കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് വശ്യവചസ്സിന്റെ ആദ്യ നോവല്‍ ‘കറുത്ത ദൈവത്തിന്റെ കനിവില്‍’ എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് ഹാളില്‍ വെച്ച് നെതര്‍ലാന്റ്‌സിലെ മുന്‍ ഇന്ത്യന്‍ അമ്പാസഡര്‍ വേണു രാജാമണി, മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍, മേരി മെറ്റില്‍ഡയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
ഇന്ന് പെയ്യുന്ന മഴയ്ക്ക് നാളെ നികുതി ചുമത്തുന്ന അവസ്ഥയിലേയ്ക്ക് ലോകക്രമവും സമയക്രമവും മാറി മറിയുന്ന കാലത്തേയ്ക്കുള്ള മനുഷ്യകുലത്തിന്റെ വഴിവിട്ട പ്രയാണത്തില്‍, പ്രകൃതിയെ ചൂഷണം ചെയ്ത്, മനുഷ്യന്റെ കാലിനടിയിലെ മണ്ണ് അന്യമാക്കുന്ന വികസനങ്ങളുടെ അഭയാര്‍ത്ഥികളുടെ പോരാട്ടങ്ങളെക്കുറിച്ച് അരമുള്ള ഭാഷയില്‍ എഴുതപ്പെട്ട നോവല്‍ മലയാള സാഹിത്യ ലോകത്ത് ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പൊതുവെ അഭിപ്രായമുണ്ടായി.
പരിഷത് സെക്രട്ടറി ഡോ. ടി. എന്‍. വിശ്വംഭരന്‍, അഡ്വ. കെ. വി. രാമഭദ്രന്‍, സിനിമാ നടനും സംവിധായകനുമായ ബൈജു കൊട്ടാരക്കര, രാജാജി രാജഗോപാല്‍,
രാംമോഹന്‍ പാലിയത്ത് എന്നിവര്‍ സംസാരിച്ചു.
മലയാളത്തിലെ എണ്ണപ്പെട്ട കൃതികളിലൊന്നായി പരിഗണിക്കാവുന്ന നോവലാണ് ‘കറുത്ത ദൈവത്തിന്റെ കനിവില്‍’ എന്ന് രാംമോഹന്‍ പാലിയത്ത് അഭിപ്രായപ്പെട്ടു.
പുസ്തക പ്രകാശന ചടങ്ങിനോടനു ബന്ധിച്ച് പ്രഹ്‌ളാദന്‍, കെ. കെ. ബാലകൃഷ്ണന്‍, ഷാഫി രായം മരയ്ക്കാര്‍ എന്നിവരുടെ, കവിതാലാപനമുണ്ടായി.
IPTA കേരള ചാപ്റ്റര്‍ ജന സെക്രട്ടറി സദാനന്ദന്‍ കെ പുരം സ്വാഗതവും, വി.പി. അബ്ദുള്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.