വെയില്‍ ചൂടില്‍ പച്ചക്കറി വില വര്‍ധിക്കുന്നു

വെയില്‍ ചൂടില്‍ പച്ചക്കറി വില വര്‍ധിക്കുന്നു

ഫിദ
കൊച്ചി: കനത്ത വേനലില്‍ ആഭ്യന്തര ഉത്പാദനം കുറഞ്ഞു തുടങ്ങിയതോടെ പച്ചക്കറി വില വീണ്ടും ഉയരത്തിലേക്ക്. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികളായ പയര്‍, ബീന്‍സ്, വെണ്ടക്ക, കായ പോലുള്ള വിഭവങ്ങള്‍ക്ക് വില ഉയര്‍ന്നു തുടങ്ങിയതാണ് വിപണി സൂചിപ്പിക്കുന്നത്. വേനല്‍ കൂടുതല്‍ കനക്കുന്നതോടെ വില ഉയരത്തിലെത്തും. ഇത്തവണ ചൂട് വളരെ കൂടുതലായതുകൊണ്ട് നേരത്തെ തന്നെ വിപണിയിലേക്കുള്ള ആഭ്യന്തര പച്ചക്കറി വരവ് കുറഞ്ഞത് കര്‍ഷകരെയും വിപണിയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
പയറിന് 40 മുതല്‍ 50 രൂപ വരെ എത്തിയിട്ടുണ്ട്. വള്ളിപ്പയറിന് 50 രൂപയാണ്. വെണ്ടക്കക്കും ബീന്‍സിനും 40 രൂപയാണ് എത്തിയിരിക്കുന്നത്. ഞാലിപ്പൂവന്‍ കായക്ക് 40 രൂപ വരെ എത്തിയിട്ടുണ്ട്. പാവക്ക 50 രൂപയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതിലും കൂടും. ഇപ്പോള്‍ത്തന്നെ ചൂടില്‍ പയറിന്റെയും പാവക്കയുടെയും നാമ്പുകള്‍ ഉണങ്ങിപ്പോകുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. സംസ്ഥാനത്തെ ചില കൃഷിയിടങ്ങളില്‍ വേനലെത്തിയതോടെ ജലക്ഷാമം വന്നത് പച്ചക്കറി നനയ്ക്കാനും കഴിയാത്ത അവസ്ഥയാണ്.
പച്ചക്കറികള്‍ എത്തുന്ന തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വരവ് കുറയുന്നുണ്ട്. ഉള്ളി, സവാള എന്നിവയ്ക്ക് വില കുറഞ്ഞു തന്നെയാണ് നില്‍ക്കുന്നത്. ചെറിയ ഉള്ളിക്ക് 40 രൂപയും സവാളക്ക് 20 രൂപയുമാണ്. ഉരുളക്കിഴങ്ങിന് 25, ബീറ്റ്‌റൂട്ട് 35, അമര്ക്ക് 30, മുരിങ്ങക്ക 40, കാബേജ് 25, കോളിഫല്‍വര്‍ 30,ഏത്തക്ക 30 എന്നിങ്ങനെയാണ് വില.

Post Your Comments Here ( Click here for malayalam )
Press Esc to close