കല്യാണ്‍ ജുവല്ലേഴ്‌സ് ഓഹരി ഉടന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കും

കല്യാണ്‍ ജുവല്ലേഴ്‌സ് ഓഹരി ഉടന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കും

എംഎം കമ്മത്ത്-
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജുവല്ലേഴ്‌സ് ഓഹരി ഉടനെ വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കും. 1,750 കോടിയാകും വിപണിയില്‍നിന്ന് സമാഹരിക്കുക. പ്രാരംഭ ഓഹരി വില്‍പന(ഐപിഒ)യുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്.
19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 135 ഷോറൂമുകളാണ് കല്യാണിനുള്ളത്. മിഡില്‍ ഈസ്റ്റ് ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. 750 മൈ കല്യാണ്‍ സ്‌റ്റോറുകളും ഇന്ത്യയില്‍ ഒട്ടാകെ പ്രവര്‍ത്തിക്കുന്നു. കോവിഡിനെതുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ട ജുവല്ലറി മേഖല സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്.
വിദേശ സ്വകാര്യ നിക്ഷേപ സ്ഥാപനമായ വാര്‍ബര്‍ഗ് പിങ്കസിന്റെ നിക്ഷേപം ഭാഗികമായി പിന്‍വലിക്കാന്‍ ഐപിഒ തുകയുടെ ഒരുഭാഗം വിനിയോഗിക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. രണ്ടുതവണയായി വാര്‍ബര്‍ഗ് പിങ്കസ് 1,700 കോടി രൂപയാണ് കല്യാണ്‍ ജുവല്ലേഴ്‌സില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. ഇന്ത്യയില്‍തന്നെ ജുവല്‍റി മേഖലയിലെത്തിയ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി നിക്ഷേപമായിരുന്നു ഇത്. റേറ്റിങ് ഏജന്‍സിയായ ഇക്രയുടെ സെപ്റ്റംബര്‍ 2019ലെ റിപ്പോര്‍ട്ട് പ്രകാരം വാര്‍ബര്‍ഗിന് കല്യാണില്‍ 30ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 2019 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം 7,454 കോടി രൂപയാണ് കല്യാണ്‍ ജുവല്ലേഴ്‌സിന്റെ വരുമാനം. നികുതികഴിച്ച് 50 കോടി രൂപ ലാഭവുംനേടിയതായി ഇക്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിറ്റി, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റല്‍, ആക്‌സിസ് ക്യാപിറ്റല്‍ തുടങ്ങിയവയാകും ഐപിഒക്ക് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ജുവല്ലറി ഐപിഒയുമായി രംഗത്തെത്തുന്നത്. 2012 ഡിസംബറിലാണ് ഇതിനുമുമ്പ് പിസി ജുവല്ലേഴ്‌സ് 600 കോടി രൂപ ഐപിഒ വഴി വിപണിയില്‍ നിന്ന് സമാഹരണം നടത്തിയത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close