714 ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങള്‍ പുറത്ത്

714 ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങള്‍ പുറത്ത്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: പനാമ പേപ്പേഴ്‌സ് വെളിപ്പെടുത്തലിന് പിന്നാലെ ഇന്ത്യയിലെ പ്രമുഖര്‍ നടത്തിയ നികുതി വെട്ടിപ്പിന്റെയും വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപങ്ങളുടെയും വിവരങ്ങള്‍ പുറത്ത്. കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, നടന്‍ സഞ്ജയ് ദത്തിന്റെ ഭാര്യ മന്യത ദത്ത്, 2ജി സ്‌പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീര റാഡിയ അടക്കം 714 ഇന്ത്യക്കാരുടെ പേരുകളാണ് ‘പാരഡൈസ് പേപ്പേഴ്‌സ്’ എന്ന പേരില്‍ മാധ്യമ കൂട്ടായ്മ പുറത്തുവിട്ടത്.
സണ്‍ ടിവി, എസാര്‍ ലൂപ്, എസ്.എന്‍.സി ലാവ്‌ലിന്‍, കാര്‍ത്തി ചിദംബരം പ്രതിയായ രാജസ്ഥാനിലെ ആംബുലന്‍സ് കേസിലെ സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ ഗ്രൂപ്പ്, എമാര്‍ എം.ജി.എഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷന്‍, ഹീരാനന്ദാനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ്, ജി.എം.ആര്‍ ഗ്രൂപ്പ് തുടങ്ങിയവയും പട്ടികയില്‍ ഉള്ളതായി സൂചനയുണ്ട്. ബര്‍മുഡയിലെ ആപ്പിള്‍ബൈ നിയമ സ്ഥാപനത്തില്‍ നിന്നുള്ള രേഖകളാണ് ചോര്‍ന്നവയില്‍ കൂടുതലും. ആപ്പിള്‍ബൈയില്‍ നിക്ഷേപമുള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതാണ് മറ്റൊരു സവിശേഷത. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്യുന്നത് ആപ്പിള്‍ബൈ ആണ്. അതേസമയം, കേന്ദ്ര സഹമന്ത്രിയായ ജയന്ത് സിന്‍ഹ മന്ത്രിയാവുന്നതിന് മുമ്പ് ഒമിദ്യാര്‍ നെറ്റ്‌വര്‍ക്ക് കമ്പനിയുടെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നുവെന്നും രേഖകളില്‍ പറയുന്നു. അമേരിക്കന്‍ കമ്പനിയായ ഡി ലൈറ്റില്‍ നിക്ഷേപമുള്ള കമ്പനിയാണ് ഒമിദ്യാര്‍ നെറ്റ്‌വര്‍ക്ക്. 2014ല്‍ ഹസാരിബാഗില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ജയന്ത് സിന്‍ഹ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ സ്വത്ത് വിവരത്തിലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.
ആഗോള തലത്തിലുള്ള പട്ടികയിലെ പ്രധാനി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയാണ്. 2005ല്‍ എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തുവകകളില്‍ നിന്നും 7.5 ദശലക്ഷം ഡോളര്‍ കെയ്മാനിലെ എല്‍.പി എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ചതായാണ് രേഖകളില്‍ പറയുന്നത്. 2008 ജൂണില്‍ ഈ നിക്ഷേപത്തില്‍ നിന്ന് 3,60,000 ഡോളര്‍ രാജ്ഞിക്ക് ലഭിച്ചിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close