ഗായത്രി
യുവ മാധ്യമ പ്രവര്‍ത്തകനും മയ്യഴി ഗാന്ധിയുടെ കൊച്ചുമകനുമായ വരുണ്‍ രമേഷ് എഴുതിയ ‘മയ്യഴി, പുഴ പറഞ്ഞ കഥയും കടല്‍ കടന്ന ചരിത്രവും’ എന്ന പുസ്തകം ശ്രദ്ധേയമാവുന്നു.
വായനയ്‌ക്കൊപ്പം കാണാനും കേള്‍ക്കാനും വായിക്കാനും പറ്റാവുന്ന രീതിയില്‍ മള്‍ട്ടിമീഡിയ സങ്കേതങ്ങള്‍ കോര്‍ത്തിണക്കിയാണ് പുസ്തകം പുറത്തിറങ്ങിയത്. വിവിധ അധ്യായങ്ങളില്‍ ചേര്‍ത്തിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുകവഴി വായനക്കാര്‍ക്ക് മള്‍ട്ടിമീഡിയ സാധ്യതകള്‍ അനുഭവവേദ്യമാകും. ഡി.സി ബുക്‌സിലൂടെ ഇറങ്ങുന്ന ആദ്യത്തെ മള്‍ട്ടിമീഡിയ പുസ്തകമാണിത്.
മയ്യഴി ഗാന്ധി ഐ.കെ കുമാരന്‍ മാസ്റ്ററുടെ ജീവിതത്തിലൂടെ വരുണ്‍ നടത്തുന്ന യാത്രയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മയ്യഴി ഗാന്ധിയുടെ ജീവിത പോരാട്ടങ്ങള്‍ പറയുന്ന പുസ്തകം മയ്യഴിയുടെ ചരിത്രത്തിലൂടെയാണ് വികസിക്കുന്നത്. വ്യക്തിയുടെ ചരിത്രവും ദേശത്തിന്റെ ചരിത്രവും ഒന്നാകുന്ന അപൂര്‍വ്വത ഈ പുസ്തകത്തില്‍ കാണാം. ചരിത്രത്തിനൊപ്പം ദേശത്തിന്റെ മിത്തിലൂടെയും പുരാവൃത്തത്തിലൂടെയും പുസ്തകം സഞ്ചരിക്കുന്നുണ്ട്. അക്കാദമിക്ക് രീതികളില്‍ നിന്ന് വിഭിന്നമായി കുട്ടികള്‍ക്ക് പോലും അനായാസം വായിച്ചുപോകാവുന്ന രീതിയില്‍ യാത്രാ വിവരണ രൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
മയ്യഴി സ്വാതന്ത്ര സമര ചരിത്രവുമായി ബന്ധപ്പെട്ട ഇതുവരെ പുറം ലോകം കാണാത്ത അപൂര്‍വ്വ ചിത്രങ്ങളും പുസ്തകം പുറംലോകത്തെത്തിക്കും. ഒപ്പം സ്വാതന്ത്ര്യ സമരം അതിന്റെ നിര്‍ണായക ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ മയ്യഴിയില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വെളിപ്പെടുത്തുന്ന കുമാരന്‍ മാസ്റ്റര്‍ എഴുതിയ ഡയറിക്കുറിപ്പുകളിലൂടെയും കടന്നുപോകുന്നുണ്ട്.
തിരുവനന്തപുരത്ത് ഏഷ്യാനറ്റ് ന്യൂസ് ഡിജിറ്റല്‍ എഡിഷനിലെ മള്‍ട്ടിമീഡിയ ചീഫ് സബ് എഡിറ്ററാണ് നിലവില്‍ വരുണ്‍ രമേഷ്.
തിരിച്ചിറക്കം
എം മുകുന്ദനുമായി നടത്തിയ അഭിമുഖം കാണാം.