ഐടി മേഖലയില്‍ ജീവനക്കാര്‍ കുറയുന്നു

ഐടി മേഖലയില്‍ ജീവനക്കാര്‍ കുറയുന്നു

ഗായത്രി
ബെംഗളൂരു: ബെംഗളൂരു വിവര സാങ്കേതിക മേഖലയില്‍ ജീവനക്കാരുടെ എണ്ണം കുറയുന്നു. ഇതാദ്യമായാണ് ഐ.ടി. മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്. ഇന്‍ഫോസിസ്, ടി.സി.എസ്., ടെക് മഹീന്ദ്ര കമ്പനികളിലാണ് ജീവനക്കാരുടെ എണ്ണത്തിലെ കുറവ്. ജൂണ്‍ 30 വരെയുള്ള ആദ്യപാദത്തിലെ കണക്കാണിത്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കമ്പനിയായ ടി.സി.എസില്‍ ആദ്യപാദത്തില്‍ 1,414 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 3,85,809 ജീവനക്കാരാണ് ടി.സി.എസിന് ആകെയുള്ളത്. ഇന്‍ഫോസിസിന് 1,811ഉം ടെക് മഹീന്ദ്രയ്ക്ക് 1,713ഉം ജീവനക്കാരുടെ കുറവുണ്ടായിട്ടുണ്ട്.
മുന്‍പന്തിയില്‍ നില്‍ക്കുന്ന അഞ്ച് ഐ.ടി. കമ്പനികളും കൂടി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 9,84,913 പേര്‍ക്കാണ് ജോലി നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ എണ്ണത്തില്‍ 1,821 പേരുടെ കുറവുണ്ടായെന്ന് ഇത് വ്യക്തമാക്കുന്നു.
ഈ വര്‍ഷം മാര്‍ച്ചിലെ കണക്കനുസരിച്ച് 39 ലക്ഷം പേര്‍ക്കാണ് വിവര സാങ്കേതിക മേഖല തൊഴിലവസരമൊരുക്കുന്നതെന്നാണ് നാസ്‌കോം പറയുന്നത്. ഈ വര്‍ഷം കുറഞ്ഞത് 1,50,000 പുതിയ തൊഴിലവസരമുണ്ടാകുമെന്നാണ് നാസ്‌കോമിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പുതിയ കണക്കനുസരിച്ച് ലക്ഷ്യം കൈവരിക്കാനാകുമോ എന്നതില്‍ സംശയമുണ്ട്.
അതേസമയം വിപ്രോയ്ക്കും (1,309) എച്ച്.സി.എല്‍. ടെക്‌നോളജീസിനും (1,808) ജീവനക്കാരുടെ എണ്ണം കൂട്ടാനായി. ഐ.ടി. കമ്പനികളുടെ ബിസിനസ് മോഡലില്‍ വന്ന മാറ്റമാണ് ജീവനക്കാരുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ക്ലൗഡ് കംപ്യൂട്ടിങ് പോലുള്ള നവീന സാങ്കേതിക വിദ്യകളുടെ വരവോടെ കുറവ് ജീവനക്കാര്‍ മതിയെന്നതാണ് അവസ്ഥ.

 

Post Your Comments Here ( Click here for malayalam )
Press Esc to close