Month: November 2020

1000 കടന്ന് കബിലന്‍ വൈരമുത്തുവിന്റെ ‘അംബരതൂണി’

ചെന്നൈ: യുവ തമിഴ് കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ കബിലന്‍ വൈരമുത്തു രചിച്ച 15 കഥകളുടെ സമാഹാരമായ ‘അംബരതൂണി’ എന്ന പുസ്തകം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളില്‍ ആയിരം കോപ്പികള്‍ വിറ്റഴിച്ചു റെക്കോര്‍ഡ് ഇട്ടു. ഒരു തമിഴ് ഫിക്ഷന്‍ ഇത്ര വേഗത്തില്‍ ഇത്ര അധികം കോപ്പികള്‍ വിറ്റഴിക്കപ്പെടുന്നത് ഇന്നത്തെ പ്രത്യേക സാഹചര്യത്തിലും തമിഴ്‌നാടിന്റെ മുന്‍കാല അനുഭവങ്ങളും വച്ചുനോക്കുമ്പോള്‍ വലിയ സംഭവം തന്നെയാണ്.
വായനയുടെ രീതി മാറുകയാണെന്നും പുതിയ കാലത്ത് വായനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടെന്നും പ്രസാധകര്‍ പറയുന്നു. വിപുലമായ ഗവേഷണത്തിലൂടെ കാവ്യാത്മകമായ ശൈലിയില്‍ അതിമനോഹരമായി കബിലന്‍ വൈരമുത്തു എഴുതിയ കഥകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്. അതുതന്നെയാണ് വായനയുടെ രീതിയെ മാറ്റിമറിച്ചത്. കപിലന്‍ വൈരമുത്തുവും ‘അംബരതൂണി’യും തമിഴ്‌നാട്ടില്‍ ചര്‍ച്ചാവിഷയമായി കഴിഞ്ഞു.
പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്റെ മകനാണ് കബിലന്‍ വൈരമുത്തു.

 

അംഗീകാരനിറവി’ല്‍ മലയാളി സംവിധായകന്‍ വിനോദ് സാം പീറ്റര്‍

പിആര്‍ സുമേരന്‍-
ലോകസിനിമയില്‍ അംഗീകാരങ്ങളുടെ തിളക്കവുമായി മലയാളി സംവിധായകന്‍ വിനോദ് സാം പീറ്റര്‍. കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മറാത്തി ചിത്രം ‘പഗ് ല്യാ’യുടെ സംവിധായകനും മലയാളിയുമായ വിനോദ് സാം പീറ്ററാണ് ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ നേടി മുന്നേറുന്നത്. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാര്‍ഡില്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി പുരസ്‌ക്കാരങ്ങള്‍ വിനോദ് സാം പീറ്റര്‍ തന്റെ സിനിമയിലൂടെ കരസ്ഥമാക്കി. രണ്ടായിരത്തോളം ചിത്രങ്ങളില്‍ നിന്നാണ് ‘പഗ് ല്യാ’ ഒന്നാം സ്ഥാനത്ത് എത്തിയത്. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാര്‍ഡില്‍ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ ഭാഷാചിത്രം കൂടിയാണ് മറാത്തി ഭാഷയില്‍ ഒരുക്കിയ പഗ് ല്യാ.
ലണ്ടന്‍, കാലിഫോര്‍ണിയ, ഇറ്റലി, ഓസ്‌ട്രേലിയ, സ്വീഡന്‍, ഫിലിപ്പീന്‍സ്, തുര്‍ക്കി, ഇറാന്‍, അര്‍ജന്റീന, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലും ഈ ചിത്രം നിരവധി അംഗികാരങ്ങളും, പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. മികച്ച നടന്‍ ഗണേഷ് ഷെല്‍ക്കെ, മികച്ച നടിപുനം ചന്ദോര്‍ക്കര്‍. മികച്ച പശ്ചാത്തല സംഗീതം സന്തോഷ് ചന്ദ്രന്‍.
പുനെയിലും പരിസരപ്രദേശങ്ങളിലുമായി ഓഗസ്റ്റിലാണ് ‘പഗ് ല്യാ’ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികള്‍ക്കിടയിലേക്ക് ഒരു നായ്ക്കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ‘പഗ് ല്യാ’യുടെ ഇതിവൃത്തം. രണ്ട് കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങളും നിഷ്‌ക്കളങ്കതയുമാണ് ചിത്രം പറയുന്നത്. അരുമയായ ഒരു നായ്ക്കുട്ടി രണ്ട് കുട്ടികളുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ അവരിലുണ്ടാകുന്ന വൈകാരിക ഭാവങ്ങളാണ് സിനിമയുടെ പ്രത്യേകതയെന്ന് സംവിധായകന്‍ വിനോദ് സാം പീറ്റര്‍ പറഞ്ഞു. മനോഹരങ്ങളായ ദൃശ്യഭംഗിയും ഹൃദയഹാരികളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ വിനോദ് സാം പീറ്ററിന് പുറമെ പഞ്ചാത്തല സംഗീതമൊരുക്കിയ സന്തോഷ് ചന്ദ്രന്‍, സംഗീത സംവിധായകന്‍ ബെന്നി ജോണ്‍സണ്‍, ക്യാമറ ചലിപ്പിച്ച രാജേഷ് പീറ്റര്‍, കോസ്റ്റ്യൂം ഒരുക്കിയ സച്ചിന്‍ കൃഷ്ണ, വിഷ്ണു കുമാര്‍ എന്നിവരും മലയാളികളാണ്. എബ്രഹാം ഫിലിംസിന്റെ ബാനറില്‍ വിനോദ് സാം പീറ്ററാണ് ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും. കൊറോണ ഭീതിയൊഴിഞ്ഞാല്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

 

റിലയന്‍സ് റീട്ടെയിലില്‍ സൗദിയുടെ 9555 കോടി രൂപയുടെ നിക്ഷേപം

രാംനാഥ് ചാവ്‌ല-
മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയിലില്‍ സൗദി 9555 കോടി രൂപ നിക്ഷേപിച്ചു. റിലയന്‍സ് റീട്ടെയിലിന്റെ 2.04 ശതമാനം ഓഹരികള്‍ക്കായി സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്.) ആണ് ഇത്തവണ നിക്ഷേപവുമായി എത്തിയിരിക്കുന്നത്. 9,555 കോടി അല്ലെങ്കില്‍ 1.3 ബില്യണ്‍ ഡോളറാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപിക്കുക. ഈ നിക്ഷേപം റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്‌സ് ലിമിറ്റഡിനെ (ആര്‍ആര്‍വിഎല്‍) 4,587 ലക്ഷം കോടി രൂപയുടെ പ്രീമണി ഇക്വിറ്റി മൂല്യത്തില്‍ വിലമതിക്കുന്ന തലത്തിലേക്ക് എത്തിച്ചു.
സ്വകാര്യ നിക്ഷേപകമ്പനികളായ സില്‍വര്‍ ലേക്ക്, കെ.കെ.ആര്‍, ജനറല്‍ അറ്റ്‌ലാന്റിക്, മുബാദല, ജി.ഐ.സി., ടി.പി.ജി., എ.ഡി.ഐ.എ. എന്നിവയില്‍നിന്നായി റിലയന്‍സ് റീട്ടെയില്‍ നേരത്തേ 37,710 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് സ്വീകരിച്ചിട്ടുള്ളത്. ആര്‍ആര്‍എല്ലിന്റെ ഡിജിറ്റല്‍ സേവന അനുബന്ധ കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോമില്‍ പി.ഐ.എഫ്. മുമ്പ് 2.32 ശതമാനം ഓഹരികള്‍ എടുത്തിരുന്നു.
ഇന്ത്യയുടെ ചലനാത്മക സമ്പദ്‌വ്യവസ്ഥയിലും ചില്ലറ വിപണി വിഭാഗത്തിലും ഇതോടെ പിഐഎഫിന്റെ സാന്നിധ്യം ഇത് കൂടുതല്‍ ശക്തിപ്പെടും എന്നാണ് വിശ്വാസം. ആര്‍ആര്‍വിഎല്ലില്‍ ഇതുവരെ 10.09 ശതമാനം 47,265 കോടി രൂപയ്ക്കാണ് വിറ്റിട്ടുള്ളത്.

 

‘രണ്ടാംപ്രതി’ ഉടന്‍ പുറത്തിറങ്ങും

അജയ് തുണ്ടത്തില്‍-
തിരു: അച്ചു ആമി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡി.വി. മനോജ് നിര്‍മ്മാണവും ബിനുലാല്‍ ഉണ്ണി രചനയും നിര്‍വ്വഹിക്കുന്ന ഹ്രസ്വചിത്രം ‘രണ്ടാംപ്രതി’ സതീഷ്ബാബു സംവിധാനം ചെയ്യുന്നു. സര്‍ക്കാരുദ്യോഗസ്ഥനായ വേണുഗോപാല്‍ നഗരത്തിലെ അറിയപ്പെടുന്ന മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയാണ്. സര്‍ക്കാരുദ്യോഗസ്ഥയായ ഭാര്യ ജയശ്രീയും രണ്ടു മക്കളുമാണ് വേണുവിനുള്ളത്. ജോലിത്തിരക്കുകളും അതിന്റെ സമയമില്ലായ്മകളും അവരുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. പലരേയും മോട്ടിവേറ്റ് ചെയ്യുന്ന വേണുവിന്റെ കുടുംബജീവിതം ഈ തിരക്കുകളില്‍ താളം തെറ്റാന്‍ തുടങ്ങുമ്പോഴാണ്, വീട്ടില്‍ വേലക്കാരിയായി സുഭദ്രാദേവിയെത്തുന്നത്. പത്രപ്പരസ്യം കണ്ട് അവിടെ എത്തിയ സുഭദ്രാദേവി കുറഞ്ഞ ദിവസം കൊണ്ട് ആ വീടിനെ സ്‌നേഹത്തിന്റെ തുരുത്തായി മാറ്റിയെടുക്കുന്നു. കുട്ടികള്‍ക്ക് മുത്തശ്ശിയും വേണുവിനും ജയശ്രീക്കും അമ്മയും ആയി സുഭദ്രാദേവി മാറുന്നു. ഇടയ്ക്ക് സുഭദ്രാദേവിയുടെ പൂര്‍വ്വകാല ജീവിതം അറിയുന്ന വേണുവും ജയശ്രീയും വല്ലാതെ സമ്മര്‍ദ്ദത്തിലേക്ക് വീഴുന്നു. രാജേഷ് അഴീക്കോടന്‍, വിജയകുമാരി, സിജി പ്രദീപ്, ഹരിദാസ് എം.കെ, കൃഷ്ണശ്രീ, ജഗന്‍നാഥ്, അരുണ്‍നാഥ് ഗോപി, സതീഷ് മണക്കാട്, ഗൗരീകൃഷ്ണ എന്നിവരഭിനയിക്കുന്നു. ബാനര്‍ അച്ചു ആമി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം ഡി.വി. മനോജ്, സംവിധാനം സതീഷ് ബാബു, രചന ബിനുലാല്‍ ഉണ്ണി, ഛായാഗ്രഹണം രാമനുണ്ണി, എഡിറ്റിംഗ് മുഹമ്മദ്, പ്രൊ: കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍, കല ഷിബുരാജ് എസ്.കെ, വസ്ത്രാലങ്കാരം മിനിജയന്‍, ചമയം രാജേഷ്‌രവി, ആര്യനാട് മനോജ്, സഹസംവിധാനം വിനീത് അനില്‍, സംവിധാന സഹായികള്‍ അച്ചു, സനു, ശരത്ബാബു, സ്റ്റില്‍സ് രോഹിത്മാധവ്, പ്രൊഡക്ഷന്‍ കെ.കെ. പ്രൊഡക്ഷന്‍സ്, യൂണിറ്റ് എം.എം. വിഷന്‍, പിആര്‍ഓ അജയ് തുണ്ടത്തില്‍.

കുടുംബശ്രീ ഓണ്‍ലൈന്‍ മേളഉത്സവ്; 50% വരെ വിലക്കിഴിവ്

എംഎം കമ്മത്ത്-
തിരു: കുടുംബശ്രീ ഉല്‍പന്നങ്ങളുടെ പ്രചരണാര്‍ത്ഥം വൈവിധ്യമാര്‍ന്ന കുടുംബശ്രീ ഉല്‍പന്നങ്ങള്‍ 50% വരെ വിലക്കിഴിവില്‍ വാങ്ങാന്‍ അവസരമൊരുക്കി ഓണ്‍ലൈന്‍ മേളഉത്സവ് ആരംഭിച്ചു. നവംബര്‍ 4 മുതല്‍ 19 വരെയാണ് മെഗാ ഡിസ്‌കൗണ്ട് മേള. കുടുംബശ്രീയുടെ സ്വന്തം ഓണ്‍ലൈന്‍ വിപണന പോര്‍ട്ടലായ www.kudumbashreebazaar.com എന്ന വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ നല്‍കിയാല്‍ ഉല്‍പന്നങ്ങള്‍ വീട്ടിലെത്തും. ഡെലിവറി ചാര്‍ജ് സൗജന്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മൂന്നൂറ്റി അന്‍പതോളം കുടുംബശ്രീ സംരംഭകരുടെ 729 ഉല്‍പന്നങ്ങള്‍ 2050% വരെ വിലക്കുറവില്‍ മേളയിലൂടെ വാങ്ങാം. വന്‍ വിലക്കുറവിലും, ലാഭത്തിലും, ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം. 350ഓളം സംരംഭകരുടെ ആയിരത്തിലധികം ഉല്‍പന്നങ്ങള്‍ പോര്‍ട്ടലിലൂടെ വാങ്ങാം. 200 രൂപക്ക് മുകളില്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ഡെലിവറി ചാര്‍ജ് ഇല്ലാതെ എത്തിച്ചു നല്‍കും. പോസ്റ്റല്‍ വകുപ്പുമായി ചേര്‍ന്നാണ് സൗകര്യമൊരുക്കുന്നത്. അറുന്നൂറിലേറെ ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം വരെ ഡിസ്‌കൗണ്ട് ഉണ്ട്. ആയിരം രൂപക്ക് മുകളില്‍ വാങ്ങിയാല്‍ 10 ശതമാനം അധിക ഡിസ്‌കൗണ്ടും 3000 രൂപക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും നല്‍കും. ഡിസ്‌കൗണ്ട് കൂടാതെ സമ്മാനക്കൂപ്പണുമുണ്ടാകും നവംബര്‍ 19 വരെയാണ് ഓണ്‍ലൈന്‍ മേള.
കരകൗശല വസ്തുക്കള്‍, വിവിധ തരം അച്ചാറുകള്‍, സ്‌ക്വാഷ്, വിവിധ ചിപ്‌സുകള്‍, കറിപൗഡറുകള്‍, കൊണ്ടാട്ടം, ട്രൈബല്‍ ഉല്‍പ്പന്നങ്ങള്‍, ബാംബൂ പ്രൊഡക്റ്റ്‌സ്, ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ്, സോപ്പ് ആന്‍ഡ് ടോയ്‌ലറ്ററീസ്, ടോയ്‌സ്, ജ്വല്ലറി, ബാഗുകള്‍, വസ്ത്രങ്ങള്‍, കുടകള്‍, മാസ്‌ക് എന്നിവയെല്ലാം ജില്ലയിലെ 15 യൂണിറ്റുകളില്‍ നിന്നായി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

‘കൊവാക്‌സിന്‍’ ഫെബ്രുവരിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്‍(കൊവാക്‌സിന്‍) ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്.
പ്രതീക്ഷിച്ചതിലും മുന്നേ ‘കൊവാക്‌സിന്‍’ തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ(ഐ.സി.എം.ആര്‍) മുതിര്‍ന്ന ശാസ്ത്രജ്ഞനായ രജനി കാന്ത് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ‘വാക്‌സിന്‍ നല്ല ഫലപ്രാപ്തി കാണിക്കുന്നു’ എന്ന് പറഞ്ഞതായാണ് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
2021ന്റെ രണ്ടാംപാദത്തില്‍ മാത്രമാകും വാക്‌സിന്‍ തയ്യാറാവുക എന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ട്.

 

ശ്രീശക്തി ചലഞ്ച് മത്സരത്തില്‍ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

എംഎം കമ്മത്ത്-
കൊച്ചി: രാജ്യത്തിന്റെ വികസനത്തില്‍ ജനകീയപങ്കാളിത്തം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച വേദിയായ മൈ ജി.ഒ.വിയും ഐക്യരാഷ്ട്രസഭയുടെ യു.എന്‍ വിമണും സംയുക്തമായി സംഘടിപ്പിച്ച കൊവിഡ് 19 ശ്രീശക്തി ചലഞ്ച് മത്സരത്തിലെ വിജയികളെ നവമ്പര്‍ 3 ന് പ്രഖ്യാപിച്ചു.
ഒന്നാമത് എത്തിയത് ബംഗളൂരു ആസ്ഥാനമായ റേസാദ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപകയായ ഡോ. പി. ഗായത്രി ഹേല. കൈകള്‍ അണുവിമുക്തമാക്കുന്നതിനുള്ള നോണ്‍ ആല്‍ക്കഹോളിക് ഹാന്‍ഡ് സാനിറ്റൈസര്‍ ആണ് ഗായത്രിയുടെ നൂതന ഉല്‍പ്പന്നം.

രണ്ടാമത് എത്തിയിരിക്കുന്നത് ഷിംല ആസ്ഥാനമായുള്ള ആരോഗ്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഐഹീല്‍ ഹെല്‍ത്ത് ടെക് െ്രെപവറ്റ് ലിമിറ്റഡ് സ്ഥാപകയായ റോമിത ഘോഷ്. അര്‍ബുദത്തെ അതിജീവിച്ച റോമിതയുടെ സ്റ്റാര്‍ട്ടപ്പില്‍ നിന്നും ആശുപത്രികള്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്നു. കൂടാതെ പിപിഇ കിറ്റുകള്‍, മാസ്‌ക്കുകള്‍ എന്നിവയുടെ സുരക്ഷിത പുനരുപയോഗത്തിന് യുവി സ്‌റ്റെറിലൈസേഷന്‍ ബോക്‌സും റോമിത നിര്‍മ്മിച്ചു.

മൂന്നാം സ്ഥാനം കൊച്ചി തൃക്കാക്കരയിലെ ‘തന്മാത്ര ഇന്നൊവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന വനിതാ സ്റ്റാര്‍ട്ടപ്പിന് ലഭിച്ചു. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. തന്മാത്രയുടെ പ്രോഡ്രക്ട് മാനേജരും സഹസ്ഥാപകരുമായ ഡോ. അഞ്ജന രാംകുമാര്‍, ഡോ. അനുഷ്‌ക അശോകന്‍ എന്നിവരുടെ കണ്ടുപിടുത്തമാണ് അവാര്‍ഡിന് അര്‍ഹമായത്.
കേരളത്തിലെ ‘തന്മാത്ര ഇന്നൊവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ പ്രോഡക്റ്റ് മാനേജരും സഹസ്ഥാപകരുമായ ആയ ഡോ. അഞ്ജന രാംകുമാര്‍, ഡോ. അനുഷ്‌ക അശോകന്‍ എന്നിവരുടെ ആന്റി മൈക്രോബിയല്‍ ശേഷിയുള്ള പുതിയ ലായനിയാണ് മറ്റൊരു കണ്ടുപിടുത്തം. പ്രത്യേക ഘടകങ്ങളോട് കൂടിയ ഈ ലായനി ഏതു തുണിയിലും സ്‌പ്രേ ചെയ്ത് ഉണക്കിയ ശേഷം മിനിട്ടുകള്‍ക്കുള്ളില്‍ വൈറസിനെതിരായ മാസ്‌കായി ഉപയോഗിക്കാം എന്നതാണ് പ്രത്യേകത.

‘പ്രോമിസിംഗ് സൊല്യൂഷന്‍’ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 3 സ്റ്റാര്‍ട്ടപ്പുകള്‍ ഇവയാണ്:
1. ബാംഗ്ലൂരു ആസ്ഥാനമായ സെറാജന്‍ ബയോ തെറാപ്യൂട്ടിക്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സിഇഒയും സഹ സ്ഥാപകയുമായ വാസന്തി പളനിവേല്‍. കോവിഡ്19 മൂലമുള്ള ശ്വാസകോശ ബുദ്ധിമുട്ടുകളെ ചികിത്സിക്കുന്നതിന് ഒരു പുതിയ പ്ലാസ്മാ സൊലൂഷന്‍ ആണ് വാസന്തി വികസിപ്പിച്ചത്.

2. ബംഗളൂരു ആസ്ഥാനമായ എംപതി ഡിസൈന്‍ ലാബ്‌സിന്റെ സഹസ്ഥാപകയായ ശിവി കപില്‍. ഗര്‍ഭകാലത്തെ ദൈനംദിന പരിശോധനകള്‍ക്കായി ഉപയോഗിക്കാവുന്ന ‘ക്രിയ’ എന്ന ഉപകരണമാണ് വികസിപ്പിച്ചത്.

3. സ്ട്രീം മൈന്‍ഡ്‌സ് എന്ന് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകരും അമ്മയും മകളുമായ ജയ പരാശര്‍, അങ്കിത പരാശര്‍ എന്നിവര്‍. ‘ഇന്‍ഹൗസ്’ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു സഹായിക്കുന്ന പൂര്‍ണമായും ഓട്ടോമേറ്റഡ് റോബോട്ട് ആയ ‘ഡോബോട്ടി’ന്റെ നിര്‍മാണമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

‘ദി ഗെയിം’ എത്തി

അജയ് തുണ്ടത്തില്‍-
എം.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെനീഷ് മുഹമ്മദ് വാടാനപ്പള്ളി നിര്‍മ്മിച്ച് റഫീഖ് പട്ടേരി രചന നിര്‍വ്വഹിക്കുന്ന ‘ദി ഗെയിം’ എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. നൈഷാബ്. സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ശിവജി ഗുരുവായൂര്‍, അന്‍ഷാദ് അലി, ലത്തീഫ് കുറ്റിപ്പുറം, ഓ.കെ. രാജേന്ദ്രന്‍, സലാം മലയംകുളത്തില്‍, ജാന്‍ തൃപ്രയാര്‍, അര്‍ജുന്‍ ഇരിങ്ങാലക്കുട, ചാള്‍സ് എറണാകുളം, മിഥിലാജ് മൂന്നാര്‍, സുഫിയാന്‍ മാറഞ്ചേരി, നൗഷാദ്, ഇസ്‌റ, നേഹ, ഇന്‍ഷ എന്നിവരഭിനയിക്കുന്നു.
ബാനര്‍- എം.കെ. പ്രൊഡക്ഷന്‍, കഥാതന്തു- നിഷാദ്. എം.കെ, ഛായാഗ്രഹണം- ലത്തീഫ് മാറാഞ്ചേരി, എഡിറ്റിംഗ്- താഹിര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റഫീഖ്. എം, പശ്ചാത്തലസംഗീതം- എം.ടി. ശ്രുതികാന്ത്, ശബ്ദലേഖനം- ആദിസ്‌നേവ്, റിക്കോര്‍ഡിസ്റ്റ്- റിച്ചാര്‍ഡ് അന്തിക്കാട്, സ്റ്റുഡിയോ- ചേതന മീഡിയ, തൃശൂര്‍, അസി. ക്യാമറാമാന്‍- ആസാദ്, വി.എഫ്.എക്‌സ്- അനീഷ് വന്നേരി (എ.വി. മീഡിയ, ദുബായ്), ചമയം- സുധീര്‍ കൂട്ടായി, സഹസംവിധാനം- റസാഖ് ഡെക്കോറം, സംവിധാന സഹായികള്‍- ഷെഫീര്‍ വടക്കേക്കാട്, ഷെബി ആമയം, സ്റ്റില്‍സ്- രദുദേവ്, ഡിസൈന്‍സ്- ജംഷീര്‍ യെല്ലോക്യാറ്റ്‌സ്, പിആര്‍ഓ- അജയ് തുണ്ടത്തില്‍.