പരിശീലനത്തിന്റെ രജതജൂബിലിയില്‍, വാനം കീഴടക്കി വാമനകുമാര്‍

പരിശീലനത്തിന്റെ രജതജൂബിലിയില്‍, വാനം കീഴടക്കി വാമനകുമാര്‍

പ്രദീപന്‍ തൈക്കണ്ടി
കണ്ണൂര്‍: അഞ്ച് ലക്ഷത്തിലധികമാളുകള്‍ക്ക് പരിശീലനം നല്‍കുക, അതും 24 വിദേശ രാജ്യങ്ങളിലായി. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. ഇത് അഡ്വ എ വി വാമനകുമാര്‍ എന്ന പരിശീലകന് മാത്രം സ്വന്തമാക്കാന്‍ കഴിഞ്ഞ നേട്ടമാണ്. നേട്ടങ്ങളുടെ കൊടുമുടികള്‍ ഒന്നൊന്നായി കയറുമ്പോഴും അഹങ്കാരത്തിന്റെയോ അഹംബോധത്തിന്റെയോ കണിക ലവലേശമില്ലാതെ വിനയത്തോടെയും ലാളിത്യത്തോടെയും തലയുയര്‍ത്തി നില്‍ക്കുകയാണ് ശിഷ്യന്മാരുടെ സ്വന്തം വാമന്‍ജി എന്ന അഡ്വ എ വി വാമനകുമാര്‍. ഗുരു പരിശീലനത്തിന്റെ രജതജൂബിലി പിന്നിടുമ്പോള്‍ ശിഷ്യന്മാര്‍ ഗുരുദക്ഷിണയായി ആദരവ് ചടങ്ങ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് കണ്ണൂരില്‍.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂര്‍ എന്ന ഗ്രാമത്തില്‍ സാധാരണ കുടുംബത്തിലായിരുന്നു ജനനം. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പഠനം പൂര്‍ത്തിയാക്കി പയ്യന്നൂര്‍ കോളജില്‍ ധനതത്വശാസ്ത്രം ബിരുദ വിദ്യാഭ്യാസത്തിനായെത്തി. കണ്ണൂര്‍ എസ് എന്‍ കോളജില്‍ നിന്നും ധനതത്വ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ വീണ്ടും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ നിന്നും നിയമപഠനവും പൂര്‍ത്തിയാക്കി. കാസര്‍ക്കോട്ടെ പ്രമുഖ അഭിഭാഷകന്‍ സി കെ ശ്രീധരന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ച വാമനകുമാര്‍ ഇപ്പോള്‍ ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്.
വിദ്യാഭ്യാസ കാലത്ത് കലോത്സവങ്ങളില്‍ നിരവധി തവണ മലയാള പ്രസംഗ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. നീലേശ്വരം, പയ്യന്നൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ പാരലല്‍ കോളജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയില്‍ ചേര്‍ന്നതാണ് വാമനകുമാറിന്റെ ജീവിതത്തിലെ വഴിത്തിരിവ്. 91ല്‍ നീലേശ്വരത്ത് ജേസീസിന്റെ മെമ്പറായി തുടങ്ങിയ അദ്ദേഹം രണ്ട് വര്‍ഷത്തിനിടയില്‍ സോണ്‍ ട്രെയിനറായി കഴിഞ്ഞിരുന്നു. 97ല്‍ ദേശീയ പരിശീലകനും 99ല്‍ അന്താരാഷ്ട്ര പരിശീലകനുമായി. പിന്നീട് പരിശീലനത്തിന്റെ കാലമായിരുന്നു. കണ്ണൂരും കാസര്‍ക്കോടും കടന്ന് കേരളം മുഴുവനും ഇന്ത്യ മുഴുവനും പടര്‍ന്ന് പന്തലിച്ച് വിദേശരാജ്യങ്ങളിലടക്കം പരിശീലന ക്ലാസ്സുകള്‍. പരിശീലകനായി 25 വര്‍ഷം പിന്നിടുമ്പോള്‍ മൂവായിരത്തിലധികം ക്ലാസ്സുകള്‍ പിന്നിട്ടുകഴിഞ്ഞു. രാജ്യത്തിനകത്തും പുറത്തുമായി അഞ്ച് ലക്ഷത്തിലധികം ശിഷ്യന്മാര്‍.
കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. എം ആര്‍ എഫ്, വി ഗാര്‍ഡ്, നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍, അപ്പോളോ ടയേഴ്‌സ്, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, ലൂണാര്‍ ഗ്രൂപ്പ്, എ വി ടി, ഗോവ ടൂറിസം, സുല്‍ത്താന്‍ ഗോള്‍ഡ്, കേരള പോലീസ്, എല്‍ ഐ സി തുടങ്ങിയ കോര്‍പറേറ്റ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പരിശീലകനായി പ്രവര്‍ത്തിച്ചുവരികയാണ്.
പരിശീലനരംഗത്ത് മാത്രമല്ല വാമനകുമാറിന്റെ വളര്‍ച്ച. ലോകത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ ഉന്നതശ്രേണികള്‍ അലങ്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നീലേശ്വരം ജേസീസിന്റെ പ്രസിഡണ്ട്, സോണ്‍ പ്രസിഡണ്ട്, ദേശീയ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, ദേശീയ പ്രസിഡണ്ട് പദവികള്‍ വരെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ജെ സി ഐ, ലയണ്‍സ്, റോട്ടറി, വൈസ്‌മെന്‍സ് തുടങ്ങിയ സംഘടനകളുടെ ഓഫീസേഴ്‌സ് ട്രെയിനിംഗിന്റെ പരിശീലകനാണ്. കേരളത്തിലെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്ക് സാരഥ്യം എന്ന പേരില്‍ പരിശീലന പരിപാടി ആവിഷ്‌ക്കരിച്ച് സംസ്ഥാനത്ത് ഉടനീളം പരിശീലനം നല്‍കിയിരുന്നു. മികച്ച പരിശീലകനുള്ള ദേശീയ രവി പുരസ്‌ക്കാര്‍ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച ജേസീസ് ചാപ്റ്റര്‍ പ്രസിഡണ്ടിനുള്ള ദേശീയ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മികച്ച ദേശീയ പ്രസിഡണ്ടിനുള്ള ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ടി വി ന്യൂ ട്രെയിനര്‍ എക്‌സലന്‍സ് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 2003ല്‍ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന ലോക യുവജന നേതൃത്വ ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചിരുന്നു.
കൈവെച്ച മേഖലകളിലെല്ലാം പൊന്നും തിളക്കത്തോടെ വിജയശ്രീലാളിതനായ അഡ്വ വാമനകുമാറിന് പരിശീലനരംഗത്ത് നിരവധി ശിഷ്യന്മാരുണ്ട്. തന്റെ അറിവും പരിശീലന പദ്ധതികളുടെ മാറ്ററുകളുമെല്ലാം ശിഷ്യന്മാര്‍ക്ക് പങ്കുവെച്ച് നല്‍കാനും അദ്ദേഹം സദാ സന്നദ്ധനാണ്. പരിശീലന രംഗത്ത് പിടിച്ചുനില്‍ക്കുകയെന്നത് ഭഗീരഥ പ്രയത്‌നമായ വര്‍ത്തമാനകാലത്ത് ഈ രംഗത്ത് രജതജൂബിലി പിന്നിടുകയാണ് വാമനകുമാര്‍. ആയിരക്കണക്കിനാളുകളെ നന്മയുടെ വഴിയിലേക്ക് നയിച്ച പരിശീലകനായ വാമനകുമാര്‍ സാമൂഹ്യ സേവന പ്രവര്‍ത്തന മേഖലയിലും സജീവമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close