Month: March 2018

കേരളത്തില്‍ വൃക്കക്കായി കാത്തിരിക്കുന്നത് 2000 പേര്‍

ഗായത്രി
കൊച്ചി: വൃക്കരോഗികള്‍ അനുദിനം വര്‍ധിച്ചുവരുന്ന കേരളത്തില്‍ വൃക്ക മാറ്റിവെച്ച് ജീവിതം തിരിച്ചുപിടിക്കാന്‍ കാത്തിരിക്കുന്നത് 2000 പേര്‍. ഡയാലിസിസും മരുന്നുമായി ജീവിതം തള്ളിനീക്കുന്നവര്‍ സര്‍ക്കാറിന്റെയും സന്നദ്ധസംഘടനകളുടെയും പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സംസ്ഥാനത്ത് വൃക്കദാനം കുറഞ്ഞുവരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ദിനേന ശരാശരി ഏഴ് പേരെങ്കിലും വൃക്കരോഗികളായി മാറുന്നെന്നാണ് പഠനങ്ങള്‍.
കൃത്യമായ കണക്ക് ആരോഗ്യവകുപ്പിന്റെ കൈവശമില്ല. അവയവദാനത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയ മൃതസഞ്ജീവനി പദ്ധതിയില്‍ മാത്രം വൃക്കമാറ്റ ശസ്ത്രക്രിയക്ക് രജിസ്റ്റര്‍ ചെയ്തത് 1684 പേരാണ്. 245 പേര്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ ആയിരക്കണക്കിന് ഉണ്ടാകുമെന്നാണ് മൃതസഞ്ജീവനി അധികൃതര്‍ പറയുന്നത്. മസ്തിഷ്‌കമരണം സംഭവിച്ചവരുടെ വൃക്കകളാണ് മൃതസഞ്ജീവനി വഴി ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ടുലക്ഷത്തോളം രൂപയാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചെലവ്. സ്വകാര്യ ആശുപത്രികളില്‍ ഏഴുലക്ഷം രൂപക്ക് മുകളിലാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മൃതസഞ്ജീവനി വഴിയുള്ള വൃക്കദാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
2012 ആഗസ്റ്റ് മുതല്‍ 2017 ഡിസംബര്‍ വരെ മസ്തിഷ്‌ക മരണം സംഭവിച്ച 269 പേരില്‍നിന്ന് 460 വൃക്കയാണ് മാറ്റിവെച്ചത്. 2014ല്‍ 104ഉം 2015ല്‍ 132ഉം 2016ല്‍ 113ഉം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നപ്പോള്‍ 2017ല്‍ ഇത് 34 മാത്രമായിരുന്നു. മൃതസഞ്ജീവനി പദ്ധതി ജനങ്ങളിലേക്കെത്താത്തതും അവയവദാതാക്കള്‍ അംഗീകരിക്കപ്പെടാതെ പോകുന്നതും നടപടികളിലെ സുതാര്യതയില്ലായ്മയുമാണ് വൃക്കദാനം കുറയാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

വായനക്കാര്‍ നെഞ്ചേറ്റിയ ‘കേരളത്തിലെ കോട്ടകള്‍’

ഫിദ
യുവ ചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ സിപിഎഫ് വേങ്ങാട് എഴുതിയ ‘കേരളത്തിലെ കോട്ടകള്‍’ എന്ന ചരിത്ര ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. കൈരളി ബുക്‌സ് 2009ല്‍ പുറത്തിറക്കിയ പുസ്ഹകത്തിന്റെ മൂന്നാം പതിപ്പാണ് കൂടുതല്‍ ഭംഗിയോടെ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥം ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എന്നുവേണ്ട പൊതുവെ ചരിത്രത്തില്‍ താല്‍പ്പര്യമുള്ള ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസിലാവുന്ന രീതിയില്‍ എഴുതപ്പെട്ട ആധികാരിക ഗ്രന്ഥമാണ്. കോട്ടകളെകുറിച്ച് വിശദീകരിക്കുന്ന പൊതുവെയുള്ള അധ്യായം, ചരിത്ര സ്മാരകം എന്ന നിലയില്‍ കാലത്തെ അതിജീവിച്ച് ഇപ്പോഴും നിലനില്‍ക്കുന്ന കോട്ടകള്‍, തകര്‍ന്ന കോട്ടകള്‍, നാമാവശേഷമായവ എന്നീ ഗണത്തില്‍ പെടുത്തിയാണ് തുടര്‍ന്നുള്ള അധ്യായങ്ങള്‍ രചച്ചിട്ടുള്ളത്.
മാത്രമല്ല കേരളത്തോട് തൊട്ടു കിടക്കുന്ന കേന്ദ്രഭരണപ്രദേശമായ മാഹിയിലെ കോട്ടകളെക്കുറിച്ചും കേരള ചരിത്രവുമായി ബന്ധപ്പെട്ട് തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള ഉദയഗിരി കോട്ട,വട്ടക്കോട്ട എന്നിവയെക്കുറിച്ചുള്ള പ്രത്യേക അധ്യായങ്ങളും അടങ്ങിയതാണ് പുസ്തകം.
കോട്ടകളുള്ള സ്ഥലങ്ങളിലെല്ലാം നേരിട്ട് ചെന്ന് കണ്ടെത്തിയ വസ്തുതകള്‍ക്ക് പുറമെ കേരളത്തിലെ വിവിധ ലൈബ്രികള്‍, തൃശൂര്‍ കേരള സാഹിത്യ അക്കാദമി, തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേറ്റ് ലൈബ്രറി, ആര്‍ക്കിയോളിക്കല്‍ ഡയറക്ടറേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ ചരിത്ര രേഖകള്‍ പരിശോധിച്ചാണ് പുസ്തക രചന പൂര്‍ത്തിയാക്കിയത്.
നേരത്തെ കോട്ടകളെ കുറിച്ച് ദേശാഭിമാനി, മാധ്യമം, ചന്ദ്രിക വാരാന്തപ്പതിപ്പുകളില്‍ എഴുതിയ ഗവേഷണ സമാനമായ ലേഖനങ്ങള്‍ ശ്രദ്ധേയമായിരുന്നു.

ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കൊഹന്‍ രാജിവെച്ചു

അളക ഖാനം
വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കൊഹന്‍ രാജിവെച്ചു. വ്യാപാര നയം സംബന്ധിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിക്ക് ഇടവെച്ചത്.
സ്റ്റീല്‍, അലൂമിനിയം എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്താണ് ഗാരി കൊഹന്റെ രാജി. തീരുവ വര്‍ധിപ്പിച്ചാല്‍ വില വര്‍ധനയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ തീരുമാനത്തെ കൊഹന്‍ എതിര്‍ക്കുകയായിരുന്നു. സ്വതന്ത്ര വ്യാപാരത്തെ പിന്തുണക്കുന്നയാളാണ് ഗാരി കൊഹന്‍. ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവെക്കുന്ന പ്രധാനികളില്‍ അഞ്ചാമത്തെയാളാണ് ഗാരി.

മെഴ്‌സിഡെസ ബെന്‍സിന്റെ പുതിയ ഷോറൂം തിരുവനന്തപുരത്ത്

ഫിദ
തിരു: മെഴ്‌സിഡെസ്‌ബെന്‍സിന്റെ ഡീലര്‍മാരായ രാജശ്രീ മോട്ടോഴ്‌സിന്റെ പുതിയ ഷോറൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മെഴ്‌സിഡെസ്‌ബെന്‍സ് ഇന്ത്യാ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റോളണ്ട് ഫോള്‍ഗറും രാജശ്രീ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ എസ്. ശിവകുമാറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബെന്‍സിന്റെ കേരളത്തിലെ എട്ടാമത്തെ ഷോറൂമാണിത്.
ഉപഭോക്തൃ സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി വാസ്തുവിദ്യാ ആശയങ്ങളോടെയാണ് 9,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോറൂമിന്റെ രൂപകല്‍പ്പന. മെഴ്‌സിഡെസ്‌ബെന്‍സിന്റെ തനത് ഡിസൈന്‍ ഭാഷയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആംഗുലാര്‍ ഡിസൈന്‍ കോണ്‍സെപ്റ്റ് ഉപയോഗിച്ചാണിത് തയാറാക്കിയത്.

സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യയുടെ ആഢംബര യാനം കണ്ടുകെട്ടി

അളക ഖാനം
ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ മദ്യരാജാവ് വിജയ് മല്യയുടെ 603 കോടി രൂപ വില വരുന്ന ആഢംബര യാനം മാരിടൈം യൂണിയന്‍ അധികൃതര്‍ കണ്ടുകെട്ടി. ജീവനക്കാര്‍ക്ക് ആറുകോടി രൂപ ശമ്പളകുടിശ്ശിക നല്‍കാനുള്ളതിനാലാണ് മാള്‍ട്ട ദ്വീപില്‍ നിന്ന് യാനം പിടിച്ചെടുത്തത്. 95 മീറ്റര്‍ നീളമുള്ള ‘ഇന്ത്യന്‍ എംപ്രസ്’ മാള്‍ട്ടയിലെത്തിയപ്പോള്‍ തുറമുഖം വിട്ടു പോകുന്നത് അധികൃതര്‍ തടയുകയായിരുന്നു.
യാനത്തിലെ ഇന്ത്യ, ബ്രിട്ടന്‍, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള 40 ഓളം ജീവനക്കാര്‍ക്ക് കഴിഞ്ഞ സെപ്തംബര്‍ മുതലുള്ള ശമ്പളം നല്‍കിയിട്ടില്ല. കടല്‍ നിയമമായ മാരിടൈം ലീന്‍ പ്രകാരം ജീവനക്കാരുടെ ശമ്പള കുടിശ്ശികക്ക് പകരം യാനം കണ്ടുകെട്ടാനുള്ള അധികാരമുണ്ട്. ജീവനക്കാരില്‍ നിന്ന് പരാതി ലഭിച്ചതിനാല്‍, നിയമപ്രകാരം മാരിടൈം യൂണിയന്‍ നൗടിലസ് ഇന്റര്‍നാഷണല്‍ അധികൃതര്‍ യാനം പിടിച്ചെടുക്കുകയായിരുന്നു.
മാസ ശമ്പളം കൃത്യമായി നല്‍കാന്‍ തങ്ങള്‍ പലതവണ സാവകാശം നല്‍കിയെന്നും എന്നാല്‍ ഉടമസ്ഥര്‍ അതിനു തയാറാകാത്ത സാഹചര്യത്തിലാണ് യാനം കണ്ടുകെട്ടിയതെന്നും മാരിടൈം യൂണിയന്‍ സംഘാടകന്‍ ഡാനി മാക്ഗൗന്‍ അറിയിച്ചു. അന്താരാഷ്ട്ര മാരിടൈം ലേബറര്‍ കണ്‍വെന്‍ഷന്‍ പ്രകാരം ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് മൂന്ന് കോടി രൂപയോളം നേടിയിരുന്നെങ്കിലും അതിലും ഇരട്ടി തുക കുടിശ്ശികയുള്ളതിനാലാണ് യാനം പിടിച്ചെടുത്തതെന്നും ഡാനി പറഞ്ഞു.
ഇന്ത്യയില്‍ 9000 കോടിയോളം രുപ ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസ് വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്നു വരികയാണ്.

 

ഐറ്റം സോംഗുകക്കെതിരെ ശബാന ആസ്മി

വിഷ്ണു പ്രതാപ്
ആണുങ്ങളെ ഉത്തേജിപ്പിക്കാനാണ് സിനിമകളില്‍ ഐറ്റം സോംഗുകള്‍ ഉപയോഗിക്കുന്നതെന്ന് നടി ശബാന ആസ്മി. എന്നാല്‍ ചില സ്ത്രീകള്‍ കരുതുന്നത് സ്ത്രീയുടെ ആവിഷ്‌കാരമാണ് ഇതിലൂടെ ആഘോഷിക്കുന്നതെന്നാണ്. അതില്‍ എന്താണ് തെറ്റ് അത്തരം ഗാനത്തിലഭിനയിക്കാന്‍ മടിയൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.
ഇത് ആദ്യമായിട്ടല്ല ശബാന ഐറ്റം ഗാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ കരീനയുടെ ഐറ്റം സോംഗിനെതിരെയും ശബാന വിമര്‍ശനം ഉന്നയിച്ചിരുന്നു. ഐറ്റം സോംഗ്് സിനിമയില്‍ കഥയുടെ ഭാഗമല്ല. പകരം ആണ്‍ നോട്ടങ്ങള്‍ക്കുമുന്നില്‍ സ്ത്രീകളെ വസ്തുവല്‍ക്കരിക്കാനാണെന്നും ശബാന വ്യക്തമാക്കി.

വെയില്‍ ചൂടില്‍ പച്ചക്കറി വില വര്‍ധിക്കുന്നു

ഫിദ
കൊച്ചി: കനത്ത വേനലില്‍ ആഭ്യന്തര ഉത്പാദനം കുറഞ്ഞു തുടങ്ങിയതോടെ പച്ചക്കറി വില വീണ്ടും ഉയരത്തിലേക്ക്. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികളായ പയര്‍, ബീന്‍സ്, വെണ്ടക്ക, കായ പോലുള്ള വിഭവങ്ങള്‍ക്ക് വില ഉയര്‍ന്നു തുടങ്ങിയതാണ് വിപണി സൂചിപ്പിക്കുന്നത്. വേനല്‍ കൂടുതല്‍ കനക്കുന്നതോടെ വില ഉയരത്തിലെത്തും. ഇത്തവണ ചൂട് വളരെ കൂടുതലായതുകൊണ്ട് നേരത്തെ തന്നെ വിപണിയിലേക്കുള്ള ആഭ്യന്തര പച്ചക്കറി വരവ് കുറഞ്ഞത് കര്‍ഷകരെയും വിപണിയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
പയറിന് 40 മുതല്‍ 50 രൂപ വരെ എത്തിയിട്ടുണ്ട്. വള്ളിപ്പയറിന് 50 രൂപയാണ്. വെണ്ടക്കക്കും ബീന്‍സിനും 40 രൂപയാണ് എത്തിയിരിക്കുന്നത്. ഞാലിപ്പൂവന്‍ കായക്ക് 40 രൂപ വരെ എത്തിയിട്ടുണ്ട്. പാവക്ക 50 രൂപയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതിലും കൂടും. ഇപ്പോള്‍ത്തന്നെ ചൂടില്‍ പയറിന്റെയും പാവക്കയുടെയും നാമ്പുകള്‍ ഉണങ്ങിപ്പോകുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. സംസ്ഥാനത്തെ ചില കൃഷിയിടങ്ങളില്‍ വേനലെത്തിയതോടെ ജലക്ഷാമം വന്നത് പച്ചക്കറി നനയ്ക്കാനും കഴിയാത്ത അവസ്ഥയാണ്.
പച്ചക്കറികള്‍ എത്തുന്ന തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വരവ് കുറയുന്നുണ്ട്. ഉള്ളി, സവാള എന്നിവയ്ക്ക് വില കുറഞ്ഞു തന്നെയാണ് നില്‍ക്കുന്നത്. ചെറിയ ഉള്ളിക്ക് 40 രൂപയും സവാളക്ക് 20 രൂപയുമാണ്. ഉരുളക്കിഴങ്ങിന് 25, ബീറ്റ്‌റൂട്ട് 35, അമര്ക്ക് 30, മുരിങ്ങക്ക 40, കാബേജ് 25, കോളിഫല്‍വര്‍ 30,ഏത്തക്ക 30 എന്നിങ്ങനെയാണ് വില.

ശ്രീദേവിക്ക് ഓസ്‌കാറിന്റെ ആദരം, ഗാരി ഓള്‍ഡ് മാന്‍ മികച്ച നടന്‍, മക്‌ഡോര്‍മണ്ട് നടി

അളക ഖാനം
ലോസാഞ്ചലസ്:
മികച്ച നടനുള്ള ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരം ഗാരി ഓള്‍ഡ്മാന്. ഡാര്‍ക്കസ്റ്റ് അവര്‍ എന്ന ചിത്രത്തിലൂടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ ഗംഭീരമാക്കിയതിനാണ് ഗാരിയെ തേടി ഈ വര്‍ഷത്തെ ഓസ്‌കറെത്തിയത്. മികച്ച നടിയായി ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ടിനെയും തെരഞ്ഞെടുത്തു. ത്രീ ബില്‍ബോഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസൗറി എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തെ മുന്‍നിര്‍ത്തിയാണ് മക്‌ഡോര്‍മണ്ടിനെ മികച്ച നടിയായി തെരഞ്ഞെടുത്തത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് സോം റോക്ക്‌വെല്‍ മികച്ച സഹനടനും ഐ താനിയയിലെ അഭിനയത്തിന് അല്ലിസണ്‍ ജാനി മികച്ച സഹനടിയുമായി.
ശീതയുദ്ധകാലത്ത് ഊമയായ യുവതിയും മനുഷ്യനുമായി രൂപസാദൃശ്യമുള്ള ഒരു ജലജീവിയും തമ്മിലുള്ള ബന്ധവും റഷ്യന്‍ സൈന്യം ജീവിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെയും കഥ പറഞ്ഞ ഗ്യുലെര്‍മോഡെല്‍ ടോറോയുടെ ഷേപ്പ് ഓഫ് വാട്ടറിനാണ് ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്‌ക്കര്‍ പുരസ്‌കാരം.
മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ മൊത്തം നാലു പുരസ്‌കാരങ്ങള്‍ ഷേപ്പ് ഓഫ് വാട്ടറിന് ലഭിച്ചു.
അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയെ തൊണ്ണൂറാമത് ഓസ്‌കാര്‍ വേദിയില്‍ ആദരിച്ചു. ശ്രീദേവിയെ കൂടാതെ ബോഗെര്‍ മൂറെ, ജൊനാഥന്‍ ഡെമി, ജോര്‍ജ് റോമെറോ. ഹാരി ഡീന്‍ സ്റ്റാന്റണ്‍, ജെറി ലെവിസ്, ഴാന്‍ മൊറെയു, മാര്‍ട്ടിന്‍ ലാന്‍ഡൗ എന്നിവര്‍ക്കും ഓസ്‌കാര്‍ വേദിയില്‍ ആദരം അര്‍പ്പിച്ചു.

ആകാശ് അംബാനിക്ക് വധു രത്‌ന വ്യാപാരിയുടെ മകള്‍

വിഷ്ണു പ്രതാപ്
മുംബൈ: രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനാവുന്നു. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 കാരനായ ആകാശ്.
പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയാണ് വധു. രത്‌നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. കമ്പനിയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് ശ്ലോക.
ഡിസംബര്‍ മാസത്തോടെ വിവാഹം നടത്താനാണ് രണ്ട് കുടുംബാംഗങ്ങളുടേയും തീരുമാനമെന്നാണ് കുടംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വരുന്ന ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ വിവാഹ നിശ്ചയം നടക്കുമെന്നാണ് സൂചന.

കാര്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: 2018 തുടങ്ങി രണ്ടു മാസം പിന്നിടുമ്പോള്‍ കാര്‍ വിപണിയില്‍ കുതിപ്പു തുടരുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ഓട്ടോ എക്‌സ്‌പോയില്‍ നിരവധി പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് വിപണിക്ക് ഉന്മേഷം പകര്‍ന്നതായാണ് വിലയിരുത്തല്‍. മാരുതി സുസുകി ഇന്ത്യ രണ്ടക്ക വില്‍പ്പന വളര്‍ച്ചയോടെ 1.5 ലക്ഷം വാഹനങ്ങള്‍ എന്ന നാഴികക്കലിനോട് അടുത്തു. ടൊയോട്ടയും മുന്നേറ്റം കാഴ്ചവച്ചു.
മാരുതി സുസുകിയില്‍നിന്ന് പോയ മാസം 1,49,824 കാറുകള്‍ നിരത്തിലിറങ്ങി. 2017 ഫെബ്രുവരിയെ അപേക്ഷിച്ച് 15 ശതമാനം വളര്‍ച്ച. ആഭ്യന്തര വിപണിയില്‍ 1,37,900 വാഹനങ്ങള്‍ ഇറങ്ങിയപ്പോള്‍ 11,924 വാഹനങ്ങള്‍ കയറ്റുമതി ചെയ്തു. 4.88 ശതമാനം വളര്‍ച്ചയോടെ 12,705 വാഹനങ്ങള്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറില്‍നിന്ന് നിരത്തിലിറങ്ങി. ആഭ്യന്തര വിപണിയില്‍ 11,864 വാഹനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ 841 വാഹനങ്ങളും വിറ്റു.
ഫോര്‍ഡ് ഇന്ത്യയില്‍നിന്ന് ഫെബ്രുവരിയില്‍ 23,965 വാഹനങ്ങള്‍ നിരത്തിലെത്തിച്ചു. വളര്‍ച്ച ഒരു ശതമാനത്തില്‍ താഴെ കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ എട്ടു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും കയറ്റുമതിയില്‍ അഞ്ചു ശതമാനത്തോളം ഇടിവുണ്ടായതാണ് മൊത്തം വളര്‍ച്ചയെ പിന്നോട്ടാഴ്ത്തിയത്. ഈ മാസം മുതല്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് നാലു ശതമാനം വരെ വില ഉയരുമെന്ന് ഫോര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മൊത്തം വില്പനയില്‍ 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 51,127 വാഹനങ്ങള്‍ വിറ്റു. യാത്രാവാഹനങ്ങളുടെ ആഭ്യന്തര വില്പനയില്‍ എട്ടു ശതമാനം വളര്‍ച്ചയോടെ 22,389 എണ്ണവും കൊമേഴ്‌സല്‍ വാഹനങ്ങളുടെ വില്പനയില്‍ 28 ശതമാനം വളര്‍ച്ചയോടെ 20,946 എണ്ണവും വിറ്റു. മഹീന്ദ്രയില്‍നിന്നുള്ള ആകെ കയറ്റുമതി 15 ശതമാനം വളര്‍ച്ചയോടെ 2,654 എണ്ണമായും ഉയര്‍ന്നു.
ടാറ്റാ മോട്ടോഴ്‌സ്38 ശതമാനം വളര്‍ച്ചയോടെ ടാറ്റാ മോട്ടോഴ്‌സില്‍നിന്ന് 58,993 വാഹനങ്ങള്‍ പോയ മാസം നിരത്തിലെത്തി.