നോട്ട് നിരോധനവും ജിഎസ്ടിയും നട്ടെല്ലൊടിച്ചു

നോട്ട് നിരോധനവും ജിഎസ്ടിയും നട്ടെല്ലൊടിച്ചു

ഗായത്രി
കൊച്ചി: നോട്ട് നിരോധനവും പിന്നാലെ ജിഎസ്ടിയും എത്തിയതോടെ സംസ്ഥാനത്തെ വ്യാപാരവാണിജ്യമേഖല നട്ടെല്ലൊടിഞ്ഞ നിലയില്‍. നോട്ടറുതിയുടെ കെടുതിയില്‍ നിന്ന് സ്വതന്ത്രമായി തുടങ്ങിയപ്പോഴാണ് ജി.എസ്.ടി എന്ന ഇരുട്ടടി. ഈ പ്രഹരത്തില്‍ വിപണി ഒന്നാകെ മുങ്ങിത്താഴുകയാണ്.
വിപണികളിലെ ധനവ്യവഹാരത്തിന്റെ 86.4 ശതമാനവും 500, 1000 നോട്ടുകളായിരുന്നു. ഒറ്റരാത്രിയില്‍ കമ്പോളത്തില്‍ എടുക്കാച്ചരക്കായതിന്റെ ആഘാതം മാസങ്ങളോളമാണ് വിപണിയെ പിടിച്ചുലച്ചത്. പച്ചക്കറി മുതല്‍ ഇലക്‌ട്രോണിക് വ്യാപാരമേഖലയില്‍ വരെ മാന്ദ്യം പ്രകടമായി. 2016 നവംബര്‍ജനുവരി കാലയളവില്‍ 30-40 ശതമാനം വരെ വില്‍പന കുറഞ്ഞു. മാര്‍ച്ച്ഏപ്രില്‍മേയ് കാലയളവില്‍ ഇടിവ് 20,25 ശതമാനമാനത്തിലേക്ക് ഒതുങ്ങി. പക്ഷേ ജൂലൈയിലെ ജി.എസ്.ടിയോടെ ഇത് വീണ്ടും 35, 40 ശതമാനത്തിലേക്ക താഴ്ന്നു.
ഇടപാടുകളിലെ നിയന്ത്രണം മൂലം വിപണിയില്‍ പണത്തിന്റെ വരവില്‍ വന്‍കുറവ് വന്നതായി വ്യാപപാരികള്‍ പറയുന്നു.
സ്വര്‍ണം വാങ്ങലിന് ഏര്‍പ്പെടുത്തിയ ആധാര്‍, പാന്‍ നിബന്ധനകള്‍, 20000 ന് മുകളിലെ ഇടപാടുകള്‍ക്കും 10000 രൂപക്ക് മുകളിലുള്ള ശമ്പളവിതരണത്തിനും ചെക് നിര്‍ബന്ധമാക്കിയതുമെല്ലാം വിപണിയെ ബാധിക്കുകയാണ്. കേരളത്തിന്റെ മുഖ്യ വളര്‍ച്ചാ സ്രോതസ്സുകള്‍ ചില്ലറ വ്യാപാരം, ഹോട്ടല്‍, ചരക്ക് കടത്ത്, കെട്ടിട നിര്‍മാണം എന്നിവയാണ്. മൊത്തം സമ്പദ്ഘടനയുടെ 55 ശതമാനം വരുമിത്. ഫലത്തില്‍ നോട്ട് നിരോധനത്തേടെ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ 70 ശതമാനവും അപ്രതീക്ഷിതമായി സ്തംഭിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close