിരത്തിന്റെ നോട്ടുകള്‍ക്ക് ചിലവില്ല

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടായിരം രൂപയുടെ നോട്ടുകളുടെ ലഭ്യത കുറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,000 രൂപയുടെ നോട്ടുകളുടെ എണ്ണവും മൊത്തം മൂല്യവും കുറഞ്ഞിരുന്നു. അതേസമയം 500 രൂപയുടെ നോട്ടുകളുടെ പ്രചാരം കുത്തനെ വര്‍ധിക്കുകയും ചെയ്തു. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2,000 രൂപയുടെ നോട്ടേ അച്ചടിച്ചിട്ടില്ല. എന്നാല്‍ 500 രൂപയുടെ നോട്ടുകള്‍ 1,200 കോടി എണ്ണം അച്ചടിച്ചു. 2018-19ല്‍ 2,000 രൂപയുടെ നോട്ടുകള്‍ അഞ്ച് കോടി എണ്ണമാണ് അച്ചടിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടായിരത്തിന്റെ, 6,58,199 കോടി രൂപ മൂല്യം വരുന്ന 32,910 ലക്ഷം നോട്ടുകളാണു 2019 മാര്‍ച്ചില്‍ പ്രചാരത്തിലുണ്ടായിരുന്നത്. 2020 മാര്‍ച്ചില്‍ രണ്ടായിരത്തിന്റെ നോട്ടുകളുടെ എണ്ണം 27,398 ലക്ഷമായും മൂല്യം 5,47,952 കോടി രൂപയായും കുറഞ്ഞു.

‘മാനുഷരെല്ലാരുമൊന്നു പോലെ…’ ആഗസ്റ്റ് 27ന് റിലിസ് ചെയ്യും

തൃശൂര്‍: ഓണം ജാതിമത ചിന്തകള്‍ക്കതീതമായി, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി, ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഓര്‍മകളുമായി എല്ലാ മലയാളികളും ഒരുമിച്ച് ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയ ഉത്സവം.
ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് നാലോണനാളില്‍ തൃശൂര്‍ നഗരത്തില്‍ പതിറ്റാണ്ടുകളായി പുലിയിറങ്ങുന്നു ആദിദ്രാവിഡ നടനമാടി അവര്‍ നാടുണര്‍ത്തുന്നു… നിറഞ്ഞു തുള്ളുന്നു.
മാനുഷരെല്ലാരും ഒന്നുപോലെ വാണിരുന്ന മാവേലി നാടില്‍ നിന്നും നമ്മള്‍ എത്ര അകലെ എത്തിയിരിക്കുന്നു എന്ന് വളരെ സരസമായി ഓര്‍മ്മിപ്പിക്കുകയാണ് ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന സിനിമ.
ആദ്യമായി പുലിവേഷം കെട്ടാനെത്തുന്ന നിഷ്‌കളങ്കനായ യുവാവിന്റെ ആഗ്രഹ പൂര്‍ത്തീകരണവും തുടര്‍ന്ന്, സമകാലിക സമൂഹത്തിലെ ആള്‍ക്കൂട്ട നീതി ബോധവും സദാചാര മനോഭാവങ്ങളും അയാളുടെ ജീവിതത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കുന്നുവെന്ന് വളരെ ശക്തമായി ഈ ചിത്രം അവതരിപ്പിക്കുന്നു.
തൃശ്ശൂരിലെ, കാലങ്ങളായി പുലിവേഷം കെട്ടുന്ന കലാകാരന്മാരുടെയും മറ്റു അഭിനേതാക്കളുടേയും തന്മയത്വത്തോടെയും സ്വാഭാവികതയോടെയുമുള്ള അഭിനയം കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കുന്നു. സൈക്കിള്‍ബെല്‍ ഫിലിംസ് നിര്‍മ്മിച്ച് രാജേഷ് ഭാസ്‌കരന്‍ രചനയും കലയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം- ഗിരീഷ് മേനോന്‍, സംഗീതം- ജോഫി ചിറയത്ത്, ചിത്രസംയോജനം- സംജിത്ത് മുഹമ്മദ്, ശബ്ദമിശ്രണം- ഗണേഷ് മാരാര്‍, വസ്ത്രാലങ്കാരം- അരവിന്ദ്, ചമയം- അര്‍ഷാദ് വര്‍ക്കല.
ഈ ഓണക്കാലത്ത്, 2020 ആഗസ്റ്റ് 27ന് വൈകിട്ട് 6മണിക്ക് The cue എന്ന യൂട്യൂബ് ചാനലിലൂടെ ഈ ചിത്രം നിങ്ങളുടെ മുന്നിലെത്തുന്നു.

‘പാലാരിവട്ടംപാലം’ വെബ് സീരീസ് ടീസര്‍ ജിത്തു ജോസഫ് പുറത്തിറക്കി

കൊച്ചി: പോക്കറ്റ് ടിവിയുടെ ബാനറില്‍ സജിത്ത് ലക്ഷ്മണ്‍ എഴുതി സംവിധാനം ചെയ്യുന്ന ‘പാലാരിവട്ടംപാലം’ എന്ന വെബ് സീരിസിന്റ ആദ്യ ടീസര്‍ റിലീസ് ചെയ്തു. സംവിധായകന്‍ ജിത്തു ജോസഫ് തന്റെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. പുതുമുഖങ്ങളായ മാളവികയും ജെസ്‌നയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും സിനിമ മേഖലയിലെ പ്രമുഖ വ്യക്തികളായിരിക്കും ടീസറുകളുമായി വരിക. ‘പാലാരിവട്ടംപാലം’ നിര്‍മ്മിക്കുന്നത് ശ്രുതി ഗോപിനാഥ് അണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മഹേഷ് രാജ്, പ്രൊജക്റ്റ് ഹെഡ്- വിനീഷ് നായര്‍. ക്യാമറ- നാരായണന്‍ നമ്പൂതിരി, മ്യൂസിക്- മലാഖി, ട്രെയിലര്‍ എഡിറ്റ്- ലിജു അലക്‌സ്.

കല്യാണ്‍ ജുവല്ലേഴ്‌സ് ഓഹരി ഉടന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കും

എംഎം കമ്മത്ത്-
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജുവല്ലേഴ്‌സ് ഓഹരി ഉടനെ വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കും. 1,750 കോടിയാകും വിപണിയില്‍നിന്ന് സമാഹരിക്കുക. പ്രാരംഭ ഓഹരി വില്‍പന(ഐപിഒ)യുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്.
19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 135 ഷോറൂമുകളാണ് കല്യാണിനുള്ളത്. മിഡില്‍ ഈസ്റ്റ് ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. 750 മൈ കല്യാണ്‍ സ്‌റ്റോറുകളും ഇന്ത്യയില്‍ ഒട്ടാകെ പ്രവര്‍ത്തിക്കുന്നു. കോവിഡിനെതുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ട ജുവല്ലറി മേഖല സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്.
വിദേശ സ്വകാര്യ നിക്ഷേപ സ്ഥാപനമായ വാര്‍ബര്‍ഗ് പിങ്കസിന്റെ നിക്ഷേപം ഭാഗികമായി പിന്‍വലിക്കാന്‍ ഐപിഒ തുകയുടെ ഒരുഭാഗം വിനിയോഗിക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. രണ്ടുതവണയായി വാര്‍ബര്‍ഗ് പിങ്കസ് 1,700 കോടി രൂപയാണ് കല്യാണ്‍ ജുവല്ലേഴ്‌സില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. ഇന്ത്യയില്‍തന്നെ ജുവല്‍റി മേഖലയിലെത്തിയ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി നിക്ഷേപമായിരുന്നു ഇത്. റേറ്റിങ് ഏജന്‍സിയായ ഇക്രയുടെ സെപ്റ്റംബര്‍ 2019ലെ റിപ്പോര്‍ട്ട് പ്രകാരം വാര്‍ബര്‍ഗിന് കല്യാണില്‍ 30ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 2019 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം 7,454 കോടി രൂപയാണ് കല്യാണ്‍ ജുവല്ലേഴ്‌സിന്റെ വരുമാനം. നികുതികഴിച്ച് 50 കോടി രൂപ ലാഭവുംനേടിയതായി ഇക്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിറ്റി, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റല്‍, ആക്‌സിസ് ക്യാപിറ്റല്‍ തുടങ്ങിയവയാകും ഐപിഒക്ക് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ജുവല്ലറി ഐപിഒയുമായി രംഗത്തെത്തുന്നത്. 2012 ഡിസംബറിലാണ് ഇതിനുമുമ്പ് പിസി ജുവല്ലേഴ്‌സ് 600 കോടി രൂപ ഐപിഒ വഴി വിപണിയില്‍ നിന്ന് സമാഹരണം നടത്തിയത്.

 

അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായി മാറുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: വ്യോമയാന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്ററായി അദാനി ഗ്രൂപ്പ് മാറുന്നു. തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ അദാനി ഗ്രൂപ്പിന് വ്യോമയാന രംഗത്തെ ഒന്നാമനാകാനുള്ള സാധ്യതയുമായി അടുത്ത വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ 74ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി എന്നത്. ഹൈദരാബാദ് ആസ്ഥാനമായ ജിവികെ ഗ്രൂപ്പിന്റെ (ഗുണുപതി വെങ്കട കൃഷ്ണ റെഡ്ഡി) കൈവശം ആയിരുന്നു മുംബൈ വിമാനത്താവളത്തിന്റെ 50.5 ശതമാനം ഓഹരികളും. ജിവികെ ഗ്രൂപ്പില്‍നിന്നും 23.5ശതമാനം ഓഹരി വിവിധ ഗ്രൂപ്പുകളില്‍നിന്നുമായാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. ഇടപാടിനായി 15,000 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 31ലെ കണക്കുപ്രകാരം ജിവികെ ഗ്രൂപ്പിന് 50.5ശതമാനം ഓഹരികളാണുണ്ടായിരുന്നത്. ഇതോടെ വിമാനത്താവളം ഇവരുടെ സമ്പൂര്‍ണ നിയന്ത്രണത്തിന് സമാനമായ സ്ഥിതിയില്‍ ആകും.
ഇപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ജയ്പൂര്‍, ഗ്വാഹട്ടി, ലഖ്‌നൗ, മംഗലാപുരം എന്നിവ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടും ഏറ്റെടുക്കുന്ന മുംബൈ എയര്‍പോര്‍ട്ടും കൂടെയാകുമ്പോള്‍ അദാനി ഗ്രൂപ്പ് മേഖലയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായി മാറും.

മാരുതി രാജ്യമൊട്ടാകെ ഏക്കര്‍കണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ രാജ്യമൊട്ടാകെ ഏക്കര്‍കണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നു. 118 ഇടങ്ങളിലായി 1,500 കോടി രൂപ മുടക്കി ഇതിനകം ഭൂമി വാങ്ങിയതായാണ് റിപ്പോര്‍ട്ട്. വാഹന വിപണിയില്‍ ആധിപത്യമുറപ്പിക്കാനും കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും എന്നാല്‍ ഡീലറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വില്‍പന കേന്ദ്രങ്ങളും വര്‍ക്ക്‌ഷോപ്പുകളും സ്ഥാപിക്കുകയാണ് ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ട്. വിവിധ മേഖലകളിലായി പ്രാരംഭ ഘട്ടത്തില്‍ ആറ് പദ്ധതികള്‍ക്കാണ് തുടക്കമിട്ടിട്ടുള്ളത്. വില്‍പന കേന്ദ്രങ്ങളും വര്‍ക്ക്‌ഷോപ്പുകളും എവിടെയാണ് വരുന്നതെന്നകാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഭാവിയെ മുന്നില്‍കണ്ട് രാജ്യത്തെ ഒരു വാഹന കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്. കമ്പനിയുമായി പങ്കാളത്തമുണ്ടാക്കുന്നവര്‍ക്ക് ഡീലര്‍ഷിപ്പിനായി ഭൂമി നല്‍കാനാണ് പദ്ധതി എന്നാണ് അറിയാന്‍ സാധിച്ചത്. അതില്‍നിന്നുള്ള വാടക വരുമാനവും കമ്പനിക്ക് മുതല്‍ക്കൂട്ടാകും. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 14.3 ലക്ഷം വാഹനങ്ങളാണ് രാജ്യത്ത് മാരുതി വിറ്റഴിച്ചത്. വില്‍പനയില്‍ 18ശതമാനം ഇടിവുണ്ടായിട്ടും പാസഞ്ചര്‍ വാഹന വിപണിയില്‍ പകുതിയും മാരുതിയുടെ കൈവശമാണ്. 2030വരെ രാജ്യത്ത് ഇപ്പോഴുള്ള 50ശതമാനം വിപണിവിഹിതം നിലനിര്‍ത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.