Month: August 2020

ഡിജിറ്റല്‍ മീഡിയയിലെ മാറ്റങ്ങളെക്കുറിച്ച് Media Virtual Summit 2020

കൊച്ചി: കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Roadtrip Innovations എന്ന സ്ഥാപനം ഡിജിറ്റല്‍ മാറ്റങ്ങള്‍ക്കു അനുസരിച്ചു മീഡിയ മാറ്റങ്ങള്‍ ഗുണകരമോ, അതോ ദോഷകരമോ എന്നും, എന്തൊക്കെയാണ് പുതിയ മാറ്റങ്ങളുടെ സാധ്യതകള്‍ എന്നും Media Virtual Summit 2020 പരിശോദിക്കുകയാണ്. മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖരും, ടെലിവിഷന്‍ രംഗത്തെ വിദഗ്ധരും, സോഷ്യല്‍ മീഡിയ, ടെക്‌നിക്കല്‍ വിദഗ്ധര്‍, വ്‌ലോഗ്ഗേര്‍സ് തുടങ്ങി പല തട്ടില്‍ കഴിവ് പ്രകടിപ്പിച്ചവരും പങ്കെടുക്കുന്ന ഈ സമ്മിറ്റില്‍ തെരഞ്ഞെടുക്കുന്ന ആളുകള്‍ക്കും പങ്കെടുക്കാന്‍ അവസരം.
ഇതില്‍ പങ്കെടുക്കാന്‍ www.roadtripinno.com എന്ന വെബ് സൈറ്റില്‍ തികച്ചും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാനും സാധിക്കും.

പുതിയ സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍

എഎസ്സ് ദിനേശ്-
കൊച്ചി: കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മാര്‍ച്ച് മുതല്‍ നിര്‍ത്തി വെച്ചിരുന്ന സിനിമാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച്ച പുനരാരംഭിക്കുന്നു. സിനിമാ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയതിന് പിന്നാലെയാണ് നാലര മാസമായി പൂര്‍ണ്ണമായി നിലച്ചിരുന്ന നിര്‍മ്മാണ ജോലികള്‍ പുനരാരംഭിച്ചത്. പുതിയ സിനിമയുടെ ടൈറ്റില്‍ രജിസ്‌ട്രേഷനാണ് ഇതിന്റെ ഭാഗമായി ആദ്യം തുടങ്ങുക. കോവിഡ് കാലത്തെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് ടൈറ്റില്‍ രജിസ്‌ട്രേഷന് ഫീസില്‍ കേരള ഫിലിം ചേംബര്‍ പതിനായിരം രൂപ കുറവുവരുത്തിയിട്ടുണ്ട്.

ടൈറ്റില്‍ രജിസ്‌ട്രേഷന്‍ 25000 രൂപയായിരുന്നു ഇതുവരെ ഫീസ് ഈടാക്കിയിരുന്നത്. സിനിമാ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്താണ് 15000 രൂപയായി കുറച്ചതെന്ന് കേരള ഫിലിം ചേംബര് ജനറല്‍ സെക്രട്ടറി വിസി ജോര്ജ് (അപ്പച്ചന്‍) പറഞ്ഞു. ഫിലിം ചേംബറില്‍ സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുക. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഡേറ്റുകള്‍ കിട്ടാനും സെന്‍സര്‍ഷിപ്പിനുള്ള അപേക്ഷ നല്‍കാനും വരെ ചേംബറിലെ ടൈറ്റില് രജിസ്‌ട്രേഷന്‍ ആവശ്യമാണ്.

ലോക്ക് ടൗണില്‍ ഇളവുകള്‍ വന്നതു മുതല്‍ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണെന്ന് വിസി ജോര്ജ് പറഞ്ഞു. നിയന്ത്രണങ്ങള്‍ നീങ്ങുന്ന മുറയ്ക്ക് നിര്‍മ്മാണ ജോലികള്‍ ആരംഭിക്കാനാണ് നിര്മാതാക്കള്‍ ഉദ്ദേശിക്കുന്നത്. ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്താലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു മാത്രമെ സിനിമാ ചിത്രീകരണം പോലുള്ളവ പുനരാരംഭിക്കാനാകൂ. അതിന്റെ ഉത്തരവാദിത്തം നിര്‍മ്മാതാക്കള്‍ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം ശരാശരി 200 സിനിമ ടൈറ്റിലുകളാണ് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

സിനിമകളുടെ ഓണ്‍ലൈന്‍ റിലീസിന്(ഒടിടി) തടയിടാനുള്ള വ്യവസ്ഥകളും ഇതോടോപ്പം ചേംബര്‍ നടപ്പാക്കുന്നുണ്ട്. ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന സിനിമകള്‍ തീയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷമേ ഒടിടി റിലീസിന് നല്‍കാവൂ എന്നാണ് വ്യവസ്ഥ. ഒടിടി റിലീസ് ലക്ഷ്യമിടുന്ന സിനിമകള്‍ ചേംബറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അവയ്ക്ക് തീയറ്റര് റിലീസ് അനുവദിക്കുകയുമില്ല.

ഈ വര്‍ഷം ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് ഉള്‍പ്പെടെ അറുപതിലേറെ സിനിമകള്‍ വിവിധ നിര്‍മ്മാണഘട്ടത്തിലുണ്ട്. ലോക്ക് ഡൗണ്‍ നീങ്ങുന്ന മുറയ്ക്ക് അവയുടെ നിര്‍മ്മാണം പൂര്‍ത്തികരിക്കാനാകും മുന്‍ഗണന എന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. തീയറ്ററുകള്‍ തുറക്കാന്‍ ഇനിയും വൈകുമെങ്കിലും ആദ്യ പരിഗണന ഈ ചിത്രങ്ങളുടെ റിലീസിനായിരിക്കും.