സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യയുടെ ആഢംബര യാനം കണ്ടുകെട്ടി

സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യയുടെ ആഢംബര യാനം കണ്ടുകെട്ടി

അളക ഖാനം
ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ മദ്യരാജാവ് വിജയ് മല്യയുടെ 603 കോടി രൂപ വില വരുന്ന ആഢംബര യാനം മാരിടൈം യൂണിയന്‍ അധികൃതര്‍ കണ്ടുകെട്ടി. ജീവനക്കാര്‍ക്ക് ആറുകോടി രൂപ ശമ്പളകുടിശ്ശിക നല്‍കാനുള്ളതിനാലാണ് മാള്‍ട്ട ദ്വീപില്‍ നിന്ന് യാനം പിടിച്ചെടുത്തത്. 95 മീറ്റര്‍ നീളമുള്ള ‘ഇന്ത്യന്‍ എംപ്രസ്’ മാള്‍ട്ടയിലെത്തിയപ്പോള്‍ തുറമുഖം വിട്ടു പോകുന്നത് അധികൃതര്‍ തടയുകയായിരുന്നു.
യാനത്തിലെ ഇന്ത്യ, ബ്രിട്ടന്‍, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള 40 ഓളം ജീവനക്കാര്‍ക്ക് കഴിഞ്ഞ സെപ്തംബര്‍ മുതലുള്ള ശമ്പളം നല്‍കിയിട്ടില്ല. കടല്‍ നിയമമായ മാരിടൈം ലീന്‍ പ്രകാരം ജീവനക്കാരുടെ ശമ്പള കുടിശ്ശികക്ക് പകരം യാനം കണ്ടുകെട്ടാനുള്ള അധികാരമുണ്ട്. ജീവനക്കാരില്‍ നിന്ന് പരാതി ലഭിച്ചതിനാല്‍, നിയമപ്രകാരം മാരിടൈം യൂണിയന്‍ നൗടിലസ് ഇന്റര്‍നാഷണല്‍ അധികൃതര്‍ യാനം പിടിച്ചെടുക്കുകയായിരുന്നു.
മാസ ശമ്പളം കൃത്യമായി നല്‍കാന്‍ തങ്ങള്‍ പലതവണ സാവകാശം നല്‍കിയെന്നും എന്നാല്‍ ഉടമസ്ഥര്‍ അതിനു തയാറാകാത്ത സാഹചര്യത്തിലാണ് യാനം കണ്ടുകെട്ടിയതെന്നും മാരിടൈം യൂണിയന്‍ സംഘാടകന്‍ ഡാനി മാക്ഗൗന്‍ അറിയിച്ചു. അന്താരാഷ്ട്ര മാരിടൈം ലേബറര്‍ കണ്‍വെന്‍ഷന്‍ പ്രകാരം ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് മൂന്ന് കോടി രൂപയോളം നേടിയിരുന്നെങ്കിലും അതിലും ഇരട്ടി തുക കുടിശ്ശികയുള്ളതിനാലാണ് യാനം പിടിച്ചെടുത്തതെന്നും ഡാനി പറഞ്ഞു.
ഇന്ത്യയില്‍ 9000 കോടിയോളം രുപ ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസ് വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്നു വരികയാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close