Month: November 2017

ഇന്ത്യബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസിന് തുടക്കം

രാംനാഥ് ചാവ്‌ല
കൊല്‍ക്കത്ത: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസിന് തുടക്കം. കൊല്‍ക്കത്തയില്‍ നിന്നും ബംഗ്ലാദേശിലെ ഖുല്‍നയിലേക്ക് പുതിയ ട്രെയിനായ ബന്ധന്‍ എക്‌സ്പ്രസ് സര്‍വീസ് ഇന്ന് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആദ്യ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു.
അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതാണ് പുതിയ ട്രെയിന്‍ സര്‍വീസെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബംഗ്ലാദേശുമായും അവിടുത്തെ നേതാക്കളുമായും നല്ല അയല്‍ബന്ധമാണുള്ളതെന്നും ഉഭയകക്ഷി സന്ദര്‍ശനങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ വേണ്ടി പ്രോട്ടോക്കോളുകളുടെ നിയന്ത്രണം ഉണ്ടാകരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിക്കൊപ്പം വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു.
ആഴ്ചയില്‍ ഒരിക്കലാണ് ബന്ധന്‍ എക്‌സ്പ്രസിന്റെ സര്‍വീസ് ഉണ്ടായിരിക്കുക. നിലവില്‍ കൊല്‍ക്കത്തയില്‍ നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്ക് മൈത്രി എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. ബംഗ്ലാദേശിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ സര്‍വീസാണ് ബന്ധന്‍.

ഉള്ളി വില കുതിക്കുന്നു

ഗായത്രി
കൊച്ചി: ഉള്ളിവില കുതിക്കുന്നു. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 130 രൂപയായിരുന്ന ഉള്ളിക്ക് ബുധനാഴ്ച കൊച്ചിയില്‍ 160 രൂപ വരെയെത്തി. വിലയില്‍ ഓരോ ഇടങ്ങളിലും ഏറ്റക്കുറച്ചിലുണ്ടെങ്കിലും ഉള്ളിവില നാള്‍ക്കുനാള്‍ ഉയരുമ്പോള്‍ പകരക്കാരനായെത്തിയ ഉള്‍ട്ടി കളം പിടിച്ചിരിക്കുകയാണ്.
കാഴ്ചയില്‍ ചെറിയുള്ളിക്ക് സമാനമെങ്കിലും സവാള ഇനത്തില്‍ പെട്ടതാണ് ഉള്‍ട്ടി. ഒറ്റ നോട്ടത്തില്‍ ഉള്ളിയെന്നേ പറയൂ. കിലോക്ക് 50 രൂപ വരെയാണ് വില. ഗുണത്തിലും രുചിയിലും സവാളയോടാണ് സാമ്യം.
ചിറ്റുള്ളി, മൈസൂര്‍ ഉള്ളി, സാമ്പാര്‍ ഉള്ളി, ചിറ്റ് ബെല്ലാരി എന്നിങ്ങനെ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. ആന്ധ്ര, മൈസൂരു എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായി കൊണ്ടുവരുന്നത്.
സവാള്ക്ക് നിലവില്‍ 50 രൂപയാണ് വില. മഴ കാരണം കുറച്ചു മാസങ്ങളായി ഉള്ളിക്കൃഷിയില്‍ വന്‍ ഇടിവുണ്ടായതാണ് വില കുതിച്ചുയരാന്‍ കാരണം. ഈ അവസരത്തിലാണ് ഉള്‍ട്ടി വിപണി കീഴടക്കിയത്.
ആവശ്യക്കാര്‍ ഏറിയതിനാല്‍ കിലോയ്ക്ക് 20 രൂപ ഉണ്ടായിരുന്നിടത്തു നിന്ന് ഉള്‍ട്ടിയുടെ വില 50 രൂപയിലേക്ക് ഉയര്‍ന്നു. സാധാരണഗതിയില്‍ ഉള്‍ട്ടിക്ക് അധികം ആവശ്യക്കാരുണ്ടാകാറില്ലെന്നും ഇപ്പോള്‍ ചെറിയുള്ളിക്ക് വില കൂടിയപ്പോഴാണ് ആളുകള്‍ കൂടിയത്.

പരിശീലനത്തിന്റെ രജതജൂബിലിയില്‍, വാനം കീഴടക്കി വാമനകുമാര്‍

പ്രദീപന്‍ തൈക്കണ്ടി
കണ്ണൂര്‍: അഞ്ച് ലക്ഷത്തിലധികമാളുകള്‍ക്ക് പരിശീലനം നല്‍കുക, അതും 24 വിദേശ രാജ്യങ്ങളിലായി. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. ഇത് അഡ്വ എ വി വാമനകുമാര്‍ എന്ന പരിശീലകന് മാത്രം സ്വന്തമാക്കാന്‍ കഴിഞ്ഞ നേട്ടമാണ്. നേട്ടങ്ങളുടെ കൊടുമുടികള്‍ ഒന്നൊന്നായി കയറുമ്പോഴും അഹങ്കാരത്തിന്റെയോ അഹംബോധത്തിന്റെയോ കണിക ലവലേശമില്ലാതെ വിനയത്തോടെയും ലാളിത്യത്തോടെയും തലയുയര്‍ത്തി നില്‍ക്കുകയാണ് ശിഷ്യന്മാരുടെ സ്വന്തം വാമന്‍ജി എന്ന അഡ്വ എ വി വാമനകുമാര്‍. ഗുരു പരിശീലനത്തിന്റെ രജതജൂബിലി പിന്നിടുമ്പോള്‍ ശിഷ്യന്മാര്‍ ഗുരുദക്ഷിണയായി ആദരവ് ചടങ്ങ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് കണ്ണൂരില്‍.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂര്‍ എന്ന ഗ്രാമത്തില്‍ സാധാരണ കുടുംബത്തിലായിരുന്നു ജനനം. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പഠനം പൂര്‍ത്തിയാക്കി പയ്യന്നൂര്‍ കോളജില്‍ ധനതത്വശാസ്ത്രം ബിരുദ വിദ്യാഭ്യാസത്തിനായെത്തി. കണ്ണൂര്‍ എസ് എന്‍ കോളജില്‍ നിന്നും ധനതത്വ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ വീണ്ടും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ നിന്നും നിയമപഠനവും പൂര്‍ത്തിയാക്കി. കാസര്‍ക്കോട്ടെ പ്രമുഖ അഭിഭാഷകന്‍ സി കെ ശ്രീധരന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ച വാമനകുമാര്‍ ഇപ്പോള്‍ ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്.
വിദ്യാഭ്യാസ കാലത്ത് കലോത്സവങ്ങളില്‍ നിരവധി തവണ മലയാള പ്രസംഗ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. നീലേശ്വരം, പയ്യന്നൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ പാരലല്‍ കോളജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയില്‍ ചേര്‍ന്നതാണ് വാമനകുമാറിന്റെ ജീവിതത്തിലെ വഴിത്തിരിവ്. 91ല്‍ നീലേശ്വരത്ത് ജേസീസിന്റെ മെമ്പറായി തുടങ്ങിയ അദ്ദേഹം രണ്ട് വര്‍ഷത്തിനിടയില്‍ സോണ്‍ ട്രെയിനറായി കഴിഞ്ഞിരുന്നു. 97ല്‍ ദേശീയ പരിശീലകനും 99ല്‍ അന്താരാഷ്ട്ര പരിശീലകനുമായി. പിന്നീട് പരിശീലനത്തിന്റെ കാലമായിരുന്നു. കണ്ണൂരും കാസര്‍ക്കോടും കടന്ന് കേരളം മുഴുവനും ഇന്ത്യ മുഴുവനും പടര്‍ന്ന് പന്തലിച്ച് വിദേശരാജ്യങ്ങളിലടക്കം പരിശീലന ക്ലാസ്സുകള്‍. പരിശീലകനായി 25 വര്‍ഷം പിന്നിടുമ്പോള്‍ മൂവായിരത്തിലധികം ക്ലാസ്സുകള്‍ പിന്നിട്ടുകഴിഞ്ഞു. രാജ്യത്തിനകത്തും പുറത്തുമായി അഞ്ച് ലക്ഷത്തിലധികം ശിഷ്യന്മാര്‍.
കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. എം ആര്‍ എഫ്, വി ഗാര്‍ഡ്, നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍, അപ്പോളോ ടയേഴ്‌സ്, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, ലൂണാര്‍ ഗ്രൂപ്പ്, എ വി ടി, ഗോവ ടൂറിസം, സുല്‍ത്താന്‍ ഗോള്‍ഡ്, കേരള പോലീസ്, എല്‍ ഐ സി തുടങ്ങിയ കോര്‍പറേറ്റ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പരിശീലകനായി പ്രവര്‍ത്തിച്ചുവരികയാണ്.
പരിശീലനരംഗത്ത് മാത്രമല്ല വാമനകുമാറിന്റെ വളര്‍ച്ച. ലോകത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ ഉന്നതശ്രേണികള്‍ അലങ്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നീലേശ്വരം ജേസീസിന്റെ പ്രസിഡണ്ട്, സോണ്‍ പ്രസിഡണ്ട്, ദേശീയ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, ദേശീയ പ്രസിഡണ്ട് പദവികള്‍ വരെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ജെ സി ഐ, ലയണ്‍സ്, റോട്ടറി, വൈസ്‌മെന്‍സ് തുടങ്ങിയ സംഘടനകളുടെ ഓഫീസേഴ്‌സ് ട്രെയിനിംഗിന്റെ പരിശീലകനാണ്. കേരളത്തിലെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്ക് സാരഥ്യം എന്ന പേരില്‍ പരിശീലന പരിപാടി ആവിഷ്‌ക്കരിച്ച് സംസ്ഥാനത്ത് ഉടനീളം പരിശീലനം നല്‍കിയിരുന്നു. മികച്ച പരിശീലകനുള്ള ദേശീയ രവി പുരസ്‌ക്കാര്‍ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച ജേസീസ് ചാപ്റ്റര്‍ പ്രസിഡണ്ടിനുള്ള ദേശീയ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മികച്ച ദേശീയ പ്രസിഡണ്ടിനുള്ള ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ടി വി ന്യൂ ട്രെയിനര്‍ എക്‌സലന്‍സ് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 2003ല്‍ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന ലോക യുവജന നേതൃത്വ ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചിരുന്നു.
കൈവെച്ച മേഖലകളിലെല്ലാം പൊന്നും തിളക്കത്തോടെ വിജയശ്രീലാളിതനായ അഡ്വ വാമനകുമാറിന് പരിശീലനരംഗത്ത് നിരവധി ശിഷ്യന്മാരുണ്ട്. തന്റെ അറിവും പരിശീലന പദ്ധതികളുടെ മാറ്ററുകളുമെല്ലാം ശിഷ്യന്മാര്‍ക്ക് പങ്കുവെച്ച് നല്‍കാനും അദ്ദേഹം സദാ സന്നദ്ധനാണ്. പരിശീലന രംഗത്ത് പിടിച്ചുനില്‍ക്കുകയെന്നത് ഭഗീരഥ പ്രയത്‌നമായ വര്‍ത്തമാനകാലത്ത് ഈ രംഗത്ത് രജതജൂബിലി പിന്നിടുകയാണ് വാമനകുമാര്‍. ആയിരക്കണക്കിനാളുകളെ നന്മയുടെ വഴിയിലേക്ക് നയിച്ച പരിശീലകനായ വാമനകുമാര്‍ സാമൂഹ്യ സേവന പ്രവര്‍ത്തന മേഖലയിലും സജീവമാണ്.

പഞ്ചാബ് നാഷണല്‍ ബാങ്ക് 300 ശാഖകള്‍ പൂട്ടുന്നു

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് 200 മുതല്‍ 300വരെ ശാഖകള്‍ പൂട്ടുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകളാണ് പൂട്ടുകയോ ശാഖകളുമായി ലയിപ്പിക്കുകയോ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയോ ചെയ്യുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
2017 മാര്‍ച്ചിലെ കണക്കുപ്രകാരം ബാങ്കിന് 6,937 ശാഖകളാണുള്ളത്. ഏപ്രില്‍ജൂണ്‍ കാലയളവില്‍ ഒമ്പത് ശാഖകള്‍കൂടി തുറന്നു. അതേസമയം, സെപ്റ്റംബര്‍ ആയപ്പോള്‍ ആറ് ശാഖകള്‍ പൂട്ടുകയും ചെയ്തു. നിലവില്‍ ശാഖകളുടെ എണ്ണം 6,940ആണ്.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ ലാഭത്തിലാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. 2017 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ 928 എടിഎമ്മുകള്‍ക്കാണ് ബാങ്ക് താഴിട്ടത്.
ഡിജിറ്റൈസേഷന്റെ ഭാഗമായി ബാങ്കുകള്‍ ശാഖകള്‍ അടയ്ക്കുകയും ബിസിനസ് സെന്ററുകള്‍ കൂടുതല്‍ തുറക്കുകയുമാണ് ചെയ്യുന്നത്.

കറന്‍സി നിരോധനം ദേശീയ ദുരന്തമെന്ന് സര്‍വെ

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: കറന്‍സി നിരോധനം ദേശീയ ദുരന്തമായിരുന്നുവെന്ന്, നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സന്നദ്ധസംഘടനയായ ആക്ട് നൗ ഫോര്‍ ഹാര്‍മണി ആന്‍ഡ് ഡെമോക്രസി (അന്‍ഹദ്) രാജ്യവ്യാപകമായി നടത്തിയ സര്‍വെ റിപ്പോര്‍ട്ട്. കറന്‍സി നിരോധനം കള്ളപ്പണം തുടച്ചുമാറ്റിയെന്ന് 55 ശതമാനവും വിശ്വസിക്കുന്നില്ലെന്നും 26.6 ശതമാനത്തിനു മാത്രമാണ് ഈ വിശ്വാസമുള്ളതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
കറന്‍സി നിരോധനം കോര്‍പറേറ്റുകള്‍ക്കാണ് ഗുണമുണ്ടാക്കിയതെന്ന് 36 ശതമാനവും സര്‍ക്കാറിനാണ് മെച്ചമുണ്ടാക്കിയതെന്ന് 26 ശതമാനവും വിശ്വസിക്കുമ്പോള്‍ കേവലം 20 ശതമാനമാണ് ഗുണം പൊതുജനത്തിനാണെന്ന് കരുതുന്നത്. പ്രഫഷനലുകളില്‍ 60 ശതമാനവും കോര്‍പറേറ്റ് മേഖലക്കാണ് ഗുണമെന്ന് കരുതുന്നവരാണ്. അവരില്‍ 26.7 ശതമാനം ഗുണം സര്‍ക്കാറിനാണെന്നും 6.7 ശതമാനം ജനങ്ങള്‍ക്കാണെന്നും കരുതുന്നു.
സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനം പേരും പറഞ്ഞത്, രാഷ്ട്രീയക്കാരോ സമ്പന്നരോ ക്യൂവില്‍ നിന്നത് തങ്ങള്‍ കണ്ടിട്ടില്ലെന്നാണ്. നടപടി ഭീകരാക്രമണങ്ങളെ ബാധിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്ന് 48.2 ശതമാനം പേരും മറുപടി നല്‍കി. 25 ശതമാനം മറുപടി നല്‍കിയില്ല. അവശേഷിക്കുന്നവരാണ് ഭീകരാക്രമണങ്ങളെ ബാധിച്ചുവെന്ന് ഉത്തരം നല്‍കിയത്. കറന്‍സി നിരോധനത്തിന്റെ പ്രത്യാഘാതം പഠിക്കാന്‍ കേരളമടക്കം 21 സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായിരുന്നു സര്‍വെ.

റബര്‍ വില കുറയുന്നു

അളക ഖാനം
കൊച്ചി: റബര്‍ വില വീണ്ടും താഴോട്ട്. ആര്‍.എസ്.എസ് നാലിന് ഇടവിട്ട ദിവസങ്ങളില്‍ 100 മുതല്‍ 300 രൂപ വരെ കുറഞ്ഞു. വ്യാപാരി വിലയിലും ഗണ്യമായ ഇടിവുണ്ട്. 122.50 രൂപയാണ് വ്യാപാരി വില. അന്താരാഷ്ട്ര മാര്‍ക്കറ്റിലും വില ഇടിയുകയാണ്. ബാങ്കോക്കില്‍ 103 രൂപയും ക്വാലാലംപുരില്‍ 91.30 രൂപയുമാണ് ഈ ദിവസങ്ങളിലെ വില. ചൈനയിലും ടോക്യോയിലും റബര്‍ വില കുറയുകയാണ്. 112 രൂപയാണ് ടോക്യോ മാര്‍ക്കറ്റിലെ വില. ചൈനയില്‍ 115 രൂപയും. മഴ ശക്തമാവുകയും ഉല്‍പാദനം കുറയുകയും ചെയ്തിട്ടും വില ഉയരാത്ത സാഹചര്യം കാര്‍ഷിക മേഖലയെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് കര്‍ഷകരും സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ ഒത്താശയോടെ വന്‍തോതില്‍ റബര്‍ ഇറക്കുമതി തുടരുകയാണ്. വിലയിടിവും ടയര്‍ ലോബിയുടെ ഇടപെടലും ബഹുഭൂരിപക്ഷം കര്‍ഷകരെയും ടാപ്പിങ്ങില്‍നിന്ന് പിന്തരിപ്പിക്കുന്നതായി കര്‍ഷക സംഘടനകള്‍ പറയുന്നു. വരവും ചെലവും പൊരുത്തപ്പെടാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. അതുകൊണ്ടുതന്നെ ടാപ്പിങ് നിര്‍ത്തുന്നവര്‍ നിരവധിയാണ്. വിലത്തകര്‍ച്ച പരിഹരിക്കാന്‍ നടപടികള്‍ അനിശ്ചിതത്വത്തിലായതും കര്‍ഷകരെ വലക്കുന്നുണ്ട്. സര്‍ക്കാറിന്റെ വിലസ്ഥിരത ഫണ്ടും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ല. കോടികളാണ് ഫണ്ടില്‍ കെട്ടിക്കിടക്കുന്നത്. റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതും കര്‍ഷകരെ വലക്കുന്നു.
വിലവര്‍ധനക്കുള്ള ഒരുനടപടിയും കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുന്നില്ല. അവധിക്കച്ചവടക്കാരും വിലയിടിവിന് കാരണക്കാരാണ്. വ്യാപാരികളും വിഷമത്തിലാണ്. വിപണയില്‍ കാര്യമായി റബര്‍ എത്തുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ടയര്‍ കമ്പനികള്‍ക്ക് റബര്‍ വിതരണം ചെയ്യുന്ന വ്യാപാരികള്‍ മാത്രമാണ് റബര്‍ വാങ്ങുന്നത്.

നോട്ട് നിരോധനവും ജിഎസ്ടിയും നട്ടെല്ലൊടിച്ചു

ഗായത്രി
കൊച്ചി: നോട്ട് നിരോധനവും പിന്നാലെ ജിഎസ്ടിയും എത്തിയതോടെ സംസ്ഥാനത്തെ വ്യാപാരവാണിജ്യമേഖല നട്ടെല്ലൊടിഞ്ഞ നിലയില്‍. നോട്ടറുതിയുടെ കെടുതിയില്‍ നിന്ന് സ്വതന്ത്രമായി തുടങ്ങിയപ്പോഴാണ് ജി.എസ്.ടി എന്ന ഇരുട്ടടി. ഈ പ്രഹരത്തില്‍ വിപണി ഒന്നാകെ മുങ്ങിത്താഴുകയാണ്.
വിപണികളിലെ ധനവ്യവഹാരത്തിന്റെ 86.4 ശതമാനവും 500, 1000 നോട്ടുകളായിരുന്നു. ഒറ്റരാത്രിയില്‍ കമ്പോളത്തില്‍ എടുക്കാച്ചരക്കായതിന്റെ ആഘാതം മാസങ്ങളോളമാണ് വിപണിയെ പിടിച്ചുലച്ചത്. പച്ചക്കറി മുതല്‍ ഇലക്‌ട്രോണിക് വ്യാപാരമേഖലയില്‍ വരെ മാന്ദ്യം പ്രകടമായി. 2016 നവംബര്‍ജനുവരി കാലയളവില്‍ 30-40 ശതമാനം വരെ വില്‍പന കുറഞ്ഞു. മാര്‍ച്ച്ഏപ്രില്‍മേയ് കാലയളവില്‍ ഇടിവ് 20,25 ശതമാനമാനത്തിലേക്ക് ഒതുങ്ങി. പക്ഷേ ജൂലൈയിലെ ജി.എസ്.ടിയോടെ ഇത് വീണ്ടും 35, 40 ശതമാനത്തിലേക്ക താഴ്ന്നു.
ഇടപാടുകളിലെ നിയന്ത്രണം മൂലം വിപണിയില്‍ പണത്തിന്റെ വരവില്‍ വന്‍കുറവ് വന്നതായി വ്യാപപാരികള്‍ പറയുന്നു.
സ്വര്‍ണം വാങ്ങലിന് ഏര്‍പ്പെടുത്തിയ ആധാര്‍, പാന്‍ നിബന്ധനകള്‍, 20000 ന് മുകളിലെ ഇടപാടുകള്‍ക്കും 10000 രൂപക്ക് മുകളിലുള്ള ശമ്പളവിതരണത്തിനും ചെക് നിര്‍ബന്ധമാക്കിയതുമെല്ലാം വിപണിയെ ബാധിക്കുകയാണ്. കേരളത്തിന്റെ മുഖ്യ വളര്‍ച്ചാ സ്രോതസ്സുകള്‍ ചില്ലറ വ്യാപാരം, ഹോട്ടല്‍, ചരക്ക് കടത്ത്, കെട്ടിട നിര്‍മാണം എന്നിവയാണ്. മൊത്തം സമ്പദ്ഘടനയുടെ 55 ശതമാനം വരുമിത്. ഫലത്തില്‍ നോട്ട് നിരോധനത്തേടെ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ 70 ശതമാനവും അപ്രതീക്ഷിതമായി സ്തംഭിച്ചു.

പണമിടപാടിന് ഇനി ‘വാട്‌സാപ് പേ’

അളക ഖാനം
ഇനി പണമിടപാടിനും വാട്‌സാപ് ഉപയോഗിക്കാം. വാട്‌സ് ആപ്പില്‍ തന്നെ ‘വാട്‌സാപ് പേ’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ ഉടന്‍ പുറത്തിങ്ങും. പുതിയ ഫീച്ചര്‍ തയാറാക്കുന്നതിന്റെ തിരക്കിലായിരുന്നു കമ്പനി. വൈകാതെ ഈ ഫീച്ചര്‍ കൂട്ടിച്ചേര്‍ത്ത പുതിയ ആപ് വാട്‌സ് ആപ് പുറത്തിറക്കും. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള കമ്പനി എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്.ഡി.എഫ്.സി എന്നീ ബാങ്കുകളുമായി പണം കൈമാറ്റത്തിന് ധാരണയായിട്ടുണ്ട്. ‘യുനൈറ്റഡ് പേമന്റെ്‌സ് ഇന്റര്‍ഫേസ്’ (യു.പി.ഐ) വഴിയാണ് പണം കൈമാറുക.
രഘുറാം രാജന്‍ ആര്‍.ബി.ഐ ഗവര്‍ണറായിരുന്ന കാലത്ത് ആവിഷ്‌കരിച്ച യു.പി.ഐയുടെ നടത്തിപ്പ് നാഷനല്‍ പേമെന്റ്‌സ് കോര്‍പറേഷനാണ്. അത് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ല. യു.പി.ഐ തങ്ങളിലൂടെ നടപ്പാക്കാമെന്നാണ് വാട്‌സ്ആപ്പിന്റെ വാഗ്ദാനം. സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും മറ്റും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള വാട്‌സ്ആപ്പിന്റെ മികവ് ഫണ്ട് കൈമാറ്റത്തിനും ഫലപ്രദമാകുമെന്നാണ് അവരുടെ അവകാശവാദം.

714 ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങള്‍ പുറത്ത്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: പനാമ പേപ്പേഴ്‌സ് വെളിപ്പെടുത്തലിന് പിന്നാലെ ഇന്ത്യയിലെ പ്രമുഖര്‍ നടത്തിയ നികുതി വെട്ടിപ്പിന്റെയും വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപങ്ങളുടെയും വിവരങ്ങള്‍ പുറത്ത്. കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, നടന്‍ സഞ്ജയ് ദത്തിന്റെ ഭാര്യ മന്യത ദത്ത്, 2ജി സ്‌പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീര റാഡിയ അടക്കം 714 ഇന്ത്യക്കാരുടെ പേരുകളാണ് ‘പാരഡൈസ് പേപ്പേഴ്‌സ്’ എന്ന പേരില്‍ മാധ്യമ കൂട്ടായ്മ പുറത്തുവിട്ടത്.
സണ്‍ ടിവി, എസാര്‍ ലൂപ്, എസ്.എന്‍.സി ലാവ്‌ലിന്‍, കാര്‍ത്തി ചിദംബരം പ്രതിയായ രാജസ്ഥാനിലെ ആംബുലന്‍സ് കേസിലെ സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ ഗ്രൂപ്പ്, എമാര്‍ എം.ജി.എഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷന്‍, ഹീരാനന്ദാനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ്, ജി.എം.ആര്‍ ഗ്രൂപ്പ് തുടങ്ങിയവയും പട്ടികയില്‍ ഉള്ളതായി സൂചനയുണ്ട്. ബര്‍മുഡയിലെ ആപ്പിള്‍ബൈ നിയമ സ്ഥാപനത്തില്‍ നിന്നുള്ള രേഖകളാണ് ചോര്‍ന്നവയില്‍ കൂടുതലും. ആപ്പിള്‍ബൈയില്‍ നിക്ഷേപമുള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതാണ് മറ്റൊരു സവിശേഷത. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്യുന്നത് ആപ്പിള്‍ബൈ ആണ്. അതേസമയം, കേന്ദ്ര സഹമന്ത്രിയായ ജയന്ത് സിന്‍ഹ മന്ത്രിയാവുന്നതിന് മുമ്പ് ഒമിദ്യാര്‍ നെറ്റ്‌വര്‍ക്ക് കമ്പനിയുടെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നുവെന്നും രേഖകളില്‍ പറയുന്നു. അമേരിക്കന്‍ കമ്പനിയായ ഡി ലൈറ്റില്‍ നിക്ഷേപമുള്ള കമ്പനിയാണ് ഒമിദ്യാര്‍ നെറ്റ്‌വര്‍ക്ക്. 2014ല്‍ ഹസാരിബാഗില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ജയന്ത് സിന്‍ഹ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ സ്വത്ത് വിവരത്തിലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.
ആഗോള തലത്തിലുള്ള പട്ടികയിലെ പ്രധാനി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയാണ്. 2005ല്‍ എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തുവകകളില്‍ നിന്നും 7.5 ദശലക്ഷം ഡോളര്‍ കെയ്മാനിലെ എല്‍.പി എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ചതായാണ് രേഖകളില്‍ പറയുന്നത്. 2008 ജൂണില്‍ ഈ നിക്ഷേപത്തില്‍ നിന്ന് 3,60,000 ഡോളര്‍ രാജ്ഞിക്ക് ലഭിച്ചിരുന്നു.

 

നോട്ട് അസാധുവാക്കല്‍; 17,000 കോടി നിക്ഷേപിച്ച കമ്പനികള്‍ നിരീക്ഷണത്തില്‍

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം 35,000 കമ്പനികള്‍ 17,000 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചതായി കേന്ദ്ര സര്‍ക്കാര്‍. നിക്ഷേപിച്ച ശേഷം അക്കൗണ്ടില്‍ നിന്ന് കമ്പനികള്‍ പണം പിന്‍വലിക്കുകയും സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കമ്പനികളെകുറിച്ച് വിശദ അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
35,000 കമ്പനികള്‍ 58,000 അക്കൗണ്ടുകളിലാണ് 17,000 കോടി രൂപ നിക്ഷേപിച്ചത്. 56 ബാങ്കുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ദീര്‍ഘകാലം പ്രവര്‍ത്തിക്കാതിരുന്ന 2.24 ലക്ഷം കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് അധികൃതമായി കണ്ടെത്തിയിരുന്നു.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് മുമ്പ് പണമില്ലാതിരുന്ന ഒരു കമ്പനിയുടെ അക്കൗണ്ടില്‍ 2,484 കോടി രൂപ നിക്ഷേപിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തതായും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.