കേരളത്തില്‍ വൃക്കക്കായി കാത്തിരിക്കുന്നത് 2000 പേര്‍

കേരളത്തില്‍ വൃക്കക്കായി കാത്തിരിക്കുന്നത് 2000 പേര്‍

ഗായത്രി
കൊച്ചി: വൃക്കരോഗികള്‍ അനുദിനം വര്‍ധിച്ചുവരുന്ന കേരളത്തില്‍ വൃക്ക മാറ്റിവെച്ച് ജീവിതം തിരിച്ചുപിടിക്കാന്‍ കാത്തിരിക്കുന്നത് 2000 പേര്‍. ഡയാലിസിസും മരുന്നുമായി ജീവിതം തള്ളിനീക്കുന്നവര്‍ സര്‍ക്കാറിന്റെയും സന്നദ്ധസംഘടനകളുടെയും പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സംസ്ഥാനത്ത് വൃക്കദാനം കുറഞ്ഞുവരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ദിനേന ശരാശരി ഏഴ് പേരെങ്കിലും വൃക്കരോഗികളായി മാറുന്നെന്നാണ് പഠനങ്ങള്‍.
കൃത്യമായ കണക്ക് ആരോഗ്യവകുപ്പിന്റെ കൈവശമില്ല. അവയവദാനത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയ മൃതസഞ്ജീവനി പദ്ധതിയില്‍ മാത്രം വൃക്കമാറ്റ ശസ്ത്രക്രിയക്ക് രജിസ്റ്റര്‍ ചെയ്തത് 1684 പേരാണ്. 245 പേര്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ ആയിരക്കണക്കിന് ഉണ്ടാകുമെന്നാണ് മൃതസഞ്ജീവനി അധികൃതര്‍ പറയുന്നത്. മസ്തിഷ്‌കമരണം സംഭവിച്ചവരുടെ വൃക്കകളാണ് മൃതസഞ്ജീവനി വഴി ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ടുലക്ഷത്തോളം രൂപയാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചെലവ്. സ്വകാര്യ ആശുപത്രികളില്‍ ഏഴുലക്ഷം രൂപക്ക് മുകളിലാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മൃതസഞ്ജീവനി വഴിയുള്ള വൃക്കദാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
2012 ആഗസ്റ്റ് മുതല്‍ 2017 ഡിസംബര്‍ വരെ മസ്തിഷ്‌ക മരണം സംഭവിച്ച 269 പേരില്‍നിന്ന് 460 വൃക്കയാണ് മാറ്റിവെച്ചത്. 2014ല്‍ 104ഉം 2015ല്‍ 132ഉം 2016ല്‍ 113ഉം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നപ്പോള്‍ 2017ല്‍ ഇത് 34 മാത്രമായിരുന്നു. മൃതസഞ്ജീവനി പദ്ധതി ജനങ്ങളിലേക്കെത്താത്തതും അവയവദാതാക്കള്‍ അംഗീകരിക്കപ്പെടാതെ പോകുന്നതും നടപടികളിലെ സുതാര്യതയില്ലായ്മയുമാണ് വൃക്കദാനം കുറയാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close