കറന്‍സി നിരോധനം ദേശീയ ദുരന്തമെന്ന് സര്‍വെ

കറന്‍സി നിരോധനം ദേശീയ ദുരന്തമെന്ന് സര്‍വെ

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: കറന്‍സി നിരോധനം ദേശീയ ദുരന്തമായിരുന്നുവെന്ന്, നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സന്നദ്ധസംഘടനയായ ആക്ട് നൗ ഫോര്‍ ഹാര്‍മണി ആന്‍ഡ് ഡെമോക്രസി (അന്‍ഹദ്) രാജ്യവ്യാപകമായി നടത്തിയ സര്‍വെ റിപ്പോര്‍ട്ട്. കറന്‍സി നിരോധനം കള്ളപ്പണം തുടച്ചുമാറ്റിയെന്ന് 55 ശതമാനവും വിശ്വസിക്കുന്നില്ലെന്നും 26.6 ശതമാനത്തിനു മാത്രമാണ് ഈ വിശ്വാസമുള്ളതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
കറന്‍സി നിരോധനം കോര്‍പറേറ്റുകള്‍ക്കാണ് ഗുണമുണ്ടാക്കിയതെന്ന് 36 ശതമാനവും സര്‍ക്കാറിനാണ് മെച്ചമുണ്ടാക്കിയതെന്ന് 26 ശതമാനവും വിശ്വസിക്കുമ്പോള്‍ കേവലം 20 ശതമാനമാണ് ഗുണം പൊതുജനത്തിനാണെന്ന് കരുതുന്നത്. പ്രഫഷനലുകളില്‍ 60 ശതമാനവും കോര്‍പറേറ്റ് മേഖലക്കാണ് ഗുണമെന്ന് കരുതുന്നവരാണ്. അവരില്‍ 26.7 ശതമാനം ഗുണം സര്‍ക്കാറിനാണെന്നും 6.7 ശതമാനം ജനങ്ങള്‍ക്കാണെന്നും കരുതുന്നു.
സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനം പേരും പറഞ്ഞത്, രാഷ്ട്രീയക്കാരോ സമ്പന്നരോ ക്യൂവില്‍ നിന്നത് തങ്ങള്‍ കണ്ടിട്ടില്ലെന്നാണ്. നടപടി ഭീകരാക്രമണങ്ങളെ ബാധിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്ന് 48.2 ശതമാനം പേരും മറുപടി നല്‍കി. 25 ശതമാനം മറുപടി നല്‍കിയില്ല. അവശേഷിക്കുന്നവരാണ് ഭീകരാക്രമണങ്ങളെ ബാധിച്ചുവെന്ന് ഉത്തരം നല്‍കിയത്. കറന്‍സി നിരോധനത്തിന്റെ പ്രത്യാഘാതം പഠിക്കാന്‍ കേരളമടക്കം 21 സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായിരുന്നു സര്‍വെ.

Post Your Comments Here ( Click here for malayalam )
Press Esc to close