Month: January 2021

തിരക്കഥാകൃത്ത് വശ്യവചസിന്റെ നോവല്‍ ‘കറുത്ത ദൈവത്തിന്റെ കനിവില്‍…’

കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് വശ്യവചസ്സിന്റെ ആദ്യ നോവല്‍ ‘കറുത്ത ദൈവത്തിന്റെ കനിവില്‍’ എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് ഹാളില്‍ വെച്ച് നെതര്‍ലാന്റ്‌സിലെ മുന്‍ ഇന്ത്യന്‍ അമ്പാസഡര്‍ വേണു രാജാമണി, മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍, മേരി മെറ്റില്‍ഡയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

ഇന്ന് പെയ്യുന്ന മഴയ്ക്ക് നാളെ നികുതി ചുമത്തുന്ന അവസ്ഥയിലേയ്ക്ക് ലോകക്രമവും സമയക്രമവും മാറി മറിയുന്ന കാലത്തേയ്ക്കുള്ള മനുഷ്യകുലത്തിന്റെ വഴിവിട്ട പ്രയാണത്തില്‍, പ്രകൃതിയെ ചൂഷണം ചെയ്ത്, മനുഷ്യന്റെ കാലിനടിയിലെ മണ്ണ് അന്യമാക്കുന്ന വികസനങ്ങളുടെ അഭയാര്‍ത്ഥികളുടെ പോരാട്ടങ്ങളെക്കുറിച്ച് അരമുള്ള ഭാഷയില്‍ എഴുതപ്പെട്ട നോവല്‍ മലയാള സാഹിത്യ ലോകത്ത് ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പൊതുവെ അഭിപ്രായമുണ്ടായി.

പരിഷത് സെക്രട്ടറി ഡോ. ടി. എന്‍. വിശ്വംഭരന്‍, അഡ്വ. കെ. വി. രാമഭദ്രന്‍, സിനിമാ നടനും സംവിധായകനുമായ ബൈജു കൊട്ടാരക്കര, രാജാജി രാജഗോപാല്‍,
രാംമോഹന്‍ പാലിയത്ത് എന്നിവര്‍ സംസാരിച്ചു.
മലയാളത്തിലെ എണ്ണപ്പെട്ട കൃതികളിലൊന്നായി പരിഗണിക്കാവുന്ന നോവലാണ് ‘കറുത്ത ദൈവത്തിന്റെ കനിവില്‍’ എന്ന് രാംമോഹന്‍ പാലിയത്ത് അഭിപ്രായപ്പെട്ടു.
പുസ്തക പ്രകാശന ചടങ്ങിനോടനു ബന്ധിച്ച് പ്രഹ്‌ളാദന്‍, കെ. കെ. ബാലകൃഷ്ണന്‍, ഷാഫി രായം മരയ്ക്കാര്‍ എന്നിവരുടെ, കവിതാലാപനമുണ്ടായി.
IPTA കേരള ചാപ്റ്റര്‍ ജന സെക്രട്ടറി സദാനന്ദന്‍ കെ പുരം സ്വാഗതവും, വി.പി. അബ്ദുള്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.

മികച്ച പ്രതികരണവുമായി ‘കോഴിപ്പോര്’ ആമസോണ്‍ പ്രൈമില്‍

എംഎം കമ്മത്ത്-
കൊച്ചി: J Pic മൂവീസിന്റെ ബാനറില്‍ VG ജയകുമാര്‍ നിര്‍മ്മിച്ച് നവാഗതരായ ജിനോയ് ജിബിറ്റ് സംവിധാനം ചെയ്ത ‘കോഴിപ്പോര്’ എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ മികച്ച പ്രതികരണവുമായി ജൈത്രയാത്ര തുടരുന്നു.

2020 മാര്‍ച്ച് 6 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം, മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നതിനിടെ Covid – 19 കാരണം ലോക്ഡൗണില്‍ തിയേറ്ററുകള്‍ അടച്ചിട്ടതിനാല്‍ പ്രദര്‍ശനം നിര്‍ത്തിവെക്കുകയായിരുന്നു.

പിന്നീട് ആമസോണ്‍ പ്രൈമില്‍ ആദ്യം ഓവര്‍സീസ് (Out of India) റിലീസായിരുന്നു ചെയ്തത്.
ഇന്ത്യക്ക് വെളിയില്‍ ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. IMDB Rating ല്‍ 8.4/10 എന്നതും Google users 85% Liked എന്നതും തന്നെ ജനപ്രിയ സിനിമകളില്‍ ‘കോഴിപ്പോര്’ സ്ഥാനം പിടിച്ചു കഴിഞ്ഞു എന്നതിന് ഉദാഹരണങ്ങളാണ്. തുടര്‍ന്നാണ് ആമസോണ്‍ പ്രൈം ഇന്ത്യയിലും ചിത്രം റിലീസ് ചെയ്തത്.

ഇന്ദ്രന്‍സ്, പൗളി വത്സന്‍, ജോളി ചിറയത്ത്, വീണ നന്ദകുമാര്‍, നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ അഞ്ജലി നായര്‍, പ്രവീണ്‍ ടി.ജെ, ജിബിറ്റ് ജോര്‍ജ്, ഷൈനി സാറാ, സരിന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, അസീസ് നെടുമങ്ങാട്, മേരി എരമല്ലൂര്‍, രശ്മി അനില്‍, ബിറ്റോ ഡേവിസ്, വിനീത് ഇടക്കൊച്ചി, നന്ദിനി ശ്രീ, ബേബി സമീക്ഷ, മാസ്റ്റര്‍ അര്‍ഷിത്, സന്തോഷ് എന്നിവര്‍ മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ- ജിനോയ് ജനാര്‍ദ്ദനന്‍, ക്യാമറ- രാഗേഷ് നാരായണന്‍, എഡിറ്റര്‍- അപ്പു ഭട്ടതിരി, മ്യൂസിക് & BGM- ബിജിബാല്‍, ആര്‍ട്ട്- മനുജഗദ്, ഗാനരചന- വിനായക് ശശികുമാര്‍, സൗണ്ട് ഡിസൈന്‍- ഷെഫിന്‍ മായന്‍, കോസ്റ്റ്യൂം- അരുണ്‍ രവീന്ദ്രന്‍, DI കളറിസ്റ്റ്- മുത്തുരാജ്, ഡിസൈന്‍സ്- ഷിബിന്‍ സി ബാബു, പി ആര്‍ ഓ- എ. എസ്. ദിനേശ്.
വൈക്കം വിജയലക്ഷ്മി, ആന്‍ ആമി, ബിജിബാല്‍, ഉദയ് നാരായണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

Watch Movie on Amazon Prime Link: CLICK HERE

സംസ്ഥാന സര്‍ക്കാര്‍ ട്രഷറി നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു

എംഎം കമ്മത്ത്-
തിരു: വാണിജ്യ ബേങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പലിശ നിരക്ക് കുറച്ചതിന് പിറകെ കേരള സംസ്ഥാന സര്‍ക്കാര്‍ ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചു. സ്ഥിര നിക്ഷേപത്തിനും ചെറിയ കാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്കും പലിശ നിരക്ക് കുറച്ചു.
രണ്ട് വര്‍ഷം വരെയുളള സ്ഥിര ട്രഷറി നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.40 ശതമാനമാക്കി വെട്ടിക്കുറച്ചു. ഇത് നേരത്തെ 8.50 ആയിരുന്നു. രണ്ട് വര്‍ഷത്തിന് മുകളിലുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ശതമാനമായിരിക്കും.
46 ദിവസം മുതല്‍ 90 ദിവസം വരെയുളള നിക്ഷേപങ്ങളുടെ വാര്‍ഷിക പലിശ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 5.40 ശതമാനമായും കുറച്ചു.
91 മുതല്‍ 180 ദിവസം വരെയുളള കലാവധിയിലേക്ക് നിക്ഷേപിക്കുന്നവയ്ക്ക് 7.25 ശതമാനമുണ്ടായിരുന്ന പലിശ നിരക്ക് 5.90 ശതമാനമായും 181 ദിവസം മുതല്‍ ഒരു വര്‍ഷം കാലാവധിയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8 ശതമാനത്തില്‍ നിന്ന് 5.90 ശതമാനമായുമാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

 

ഇന്ത്യന്‍ നിര്‍മ്മിത കൊറോണ പ്രതിരോധ വാക്‌സിന്‍ ഉടന്‍ കയറ്റുമതി ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് നിര്‍മ്മിച്ച കൊറോണ പ്രതിരോധ വാക്‌സിന്‍ അയല്‍രാജ്യങ്ങളിലേക്ക് കൂടി ഉടന്‍ കയറ്റുമതി ചെയ്യും. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മാലിദ്വീപ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ കയറ്റുമതി ആരംഭിക്കുക.
സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് ഇന്ത്യ അയല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുക. ആദ്യ കയറ്റുമതിക്ക് വാക്‌സിനുകള്‍ക്ക് പണം ഈടാക്കിയില്ലെങ്കിലും അടുത്ത ഷിപ്പ്‌മെന്റുകള്‍ക്ക് ഓരോ കമ്പനിക്കും പണം നല്‍കേണ്ടി വരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
യുഎഇ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, മൊറോക്കോ എന്നീ രാജ്യങ്ങളും വാക്‌സിന് വേണ്ടി സെറം ഇന്‍സ്റ്റിറ്റിയൂട്ടുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.
വാക്‌സിന്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കാമെങ്കിലും വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇന്ത്യയില്‍ വിതരണത്തിനായി ആവശ്യത്തിന് വാക്‌സിന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമെ ഇതിനായുള്ള ക്ലിയറന്‍സ് സര്‍ക്കാര്‍ നല്‍കുകയുള്ളൂ.

 

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ നീക്കംചെയ്തു

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഭൂരിഭാഗം ഓണ്‍ലൈന്‍ ലോണ്‍ ആപ്ലികേഷനുകളും ഗൂഗിള്‍ നീക്കംചെയ്തു.
ഉപയോക്താക്കളുടെ നിര്‍ദേശങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ് എന്നിവ അടിസ്ഥാനമാക്കി അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ അവലോകനം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ചില അപ്ലിക്കേഷനുകള്‍ ഉപയോക്തൃ സുരക്ഷാ നയങ്ങള്‍ ലംഘിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ ഈ ആപ്ലികേഷനുകളുടെ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും തുടര്‍ന്ന് ഉടനടി നീക്കംചെയ്യുകയായിരുന്നു. അങ്ങനെ ചെയ്യാത്ത അപ്ലിക്കേഷനുകള്‍ ഇനി ഒരു അറിയിപ്പ് നല്‍കാതെ തന്നെ നീക്കംചെയ്യപ്പെടും, എന്നും ഗൂഗിളിന്റെ പ്രോഡക്റ്റ്, ആന്‍ഡ്രോയിഡ് സുരക്ഷ, സ്വകാര്യത എന്നിവയുടെ വൈസ് പ്രസിഡന്റ് സുസെയ്ന്‍ ഫ്രേ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ഇത് കൂടാതെ, ഈ വിഷയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ നിയമപാലകരെ സഹായിക്കുന്നത് തുടരുമെന്നും സുസെയ്ന്‍ ഫ്രേ പറഞ്ഞു.

കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കൊല്ലം: കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജീസ് (യോഗ്യതപ്ലസ് ടൂ), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ് (എസ് എസ് എല്‍ സി), നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ലിനക്‌സ്(എസ് എസ് എല്‍ സി), കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്(എസ് എസ് എല്‍ സി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ 0474 2731061 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

‘പവര്‍സ്റ്റാര്‍’ ഷോ റീല്‍ തരംഗമാകുന്നു

കൊച്ചി: ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍സ്റ്റാര്‍’ എന്ന ചിത്രത്തിന്റെ ഷോ റീല്‍ ആണ് യൂട്യൂബില്‍ റീലീസ് ചെയ്തത്.
ഒട്ടനവധി കോമഡി ചിത്രങ്ങള്‍ ഒരുക്കിയ ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍, റോബര്‍ട്ട് പര്‍ഹാമും പ്രധാന കഥാപാത്രങ്ങളായി എത്തും. ഒപ്പം കന്നഡ യുവ താരം ശ്രേയസ് കെ മഞ്ജുവും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ചിത്രത്തിന്റെ രംഗങ്ങളുടെ സാമ്യമുള്ള രംഗങ്ങളും ഒപ്പം പവര്‍സ്റ്റാറിലെ പ്രധാന താരങ്ങളുടെ മുന്‍കാല ചിത്രങ്ങളിലെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് ഷോ റീല്‍ പുറത്തിറങ്ങിയിരിക്കുന്നത്.
തൊണ്ണൂറുകളിലെ ബാബു ആന്റണിയെ അനുസ്മരിപ്പിക്കും വിധമുള്ള നീണ്ട മുടിയും കാതില്‍ കമ്മലും ഇട്ടുള്ള ലുക്കായിരുക്കും കഥാപാത്രത്തിന്റെതെന്ന് സംവിധായകന്‍ പങ്കുവെച്ചിരുന്നു.
സൗത്ത് ഇന്ത്യയിലെ കൊക്കൈന്‍ അധോലോകമാണ് ചിത്രത്തിന്റെ പ്രമേയം. നായികയോ പാട്ടുകളോ ഇല്ലാതെ വരുന്ന ആദ്യ ഒമര്‍ ലുലു ചിത്രം ആയിരിക്കും ‘പവര്‍സ്റ്റാര്‍’. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവയാണ് സിനിമയുടെ ലൊക്കേഷനുകള്‍.

മാഷ്അപ്പ് വീഡിയോകളിലൂടെ പ്രശസ്തനായ ലിന്റോ കുര്യന്‍ ആണ് ഷോ റീല്‍ വീഡിയോയുടെ എഡിറ്റര്‍. ലിന്റോ കുര്യന്‍ ചെയ്ത മലയാള സിനിമയിലെ പ്രിയ താരങ്ങളുടെ ബര്‍ത്ത്‌ഡേ മാഷ്അപ്പ് വീഡിയോകള്‍ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരുടെ പ്രശംസകള്‍ പിടിച്ചു പറ്റിയിരുന്നു.

‘ഹാന്‍ഡ്‌സം’ ഇന്നെത്തും

എംഎം കമ്മത്ത്-
കൊച്ചി: ‘പരസ്യക്കാരന്‍’ എന്ന ഹൃസ്വ ചിത്രത്തിനു ശേഷം തേജസ് കെ ദാസ് സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രമാണ് ‘ഹാന്‍ഡ്‌സം’. ചിത്രംഇന്ന് വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും.
തീര്‍ത്തും എക്‌സ്പിരിമെന്റല്‍ ആയ ഒരു കുഞ്ഞു സിനിമായാണ് ‘ഹാന്‍ഡ്‌സം’. ഹിപ്‌സ്‌റ്റേഴ്‌സ് മീഡിയയും രമണന്‍ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നവതരിപ്പിക്കുന്ന ‘ഹാന്‍ഡ്‌സം’ ഗോവിന്ദന്‍ കുട്ടി അമ്പാഴക്കോടും ഹരിദാസന്‍ കമ്പംതൊടിയിലും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
‘ഹാന്‍ഡ്‌സമിന്റെ രചന തേജസ് കെ ദാസും അമല്‍ ജോസും ആണ് നിര്‍വഹിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ് സമയത്തു ഷൂട്ട് തീര്‍ന്ന ‘ഹാന്‍ഡ്‌സമിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നന്ദ കിഷോര്‍ ആര്‍, എഡിറ്റിംഗും കളറിങ്ങും നിര്‍വഹിച്ചത് അരുണ്‍ പി ജി, മ്യൂസിക് തയ്യാറാക്കിയത് അജയ് ശേഖര്‍, വി എഫ് എക്‌സും ടൈറ്റിലും നിര്‍വഹിച്ചിരിക്കുന്നത് അഭിരാം ബി എസ്, ആര്‍ട്ട് അനന്ദു ഗോപന്‍, സൗണ്ട് ഡിസൈന്‍ അനൂപ് വൈറ്റ്‌ലാന്‍ഡ്, പരസ്യകല അമല്‍ ജോസ് എന്നിവരാണ്.
‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് മമ്മൂട്ടി കൈ പിടിച്ചുയര്‍ത്തിയ രതീഷ് കൃഷ്ണയും ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നുണ്ട്. കൂടാതെ വിഘ്‌നേശ് മധുവും ഷഹനീര്‍ ബാബുവുമാണ് മറ്റ് അഭിനേതാക്കള്‍.
ചലചിത്ര താരങ്ങളായ അസ്‌കര്‍ അലി, ഗൗരി നന്ദ, സുരഭി സന്തോഷ്, പ്രശസ്ത സംഗീത സംവിധായകന്‍ രാഹുല്‍ രാജ്, സംവിധായകന്‍ ബിലഹരി, നടനും സംവിധായകനമായ ആര്യന്‍ രമണി എന്നിവരുടെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയാണ് റിലീസ്.
ഇന്ന് വൈകുന്നേരം 6 മണിക്ക് ഹിപ്‌സ്‌റ്റേഴ്‌സ് മീഡിയയുടെ യൂട്യൂബ് ചാനലാണ് ‘ഹാന്‍ഡ്‌സം’ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്.

പി.എം.എസ്. ബീമ യോജനയില്‍ 12 രൂപ അടക്കൂ; 2ലക്ഷംരൂപയുടെ സുരക്ഷ 

പ്രധാനമന്ത്രി സുരക്ഷ ബീമ യോജന എന്നത് വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പോളിസിയാണ്. ഇന്‍ഷുറന്‍സ് മേഖലയില്‍ വരുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ 12 രൂപ അടച്ച് ഇതില്‍ അംഗമാകാം.

പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയുടെ നേട്ടങ്ങള്‍:
പ്രധാനമന്ത്രി സുരക്ഷ ബീമ യോജന പദ്ധതി പ്രകാരം അംഗമായ ഒരാള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഈ പദ്ധതി ഉപകാരപ്രദമാകും. അപകടം മൂലം മരണം സംഭവിക്കുകയോ അംഗവൈകല്യങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക.
അപകടത്തില്‍ ഭാഗിക അംഗവൈകല്യമാണ് സംഭവിക്കുന്നതെങ്കില്‍ ഒരു ലക്ഷം രൂപ ലഭിക്കും.
അപകട മരണത്തിനും പൂര്‍ണ്ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെയാണ് ലഭിക്കുക.
പദ്ധതിയില്‍ അംഗമാകാന്‍ ഒരാള്‍ അടക്കേണ്ടത് പ്രതിവര്‍ഷം വെറും 12 രൂപയാണ് അടക്കേണ്ടത്.
സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കും തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.

പ്രായപരിധി: 18 വയസ്സ് മുതല്‍ 70 വയസ്സ് വരെ ഉള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. സ്വാഭാവിക മരണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതല്ല.

അംഗങ്ങളാകുന്നവര്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്.

എങ്ങനെ അപേക്ഷിക്കാം?
പൊതുമേഖല ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളാകാന്‍ https://www.jansuraksha.gov.in/Forms-PMSBY.aspx എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ഇത് പൂരിപ്പിച്ച് നിങ്ങളുടെ ബാങ്കില്‍ സമര്‍പ്പിച്ചാല്‍ മതി.

സാജന്‍ പള്ളുരുത്തി യുടെ ‘ആശകള്‍ തമാശകള്‍’

കൊച്ചി: പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ സാജന്‍ പള്ളുരുത്തിയുടെ കലാ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ രേഖപ്പെടുത്തിയപ്പെടുത്തിയ ‘ആശകള്‍ തമാശകള്‍’
എന്ന പുസ്തകം പത്മശ്രീ ഭരത് മമ്മൂട്ടി പ്രകാശനം ചെയ്തു. സാജന്‍ പള്ളുരുത്തിയുടെ സുഹൃത്തും ചലച്ചിത്ര നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സലീംകുമാര്‍ പുസ്തകം ഏറ്റുവാങ്ങി. അഭിനേതാക്കളും സംവിധായകരുമായ രമേഷ് പിഷാരോടി, സോഹന്‍ സീനുലാല്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു പുസ്തകപ്രകാശനം.
‘തമാശകള്‍ ഉപജീവനമാക്കിയ എന്റെ ഏറ്റവും വലിയ ആശകളില്‍ ഒന്നായിരുന്നു പ്രിയപ്പെട്ട മമ്മുക്ക സാധിച്ചു തന്നത്. തീര്‍ത്താല്‍ തീരാത്ത നന്ദി അറിയിക്കുന്നു. അരങ്ങിലെ ചിരിയിയും അണിയറയിലെ നൊമ്പരങ്ങളും നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത് ‘കൈരളി ബുക്ക്‌സ്’ ആണ്. നിങ്ങളിത് വായിക്കണം അഭിപ്രായങ്ങള്‍ അറിയിക്കണം’ എന്ന് സാജന്‍ പള്ളുരുത്തി പറഞ്ഞു.