ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ ആഗസ്റ്റ് 15ന് വിപണിയിലെത്തും: ഐസിഎംആര്‍

ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ ആഗസ്റ്റ് 15ന് വിപണിയിലെത്തും: ഐസിഎംആര്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ആഗസ്റ്റ് 15നകം കോവിഡിനെതിരായ വാക്‌സിന്‍ വിപണിയിലെത്തക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഹൈദരാബാദിലുള്ള ഭാരത് ബയോടെകുമായി സഹകരിച്ചാണ് മരുന്ന് ലഭ്യമാക്കുന്നത്. ആഗസ്റ്റ് 15നകം മരുന്ന് ലഭ്യമാക്കണമെന്ന് ഭാരത് ബയോടെകിനോട് ആവശ്യപ്പെട്ടതായി ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
എല്ലാ ഗുണനിലവാര പരിശോധനകള്‍ക്കും ശേഷമായിരിക്കും മരുന്ന് ലഭ്യമാക്കുകയെന്നും അതിനായി 12 ഓളം കേന്ദ്രങ്ങളെ തെരഞ്ഞെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വാക്‌സിനാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റേത്. ഇതിന്റെ ഓരോ ഘട്ടവും കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയത്.
ഐസിഎംആറിന്റെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുള്ള സാര്‍സ് കോവ്2 വൈറസിന്റെ സാമ്ബിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്‌സിന് കോവാക്‌സിന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുമതികള്‍ വേഗത്തിലാക്കണമെന്നും ഐസിഎംആറിലെ ഉദ്യോഗസ്ഥരോട് ബല്‍റാം ഭാര്‍ഗവ് അറിയിച്ചു. ജൂലൈ ഏഴിന് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ സ്വാതന്ത്രദിനമായ ആഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതിനുമുമ്പ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചുറപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് ഐസിഎംആര്‍ മുന്നോട്ടുപോകുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES