ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും നിയന്ത്രണം

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും നിയന്ത്രണം

ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും OTT പ്ലാറ്റ്‌ഫോമുകള്‍ക്കും മേല്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. ഇവയെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനാകും. ഇതോടെ മറ്റ് പത്ര മാധ്യമങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും ബാധകമായ നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടി ബാധകമാകും. ഏത് സംവിധാനമായിരിക്കും നിയന്ത്രണങ്ങള്‍ക്കായി കൊണ്ട് വരുന്നതെന്ന കാര്യത്തില്‍ ഉത്തരവില്‍ വ്യക്തതയില്ല. നിയന്ത്രണങ്ങളുടെ വ്യാപ്തി എത്രത്തോളമായിരിക്കുമെന്നും, മാനദണ്ഡങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്നുമാണ് ഇനി അറിയേണ്ടത്.
സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി എത്തിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്വയംഭരണ സമിതി നിയന്ത്രിക്കുന്നതിനുള്ള അപേക്ഷയില്‍ കഴിഞ്ഞ മാസം സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു.
രാജ്യത്തെ അച്ചടി മാധ്യമങ്ങളെ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയും വാര്‍ത്താ ചാനലുകളെ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനുമാണ് നിരീക്ഷിക്കുന്നത്. അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പരസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ സിനിമ സംബന്ധിച്ച കാര്യങ്ങളും തീരുമാനിക്കും. ഓഡിയോ വിഷ്വല്‍ പ്രോഗ്രാമുകളും വര്‍ത്തമാനകാല സാമൂഹിക രാഷ്ട്രീയ സംഭവങ്ങളുള്‍പ്പെട്ട പരിപാടികളും വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close