മാരുതി രാജ്യമൊട്ടാകെ ഏക്കര്‍കണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നു

മാരുതി രാജ്യമൊട്ടാകെ ഏക്കര്‍കണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ രാജ്യമൊട്ടാകെ ഏക്കര്‍കണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നു. 118 ഇടങ്ങളിലായി 1,500 കോടി രൂപ മുടക്കി ഇതിനകം ഭൂമി വാങ്ങിയതായാണ് റിപ്പോര്‍ട്ട്. വാഹന വിപണിയില്‍ ആധിപത്യമുറപ്പിക്കാനും കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും എന്നാല്‍ ഡീലറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വില്‍പന കേന്ദ്രങ്ങളും വര്‍ക്ക്‌ഷോപ്പുകളും സ്ഥാപിക്കുകയാണ് ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ട്. വിവിധ മേഖലകളിലായി പ്രാരംഭ ഘട്ടത്തില്‍ ആറ് പദ്ധതികള്‍ക്കാണ് തുടക്കമിട്ടിട്ടുള്ളത്. വില്‍പന കേന്ദ്രങ്ങളും വര്‍ക്ക്‌ഷോപ്പുകളും എവിടെയാണ് വരുന്നതെന്നകാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഭാവിയെ മുന്നില്‍കണ്ട് രാജ്യത്തെ ഒരു വാഹന കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്. കമ്പനിയുമായി പങ്കാളത്തമുണ്ടാക്കുന്നവര്‍ക്ക് ഡീലര്‍ഷിപ്പിനായി ഭൂമി നല്‍കാനാണ് പദ്ധതി എന്നാണ് അറിയാന്‍ സാധിച്ചത്. അതില്‍നിന്നുള്ള വാടക വരുമാനവും കമ്പനിക്ക് മുതല്‍ക്കൂട്ടാകും. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 14.3 ലക്ഷം വാഹനങ്ങളാണ് രാജ്യത്ത് മാരുതി വിറ്റഴിച്ചത്. വില്‍പനയില്‍ 18ശതമാനം ഇടിവുണ്ടായിട്ടും പാസഞ്ചര്‍ വാഹന വിപണിയില്‍ പകുതിയും മാരുതിയുടെ കൈവശമാണ്. 2030വരെ രാജ്യത്ത് ഇപ്പോഴുള്ള 50ശതമാനം വിപണിവിഹിതം നിലനിര്‍ത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Post Your Comments Here ( Click here for malayalam )
Press Esc to close