രാംനാഥ് ചാവ്‌ല-
മുംബൈ: വ്യോമയാന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്ററായി അദാനി ഗ്രൂപ്പ് മാറുന്നു. തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ അദാനി ഗ്രൂപ്പിന് വ്യോമയാന രംഗത്തെ ഒന്നാമനാകാനുള്ള സാധ്യതയുമായി അടുത്ത വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ 74ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി എന്നത്. ഹൈദരാബാദ് ആസ്ഥാനമായ ജിവികെ ഗ്രൂപ്പിന്റെ (ഗുണുപതി വെങ്കട കൃഷ്ണ റെഡ്ഡി) കൈവശം ആയിരുന്നു മുംബൈ വിമാനത്താവളത്തിന്റെ 50.5 ശതമാനം ഓഹരികളും. ജിവികെ ഗ്രൂപ്പില്‍നിന്നും 23.5ശതമാനം ഓഹരി വിവിധ ഗ്രൂപ്പുകളില്‍നിന്നുമായാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. ഇടപാടിനായി 15,000 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 31ലെ കണക്കുപ്രകാരം ജിവികെ ഗ്രൂപ്പിന് 50.5ശതമാനം ഓഹരികളാണുണ്ടായിരുന്നത്. ഇതോടെ വിമാനത്താവളം ഇവരുടെ സമ്പൂര്‍ണ നിയന്ത്രണത്തിന് സമാനമായ സ്ഥിതിയില്‍ ആകും.
ഇപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ജയ്പൂര്‍, ഗ്വാഹട്ടി, ലഖ്‌നൗ, മംഗലാപുരം എന്നിവ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടും ഏറ്റെടുക്കുന്ന മുംബൈ എയര്‍പോര്‍ട്ടും കൂടെയാകുമ്പോള്‍ അദാനി ഗ്രൂപ്പ് മേഖലയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായി മാറും.