റബര്‍ വില കുറയുന്നു

റബര്‍ വില കുറയുന്നു

അളക ഖാനം
കൊച്ചി: റബര്‍ വില വീണ്ടും താഴോട്ട്. ആര്‍.എസ്.എസ് നാലിന് ഇടവിട്ട ദിവസങ്ങളില്‍ 100 മുതല്‍ 300 രൂപ വരെ കുറഞ്ഞു. വ്യാപാരി വിലയിലും ഗണ്യമായ ഇടിവുണ്ട്. 122.50 രൂപയാണ് വ്യാപാരി വില. അന്താരാഷ്ട്ര മാര്‍ക്കറ്റിലും വില ഇടിയുകയാണ്. ബാങ്കോക്കില്‍ 103 രൂപയും ക്വാലാലംപുരില്‍ 91.30 രൂപയുമാണ് ഈ ദിവസങ്ങളിലെ വില. ചൈനയിലും ടോക്യോയിലും റബര്‍ വില കുറയുകയാണ്. 112 രൂപയാണ് ടോക്യോ മാര്‍ക്കറ്റിലെ വില. ചൈനയില്‍ 115 രൂപയും. മഴ ശക്തമാവുകയും ഉല്‍പാദനം കുറയുകയും ചെയ്തിട്ടും വില ഉയരാത്ത സാഹചര്യം കാര്‍ഷിക മേഖലയെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് കര്‍ഷകരും സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ ഒത്താശയോടെ വന്‍തോതില്‍ റബര്‍ ഇറക്കുമതി തുടരുകയാണ്. വിലയിടിവും ടയര്‍ ലോബിയുടെ ഇടപെടലും ബഹുഭൂരിപക്ഷം കര്‍ഷകരെയും ടാപ്പിങ്ങില്‍നിന്ന് പിന്തരിപ്പിക്കുന്നതായി കര്‍ഷക സംഘടനകള്‍ പറയുന്നു. വരവും ചെലവും പൊരുത്തപ്പെടാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. അതുകൊണ്ടുതന്നെ ടാപ്പിങ് നിര്‍ത്തുന്നവര്‍ നിരവധിയാണ്. വിലത്തകര്‍ച്ച പരിഹരിക്കാന്‍ നടപടികള്‍ അനിശ്ചിതത്വത്തിലായതും കര്‍ഷകരെ വലക്കുന്നുണ്ട്. സര്‍ക്കാറിന്റെ വിലസ്ഥിരത ഫണ്ടും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ല. കോടികളാണ് ഫണ്ടില്‍ കെട്ടിക്കിടക്കുന്നത്. റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതും കര്‍ഷകരെ വലക്കുന്നു.
വിലവര്‍ധനക്കുള്ള ഒരുനടപടിയും കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുന്നില്ല. അവധിക്കച്ചവടക്കാരും വിലയിടിവിന് കാരണക്കാരാണ്. വ്യാപാരികളും വിഷമത്തിലാണ്. വിപണയില്‍ കാര്യമായി റബര്‍ എത്തുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ടയര്‍ കമ്പനികള്‍ക്ക് റബര്‍ വിതരണം ചെയ്യുന്ന വ്യാപാരികള്‍ മാത്രമാണ് റബര്‍ വാങ്ങുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close