Month: July 2020

‘രണ്ട്’ ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

അജയ് തുണ്ടത്തില്‍-
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ”രണ്ട്” എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫെയ്‌സ് ബുക്ക്
പേജിലൂടെ റിലീസായി.
ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ ഫൈനല്‍സ് എന്ന സിനിമയ്ക്കുശേഷം പ്രജീവ് സത്യവ്രതന്‍ നിര്‍മ്മാണവും ബിനുലാല്‍ ഉണ്ണി രചനയും സുജിത്‌ലാല്‍ സംവിധാനവും ചെയ്യുന്ന ”രണ്ട്” എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും എഫ് ബി പേജിലൂടെ റിലീസായി.
മാറിവരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തില്‍ നോക്കിക്കാണുന്ന സിനിമയാണ് രണ്ട്. സകലമതസ്ഥരും ഒരുമിച്ച് താമസിക്കുന്ന ഒരു ഗ്രാമത്തിലെ ‘വാവ’ എന്ന ചെറുപ്പക്കാരനായ ഓട്ടോ ഡ്രൈവറുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. എല്ലാ മനുഷ്യരെയും ഒരു പോലെ കാണാന്‍ ശ്രമിക്കുന്ന വാവയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു സംഭവവും തുടര്‍ന്ന് മാറിമറിയുന്ന ആ ഗ്രാമത്തിലെ ജീവിതവുമെല്ലാമാണ് സിനിമ പറയുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണന്‍, അന്നരേഷ്മ രാജന്‍, ഇന്ദ്രന്‍സ്, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധികോപ്പ, മാലപാര്‍വ്വതി, അനീഷ് ജി. മേനോന്‍, നവാസ് വള്ളിക്കുന്ന്, സ്വരാജ് എന്നിവര്‍ക്കൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ബാനര്‍ – ഹെവന്‍ലി മൂവീസ്, നിര്‍മ്മാണം – പ്രജീവ് സത്യവ്രതന്‍, സംവിധാനം – സുജിത്‌ലാല്‍, കഥ, തിരക്കഥ, സംഭാഷണം – ബിനുലാല്‍ ഉണ്ണി, ഛായാഗ്രഹണം – അനീഷ് ലാല്‍ ആര്‍.എസ്, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – എം. ജയചന്ദ്രന്‍, പ്രൊ: കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍, ചമയം – പട്ടണം റഷീദ്, കല – അരുണ്‍ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം – അരുണ്‍മനോഹര്‍, ത്രില്‍സ് – മാഫിയ ശശി, ചീഫ് അസ്സോ: ഡയറക്ടര്‍ – ചാക്കോ കാഞ്ഞൂപ്പറമ്പന്‍, ഡിസൈന്‍സ് – ഓള്‍ഡ് മോങ്ക്‌സ്, ഫിനാന്‍സ് കണ്‍ട്രോളര്‍ – സതീഷ് മണക്കാട്, സ്റ്റില്‍സ് – അജി മസ്‌കറ്റ്, പി.ആര്‍.ഓ – അജയ് തുണ്ടത്തില്‍.

 

 

കളിമണ്‍ ഉല്‍പ്പന്ന നിര്‍മാണ തൊഴിലാളികള്‍ക്ക് വായ്പ

ഫിദ-
തിരു: കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമവികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്‍പന്ന നിര്‍മാണം കുലത്തൊഴിലായി സ്ഥീകരിച്ചിട്ടുള്ള സമുദായത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവത്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വായ്പക്ക് അപേക്ഷിക്കാം. വായ്പ തുക പരമാവധി രണ്ടു ലക്ഷം രൂപവരെയാണ് ലഭിക്കുക. പലിശ നിരക്ക് ആറ് ശതമാനവും. 60 മാസം വരെ തിരിച്ചടവ് കാലാവധി ലഭിക്കും. ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്‍പന്ന നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18 നും 55 നും ഇടയിലേ ആകാന്‍ പാടുള്ളൂ. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പദ്ധതികളുടെ നിബന്ധനകള്‍, അപേക്ഷാ ഫോറം, ഹാജരാക്കേണ്ട രേഖകള്‍ എന്നിവ വെബ്‌സൈറ്റില്‍ (www.keralapottery.org) https://keralapottery.org/wp-content/uploads/2020/07/application_individual.pdf ലഭിക്കും. അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം ജൂലൈ 31ന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമവികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി ഒ, തിരുവനന്തപുരം-695 003 വിലാസത്തില്‍ സമര്‍പ്പിക്കണം.

ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ ആഗസ്റ്റ് 15ന് വിപണിയിലെത്തും: ഐസിഎംആര്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ആഗസ്റ്റ് 15നകം കോവിഡിനെതിരായ വാക്‌സിന്‍ വിപണിയിലെത്തക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഹൈദരാബാദിലുള്ള ഭാരത് ബയോടെകുമായി സഹകരിച്ചാണ് മരുന്ന് ലഭ്യമാക്കുന്നത്. ആഗസ്റ്റ് 15നകം മരുന്ന് ലഭ്യമാക്കണമെന്ന് ഭാരത് ബയോടെകിനോട് ആവശ്യപ്പെട്ടതായി ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
എല്ലാ ഗുണനിലവാര പരിശോധനകള്‍ക്കും ശേഷമായിരിക്കും മരുന്ന് ലഭ്യമാക്കുകയെന്നും അതിനായി 12 ഓളം കേന്ദ്രങ്ങളെ തെരഞ്ഞെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വാക്‌സിനാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റേത്. ഇതിന്റെ ഓരോ ഘട്ടവും കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയത്.
ഐസിഎംആറിന്റെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുള്ള സാര്‍സ് കോവ്2 വൈറസിന്റെ സാമ്ബിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്‌സിന് കോവാക്‌സിന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുമതികള്‍ വേഗത്തിലാക്കണമെന്നും ഐസിഎംആറിലെ ഉദ്യോഗസ്ഥരോട് ബല്‍റാം ഭാര്‍ഗവ് അറിയിച്ചു. ജൂലൈ ഏഴിന് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ സ്വാതന്ത്രദിനമായ ആഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതിനുമുമ്പ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചുറപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് ഐസിഎംആര്‍ മുന്നോട്ടുപോകുന്നത്.

Fourth River (നാലാം നദി)ഡിജിറ്റല്‍ റിലീസായി

എഎസ്സ് ദിനേശ്-
ഡ്രീംവെസ്റ്റ് ഗ്ലോബലിന്റെ ബാനറില്‍ ജോണ്‍സണ്‍ തങ്കച്ചനും ഉൃ.ജോര്‍ജ്ജ് വര്‍ക്കിയും നിര്‍മിച്ചു ആര്‍ കെ ഡ്രീം വെസ്റ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്ത Fourth River (നാലാം നദി ) എന്ന ആദ്യ മലയാളചിത്രം ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 28ന് digital റിലീസായി.
മാറിയ സാഹചര്യത്തില്‍ പൂര്‍ണമായും ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്ന ആദ്യ മലയാള സിനിമകളില്‍ ഒന്നാണ് Fourth River (നാലാം നദി). അടിച്ചമര്‍ത്തലിന്റെയും അടിമത്വത്തിന്റെയും കഷ്ടപ്പാട് നിറഞ്ഞ തോട്ടം തൊഴിലാളികളുടെ ജീവിതത്തിലേക്ക് ആദ്യം കമ്മ്യൂണിസവും പിന്നീട് നക്‌സലിസവും കടന്നു വരുന്നതും അത് അവരുടെ ജീവിതത്തിലേല്പിക്കുന്ന മാറ്റങ്ങളും ചില യഥാര്‍ത്ഥ സംഭവങ്ങളുടെ വിദൂരപശ്ചാത്തലത്തില്‍ പറയുകയാണ് Fourth River (നാലാം നദി ) ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങള്‍ അടുത്തിടെ പൊന്മുടിയിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ഒട്ടേറെ കഥാപാത്രങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ദിപുല്‍, മാത്യു, നീതു ചന്ദ്രന്‍, ബൈജു ബാല, രാഹുല്‍ കൃഷ്ണ, മോഹന്‍ ഒല്ലൂര്‍, ശബരി വിശ്വം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിതിന്‍ കെ രാജ് നിര്‍വഹിച്ചിരിക്കുന്നു. റീഥ്വിക് ചന്ദ് ആണ് സംഗീതസംവിധാനം
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖറും വിനായക് ശശികുമാറും സന്ധൂപ് നാരായണനും രചിച്ച മനോഹരമായ നാലു ഗാനങ്ങള്‍ക്ക് സിതാര കൃഷ്ണകുമാര്‍, ആന്‍ ആമി, റീഥ്വിക് എന്നിവര്‍ ചേര്‍ന്ന് ഈണം പകര്‍ന്നിരിക്കുന്നു.
ഡിജിറ്റല്‍ ഛഠഠ പ്ലാറ്റ്‌ഫോമിന്റെ അനന്ത സാധ്യതകളിലേക്ക് തയ്യാറെടുക്കുന്ന ആദ്യ സിനിമ എന്ന നിലയില്‍ ‘ഫോര്‍ത്ത് റിവര്‍’ മലയാള സിനിമ രംഗത്ത് ഏറേ ശ്രദ്ധേയമാവുകയാണ്. ആമസോണില്‍ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രവും Fourth River ആണ്.

പതിനൊന്ന് ആഴ്ചകള്‍ക്കുള്ളില്‍ ജിയോയില്‍ എത്തിയത് 1,17,588.45 കോടി

രാംനാഥ് ചാവ്‌ല-
മുംബൈ: പതിനൊന്ന് ആഴ്ചകള്‍ക്കുള്ളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ ബിസിനസ്സ് പ്ലാറ്റ്‌ഫോമായ ജിയോ ആഗോള നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത് 1,17,588.45 കോടി രൂപ. ഫേസ്ബുക്ക്, പിഐഎഫ്, സില്‍വര്‍ ലേക്ക് പാര്‍ട്ണര്‍മാര്‍, വിസ്ത ഇക്വിറ്റി, മുബഡാല, എഐഡിഎ, ടിപിജി, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, എല്‍ കാറ്റര്‍ട്ടണ്‍, ഇന്റല്‍ എന്നീ കമ്പനികളാണ് നേരത്തെ ജിയോയില്‍ നിക്ഷേപമിറക്കിയത്. ഇതില്‍ സില്‍വര്‍ ലേക്ക് രണ്ടു തവണായാണ് ജിയോ ഓഹരികള്‍ വാങ്ങിയത്. രണ്ടു നിക്ഷേപങ്ങളിലൂടെ സില്‍വര്‍ ലേക്കിന്റെ ജിയോയിലുള്ള മൊത്തം ഓഹരി 2.08 ശതമാണ്. ഇന്റല്‍ ജിയോയില്‍ നിക്ഷേപമിറക്കിയിരിക്കുന്നത് 0.39 ശതമാനം ഓഹരികളാണ്. ഇതിനായി ഇന്റല്‍ 1894.50 കോടി രൂപയാണ് നിക്ഷേപിച്ചിക്കുന്നത്. ഇതോടെ പതിനൊന്ന് ആഴ്ചയ്ക്കുള്ളില്‍ ജിയോയിലുണ്ടാകുന്ന പന്ത്രണ്ടാമത്തെ നിക്ഷേപമാണിത്. 388 ദശലക്ഷത്തിലധികം വരിക്കാരുള്ളതും ഇന്ത്യയിലുടനീളം ഉയര്‍ന്ന നിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിന് ഊന്നല്‍ നല്‍കിയവയാണ് ജിയോ പ്ലാറ്റ്‌ഫോമുകള്‍. ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി, ക്ലൗഡ്, സ്മാര്‍ട്ട് ഉപകരണങ്ങള്‍, എഡ്ജ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആഗ്മെന്റഡ് ആന്‍ഡ് മിക്‌സഡ് റിയാലിറ്റി, ബ്ലോക്ക്‌ചെയിന്‍ എന്നിവയില്‍ വ്യാപിച്ചുകിടക്കുന്നതാണ് ജിയോ പ്ലാറ്റ്‌ഫോമുകള്‍. ചെറുകിട വ്യാപാരികള്‍, മൈക്രോ ബിസിനസുകള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെ രാജ്യത്തുടനീളമുള്ള 1.3 ബില്യണ്‍ ആളുകള്‍ക്കും ബിസിനസുകള്‍ക്കുമായി ഒരു ഡിജിറ്റല്‍ ഇന്ത്യയെ പ്രാപ്തമാക്കുക എന്നതാണ് ജിയോ പ്ലാറ്റ്‌ഫോമുകളുടെ പ്രധാന ലക്ഷ്യം.

വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ ചികിത്സ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അപകടമുണ്ടായ ആദ്യ മണിക്കൂറുകളിലെ തന്നെ ചികിത്സകളുള്‍പ്പെടെയുള്ള ചെലവുകളാകും പദ്ധതി പ്രകാരം സൗജന്യമാക്കുക. അപകടം നടന്നതുമുതലുള്ള ആദ്യ മണിക്കൂറുകള്‍ അപകടത്തില്‍ പെട്ടയാളുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള നിര്‍ണായക സമയമാണ്. ഈ സമയത്ത് മികച്ച ചികിത്സ ലഭിച്ചാല്‍ റോഡപകടങ്ങളിലെ മരണനിരക്ക് ഗണ്യമായി കുറയുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയം പദ്ധതിയുടെ കരട് തയ്യാറാക്കിക്കഴിഞ്ഞു. അപകടത്തില്‍ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപയുടെ വരെയുള്ള ചികിത്സ സൗജന്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയെയാണ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സിയായി നിയമിക്കുക. ‘പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന’ അഥവാ ‘ആയുഷ്മാന്‍ ഭാരതി’ന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക. നിലവില്‍ രാജ്യത്തെ 21,000 ഓളം സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരതിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയിലൂടെയാകും പദ്ധതി നടപ്പിലാക്കുക.
നിലവില്‍ രാജ്യത്ത് ഒരുവര്‍ഷം 1,50,000 ആളുകള്‍ റോഡപകടങ്ങളില്‍ മരിക്കുന്നുവെന്നാണ് കണക്കുകള്‍. ഒരുദിവസം രാജ്യത്ത് 1,200 റോഡ് അപകടങ്ങള്‍ നടക്കുന്നുണ്ടെന്നും അപകടങ്ങള്‍ മൂലം ദിനംപ്രതി 400 പേരോളം മരിക്കുന്നുവെന്നുമാണ് ഏകദേശ കണക്കുകള്‍. വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളിലും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഇതുവഴി ചികിത്സ പണച്ചെലവില്ലാതെ ലഭ്യമാക്കാനാകും.

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

ഫിദ-
തിരു: കോവിഡ് കാലത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓര്‍ഡിനറി ബസില്‍ മിനിമം ചാര്‍ജ് 8 രൂപയായി തുടരും. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ഗതാഗത വകുപ്പ് നല്‍കിയ ശുപാര്‍ശയിലാണ് മന്ത്രിസഭ തീരുമാനം. വൈകാതെ നിരക്ക് വര്‍ദ്ധന നിലവില്‍ വരും. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍നിന്ന് രണ്ടരയായി കുറക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 90 പൈസയായി വര്‍ധിച്ചേക്കും. മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 10 രൂപയാക്കണമെന്നായിരുന്നു രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും ആക്കണമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഇതു രണ്ടും പരിശോധിച്ചശേഷം 25 % വര്‍ധനയാണ് ഗതാഗതവകുപ്പ് ശുപാര്‍ശ ചെയ്തത്. ബസ് ചാര്‍ജിലെ മാറ്റങ്ങള്‍ ഗതാഗത മന്ത്രി ഔദേ്യാഗികമായി പ്രഖ്യാപിക്കും.

 

ഒമര്‍ ലുലുവിന്റെ ആക്ഷന്‍ ചിത്രത്തില്‍ ബാബു ആന്റെണി നായകന്‍

എഎസ് ദിനേശ്-
യൗവനത്തിന്റെയും ക്യാംപസുകളുടെയും ആവേശ കഥകള്‍ പറഞ്ഞ സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ആക്ഷന്‍ ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’.
ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഈ ചിത്രത്തില്‍ തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷന്‍ കിംങായി തിളങ്ങിയ ബാബു ആന്റണി നായകനാവുന്നു.
തന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച ബാബു ആന്റണി, ഒരു ഇടവേളക്കു ശേഷം ‘പവര്‍ സ്റ്റാര്‍’ എന്ന ഒരു പക്ക മാസ്സ് ചിത്രത്തിലൂടെ നായകനായി പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ തിരിച്ചെത്തുകയാണ്.
വെര്‍ച്ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ എന്നീ പ്രശസ്തരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു.
നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ് ലൈനുമായിട്ട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫ് എഴുതുന്നു. ‘വളരെ റിയലിസ്റ്റിക്കായി എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കും ‘പവര്‍ സ്റ്റാര്‍’ എന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.
ഒമര്‍ ലുലുവിന്റെയും ബാബു ആന്റെണിയുടെയും കരിയറിലെയും ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ പവര്‍സ്റ്റാറില്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും ഹൈലൈറ്റ്. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന പവര്‍സ്റ്റാര്‍ ഒരേ സമയം മലയാളത്തിലും കന്നടയിലും നിര്‍മ്മിക്കുന്നു.
പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംങ് ഒക്ടോബറില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുന്ന മുറക്ക് തുടങ്ങുവാനുളള ഒരുക്കത്തിലാണ്.