രാജ്യത്ത് 11 ലക്ഷത്തിലധികം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് കേന്ദ്രം

രാജ്യത്ത് 11 ലക്ഷത്തിലധികം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് കേന്ദ്രം

 

വിഷ്ണു പ്രതാപ്

ന്യൂഡല്‍ഹി: രാജ്യത്ത് 11 ലക്ഷത്തിലധികം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് കേന്ദ്രധനകാര്യമന്ത്രാലയം. രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഒരേ വ്യക്തിക്ക് ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ അനുവദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയതായി കേന്ദ്രധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാംങ്‌വാര്‍ വ്യക്തമാക്കിയത്.
ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ അനുവദിക്കാവൂയെന്നാണ് പ്രോട്ടോക്കോള്‍. എന്നാല്‍ ഇത് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 27 വരെ 11,44,211 പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് മന്ത്രി വ്യക്തമാക്കിയത്.
കള്ളപ്പണം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ നല്‍കിയ അവസരത്തിനു ശേഷവും നികുതി വെട്ടിപ്പ് നടത്തിവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ എന്തൊക്കെ നടപടികളാണ് ധാനകാര്യമന്ത്രാലയം ചെയ്തതെന്ന ചോദ്യത്തിന് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 7961 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ 900 കോടി രൂപ സര്‍ക്കാര്‍ കണ്ടുകെട്ടി. ഇതിനു പുറമേ 8239 ഓളം സര്‍വ്വേ നടത്തിയതിലൂടെ 6745 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത് കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 102 സംഘങ്ങളില്‍ നടത്തിയ പരിശോധനയിലൂടെ 103 കോടി രൂപയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close