‘മാനുഷരെല്ലാരുമൊന്നു പോലെ…’ ആഗസ്റ്റ് 27ന് റിലിസ് ചെയ്യും

‘മാനുഷരെല്ലാരുമൊന്നു പോലെ…’ ആഗസ്റ്റ് 27ന് റിലിസ് ചെയ്യും

തൃശൂര്‍: ഓണം ജാതിമത ചിന്തകള്‍ക്കതീതമായി, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി, ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഓര്‍മകളുമായി എല്ലാ മലയാളികളും ഒരുമിച്ച് ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയ ഉത്സവം.
ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് നാലോണനാളില്‍ തൃശൂര്‍ നഗരത്തില്‍ പതിറ്റാണ്ടുകളായി പുലിയിറങ്ങുന്നു ആദിദ്രാവിഡ നടനമാടി അവര്‍ നാടുണര്‍ത്തുന്നു… നിറഞ്ഞു തുള്ളുന്നു.
മാനുഷരെല്ലാരും ഒന്നുപോലെ വാണിരുന്ന മാവേലി നാടില്‍ നിന്നും നമ്മള്‍ എത്ര അകലെ എത്തിയിരിക്കുന്നു എന്ന് വളരെ സരസമായി ഓര്‍മ്മിപ്പിക്കുകയാണ് ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന സിനിമ.
ആദ്യമായി പുലിവേഷം കെട്ടാനെത്തുന്ന നിഷ്‌കളങ്കനായ യുവാവിന്റെ ആഗ്രഹ പൂര്‍ത്തീകരണവും തുടര്‍ന്ന്, സമകാലിക സമൂഹത്തിലെ ആള്‍ക്കൂട്ട നീതി ബോധവും സദാചാര മനോഭാവങ്ങളും അയാളുടെ ജീവിതത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കുന്നുവെന്ന് വളരെ ശക്തമായി ഈ ചിത്രം അവതരിപ്പിക്കുന്നു.
തൃശ്ശൂരിലെ, കാലങ്ങളായി പുലിവേഷം കെട്ടുന്ന കലാകാരന്മാരുടെയും മറ്റു അഭിനേതാക്കളുടേയും തന്മയത്വത്തോടെയും സ്വാഭാവികതയോടെയുമുള്ള അഭിനയം കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കുന്നു. സൈക്കിള്‍ബെല്‍ ഫിലിംസ് നിര്‍മ്മിച്ച് രാജേഷ് ഭാസ്‌കരന്‍ രചനയും കലയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം- ഗിരീഷ് മേനോന്‍, സംഗീതം- ജോഫി ചിറയത്ത്, ചിത്രസംയോജനം- സംജിത്ത് മുഹമ്മദ്, ശബ്ദമിശ്രണം- ഗണേഷ് മാരാര്‍, വസ്ത്രാലങ്കാരം- അരവിന്ദ്, ചമയം- അര്‍ഷാദ് വര്‍ക്കല.
ഈ ഓണക്കാലത്ത്, 2020 ആഗസ്റ്റ് 27ന് വൈകിട്ട് 6മണിക്ക് The cue എന്ന യൂട്യൂബ് ചാനലിലൂടെ ഈ ചിത്രം നിങ്ങളുടെ മുന്നിലെത്തുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close