Month: August 2017

ഫെരാരി സുപ്പര്‍ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍

രാംനാഥ് ചാവ്‌ല
ഫെരാരിയുടെ രണ്ട് സൂപ്പര്‍ കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഫെരാരിയുടെ ജിടിസി4 ലൂസോ, ജിടിസി4 ലൂസോ ടി സൂപ്പര്‍ എന്നിവയാണവ. 5.2 കോടി, 4.2 കോടി എന്ന നിരക്കിലാണ് ഈ സൂപ്പര്‍ കാറുകള്‍ വിപണിയില്‍ ഇടം പിടിച്ചിരിക്കുന്നത്.
നാച്ചുറലി ആസ്പിരേറ്റഡ് 6.3 ലിറ്റര്‍ ്12 എന്‍ജിനാണ് ജിടിസി4 ലൂസോക്ക് കരുത്തേകുന്നത്. 681 ബിഎച്ച്പിയും 697 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നതാണ് ഈ എന്‍ജിന്‍. 3.4 സെക്കന്‍ഡജ് കൊണ്ടാണ് ഈ കാര്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നത്. മണിക്കൂറില്‍ 335 കിലോമീറ്ററാണ് ഈ മോഡലില്‍ ഉയര്‍ന്ന വേഗത.
ജിടിസി4 ലൂസോ ടി സൂപ്പര്‍ കാറിന് കരുത്തേകുന്നത് 602 ബിഎച്ച്പിയും 760 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.9 ലിറ്റര്‍ ട്വിന്‍ടര്‍ബോ വി8 488 ജിടിബി എന്‍ജിനാണ്. 3.5 സെക്കന്‍ഡാണ് ജിടിസി4 ലൂസോ ടിയ്ക്ക് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ട സമയം. മണിക്കൂറില്‍ 320 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതയും ഈ വാഹനത്തിനുണ്ട്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് രണ്ടു മോഡലുകളിലുമുള്ളത്.
പിന്‍ഭാഗത്തെ റിയര്‍ ഡിഫ്യൂസറും ക്വാഡ് എക്‌സ്‌ഹോസ്റ്റും ടെയില്‍ ലൈറ്റുകളും കാറുകളുടെ പുതിയ ഡിസൈന്‍ ഫീച്ചറുകളാണ്. സ്പ്ലിറ്റ് വ്യൂ, ആപ്പിള്‍ കാര്‍പ്ലേ, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളാണ് പ്രധാന സവിശേഷതകള്‍.

ഐടി മേഖലയില്‍ ജീവനക്കാര്‍ കുറയുന്നു

ഗായത്രി
ബെംഗളൂരു: ബെംഗളൂരു വിവര സാങ്കേതിക മേഖലയില്‍ ജീവനക്കാരുടെ എണ്ണം കുറയുന്നു. ഇതാദ്യമായാണ് ഐ.ടി. മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്. ഇന്‍ഫോസിസ്, ടി.സി.എസ്., ടെക് മഹീന്ദ്ര കമ്പനികളിലാണ് ജീവനക്കാരുടെ എണ്ണത്തിലെ കുറവ്. ജൂണ്‍ 30 വരെയുള്ള ആദ്യപാദത്തിലെ കണക്കാണിത്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കമ്പനിയായ ടി.സി.എസില്‍ ആദ്യപാദത്തില്‍ 1,414 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 3,85,809 ജീവനക്കാരാണ് ടി.സി.എസിന് ആകെയുള്ളത്. ഇന്‍ഫോസിസിന് 1,811ഉം ടെക് മഹീന്ദ്രയ്ക്ക് 1,713ഉം ജീവനക്കാരുടെ കുറവുണ്ടായിട്ടുണ്ട്.
മുന്‍പന്തിയില്‍ നില്‍ക്കുന്ന അഞ്ച് ഐ.ടി. കമ്പനികളും കൂടി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 9,84,913 പേര്‍ക്കാണ് ജോലി നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ എണ്ണത്തില്‍ 1,821 പേരുടെ കുറവുണ്ടായെന്ന് ഇത് വ്യക്തമാക്കുന്നു.
ഈ വര്‍ഷം മാര്‍ച്ചിലെ കണക്കനുസരിച്ച് 39 ലക്ഷം പേര്‍ക്കാണ് വിവര സാങ്കേതിക മേഖല തൊഴിലവസരമൊരുക്കുന്നതെന്നാണ് നാസ്‌കോം പറയുന്നത്. ഈ വര്‍ഷം കുറഞ്ഞത് 1,50,000 പുതിയ തൊഴിലവസരമുണ്ടാകുമെന്നാണ് നാസ്‌കോമിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പുതിയ കണക്കനുസരിച്ച് ലക്ഷ്യം കൈവരിക്കാനാകുമോ എന്നതില്‍ സംശയമുണ്ട്.
അതേസമയം വിപ്രോയ്ക്കും (1,309) എച്ച്.സി.എല്‍. ടെക്‌നോളജീസിനും (1,808) ജീവനക്കാരുടെ എണ്ണം കൂട്ടാനായി. ഐ.ടി. കമ്പനികളുടെ ബിസിനസ് മോഡലില്‍ വന്ന മാറ്റമാണ് ജീവനക്കാരുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ക്ലൗഡ് കംപ്യൂട്ടിങ് പോലുള്ള നവീന സാങ്കേതിക വിദ്യകളുടെ വരവോടെ കുറവ് ജീവനക്കാര്‍ മതിയെന്നതാണ് അവസ്ഥ.

 

പണലഭ്യത പഴയനിലയിലായെന്ന് ആര്‍ബിഐ

ഫിദ
മുംബൈ: നോട്ട് നിരോധനത്തിനുശേഷം കുറഞ്ഞ പണലഭ്യത ഏറെക്കുറെ സാധാരണ നിലയിലായതായി റിസര്‍വ് ബാങ്ക്.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പണലഭ്യത പഴയനിലയിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ആര്‍.ബി.ഐ. അറിയിച്ചു.
കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിന് നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോള്‍ 17.7 ലക്ഷം കോടിരൂപയുടെ നോട്ടുകളാണ് ക്രയവിക്രയത്തിലുണ്ടായിരുന്നത്. 500 രൂപയുടെയും 1000 രൂപയുടെയും 15.44 ലക്ഷം രൂപ മൂല്യമുള്ള നോട്ടുകള്‍ അന്ന് അസാധുവാക്കി.
ജൂലായ് ഏഴോടെ ഇതിന്റെ 84 ശതമാനം പണവും തിരിച്ചെത്തിയെന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കോറാപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിനിമാ ടൂറിസം പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം

ഫിദ
തിരു: ഇന്‍ഡിവുഡും ടൂര്‍ഫെഡും സംയുക്തമായി തുടങ്ങുന്ന സിനിമാ ടൂറിസം പദ്ധതിക്ക് തിരുവനന്തപുരത്തെ ഏരീസ് പ്ലസ് തിയറ്ററില്‍ തുടക്കമായി. ട്രാവന്‍കൂര്‍ ട്രഷേഴ്‌സ് എന്ന പദ്ധതിയില്‍ ടൂറിസ്റ്റുകള്‍ക്ക് സിനിമയുടെ സാങ്കേതികവശങ്ങള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. കഴക്കൂട്ടത്തെ കിന്‍ഫ്ര പാര്‍ക്കിലെ ഏരീസ് വിസ്മയ മാക്‌സ് സ്റ്റുഡിയോ, ഗിന്നസ് ബുക്കില്‍ ഇടംനേടിയ ചുണ്ടന്‍വള്ളം, മുതുകാടിന്റെ മാജിക് പഌനറ്റ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏരീസ് പഌസിനും ടൂര്‍ഫെഡിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും സിനിമാ ടൂറിസം സാദ്ധ്യത വര്‍ദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

രാംനാഥ് ചാവ്‌ല

ന്യൂഡല്‍ഹി: അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് ആറു ശതമാനമാക്കിയപ്പോള്‍ റിവേഴ്‌സ് റിപ്പോ 5.75 ശതമാനമാക്കുകയും ചെയ്തു. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പലിശനിരക്കു കുറച്ചതോടെ ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയാന്‍ സാധ്യതയുണ്ട്.
പണപ്പെരുപ്പം കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകള്‍ കുറക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ തവണ നിരക്കുകളില്‍ മാറ്റം വരുത്താത്തത് കേന്ദ്രസര്‍ക്കാറിന് അതൃപ്തിയുണ്ടാക്കിയിരുന്നു.

രൂപയുടെ മൂല്യം ഉയര്‍ന്ന നിലയില്‍

 

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം രണ്ട് വര്‍ഷനത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 63.82 രൂപയാണ് ഡോളറുമായുള്ള വിനിമയ മൂല്യം.
30 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ ഒരു മാസം മാത്രം ഇന്ത്യന്‍ മൂലധന വിപണികളിലേക്ക് എത്തിയത്. ഇതിനൊടൊപ്പം ഇന്ത്യന്‍ ഓഹരി വിപണികളുടെ കുതിപ്പും രൂപക്ക് നേട്ടമായി. മുംബൈ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും മികച്ച നേട്ടത്തിലാണ് നിലവില്‍ വ്യാപാരം നടത്തുന്നത്.
അഭ്യന്തര വിപണികളിലേക്കുള്ള വിദേശമൂലധനത്തിന്റെ ഒഴുക്കും സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാവുമെന്ന പ്രവചനങ്ങളുമാണ് രൂപക്ക് കരുത്തായത്.

രാജ്യത്ത് 11 ലക്ഷത്തിലധികം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് കേന്ദ്രം

 

വിഷ്ണു പ്രതാപ്

ന്യൂഡല്‍ഹി: രാജ്യത്ത് 11 ലക്ഷത്തിലധികം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് കേന്ദ്രധനകാര്യമന്ത്രാലയം. രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഒരേ വ്യക്തിക്ക് ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ അനുവദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയതായി കേന്ദ്രധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാംങ്‌വാര്‍ വ്യക്തമാക്കിയത്.
ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ അനുവദിക്കാവൂയെന്നാണ് പ്രോട്ടോക്കോള്‍. എന്നാല്‍ ഇത് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 27 വരെ 11,44,211 പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് മന്ത്രി വ്യക്തമാക്കിയത്.
കള്ളപ്പണം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ നല്‍കിയ അവസരത്തിനു ശേഷവും നികുതി വെട്ടിപ്പ് നടത്തിവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ എന്തൊക്കെ നടപടികളാണ് ധാനകാര്യമന്ത്രാലയം ചെയ്തതെന്ന ചോദ്യത്തിന് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 7961 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ 900 കോടി രൂപ സര്‍ക്കാര്‍ കണ്ടുകെട്ടി. ഇതിനു പുറമേ 8239 ഓളം സര്‍വ്വേ നടത്തിയതിലൂടെ 6745 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത് കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 102 സംഘങ്ങളില്‍ നടത്തിയ പരിശോധനയിലൂടെ 103 കോടി രൂപയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തിട്ടുണ്ട്.

സ്‌നാപ്ഡീലും ഫഌപ്കാര്‍ട്ടും ലയിക്കാനുള്ള സാധ്യത മങ്ങി

 

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: സ്‌നാപ്ഡീലും ഫഌപ്കാര്‍ട്ടും ലയിക്കാനുള്ള സാധ്യത വീണ്ടും മങ്ങി. രണ്ടു കമ്പനികളും ലയിക്കാനുള്ള ചര്‍ച്ച കഴിഞ്ഞ മാര്‍ച്ചിലാണ് തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച അവസാനിപ്പിച്ചതായും സ്‌നാപ്ഡീല്‍ സ്വതന്ത്രമായി നീങ്ങുമെന്നുമാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിനാണ് സ്‌നാപ്ഡീലില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ളത്, 35 ശതമാനം. 6000 കോടി രൂപക്ക് തങ്ങളുടെ ബിസിനസ് ഫഌപ്കാര്‍ട്ടിന് നല്‍കാനായിരുന്നു സ്‌നാപ്ഡീല്‍ ഉദ്ദേശിച്ചിരുന്നത്. ഈ ഇടപാടില്‍നിന്നാണ് സ്‌നാപ്ഡീല്‍ പിന്‍വാങ്ങിയത്.
ആമസോണിന്റെ കടന്നുവരവോടെ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ രാജ്യത്ത് മത്സരം ശക്തമാണ്. ഇരു കമ്പനികളും ഒന്നാവുകയാണെങ്കില്‍ ഇന്ത്യയിലെ ഇകോമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ സംരംഭമാവുമായിരുന്നു അത്.

 

എല്‍പിജി വില കുറച്ചു, അര്‍ഹരായവര്‍ക്ക് സബ്‌സിഡി തുടരും

 

അളക ഖാനം

ന്യൂഡല്‍ഹി: എല്‍പിജി സബ്‌സിഡി അടുത്ത മാര്‍ച്ച് മുതല്‍ എടുത്തു കളയുമെന്ന പഖ്യാപനത്തിനിടെ എല്‍പിജി വില കുറച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 41 രൂപ കുറഞ്ഞ് 512 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 1002 രൂപയില്‍ നിന്ന് 951 രൂപയായി.
വീട്ടാവശ്യത്തിനുള്ള സബ്‌സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറിന്റെ വില എല്ലാ മാസവും സിലിണ്ടറിനു നാലു രൂപ വീതം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ തീരുമാനിച്ചിരുന്നു. 2018 മാര്‍ച്ചു വരെയാണ് മാസാമാസം പാചക വില വര്‍ധിപ്പിക്കാനുള്ള തീരുമാനം. ഘട്ടംഘട്ടമായി സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയെ അറിയിച്ചു. ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ അര്‍ഹതപ്പെട്ടവര്‍ക്കുള്ള എല്‍പിജി സബ്‌സിഡി എടുത്തുകളയില്ലെന്നും അനര്‍ഹരുടെ സബ്‌സിഡി മാത്രമാണ് നിര്‍ത്തലാക്കുകയെന്നും അദ്ദേഹം ഇന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കി. സബ്‌സിഡി എടുത്തു കളയാനുള്ള നീക്കത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നപ്പോഴാണ് മന്ത്രിയുടെ വിശദീകരണം.

 

മയ്യഴിയുടെ മള്‍ട്ടിമീഡിയ ചരിത്രയാത്രാപുസ്തകവുമായി വരുണ്‍ രമേഷ്

ഗായത്രി

യുവ മാധ്യമ പ്രവര്‍ത്തകനും മയ്യഴി ഗാന്ധിയുടെ കൊച്ചുമകനുമായ വരുണ്‍ രമേഷ് എഴുതിയ ‘മയ്യഴി, പുഴ പറഞ്ഞ കഥയും കടല്‍ കടന്ന ചരിത്രവും’ എന്ന പുസ്തകം ശ്രദ്ധേയമാവുന്നു.
വായനയ്‌ക്കൊപ്പം കാണാനും കേള്‍ക്കാനും വായിക്കാനും പറ്റാവുന്ന രീതിയില്‍ മള്‍ട്ടിമീഡിയ സങ്കേതങ്ങള്‍ കോര്‍ത്തിണക്കിയാണ് പുസ്തകം പുറത്തിറങ്ങിയത്. വിവിധ അധ്യായങ്ങളില്‍ ചേര്‍ത്തിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുകവഴി വായനക്കാര്‍ക്ക് മള്‍ട്ടിമീഡിയ സാധ്യതകള്‍ അനുഭവവേദ്യമാകും. ഡി.സി ബുക്‌സിലൂടെ ഇറങ്ങുന്ന ആദ്യത്തെ മള്‍ട്ടിമീഡിയ പുസ്തകമാണിത്.
മയ്യഴി ഗാന്ധി ഐ.കെ കുമാരന്‍ മാസ്റ്ററുടെ ജീവിതത്തിലൂടെ വരുണ്‍ നടത്തുന്ന യാത്രയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മയ്യഴി ഗാന്ധിയുടെ ജീവിത പോരാട്ടങ്ങള്‍ പറയുന്ന പുസ്തകം മയ്യഴിയുടെ ചരിത്രത്തിലൂടെയാണ് വികസിക്കുന്നത്. വ്യക്തിയുടെ ചരിത്രവും ദേശത്തിന്റെ ചരിത്രവും ഒന്നാകുന്ന അപൂര്‍വ്വത ഈ പുസ്തകത്തില്‍ കാണാം. ചരിത്രത്തിനൊപ്പം ദേശത്തിന്റെ മിത്തിലൂടെയും പുരാവൃത്തത്തിലൂടെയും പുസ്തകം സഞ്ചരിക്കുന്നുണ്ട്. അക്കാദമിക്ക് രീതികളില്‍ നിന്ന് വിഭിന്നമായി കുട്ടികള്‍ക്ക് പോലും അനായാസം വായിച്ചുപോകാവുന്ന രീതിയില്‍ യാത്രാ വിവരണ രൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
മയ്യഴി സ്വാതന്ത്ര സമര ചരിത്രവുമായി ബന്ധപ്പെട്ട ഇതുവരെ പുറം ലോകം കാണാത്ത അപൂര്‍വ്വ ചിത്രങ്ങളും പുസ്തകം പുറംലോകത്തെത്തിക്കും. ഒപ്പം സ്വാതന്ത്ര്യ സമരം അതിന്റെ നിര്‍ണായക ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ മയ്യഴിയില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വെളിപ്പെടുത്തുന്ന കുമാരന്‍ മാസ്റ്റര്‍ എഴുതിയ ഡയറിക്കുറിപ്പുകളിലൂടെയും കടന്നുപോകുന്നുണ്ട്.
തിരുവനന്തപുരത്ത് ഏഷ്യാനറ്റ് ന്യൂസ് ഡിജിറ്റല്‍ എഡിഷനിലെ മള്‍ട്ടിമീഡിയ ചീഫ് സബ് എഡിറ്ററാണ് നിലവില്‍ വരുണ്‍ രമേഷ്.

തിരിച്ചിറക്കം

 

എം മുകുന്ദനുമായി നടത്തിയ അഭിമുഖം കാണാം.