Month: July 2020

കേരള ജൂഡിഷ്യല്‍ സര്‍വ്വീസ് പരീക്ഷ 2020 അപേക്ഷ ക്ഷണിച്ചു

ഗായത്രി-
തിരു: 2020 ലെ കേരള ജൂഡിഷ്യല്‍ സര്‍വ്വീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഹൈക്കോടതിയുടെ വെബ്‌സൈറ്റ് വഴി വിവിധ ഘട്ടങ്ങളായി അപേക്ഷിക്കാം. ആദ്യഘട്ട അപേക്ഷ ജൂലൈ 22 നകം പൂര്‍ത്തിയാക്കും. ആകെ 54 ഒഴിവുകളാണ് ഉുള്ളത്. ഇതില്‍ 47 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ് നടക്കുക. 2020 ജനുവരരി ഒന്നിന് 35 വയസ് പൂര്‍ത്തിയാകാത്ത നിയമ ബിരുദധാരികള്‍ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം. രണ്ട് ഘട്ടമായുള്ള പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. 200 മാര്‍ക്കിനുള്ള പ്രിലിമിനറി പരീക്ഷയില്‍ 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. പ്രധാന പരീക്ഷക്ക് 100 മാര്‍ക്ക് വീതമുള്ള നാല് പേപ്പര്‍ ഉണ്ടായിരിക്കും. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ സമയം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള ജൂഡീഷ്യല്‍ അക്കാദമിയുടെ പരീശീലനവുമുണ്ടാകും. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെയാണ് പരിശീലനം.

പുതുതായി ചിത്രീകരണമാരംഭിച്ച സിനിമകള്‍ക്ക് വിലക്ക്

എംഎം കമ്മത്ത്-
കൊച്ചി: പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകള്‍ക്ക് ഫിലിം ചേംബറിന്റെ വിലക്ക് ഏര്‍പ്പെടുത്തി. ലോക്ഡൗണിന് ശേഷം പുതിയതായി ചിത്രീകരണം ആരംഭിച്ച സമയത്തുതന്നെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അറുപതോളം സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായിരിന്നു. ഈ സാഹചര്യത്തിലാണ് പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്നതിന് ഫിലിം ചേംബര്‍ വിലക്കിയത്. ഇതേ കാരണത്താല്‍ തന്നെ പുതിയ ചിത്രങ്ങള്‍ തുടങ്ങുന്നതില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യം 2 അടക്കമുള്ള ചിത്രങ്ങള്‍ ഉടന്‍ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പുതിയ ചിത്രങ്ങള്‍ക്ക് ഫെഫ്ക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ പുതിയതായി ചിത്രീകരണം ആരംഭിച്ച ചിത്രങ്ങള്‍ക്ക് തീയറ്ററില്‍ പ്രദര്‍ശനം അനുവദിക്കില്ലെന്നും സംഘടന പറഞ്ഞു. ഇത് ലംഘിച്ച് സിനിമകള്‍ ആരംഭിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മാക്ടയിലെ അംഗങ്ങളെ സിനിമയുടെ ഭാഗമാക്കണമെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

ആരോഗ്യ സഞ്ജീവനി; ഇന്‍ഷുറന്‍സ് പോളിസി പരിധി ഉയര്‍ത്തി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ആരോഗ്യ സഞ്ജീവനി പോളിസിയുടെ മാനദണ്ഡങ്ങളില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. അടിസ്ഥാന ചികില്‍സകള്‍ക്ക് സഹായം ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയായ ആരോഗ്യ സഞ്ജീവനിയില്‍ ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയായിരിക്കണമെന്ന വ്യവസ്ഥയാണ് മാറ്റിയത്. ഒരു ലക്ഷത്തില്‍ത്താഴെ തുകയ്ക്കും 5 ലക്ഷത്തിനുമേല്‍ തുകയ്ക്കും ഇനി ഈ പോളിസിയില്‍ ഇന്‍ഷുറന്‍സ് നല്‍കാം. 50000ന്റെ ഗുണിതങ്ങളായിരിക്കണം സം ഇന്‍ഷ്വേര്‍ഡ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇപ്പോള്‍ മുതല്‍ പരിഷ്‌കരിച്ച പോളിസികള്‍ പുറത്തിറക്കാമെന്ന് ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി (ഐആര്‍ഡിഎ) അറിയിച്ചു.

ഇന്ധന വില വര്‍ധന; ജൂലൈ 10ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

ഗായത്രി-
കൊച്ചി: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ജൂലൈ 10ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. കേരളാ സ്‌റ്റേറ്റ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജൂലൈ പത്തിന് സംസ്ഥാനവ്യാപകമായി രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് പണിമുടക്ക്. ഇന്ധന വില വര്‍ധനവ് തടയുക, ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുക എന്നതാണ് സംയുക്ത സമര സമിതിയുടെ പ്രധാന ആവശ്യങ്ങള്‍.
സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരളാ സ്‌റ്റേറ്റ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.

‘ബേജ്‌ദോ’ ആപ്പുമായി ഒരു മിടുക്കന്‍

എംഎം കമ്മത്ത്-
കൊച്ചി: എക്‌സെന്‍ഡര്‍, ഷെയര്‍ഇറ്റ് എന്നീ ആപ്പുകള്‍ക്ക് ബദലായി ബേജ്‌ദോ എന്ന പുതിയ ആപ്ലിക്കേഷനുമായി ഒരു മിടുക്കന്‍. അമൃതപുരിയിലെ അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി അശ്വിന്‍ ഷെണായിയാണ് കേന്ദ്ര സര്‍ക്കാരിന്റെ 59 ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധിച്ചതിനെത്തുടര്‍ന്ന് പുതിയ ഡാറ്റ ട്രാന്‍സ്‌ഫെറിങ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. എക്‌സെന്‍ഡര്‍, ഷെയര്‍ഇറ്റ് എന്നിവ പോലെ ഉപകരണങ്ങള്‍ക്കിടയില്‍ ഫയലുകള്‍ കൈമാറുന്നതിനുള്ള ക്രോസ്പ്ലാറ്റ്‌ഫോം ട്രാന്‍സ്മിഷന് ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകള്‍വളരെ കുറവാണ്. ഹോട്‌സ്‌പോട്ടിന്റെ സഹായത്തോടെ നിഷ്പ്രയാസം ഫയലുകള്‍ കൈമാറിയിരുന്ന ആപ്ലിക്കേഷനുകളാണിവ. എന്നാല്‍, ഇടയ്ക്ക് ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെടുന്നതും ഇരു ഉപകരണങ്ങളിലും ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം എന്നതും പ്രയാസകരമായിരുന്നു. മാത്രമല്ല ഫയല്‍ കൈമാറ്റത്തിനായി ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്തിരിക്കേണ്ടതും ആവശ്യമായിരുന്നു. ഈ ആപ്ലിക്കേഷനുകള്‍ ഫയലുകള്‍, കോണ്‍ടാക്റ്റുകള്‍, ലൊക്കേഷന്‍ മുതലായവയിലേക്ക് പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെടുന്നതിനാല്‍, സ്വകാര്യതയെക്കുറിച്ചുള്ള ചില ആശങ്കകളും ഇവ ഉയര്‍ത്തിയിരുന്നു. കൂടാതെ ആളുകള്‍ അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് നിരോധിത ആപ്ലിക്കേഷനുകളുടെ എപികെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനാല്‍ ഇത് വളരെ ഗുരുതരമാണ്. ഈ ആപ്ലിക്കേഷനുകളില്‍ ചിലത് ഹാക്കര്‍മാര്‍ക്ക് ഗുണം ചെയ്യാറുണ്ട്. അശ്വിന്‍ വികസിപ്പിച്ചെടുത്ത പുതിയ ബേജ്‌ദോ ആപ്പ് വ്യത്യസ്തമാകുന്നത് ഇവിടെയാണ്. അപ്ലിക്കേഷന്‍ ഇന്‍സ്റ്റാളുചെയ്യാനോ പ്രത്യേക വൈഫൈ ഹോട്ട്‌സ്‌പോട്ട് കണക്ട് ചെയ്യാനോ ഉപയോക്താക്കളോട് ആവശ്യപ്പെടാതെ, ഉപകരണങ്ങള്‍ക്കിടയില്‍ നേരിട്ട് ഫയലുകള്‍ കൈമാറാന്‍ അനുവദിക്കുന്ന ലളിതവും വേഗതയേറിയതും സുരക്ഷിതവുമായ വെബ് അപ്ലിക്കേഷനാണ് ബേജ്‌ദോ. ബേജ്‌ദോ ഉപയോഗിച്ച് ഫയലുകള്‍ കൈമാറുന്നത് വളരെ ലളിതമാണ്. ഇതിന് ഒരേ ഒരു നിബന്ധന മാത്രമേയുള്ളൂ ഉപകരണങ്ങള്‍ ഒരേ നെറ്റ്വര്‍ക്കില്‍ ആയിരിക്കണം. രണ്ട് ഉപകരണങ്ങളും ഒരേ നെറ്റ്വര്‍ക്കില്‍ (അല്ലെങ്കില്‍ ഹോട്ട്‌സ്‌പോട്ട്) എത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് bayjdo.com ലേക്ക് പോകാം, അല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രസ്സിവ് വെബ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. തുടര്‍ന്ന് രണ്ട് ഉപകരണങ്ങള്‍ക്കും ഒരു ഐഡിയും ക്യുആര്‍ കോഡും ലഭിക്കുന്നതാണ്. ആരെങ്കിലും ഒരാള്‍ ക്യുആര്‍ കോഡ് മറ്റൊന്നില്‍ സ്‌കാന്‍ ചെയ്ത് കണക്റ്റുചെയ്തുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഫയല്‍ കൈമാറാവുന്നതാണ്.
ഉപയോക്താവിന് തന്റെ ഉപകരണത്തില്‍ നിന്ന് ഫയലുകള്‍ തിരഞ്ഞെടുക്കാനും പരസ്പരം എളുപ്പത്തിലും വേഗത്തിലും എന്‍ക്രിപ്റ്റു ചെയ്ത ഫയലുകള്‍ അയയ്ക്കാനും കഴിയും. ഗൂഗിള്‍ അവതരിപ്പിച്ച വെബ്ആര്‍ടിസി സാങ്കേതികവിദ്യയാണ് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത പിയര്‍ ടു പിയര്‍ ഫയല്‍ കൈമാറ്റം ചെയ്യാനായി ബേജ്‌ദോ ഉപയോഗിക്കുന്നത്.
ഇപ്പോള്‍ ഗൂഗിള്‍ മീറ്റ് ഉള്‍പ്പെടെയുള്ള വീഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷനുകളില്‍ ഇത് ലഭ്യമാണ്. ഒരു ആപ്ലിക്കേഷന്‍ ആവശ്യമില്ലാതെ തന്നെ ഉപകരണങ്ങളിലും ഹോം സ്‌ക്രീനുകളിലും ഓഫ്‌ലൈനില്‍ പ്രവര്‍ത്തിക്കാനും കഴിയുന്ന ഒരു പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷനാണ് (പി ഡബ്ല്യു എ) ബേജ്‌ദോ. അതിനാല്‍ ഒരു ആപ്ലിക്കേഷന്‍ സ്‌റ്റോര്‍ ആവശ്യമില്ലാതെ ബ്രൗസറിനുള്ളില്‍ തന്നെ ഇത് കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നതിനും ഇതിന് കഴിയും. കൂടാതെ, പൈറേറ്റഡ് അപ്ലിക്കേഷനുകള്‍ തടയുന്നതിനും ഇത് സഹായിക്കുന്നു. താമസിയാതെ, വെബ്‌ടോറന്റ് പി 2 പി സ്ട്രീമിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഉപയോക്താവില്‍നിന്ന് നിരവധി മള്‍ട്ടിയൂസര്‍ ഡാറ്റട്രാന്‍സ്ഫറുകളെയും ബേജ്‌ദോ പിന്തുണയ്ക്കും.
ഓപ്പണ്‍ സോഴ്‌സും കമ്മ്യൂണിറ്റി ഉടമസ്ഥതയിലുള്ളതും ആയതിനാല്‍ ബാഗുകള്‍ അല്ലെങ്കില്‍ കേടുപാടുകള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും ആശയങ്ങള്‍ നേടുന്നതിനും സവിശേഷതകള്‍ നടപ്പിലാക്കുന്നതിനും ഇത് സഹായിക്കും. സോഴ്‌സ് കോഡ് ഓപ്പണ്‍ സോഴ്‌സും പൊതുവായി അവലോകനം ചെയ്യാവുന്നതുമായതിനാല്‍ അത് സുതാര്യത ഉറപ്പുവരുത്തുന്നു. ഇവയെല്ലാം ബേജ്‌ദോയെ യഥാര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ ആപ്പ് ആക്കി മാറ്റുന്നു ജനങ്ങള്‍ക്കായി അവര്‍ തന്നെ നിര്‍മ്മിച്ച ഒരു ആപ്ലിക്കേഷന്‍’ എന്നാണ് അശ്വിന്‍ ബേജ്‌ദോയെ കുറിച്ച് പറയുന്നത്.

 

കോവിഡ്; പ്രവാസികള്‍ക്ക് തൊഴില്‍ ഭീഷണി

അളക ഖാനം-
ദുബായ്: കോവിഡ് 19 സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസികളില്‍ ഭൂരിഭാഗം പേരും തൊഴില്‍ ഭീഷണി നേരിടുന്നതായി പഠനം. പ്രവാസി മലയാളികളില്‍ 65 ശതമാനം പേരും തൊഴില്‍ ഭീഷണി നേരിടുന്നതായാണ് അറിയാന്‍ സാധിച്ചത്. 13.50 ശതമാനം പേര്‍ക്ക് ഇതിനികം ജോലി നഷ്ടപ്പെട്ടു. 26.02 ശതമാനത്തോളം പേര്‍ തൊഴില്‍ നഷ്ടപ്പെടലിന്റെ വക്കിലാണ്. 18.44 ശതമാനം പേര്‍ക്ക് ശമ്പളം വെട്ടിക്കുറച്ചു. 7.32 ശതമാനം പേര്‍ക്ക് ശമ്പളവുമില്ല. പ്രമുഖ മാഗസിന്‍ പ്രവാസി രിസാല ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി വ്യത്യസ്ത തൊഴില്‍, ബിസിനസ് സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 7223 പേരിലാണ് സര്‍വേ നടത്തിയത്. പ്രവാസികളില്‍ 65.54 ശതമാനം പേര്‍ക്കും നാട്ടിലെത്തിയാല്‍ ജോലിയോ മറ്റു സംരംഭങ്ങളോ ഇല്ല. നാട്ടിലെത്തിയാല്‍ അതിജീവനത്തിന് വായ്പ ഉള്‍പെടെയുള്ള സാമ്പത്തിക സഹായം കാത്തിരിക്കുന്നവര്‍ 56.12 ശതമാനമുണ്ട്. പ്രവാസികളില്‍ 20.98 ശതമാനം പേര്‍ക്ക് സ്വന്തമായി വീടോ ഭൂമിയോ ഇല്ല എന്നും സര്‍വേ വെളിപ്പെടുത്തുന്നു. ഭൂരിഭാഗം പ്രവാസികളും മക്കളുടെയോ ആശ്രിതരുടെയോ വീട്, വിവാഹം, വിദ്യാഭ്യാസം പോലുള്ള ബാധ്യതകള്‍ ഉള്ളവരാണ്. ഗള്‍ഫില്‍ മെച്ചപ്പെട്ട അവസ്ഥയില്‍ കുടുംബ സമേതം ജീവിക്കുന്നവര്‍ 15.79 ശതമാനം പേര്‍ മാത്രം. സര്‍വേയില്‍ പങ്കെടുത്തവരില്‍ 67.06 ശതമാനം പേരും 26-40 നുമിടയില്‍ പ്രായമുള്ളവരാണ്. 27.10 ശതമാനം പേര്‍ 41നും 60നുമിടയിലുള്ളവരും 5.85 ശതമാനം പേര്‍ 18-25 പ്രായത്തിലുള്ളവരാണ്. കോവിഡ് വ്യാപന സാഹചര്യം ചെറുതും വലുതുമായ തോതില്‍ മാനസികാഘാതം സൃഷ്ടിച്ചു എന്നഭിപ്രായപ്പെടുന്നത് 65 ശതമാനം പേരുമാണ്.

സിലബസ് വെട്ടിക്കുറക്കും : സിബിഎസ്ഇ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: വിവിധ ക്ലാസുകളിലെ സിലബസുകള്‍ വെട്ടിക്കുറക്കുവാന്‍ സിബിഎസ്ഇ ആലോചിക്കുന്നു. കോവിഡ് പ്രതിസന്ധി മൂലം അധ്യയന ദിവസങ്ങള്‍ കുറഞ്ഞത് പരിഗണിച്ചാണ് ഈ നീക്കം. സിലബസില്‍ 25 മുതല്‍ 33 വരെ ശതമാനം കുറവു വരുത്താനാണ് ആലോചന. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പുതുക്കിയ സിലബസ് ഉടനെ പ്രസിദ്ധപ്പെടുത്തിയേക്കും. 2021ലെ പരീക്ഷകള്‍ പുതുക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാവും നടത്തുകയെന്ന് സിബിഎസ്ഇ ചെയര്‍മാന്‍ മനോജ് അഹൂജ പറഞ്ഞു.
സംസ്ഥാന സിലബസുകളിലും മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. കേരള സിലബസിന്റെ കാര്യത്തില്‍ ഈ ആഴ്ച തീരുമാനം എടുക്കും. എന്‍സിആര്‍ടിഇ പ്രൈമറി ക്ലാസുകളില്‍ സ്‌കൂള്‍ അധ്യയന ദിവസങ്ങളുടെ കുറവ് വീട്ടിലെ പഠനം കൂടി ഉള്‍പ്പെടുത്തി പരിഹരിക്കാനുള്ള മാര്‍ഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

‘സൈക്കിള്‍ പെണ്‍കുട്ടി’യുടെ ജീവിതം സിനിമയാകുന്നു

എംഎം കമ്മത്ത്-
‘സൈക്കിള്‍ പെണ്‍കുട്ടി’ എന്നറിയപ്പെടുന്ന ബിഹാറിലെ ഗുരുഗ്രാമില്‍ താമസക്കാരിയായ പതിനഞ്ഞുകാരി ജേ്യാതി കുമാരിയുടെ ജീവിതം സിനിമയാകുന്നു. ‘ആത്മനിര്‍ഭര്‍’ എന്ന പേരട്ടിരിക്കുന്ന ചിത്രം ഷൈന്‍ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. WEMAKEFILMZ ന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് മലയാളി സുഹൃത്തുക്കളായ മിറാജ്, ഫൈറോസ്, സജിത്, ഷൈന്‍ കൃഷ്ണ എന്നിവരുടെ കൂട്ടായ്മയാണ്. ഹിന്ദി, മൈഥിലി, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളില്‍ ചിത്രം നിര്‍മ്മിച്ച് മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുകയും കൂടാതെ 20 ഭാഷകളില്‍ സബ്‌ടൈറ്റില്‍ ചെയ്യാനുമാണ് WEMAKEFILMZ ന്റെ തീരുമാനം.
പതിനഞ്ഞുകാരി ജേ്യാതി കുമാരി അപകടത്തില്‍ കാലിന് പരിക്കേറ്റ് കിടപ്പായിരുന്ന ഇ-സൈക്കിള്‍റിക്ഷ ഡ്രൈവറായ തന്റെ അച്ഛനെ, കോവിഡ്-19 ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ ഹരിയാനയിലെ ഗുര്‍ഗാവില്‍ നിന്ന് സ്വന്തം നാടായ ബീഹാറിലെ ദര്‍ബംഗയിലേക്ക് 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി എത്തിച്ച സംഭവമാണ് സിനിമക്ക് പ്രചോദനമായതെന്ന് സംവിധായകന്‍ ഷൈന്‍ കൃഷ്ണ ബിസ്‌ന്യൂസ് ഇന്ത്യയോട് പറഞ്ഞു.
ബോളിവുഡ് നടന്‍ സഞ്ജയ് മിശ്രയാണ ജേ്യാതിയുടെ പിതാവായ മോഹന്‍ പാസ്വാന്റെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജ്യോതി തന്നെയായിരിക്കും ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക.

മറ്റ് അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ആഗസ്റ്റില്‍ ആത്മനിര്‍ഭറിന്റെ ചിത്രീകരണം ആരംഭിക്കാനുമാണ് തീരുമാനമെന്നും WEMAKEFILMZ അറിയിച്ചു. ഹരിയാന, യുപി, ബീഹാര്‍ സംസ്ഥാനങ്ങളിലാണ് ചിത്രീകരണം നടക്കുക.

 

സിനിമയിലെ വ്യാജ കാസ്റ്റിങ്ങ് കോളുകള്‍ക്കെതിരെ ഫെഫ്കയുടെ ഷോര്‍ട്ട് ഫിലിം

എഎസ്സ് ദിനേശ്-
കൊച്ചി:
സിനിമയിലെ വ്യാജ കാസ്റ്റിങ്ങ് കോളുകള്‍ക്കെതിരെ ഫെഫ്കയുടെ നിര്‍മ്മാണത്തില്‍, മോഹന്‍ലാലിന്റെ ശബ്ദ സാന്നിധ്യത്തില്‍, അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും സംവിധാനവും ചെയ്യുന്ന ഷോര്‍ട്ട് ഫിലിം ഫെഫ്കയുടെ യൂ ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.
വ്യാജ ഓഡിഷനില്‍ പങ്കെടുക്കുന്ന അന്ന ബെന്‍ തനിക്കെതിരായ ശാരീരിക അതിക്രമത്തിനെതിരെ പ്രതികരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്‍ ഡിസൈന്‍ ചെയ്ത പ്രൊജക്ടിന്റെ ആശയം, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ രാജ്.

‘വെള്ളം’ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി

എഎസ് ദിനേശ്-
ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം വീണ്ടും ജയസൂര്യയെ നായകനാക്കി ജി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വെള്ളം’ എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് റിലീസായി. ഫ്രണ്ട്‌ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍,യദു കൃഷ്ണ,രഞ്ജിത് മണബ്രക്കാട്ട്എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍ നായികയാവുന്നു.ജയസൂര്യ നായകനാകുന്ന ‘വെള്ളം ‘ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
നിതീഷ് നടേരിയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്കിയ ‘പുലരിയില്‍ അച്ഛന്റെ’ ഗാനമാണ് അകക്കണ്ണിന്റെ വെളിച്ചത്തില്‍ മാത്രം ലോകം കാണുന്ന അനന്യ എന്ന കൊച്ചു മിടുക്കി ആലപിച്ചിരിക്കുന്നത്.
കുറച്ച് നാള്‍മുന്‍പ് കണ്ണൂരിലെ സ്‌കൂള്‍ ബഞ്ചില്‍ കൂട്ടുകാര്‍ക്കിടയിലിരുന്ന് അനന്യ പാടിയ പാട്ട് ആസ്വാദകരെല്ലാം ഏറ്റെടുത്തിരുന്നു.
ഇത് സിനിമയിലേക്കും അനന്യക്ക് വഴി തുറന്നു. അഞ്ചാം ക്ലാസുകാരി അനന്യ ധര്‍മ്മശാല ബ്ലൈന്റ് സ്‌കൂളില്‍ പഠിക്കുന്നു.
സിദ്ദിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി,വെട്ടുക്കിളി പ്രകാശന്‍,നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍,ബാബു അന്നൂര്‍,മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍,ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മിഎന്നിവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.
റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, നിധേഷ് നടേരി,ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍ – ബിജിത്ത് ബാല.
പ്രൊജക്റ്റ് ഡിസൈന്‍ – ബാദുഷ,കോ പ്രൊഡ്യൂസര്‍ബിജു തോരണത്തേല്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍സുധര്‍മ്മന്‍ വള്ളിക്കുന്ന്, കല – അജയന്‍ മങ്ങാട്, മേക്കപ്പ് – ലിബിസണ്‍ മോഹനന്‍, കിരണ്‍ രാജ്, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്‌ലിബിസണ്‍ ഗോപി, പരസ്യകല – തമീര്‍ ഓകെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഗിരീഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍ – ജിബിന്‍ ജോണ്‍, സ്‌ക്രിപ്റ്റ് അസോസിയേറ്റ്‌സ് – വിജേഷ് വിശ്വം, ഷംസുദ്ദീന്‍ കുട്ടോത്ത്, ജയറാം സ്വാമി, പ്രൊഡക്ഷന്‍ മാനേജര്‍ – അഭിലാഷ്, വിതരണം – സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്. പി.ആര്‍.ഒ – എ എസ് ദിനേശ്.