രുചിക്കൂട്ടിന്റെ ‘പ്രിയ പ്രതിഭ’യെ മമ്മൂട്ടി പരിചയപ്പെടുത്തി

രുചിക്കൂട്ടിന്റെ ‘പ്രിയ പ്രതിഭ’യെ മമ്മൂട്ടി പരിചയപ്പെടുത്തി

കൊച്ചി: മമ്മൂട്ടിയുടെ കാരുണ്യ കൈകളിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ പുതിയ ബ്രാന്റാണ് ‘പ്രിയ പ്രതിഭ’ എന്ന കറിപൗഡര്‍. ഈ കറി പൊടിയുടെ പരസ്യമോഡലോ ബ്രാന്‍ഡ് അംബാസിഡറോ ഒന്നുമല്ല മമ്മൂട്ടി. ഒരുപാട് പേര്‍ക്ക് കൈത്താങ്ങായി മാറുന്ന ഒരു വലിയ സംരംഭത്തിന് മനസ് കൊണ്ട് വിശാലമായ തണല്‍ വിരിക്കുകയായിരുന്നു. ‘പ്രിയ പ്രതിഭ’ എന്ന രുചിക്കൂട്ട് സമൂഹത്തിന് പരിചയപ്പെടുത്താന്‍ മമ്മൂട്ടിക്ക് വേണ്ടി വന്നത് ഏതാനും നിമിഷങ്ങള്‍ മാത്രമാണ്. കറി പൗഡറുകള്‍ വന്‍തോതില്‍ വിറ്റഴിച്ച് വലിയ ലാഭം കൊയ്യുകയല്ല ലക്ഷ്യം. പാവങ്ങളായ കുറെ മനുഷ്യരുടെ കണ്ണീരൊപ്പാനും വേദന ഇല്ലാതാക്കാനുമുള്ള ചെറിയ ശ്രമത്തിന്റെ ഭാഗമായാണ് ‘പ്രിയ പ്രതിഭ’ വിപണിയിലെത്തുന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് ഡോ: മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള 17 ജീവകാരുണ്യ പദ്ധതികളില്‍ ഒന്നാണിത്. ഒരു കൃത്യമായ വരുമാനം ലക്ഷ്യമിട്ടാണ് ഈ നീക്കം. 2019 ല്‍ ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിന് വേണ്ടി ‘പ്രശാന്തം’ എന്നപേരില്‍ പെരുവയില്‍ ഒരു പ്രോജക്ട് ആരംഭിക്കുകയുണ്ടായി. എല്ലാ സജ്ജീകരണങ്ങളോടും കൂടി തുടങ്ങിയ കെട്ടിടം ഉദ്ഘാടനം ചെയ്തത് മമ്മൂക്കയാണ്. ‘പ്രശാന്തം’ പദ്ധതിയെക്കുറിച്ച് മമ്മൂക്ക ചോദിച്ചു മനസ്സിലാക്കുകയും വലിയ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു. കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള ആളുകളില്‍ നിന്ന് ലഭിക്കുന്ന ചെറിയ സഹായം കൊണ്ടാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയിരുന്നത്. 17 ചാരിറ്റബിള്‍ പ്രൊജക്ടുകളില്‍ ഒന്നുമാത്രമാണ് ‘പ്രിയ പ്രതിഭ’. ‘പ്രതീക്ഷ’, ‘പ്രശാന്തി’, ‘പ്രത്യാശ’, ‘പ്രതിഭ’, ‘പ്രദാനം’, ‘പ്രസന്നം’, ‘പ്രഭാതം’, ‘പ്രവാഹം’, ‘പ്രീതി’, ‘പ്രകാശം’, ‘പ്രശോഭ’ എന്നിങ്ങനെ 17 പദ്ധതികളുടെയും പേരുകള്‍ ‘പ്ര’ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്. ‘പ്ര’ എന്ന അക്ഷരം കൊണ്ട് ഉദ്ദേശിക്കുന്നത് ശ്രേഷ്ഠമാക്കുന്ന എന്നാണ്. കോവിഡ് വന്നപ്പോള്‍ പല പ്രയാസങ്ങളും ഉണ്ടായി. ആ ഒരു സാഹചര്യത്തിലാണ് കറി പൗഡറുകള്‍ കടകളില്‍ നേരിട്ട് എത്തിക്കാനുള്ള ആലോചന തുടങ്ങിയത്. മമ്മൂക്കയോട് സംസാരിച്ചപ്പോള്‍ നല്ല കാര്യമാണെന്നും ഓണ്‍ലൈനിലൂടെ കാര്യങ്ങള്‍ ചെയ്‌തോളാമെന്നും പറഞ്ഞു. അങ്ങനെയാണ് ‘പ്രിയ പ്രതിഭ’ എന്ന അടുക്കളയിലെ രുചികൂട്ടിനെ കുറിച്ച് മമ്മുക്ക ഓണ്‍ലൈനില്‍ പോസ്റ്റിട്ടത്.

Post Your Comments Here ( Click here for malayalam )
Press Esc to close