Month: November 2020

ഓക്ല മൊബൈല്‍ ഡാറ്റാ സ്പീഡ്‌ടെസ്റ്റ്; ഇന്ത്യ 131ാം സ്ഥാനത്ത്

ഇന്റര്‍നാഷണല്‍ ഡെസ്‌ക്-
സ്പീഡ്‌ടെസ്റ്റ് പ്ലാറ്റ്‌ഫോമായ ഓക്ല 2020 ഒക്ടോബറിലെ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സ് പുറത്തിറക്കി. ഒക്ടോബറിലെ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സില്‍ ഇന്ത്യ 131ാം സ്ഥാനത്താണ്. ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, സൊമാലിയ, ബംഗ്ലാദേശ്, സുഡാന്‍, വെനിസ്വേല, പലസ്തീന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഡൗണ്‍ലോഡ് വേഗതയുടെ കുറവ് മൂലം വളരെ പിന്നിലാണ്. ഇന്‍ഡക്‌സില്‍ പാകിസ്താന് 106ാം സ്ഥാനമാണ് ഉള്ളത്. ഒക്ടോബറില്‍ 11 റാങ്ക് പിന്നിലേക്ക് പോയ നേപ്പാള്‍ രണ്ട് 120ാം സ്ഥാനത്തെത്തി.
ഓക്ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സ് ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് സ്പീഡ് ഡാറ്റയെ പ്രതിമാസ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുന്നതാണ്. ഓക്ല സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സിനായി ഡാറ്റ സ്വീകരിക്കുന്നത് ഉപയോക്താക്കള്‍ ഡിവൈസുകളില്‍ നടത്തുന്ന സ്പീഡ് ടെസ്റ്റുകളില്‍ നിന്നാണ്. ഒക്ടോബറിലെ മൊബൈല്‍ ഡാറ്റ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സില്‍ ഇന്ത്യയുടെ ശരാശരി ഡൗണ്‍ലോഡ്, അപ്‌ലോഡ് വേഗത യഥാക്രമം 12.34 എംബിപിഎസ്, 4.52 എംബിപിഎസ് എന്നിങ്ങനെയാണ്.

 

‘ബോയ്‌ക്കോട്ട്’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

അജയ് തുണ്ടത്തില്‍-
രാജസൂയം ഫിലിംസിന്റെ ബാനറില്‍ ഒ.ബി സുനില്‍കുമാര്‍ നിര്‍മ്മാണവും ബിജു. കെ. മാധവന്‍ സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ബോയ്‌ക്കോട്ട്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.
ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന ഒരു പട്ടാളക്കാരന്‍ ദീപാവലി അവധിക്ക് നാട്ടിലെത്തുന്നു. വര്‍ഷങ്ങള്‍ക്കുശേഷമുള്ള വരവാണത്. തന്റെ മകന്റെ ആഗ്രഹപ്രകാരം ദീപാവലി കെങ്കേമമായി ആഘോഷിക്കാന്‍ തീരുമാനിക്കുന്നു. നമ്മുടെ നാടന്‍പടക്കങ്ങളെക്കാള്‍, വലിയ ലാഭത്തിന് അളവില്‍ കൂടുതല്‍ കിട്ടുന്ന ചൈനീസ് പടക്കങ്ങളെക്കുറിച്ച് മകന്‍ സംസാരിക്കുന്നത് കേട്ട് അച്ഛന്റെ ഭാവം മാറുന്നു.അതിര്‍ത്തിയില്‍, ചൈനീസ് പട്ടാളത്തിന്റെ മൃഗീയവും അതിക്രൂരവുമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന അച്ഛന്റെ കഥ, മകനും ഒപ്പം മുത്തച്ഛനും അറിയാനിടയാകുന്നു. അതവരുടെ ഉള്ളിലുണ്ടാക്കുന്ന പകയും വിദേ്വഷവും വളരെ വലുതാണ്. അറിഞ്ഞോ അറിയാതെയോ നമ്മള്‍ വാങ്ങിക്കൂട്ടുന്ന ചൈനീസ് ഉല്പന്നങ്ങള്‍ പരോക്ഷമായെങ്കിലും അവരെ സഹായിക്കുകയാണെന്ന സത്യം കുട്ടിയെ ബോധ്യപ്പെടുത്തികൊടുക്കുന്നു. അവന്‍, അവന്റെ കഴിവിനനുസരിച്ച് പ്രതികാരം ചെയ്യാന്‍ മുതിരുന്നു. എല്ലായവസരത്തിലും സാധ്യമല്ലെങ്കിലും കുറഞ്ഞപക്ഷം ആഘോഷങ്ങളിലെങ്കിലും നമ്മുടെ നാടിനെ മറക്കാതിരിക്കാം. കൂടാതെ, സ്വന്തം കുടുംബത്തെ ദുരവസ്ഥയില്‍ നിന്നും കരകയറ്റാന്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തൊഴിലെടുത്ത് ജീവിക്കുന്നതിലൂടെ, സുഖലോലുപതയില്‍, ഉത്തരവാദിത്ത്വങ്ങളില്‍ നിന്നുമകന്ന് ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അതില്‍ നിന്നും മാറേണ്ടതിന്റെ ആവശ്യകതയിലേക്കും ചിത്രം വെളിച്ചം പകരുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും പുതുതലമുറയ്ക്ക് പുത്തന്‍ ഉള്‍ക്കാഴ്ച സമ്മാനിക്കുന്ന ഹ്രസ്വചിത്രമാണ് ബോയ്‌ക്കോട്ട്.
പ്രദീപ് ചന്ദ്രന്‍, തിരുമല രാമചന്ദ്രന്‍, രാഹുല്‍, അനിഴാനായര്‍, അഭിനവ് കൃഷ്ണന്‍, അര്‍പ്പിത ആര്‍.എസ്. നായര്‍, നിരഞ്ജന രാഹുല്‍, സജി അമൃത എന്നിവരഭിനയിക്കുന്നു.
ബാനര്‍ – രാജസൂയം ഫിലിംസ്, കഥ, തിരക്കഥ, നിര്‍മ്മാണം – ഒ.ബി. സുനില്‍കുമാര്‍, സംവിധാനം – ബിജു കെ. മാധവന്‍, ഛായാഗ്രഹണം – അനീഷ് മോട്ടീവ് പിക്‌സ്, എഡിറ്റിംഗ് & മിക്‌സിംഗ് – അനീഷ് സാരംഗ്, പ്രൊ: ഡിസൈനര്‍ – രാഹുല്‍, ചമയം – രാജേഷ് വെള്ളനാട്, തിരക്കഥാ സഹായി – കവിത സി. ഗംഗന്‍, പിആര്‍ഓ – അജയ് തുണ്ടത്തില്‍.

മുഖ്യമന്ത്രി സിനിമാ സംഘടനകളുടെ യോഗം വിളിച്ചു

ന്യൂസ് ഡെസ്‌ക്-
തിരു:
സിനിമാ രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര രംഗത്തെ വിവിധ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എട്ടുമാസമായി അടഞ്ഞുകിടക്കുന്ന തീയേറ്ററുകള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, വിനോദനികുതി കുറച്ചുകാലത്തേക്കെങ്കിലും ഒഴിവാക്കുക, തീയേറ്ററുകള്‍ അടച്ചിട്ട കാലത്തെ വൈദ്യുതി ചാര്‍ജ് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും സിനിമാ തീയേറ്ററുകള്‍ എന്നു തുറക്കാം എങ്ങനെ തുറക്കണം എന്നതിനെ കുറിച്ചുമെല്ലാം വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. മുഖ്യ മന്ത്രി സിനിമാ സംഘടനാ പ്രതിനിധികളുമായി നവംബര്‍ 19ന് ഓണ്‍ലൈനിലാണ് ചര്‍ച്ച നടത്തുന്നത്. തീയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ സിനിമ തീയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. കേരളത്തിലും സിനിമാ തീയേറ്ററുകള്‍ താമസിയാതെ തുറന്നു പ്രവര്‍ത്തനം ആരംഭിക്കാനുള്ള ഉചിതമായ നടപടികള്‍ ചര്‍ച്ചയില്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കാം. സിനിമയോടും സിനിമ പ്രവര്‍ത്തകരോടും താല്‍പര്യമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷക്ക് വകയുണ്ട്.

SpaceX ന്റെ Dragon2 പേടകം ബഹിരാകാശ നിലയത്തിലെത്തി

ഇന്റര്‍നാഷണല്‍ ഡെസ്‌ക്-
വാഷിംഗ്ടണ്‍: നാല് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ട് SpaceX ന്റെ Dragon2 പേടകം വിജയകരമായി ബഹിരാകാശ നിലയത്തിലെത്തി. ഇരുപത്തിയേഴ് മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷമാണ് Dragon2 പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
മൂന്ന് അമേരിക്കന്‍ സ്വദേശികളും ഒരു ജപ്പാന്‍കാരനും അടങ്ങുന്നതാണ് പര്യവേഷണ സംഘം. മൈക്ക് ഹോപ്കിന്‍സ് എന്ന അമേരിക്കക്കാരനാണ് ദൗത്യത്തിലെ തലവന്‍. നാസയുടെ ബഹിരാകാശ യാത്രികരായ മൈക്ക് ഹോപ്പിന്‍സ്, ഷനോണ്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ ജപ്പാനീസ് ബഹിരാകാശ യാത്രികനായ സ്യോച്ചി നൊഗ്യൂച്ചി എന്നിവരാണ് ഞായറാഴ്ച വൈകീട്ട് വിക്ഷേപിക്കപ്പെട്ട പേടകത്തിലെ യാത്രികര്‍.

രുചിക്കൂട്ടിന്റെ ‘പ്രിയ പ്രതിഭ’യെ മമ്മൂട്ടി പരിചയപ്പെടുത്തി

കൊച്ചി: മമ്മൂട്ടിയുടെ കാരുണ്യ കൈകളിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ പുതിയ ബ്രാന്റാണ് ‘പ്രിയ പ്രതിഭ’ എന്ന കറിപൗഡര്‍. ഈ കറി പൊടിയുടെ പരസ്യമോഡലോ ബ്രാന്‍ഡ് അംബാസിഡറോ ഒന്നുമല്ല മമ്മൂട്ടി. ഒരുപാട് പേര്‍ക്ക് കൈത്താങ്ങായി മാറുന്ന ഒരു വലിയ സംരംഭത്തിന് മനസ് കൊണ്ട് വിശാലമായ തണല്‍ വിരിക്കുകയായിരുന്നു. ‘പ്രിയ പ്രതിഭ’ എന്ന രുചിക്കൂട്ട് സമൂഹത്തിന് പരിചയപ്പെടുത്താന്‍ മമ്മൂട്ടിക്ക് വേണ്ടി വന്നത് ഏതാനും നിമിഷങ്ങള്‍ മാത്രമാണ്. കറി പൗഡറുകള്‍ വന്‍തോതില്‍ വിറ്റഴിച്ച് വലിയ ലാഭം കൊയ്യുകയല്ല ലക്ഷ്യം. പാവങ്ങളായ കുറെ മനുഷ്യരുടെ കണ്ണീരൊപ്പാനും വേദന ഇല്ലാതാക്കാനുമുള്ള ചെറിയ ശ്രമത്തിന്റെ ഭാഗമായാണ് ‘പ്രിയ പ്രതിഭ’ വിപണിയിലെത്തുന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് ഡോ: മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള 17 ജീവകാരുണ്യ പദ്ധതികളില്‍ ഒന്നാണിത്. ഒരു കൃത്യമായ വരുമാനം ലക്ഷ്യമിട്ടാണ് ഈ നീക്കം. 2019 ല്‍ ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിന് വേണ്ടി ‘പ്രശാന്തം’ എന്നപേരില്‍ പെരുവയില്‍ ഒരു പ്രോജക്ട് ആരംഭിക്കുകയുണ്ടായി. എല്ലാ സജ്ജീകരണങ്ങളോടും കൂടി തുടങ്ങിയ കെട്ടിടം ഉദ്ഘാടനം ചെയ്തത് മമ്മൂക്കയാണ്. ‘പ്രശാന്തം’ പദ്ധതിയെക്കുറിച്ച് മമ്മൂക്ക ചോദിച്ചു മനസ്സിലാക്കുകയും വലിയ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു. കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള ആളുകളില്‍ നിന്ന് ലഭിക്കുന്ന ചെറിയ സഹായം കൊണ്ടാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയിരുന്നത്. 17 ചാരിറ്റബിള്‍ പ്രൊജക്ടുകളില്‍ ഒന്നുമാത്രമാണ് ‘പ്രിയ പ്രതിഭ’. ‘പ്രതീക്ഷ’, ‘പ്രശാന്തി’, ‘പ്രത്യാശ’, ‘പ്രതിഭ’, ‘പ്രദാനം’, ‘പ്രസന്നം’, ‘പ്രഭാതം’, ‘പ്രവാഹം’, ‘പ്രീതി’, ‘പ്രകാശം’, ‘പ്രശോഭ’ എന്നിങ്ങനെ 17 പദ്ധതികളുടെയും പേരുകള്‍ ‘പ്ര’ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്. ‘പ്ര’ എന്ന അക്ഷരം കൊണ്ട് ഉദ്ദേശിക്കുന്നത് ശ്രേഷ്ഠമാക്കുന്ന എന്നാണ്. കോവിഡ് വന്നപ്പോള്‍ പല പ്രയാസങ്ങളും ഉണ്ടായി. ആ ഒരു സാഹചര്യത്തിലാണ് കറി പൗഡറുകള്‍ കടകളില്‍ നേരിട്ട് എത്തിക്കാനുള്ള ആലോചന തുടങ്ങിയത്. മമ്മൂക്കയോട് സംസാരിച്ചപ്പോള്‍ നല്ല കാര്യമാണെന്നും ഓണ്‍ലൈനിലൂടെ കാര്യങ്ങള്‍ ചെയ്‌തോളാമെന്നും പറഞ്ഞു. അങ്ങനെയാണ് ‘പ്രിയ പ്രതിഭ’ എന്ന അടുക്കളയിലെ രുചികൂട്ടിനെ കുറിച്ച് മമ്മുക്ക ഓണ്‍ലൈനില്‍ പോസ്റ്റിട്ടത്.

‘ഹിസ് ഹൈനസ് ശക്തന്‍ തമ്പുരാന്‍’ രണ്ടാം ഭാഗം ആരംഭിച്ചു

അജയ് തുണ്ടത്തില്‍-
കൊച്ചി: കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശ്യംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തന്‍തമ്പുരാന്‍. ‘രാജാരാമവര്‍മ്മ’ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ ശില്പിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്. തിരുവിതാംകൂര്‍ രാജ്യത്ത് മാര്‍ത്താണ്ഡവര്‍മ്മ എന്ന പോലെയാണ് കൊച്ചിരാജ്യചരിത്രത്തില്‍ ശക്തന്‍തമ്പുരാന്റെ സ്ഥാനം. അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹാസിക ചരിത്രത്തിന്റെ വിസ്മയത്തിലേക്ക് വെളിച്ചം വീശുക എന്ന ദൗത്യമാണ് ”ഹിസ് ഹൈനസ് ശക്തന്‍ തമ്പുരാന്‍” എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. കനത്ത യുദ്ധങ്ങളും അക്രമങ്ങളും ഒന്നുംതന്നെ ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിന് എങ്ങനെ ശക്തന്‍തമ്പുരാന്‍ എന്ന നാമം സിദ്ധിച്ചു? ചരിത്രത്തിന്റെ നാള്‍വഴികളിലേക്ക് ഒരുയാത്ര നടത്തുകയാണ് ഈ ഡോക്യുമെന്ററി. പഠനാര്‍ഹമായ രീതിയില്‍ അനേകം ഗവേഷണങ്ങള്‍ക്ക് ഒടുവില്‍ ചിത്രത്തിന്റെ ഒന്നാംഭാഗം പൂര്‍ത്തിയായി. തൃശൂര്‍, തൃപ്പുണ്ണിത്തുറ വെള്ളാരപ്പള്ളി കോവിലകം, മട്ടാഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സംവിധാനം ഡോ. രാജേഷ് കൃഷ്ണന്‍, രചന, ഛായാഗ്രഹണം റഫീഖ് പട്ടേരി, അവതരണം, റിസര്‍ച്ച് വൈഷ്ണവി കൃഷ്ണന്‍, എഡിറ്റിംഗ് വിബിന്‍ വിസ്മയ, അസ്സോ: ക്യാമറ സുനില്‍ അതളൂര്‍, ക്യാമറ സഹായികള്‍ വിഷ്ണു ആര്‍.കെ, നിഖില്‍ മൊഖേരി, ഡിസൈന്‍സ് ഉണ്ണികൃഷ്ണന്‍, ഡബ്ബിംഗ് സംഗീത് സ്റ്റുഡിയോ, പി ആര്‍ ഓ അജയ് തുണ്ടത്തില്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.

 

‘ഡിവൈന്‍ പീസ്’ സംഗീത ആല്‍ബം ഓണ്‍ലൈനില്‍ റിലീസ് ചെയുന്നു

പിആര്‍ സുമേരന്‍-
മലയാളത്തിന്റെ അനുഗ്രഹീതരായ സംഗീത പ്രതിഭകളുടെ നേതൃത്വത്തില്‍ പോപ്പ് മീഡിയയുടെ ബാനറില്‍ ‘ഡിവൈന്‍ പീസ്’ ഡിവോഷണല്‍ ആല്‍ബം റിലീസ് ചെയുന്നു.
ജോയ്‌സ് തോന്നിയാമലയുടെ വരികള്‍ക്ക് പ്രമുഖ സംഗീത സംവിധായകരായ ശരത്, ജെറി അമല്‍ ദേവ്, ആലപ്പി രംഗനാഥ്, സ്റ്റാന്‍ലി ജോണ്‍, നിനോയ് വര്‍ഗീസ് തുടങ്ങിയവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. മലയാളികളുടെ പ്രിയഗായകരായ കെ.എസ്. ചിത്ര, എംജി ശ്രീകുമാര്‍, വിജയ് യേശുദാസ്, മഴവില്‍ മനോരമ വിന്നര്‍ സെലിന്‍ ഷോജി, പുതുമുഖ ഗായകന്‍ രാജ് കുമാര്‍ രാധകൃഷ്ണന്‍ തുടങ്ങിയവര്‍ ആലപിച്ചിരിക്കുന്നു. പ്രൊജക്റ്റ് ഡിസൈന്‍ ഷോജി സെബാസ്റ്റ്യന്‍ .
പോപ്പ് മീഡിയയുടെ ബാനറില്‍ പുറത്തിറക്കുന്ന ഈ ആല്‍ബം ബിബിന്‍ സ്റ്റാന്‍ലി ജോസഫാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദൃശ്യാവിഷ്‌കാരം ഷോജി സെബാസ്റ്റ്യന്‍, ഐസക് ജോര്‍ജ് എന്നിവരാണ്.

 

‘എന്റെ മാവും പൂക്കും’ ചിത്രീകരണം ആരംഭിച്ചു

അജയ് തുണ്ടത്തില്‍-
കൊച്ചി: ‘എന്റെ മാവും പൂക്കും’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ഇന്ത്യന്‍ പനോരമയിലും ഗോവ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട ‘മക്കന’യ്ക്കുശേഷം റഹീം ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘എന്റെ മാവും പൂക്കും’ എന്ന ചിത്രം എസ്ആര്‍എസ് ക്രീയേഷന്‍സിന്റെ ബാനറില്‍ എസ്.ആര്‍ സിദ്ധിഖും സലീം എലവും കുടിയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
അച്ഛന്റെ മരണശേഷം കുടുംബഭാരം ചുമലിലേറ്റേണ്ടിവന്ന രമേശന് തുടര്‍ന്നുള്ള പ്രതിസന്ധികള്‍ വലുതായിരുന്നു. അതിനെ തരണം ചെയ്യാനുള്ള രമേശന്റെ ശ്രമങ്ങള്‍ മറ്റുള്ളവര്‍ക്ക് രസകരമായി തോന്നുമെങ്കിലും അവന്റെ നിസ്സഹായാവസ്ഥ സങ്കടകരമാണ്. അവന്റെ മനസ്സ് കാണാത്ത കൂടിപ്പിറപ്പുകള്‍ക്ക് മുന്നില്‍ സ്വയം തോല്‍വി ഏറ്റുവാങ്ങി ഒളിച്ചോടാന്‍ ശ്രമിക്കുമ്പോള്‍ അവന്റെ മാവും പൂക്കാനൊരുങ്ങുകയായിരുന്നു.
അഖില്‍പ്രഭാകര്‍, നവാസ് വള്ളിക്കുന്ന്, ഭീമന്‍ രഘു, ശിവജി ഗുരുവായൂര്‍, ശ്രീജിത്ത് സത്യരാജ്, സാലുകൂറ്റനാട്, ചേലമറ്റം ഖാദര്‍, മീനാക്ഷി മധുരാഘവ്, സീമാ ജി. നായര്‍, ആര്യദേവി, കലാമണ്ഡലം തീര്‍ത്ഥ എന്നിവരോടൊപ്പം തെന്നിന്ത്യന്‍ നടി ‘സിമര്‍സിങ്’ നായികയായെത്തുന്നു.
ബാനര്‍ എസ് ആര്‍ എസ് ക്രിയേഷന്‍സ്, നിര്‍മ്മാണം എസ് ആര്‍ സിദ്ധിഖ്, സലീം എലവുംകുടി, രചന, സംവിധാനം റഹീം ഖാദര്‍, ഛായാഗ്രഹണം ടി. ഷമീര്‍ മുഹമ്മദ്, എഡിറ്റിംഗ് മെന്റോസ് ആന്റണി, ഗാനരചന ശിവദാസ് തത്തംപ്പിള്ളി, സംഗീതം ജോര്‍ജ്ജ് നിര്‍മ്മല്‍, പശ്ചാത്തല സംഗീതം ജുബൈര്‍ മുഹമ്മദ്, ആലാപനം വിജയ് യേശുദാസ്, ശ്വേതാ മോഹന്‍, പ്രൊ: കണ്‍ട്രോളര്‍ ഷറഫ് കരുപ്പടന്ന, കല മില്‍ട്ടണ്‍ തോമസ്, ചമയം ബിബിന്‍ തൊടുപുഴ, കോസ്റ്റ്യും മെല്‍വിന്‍. ജെ, പ്രൊ: എക്‌സി: സജീവ് അര്‍ജുനന്‍, സഹസംവിധാനം വഹീദാ അറയ്ക്കല്‍, ഡിസൈന്‍സ് സജീഷ്. എം ഡിസൈന്‍സ്, സ്റ്റില്‍സ് അജേഷ് ആവണി, ലെയ്‌സണ്‍ ഓഫീസര്‍ മിയ അഷ്‌റഫ്, ഫിനാന്‍സ് മാനേജര്‍ സജീവന്‍ കൊമ്പനാട്, പി ആര്‍ ഓ അജയ് തുണ്ടത്തില്‍.

 

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും നിയന്ത്രണം

ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും OTT പ്ലാറ്റ്‌ഫോമുകള്‍ക്കും മേല്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. ഇവയെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനാകും. ഇതോടെ മറ്റ് പത്ര മാധ്യമങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും ബാധകമായ നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടി ബാധകമാകും. ഏത് സംവിധാനമായിരിക്കും നിയന്ത്രണങ്ങള്‍ക്കായി കൊണ്ട് വരുന്നതെന്ന കാര്യത്തില്‍ ഉത്തരവില്‍ വ്യക്തതയില്ല. നിയന്ത്രണങ്ങളുടെ വ്യാപ്തി എത്രത്തോളമായിരിക്കുമെന്നും, മാനദണ്ഡങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്നുമാണ് ഇനി അറിയേണ്ടത്.
സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി എത്തിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്വയംഭരണ സമിതി നിയന്ത്രിക്കുന്നതിനുള്ള അപേക്ഷയില്‍ കഴിഞ്ഞ മാസം സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു.
രാജ്യത്തെ അച്ചടി മാധ്യമങ്ങളെ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയും വാര്‍ത്താ ചാനലുകളെ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനുമാണ് നിരീക്ഷിക്കുന്നത്. അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പരസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ സിനിമ സംബന്ധിച്ച കാര്യങ്ങളും തീരുമാനിക്കും. ഓഡിയോ വിഷ്വല്‍ പ്രോഗ്രാമുകളും വര്‍ത്തമാനകാല സാമൂഹിക രാഷ്ട്രീയ സംഭവങ്ങളുള്‍പ്പെട്ട പരിപാടികളും വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്.

ബെല്‍വെയര്‍ കമ്പനിയുടെ പുതിയ ബ്രാന്‍ഡ് ഡോക്ക് എന്‍ കാര്‍ട്ട്

എംകെ ഷെജിന്‍-
കൊച്ചി: കേരളത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യാപാര സ്ഥാപനമാണ് ബെല്‍വെയര്‍ കമ്പനി, ഈ കമ്പനിയുടെ ഡോക്ക് എന്‍ കാര്‍ട്ട് എന്ന പുതിയ ബ്രാന്‍ഡിന്റെ ലോഞ്ചിംഗ് 2020 നവംബര്‍ 6 ാം തീയതി നടത്തികൊണ്ട് ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചിരിക്കുന്നു. ഇതിനോടകം തന്നെ നിലവാരമുള്ള ഉല്‍പ്പന്ന ങ്ങള്‍കൊണ്ട് പ്രശസ്തിയാര്‍ജ്ജിച്ച ബെല്‍വെയര്‍ കമ്പനി ഈ പുതിയ പ്രൊഡക്ടിലൂടെ വീണ്ടും വിശ്വസ്തത തെളിയിക്കുകയാണ്. നവീന രീതിയിലുള്ള സാനിറ്ററിവെ യേഴ്‌സായ വാഷ്‌ബേയിന്‍, ക്ലോസറ്റ്, സിങ്ക്, എന്നിവ ഗ്യാരന്റിയോടും ഗുണമേന്മയോടും കൂടി ഡോക്ക് എന്‍ കാര്‍ട്ട് ബ്രാന്‍ഡിലൂടെ വിപണിയിലെത്തിച്ചിരിക്കുന്നു. ഇതിന്റെ പ്രചരണാര്‍ത്ഥം പരസ്യചിത്ര ഷൂട്ടിംഗിനായി ബോളിവുഡിലെ പ്രശസ്തനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദബു രത്‌നാനി, (പ്രശസ്തനടനായ അമിതാബ് ബച്ചന്‍, അമീര്‍ഖാന്‍ തുടങ്ങിയവരുടെ ചിത്രങ്ങളുടെ ഫോട്ടോഗ്രാഫര്‍) ബ്രാന്‍ഡ് അംബാസിഡറായി നടി അപര്‍ണ്ണാദാസ് (മനോഹരം ഫെയിം) ക്യാമറാമാന്‍- അനില്‍ വിജയ്, സംഗീതം- ഗോപി സുന്ദര്‍, കോസ്റ്റമര്‍- ഹാന്‍ടോം, മേക്കപ്പ്- ടോണി എന്നിവരുടെ നേതൃത്വത്തില്‍ പരസ്യചിത്ര സംവിധായകനായ ഷാന്‍ കേച്ചേരി സംവിധാനം ചെയ്യുന്നു. നവംബര്‍ 10 ാം തീയതി ഇടപ്പള്ളിയിലുള്ള ത്രീ ഡോട്ട് സ്റ്റുഡിയോയില്‍വെച്ച് ഷൂട്ടിംഗ് നടക്കുന്നു. പ്രതസമ്മേളനത്തില്‍ പങ്കെടുക്കുന്ന വര്‍ ബല്‍വെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫിറോസ് പറമ്പില്‍, കേരള മാര്‍ക്കറ്റ് ഹെഡ് ജോജു, ബ്രാന്‍ഡ് അംബാസിഡര്‍ അപര്‍ണ്ണാദാസ് സൗത്ത് ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് ഹെഡ് ആന ന്ദ്, സംവിധായകന്‍ ഷാന്‍ കേച്ചേരി എന്നിവര്‍ പങ്കെടുത്തു.