Month: November 2019

ഒരു ഞായറാഴ്ച നവംബര്‍ 29 ന്

അജയ്തുണ്ടത്തില്‍-
ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശ്യാമപ്രസാദ് കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച് ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മ്മിച്ച ”ഒരു ഞായറാഴ്ച” നവംബര്‍ 29ന് എത്തുന്നു. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംവിധായകന്‍, മികച്ച എഡിറ്റര്‍, മികച്ച രണ്ടാമത്തെ ചിത്രം തുടങ്ങി മൂന്ന് അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു. മികച്ച സംവിധായകനുള്ള അഞ്ചാമത്തെ സംസ്ഥാന അവാര്‍ഡാണ് ഒരു ഞായറാഴ്ചയിലൂടെ ശ്യാമപ്രസാദ് സ്വന്തമാക്കിയത്. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌ക്കാരം നേടിയത് അരവിന്ദ് മന്‍മഥനാണ്.
സ്ത്രീ പുരുഷ ബന്ധത്തിനകത്തെ ബലാബലങ്ങള്‍, സമത്വം, ലൈംഗികത, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങള്‍ രണ്ടു കാമുകീ കാമുകന്മാരിലൂടെ (ഒരു ഞായറാഴ്ച ദിനത്തില്‍ നടക്കുന്നത്) സമാന്തരമായി ചിത്രം പറയുന്നു.
ഡോ. സതീഷ് കുമാര്‍, മുരളിചന്ദ്, രമേഷ് വര്‍മ്മ, സാലിവര്‍മ്മ, മേഘ തോമസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാനര്‍ – ചന്ദ് ക്രിയേഷന്‍സ്, കഥ, തിരക്കഥ, സംവിധാനം – ശ്യാമപ്രസാദ്, നിര്‍മ്മാണം – ജെ. ശരത്ചന്ദ്രന്‍ നായര്‍, ഛായാഗ്രഹണം – മനോജ് നാരായണന്‍, എഡിറ്റിംഗ് – അരവിന്ദ് മന്‍മഥന്‍, ഗാനരചന – നേഹാ നായര്‍, സംഗീതം – ശ്യാമപ്രസാദ്, ആലാപനം – ശിവകാമി ശ്യാമപ്രസാദ്, ശബ്ദമിശ്രണം – സി.ആര്‍. ചന്ദ്രന്‍, ഫൈനല്‍ സൗണ്ട് മിക്‌സിംഗ് – എന്‍. ഹരികുമാര്‍, പ്രൊ: കണ്‍ട്രോളര്‍ – രാജീവ് കുടപ്പനക്കുന്ന്, കല – രാജന്‍ ആക്കുളം, കോസ്റ്റ്യും – തമ്പി ആര്യനാട്, സംവിധാന സഹായി – റിതിക് ബിജുചന്ദ്രന്‍, പിആര്‍ഓ – അജയ് തുണ്ടത്തില്‍.

പ്രതി പൂവന്‍കോഴിയില്‍ മഞ്ജു നായിക

ഫിദ-
മഞ്ജുവിനെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ റിലീസ് ചെയ്യതു. നടന്‍ മോഹന്‍ലാലാണ് പോസ്്റ്റര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് നോവലാണ് പ്രതി പൂവന്‍കോഴി. ഇതിന് ഒരു ചലച്ചിത്രാവിഷ്്ക്കാരവുമായി എത്തുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.
തീക്ഷണതയേറിയ ജ്വലിക്കുന്ന കണ്ണുകളുമായി നില്‍ക്കുന്ന മഞ്ജുവിനെ പോസ്റ്ററില്‍ കാണാം. ചിത്രത്തില്‍ മാധുരി എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. ഒരു വസ്ത്രശാലയിലെ സെയില്‍സ് ഗേള്‍ ആണ് മാധുരി. ഇവരുടെ ജീവതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്ന് പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഉണ്ണി ആര്‍ തന്നെയാണ്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും അഭിനയിക്കുന്നു. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: ഗോപി സുന്ദര്‍.

ആന്‍ഡ്രോയിഡ് ഫോണുകളുടെ ക്യാമറയില്‍ സുരക്ഷാ വീഴ്ച

വിഷ്ണു പ്രതാപ്-
ഗൂഗ്ള്‍, സാംസംഗ് ഫോണുകളിലെ ക്യാമറ ആപില്‍ സുരക്ഷാവീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഉപയോക്താകള്‍ അറിയാതെ തന്നെ ഹാക്കര്‍മാര്‍ക്ക് ക്യാമറ ആപ് ഉപയോഗിച്ച് അവരുടെ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്നുവെന്നാണ് പരാതി. സൈബര്‍സെക്യൂരിറ്റി സ്ഥാപനമായ ചെക്ക്മാര്‍ക്‌സാണ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയത്.
ക്യാമറ ആപിന് ഫോണില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഉപയോക്താവിന്റെ ലോക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആപിന് ലഭ്യമാവുന്നുണ്ട്. ഫോണുകളില്‍ സ്‌റ്റോര്‍ ചെയ്തിരിക്കുന്ന ഡാറ്റയിലേക്കുള്ള പ്രവേശനവും ഇതുവഴി സാധ്യമാകുന്നു. ഇതിന് പുറമേ ഗൂഗ്ള്‍ പിക്‌സല്‍ ഫോണുകളിലും സാംസങ് സ്മാര്‍ട്ട്‌ഫോണുകളിലും കാമറ ആപ് ഉപയോഗിച്ച് ഉപഭോക്താവിന്റെ സംഭാഷണങ്ങള്‍ വരെ ചോര്‍ത്താന്‍ കഴിയുമെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്.
ഗൂഗ്ള്‍ പിക്‌സല്‍ 2 എക്‌സ്.എല്‍, പിക്‌സല്‍ 3 എന്നിവയിലാണ് സുരക്ഷാ പിഴവ് കണ്ടെത്തിയത്. ഇതിന് ശേഷം പരിശോധിച്ച സാംസെഗ് ഫോണുകളിലും ഇതേ പ്രശ്‌നം കണ്ടെത്തുകയായിരുന്നു.

 

ഒരു വടക്കന്‍ പെണ്ണ് പൂര്‍ത്തിയായി

അജയ്തുണ്ടത്തില്‍-
മനുഷ്യസമൂഹം ഏറ്റവുമധികം ഭയക്കുന്ന മഹാവിപത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമാണ് ”ഒരു വടക്കന്‍ പെണ്ണ്”. തുളസി സുന്ദരിയാണ്. അവളുടെ ജീവിതയാത്രയില്‍, കടന്നുവരുന്ന മൂന്ന് പുരുഷ•ാര്‍ സൃഷ്ടിക്കുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം. ഒത്തിരി സ്‌നേഹിച്ച ഭര്‍ത്താവ് ചന്ദ്രന്‍, ആംബുലന്‍സ് ഡ്രൈവര്‍ ശിവന്‍, നിഷ്‌ക്കളങ്കയുവാവ് നന്ദന്‍ എന്നിവരാണവര്‍.
വിജയ് ബാബു, ഗാഥ, ശ്രീജിത്ത് രവി, ഇര്‍ഷാദ്, സോനനായര്‍, അജയഘോഷ്, അഞ്ജലി നായര്‍, ഐശ്വര്യ, നിന്‍സി സേവ്യര്‍, ആറ്റുകാല്‍ തമ്പി, മനീഷ ജയ്‌സിംഗ്, സുമേഷ് തച്ചനാടന്‍, രഞ്ജിത്ത് തോന്നയ്ക്കല്‍, അനില്‍ കൂവളശ്ശേരി, ശ്യാം ചാത്തന്നൂര്‍, വിനോദ് നമ്പൂതിരി ചങ്ങനാശ്ശേരി, മനു ചിറയിന്‍കീഴ്, ഷാജി തോന്നയ്ക്കല്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ബാനര്‍ – ജാംസ് ഫിലിം ഹൗസ്, രചന, സംവിധാനം – ഇര്‍ഷാദ് ഹമീദ്, നിര്‍മ്മാണം – റെമി റഹ്മാന്‍, ഛായാഗ്രഹണം – ഹാരിസ് അബ്ദുള്ള, ഗാനരചന – രാജീവ് ആലുങ്കല്‍, എസ്.എസ്. ബിജു, വിജയന്‍ വേളമാനൂര്‍, സംഗീതം – അജയ് സരിഗമ, ബിനു ചാത്തനൂര്‍, ആലാപനം – ജി. വേണുഗോപാല്‍, ജാസിഗിഫ്റ്റ്, സരിത രാജീവ്, അര്‍ച്ചന പ്രകാശ്, എഡിറ്റിംഗ് – ബാബുരാജ്,
കഥ – എല്‍. ശ്രീകാന്തന്‍, പ്രൊ: കണ്‍ട്രോളര്‍ – അജയഘോഷ് പരവൂര്‍, എന്‍.ആര്‍. ശിവന്‍, കല – ബാബു ആലപ്പുഴ, ചമയം – സലിം കടയ്ക്കല്‍, കോസ്റ്റ്യും – സുനില്‍ റഹ്മാന്‍, ഷിബു പരമേശ്വരന്‍, സ്റ്റില്‍സ് – ഷാലു പേയാട്, സന്തോഷ് വൈഡ് ആംഗിള്‍സ്, ക്രീയേറ്റീവ് ഡയറക്ടര്‍ – രാഹുല്‍ കൃഷ്ണ, സഹസംവിധാനം – സജിത്ത്‌ലാല്‍, സംവിധാന സഹായി – ജെയ്‌സ്, മിനി, ഡിസൈന്‍സ് – അനുജിത്ത് രാജശേഖരന്‍, പി.ആര്‍.ഓ – അജയ്തുണ്ടത്തില്‍.

കുറഞ്ഞ വേതനമുള്ള രോഗികള്‍ക്ക് ഇന്‍ഷുറന്‍സുമായി യു.എ.ഇ.

അളക ഖാനം-
ദുബായ്: അര്‍ബുദം, മള്‍ട്ടിപ്പിള്‍ സീറോസിസ് എന്നിവ ബാധിച്ച കുറഞ്ഞ വേതനമുള്ള രോഗികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനൊരുങ്ങി യു.എ.ഇ. ആരോഗ്യമന്ത്രാലയം. റോഷ് ഫാര്‍മസ്യൂട്ടിക്കല്‍സ്, മന്‍സില്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച് ഇരു കമ്പനികളുടെയും പ്രതിനിധികള്‍ ആരോഗ്യ, പ്രതിരോധ മന്ത്രാലയവുമായുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
സമൂഹത്തില്‍ മാനുഷികമൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018ല്‍ ആരോഗ്യമന്ത്രാലയം നടപ്പാക്കിയ ‘രോഗിക്ക് പിന്തുണ’ സംരംഭത്തിന്റെ ഭാഗമായാണ് പദ്ധതി. പദ്ധതിപ്രകാരം രോഗികള്‍ക്ക് മികച്ച ചികിത്സാസൗകര്യങ്ങളും ഉയര്‍ന്നനിലവാരമുള്ള മരുന്നുകളും ഉറപ്പുവരുത്തുമെന്ന് മന്ത്രാലയത്തിലെ ഡ്രഗ് വകുപ്പ് ഡയറക്ടര്‍ ഡോ. റുഖയ്യ അല്‍ ബസ്താക്കി അറിയിച്ചു.
കരാര്‍പ്രകാരം റോഷ് ഫാര്‍മസ്യൂട്ടിക്കല്‍സ് വര്‍ഷത്തില്‍ 100 രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കും. അര്‍ഹതപ്പെട്ടവര്‍ അതത് ആശുപത്രികളുമായി ബന്ധപ്പെട്ടാല്‍ മന്‍സില്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസസിലേക്ക് റഫര്‍ ചെയ്യപ്പെടും. തുടര്‍ന്നായിരിക്കും സേവനങ്ങള്‍ ലഭ്യമാവുക.

 

ഗ്ലാമറും വള്‍ഗറും തമ്മിലുളള അതിര്‍വരമ്പ് നേര്‍ത്തതാണ്; തമന്നാ..

ഗായത്രി-
വിശാലിനെ നായകനാക്കി സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആക്ഷന്‍. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി തമന്നയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. താരത്തിന്റെ ഹോട്ട് ലുക്കാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സ്വിം സ്യൂട്ടും ബിക്കിനയുമൊക്കെയിട്ട് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടുന്ന താരത്തിനെതിരെ വിമര്‍ശനങ്ങളുമായി ആരാധകര്‍. രംഗത്തെത്തിയിരിക്കുകയാണ്.
തമന്നയില്‍ നിന്ന് ശരീര പ്രദര്‍ശനമല്ല മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു തമന്ന ഫാന്‍സ് ക്ലബ്ബ് ട്വീറ്റ് ചെയ്തത്. ആക്ഷന് ലഭിക്കുന്ന ഗംഭീര സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുളള തമന്നയുടെ ട്വീറ്റിന് മറുപടിയായിട്ടാണ് ആരാധകര്‍ വിമര്‍ശനം അറിയിച്ചത്.
നല്ല സംവിധായകരുടെ ചിത്രങ്ങളിലഭിനയിക്കാനും നല്ല കഥകളില്‍ മാത്രം വിശ്വാസമര്‍പ്പിക്കാനുമാണ് തമന്നക്ക് ആരാധകര്‍ നല്‍കുന്ന ഉപദേശം. തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുളള താരം കരിയറിന്റെ തുടക്കകാലം മുതല്‍ സിനിമകളിലെ മേനിപ്രദര്‍ശനത്തിന്റെ കാര്യത്തില്‍ ഒരു മടിയും കാണിച്ചിട്ടില്ല. എന്നാല്‍ ഗ്ലാമറും വള്‍ഗറും തമ്മിലുളള അതിര്‍വരമ്പ് നേര്‍ത്തതാണെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നുമാണ് ആരാധകരുടെ പക്ഷം. ചിത്രത്തില്‍ സ്‌പൈ ഏജന്റ് ആയി വിശാലും തമന്നയും എത്തുന്നു. മലയാളി നടി ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

പിഎംസി ബാങ്കില്‍ നിന്ന് ലക്ഷം രൂപ വരെ പിന്‍വലിക്കാം

രാംനാഥ് ചാവ്‌ല-
മുംബൈ: വായ്പ വിതരണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് പ്രവര്‍ത്തനം മരവിപ്പിച്ച പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാം.ചികിത്സാസംബന്ധിയായ അടിയന്തര സാഹചര്യംവന്നാലാണ് ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാന്‍ അനുവദിക്കുക. ഇതനായി അഡ്മിനിസ്‌റ്റേറ്ററെ സമീപിച്ചാല്‍മതി. മുംബൈ ഹൈക്കോടതിയിലാണ് ആര്‍ബിഐ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത്. നിലവില്‍ 50,000 രൂപവരെയാണ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയിരുന്നത്. വിവാഹം, വിദ്യാഭ്യാസം, ജീവിത ചെലവ് നിറവേറ്റല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് 50,000 രൂപവരെ പിന്‍വലിക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയിരുന്നത്.
ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് ആര്‍ബിഐ ആറുമാസത്തേയ്ക്ക് പിഎംസി ബാങ്കനുമേല്‍ നിയന്ത്രണം കൊണ്ടുവന്നത്.ആദ്യം 1000 രൂപയാണ് പിന്‍വലിക്കാന്‍ നിക്ഷേപകര്‍ക്ക് അനുമതി ലഭിച്ചത്. പിന്നീടത് 10,000 രൂപയും 50,000 രൂപയുമായി ഉയര്‍ത്തി.

ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചുലക്ഷമായി ഉയര്‍ത്തും

ഗായത്രി-
മുംബൈ: ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തിയേക്കും. വ്യക്തിഗത നിക്ഷേപങ്ങളും സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളും രണ്ടായി തിരിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തുന്നതാണ് പരിഗണിക്കുന്നത്.
ഡിസംബര്‍ 13ന് ഭുവനേശ്വറില്‍ ചേരുന്ന റിസര്‍വ് ബാങ്ക് കേന്ദ്ര ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം പരിഗണനക്കുവരുമെന്നാണ് വിവരം. ഇതിനുശേഷം കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.
നടപ്പായാല്‍ 1993നുശേഷം ആദ്യമായാകും നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തുന്നത്. 1992ല്‍ അഴിമതിയെത്തുടര്‍ന്ന് കാരാട് ബാങ്ക് തകര്‍ന്നപ്പോഴാണ് നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലക്ഷം രൂപയായി വര്‍ധിപ്പിച്ചത്. അതുവരെയിത് പരമാവധി 30,000 രൂപയായിരുന്നു. പരിരക്ഷ വര്‍ധിപ്പിക്കുന്നതിന് ബാങ്കുകളില്‍നിന്നുള്ള പ്രീമിയം തുകയിലും വര്‍ധന വരുത്തിയേക്കും.
നിലവില്‍ നൂറുരൂപക്ക് പത്തുപൈസ വീതമാണ് ഡി.ഐ.സി.ജി.സി. (ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍) ഇന്‍ഷുറന്‍സ് പ്രീമിയമായി ഈടാക്കുന്നത്. വായ്പാ ഇന്‍ഷുറന്‍സിനായി റിസര്‍വ് ബാങ്കിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക ഫണ്ട് സ്വരൂപിക്കുന്നതിനും ഡി.ഐ.സി.ജി.സി. ആലോചിക്കുന്നുണ്ട്.
പഞ്ചാബ് ആന്റ്് മഹാരാഷ്ട്ര സഹകരണ ബാങ്ക് വായ്പാ ക്രമക്കേടിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായപ്പോഴാണ് ഇന്‍ഷുറസ് പരിരക്ഷ വര്‍ധിപ്പിക്കുന്നകാര്യം വീണ്ടും പരിഗണനയില്‍ വരുന്നത്. ആയിരക്കണക്കിനുപേരുടെ നിക്ഷേപമാണ് ഇപ്പോഴും പി.എം.സി. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്നത്.

 

ദേഹാസ്വാസ്ഥ്യം; നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

ഫിദ-
കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസനെ വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ആസ്റ്റര്‍ മെഡി സിറ്റിയില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ചെന്നൈക്ക് പോകാനെത്തിയതായിരുന്നു ശ്രീനിവാസന്‍. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു ശ്രീനിവാസന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടര്‍ന്ന് സഹ യാത്രികരെ വിവരമറിയിക്കുകയായിരുന്നു. വിമാനത്താവള അധികൃതരുടെ നേതൃത്വത്തില്‍ ശ്രീനിവാസനെ അങ്കമാലി ലിറ്റില്‍ഫല്‍വര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

 

കടക്കെണിയില്‍പ്പെട്ട് ഉഴലുന്നവരെ സഹായിക്കാന്‍ യു.എ.ഇ.യില്‍ പുതിയനിയമം

അളക ഖാനം-
ദുബായ്: സാമ്പത്തിക ഇടപാടുകളിലൂടെ കടക്കെണിയില്‍പ്പെട്ട് ഉഴലുന്നവരെ സഹായിക്കാന്‍ യു.എ.ഇ.യില്‍ പുതിയനിയമം. ഇത്തരക്കാര്‍ക്ക് ഇനിമുതല്‍ കേസില്‍ കുടുങ്ങി ജയിലിലാവുകയോ രാജ്യം വിട്ടോടുകയോ ചെയ്യേണ്ടിവരില്ല. പകരം കോടതി നിയോഗിക്കുന്ന വിദഗ്ധരുടെ ഉപദേശമനുസരിച്ച് ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ പുതിയ അവസരം നല്‍കാനും പഴയ കടങ്ങള്‍ മൂന്നുവര്‍ഷംകൊണ്ട് തീര്‍ക്കാനും നിയമം വ്യവസ്ഥചെയ്യുന്നു. 2020 ജനുവരിയില്‍ ഇത് പ്രാബല്യത്തില്‍വരും.
കടക്കെണിയില്‍പ്പെട്ട് പാപ്പരാവുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ ബാധകമാവുന്ന പുതിയ ഫെഡറല്‍നിയമത്തിന് തിങ്കളാഴ്ചയാണ് യു.എ.ഇ. മന്ത്രിസഭ അന്തിമരൂപം നല്‍കിയത്. നിലവില്‍ ഒരാള്‍ക്ക് നല്‍കിയ ചെക്ക് ബാങ്കില്‍നിന്ന് മടങ്ങുകയോ അക്കൗണ്ടില്‍ പണം ഇല്ലാതിരിക്കുകയോ ചെയ്താല്‍ ആര്‍ക്കും നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാം. വീഴ്ച വരുത്തിയവരെ ഇത് ചിലപ്പോള്‍ ജയിലില്‍ എത്തിച്ചേക്കാം. ഒട്ടേറെപേര്‍ ഇത്തരംശിക്ഷ ഭയന്ന് എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് കടക്കാറുമുണ്ട്. ഇത് അവര്‍ അതുവരെ ചെയ്തുവന്ന ബിസിനസുകളെയും ഇടപാടുകളെയുമെല്ലാം തകര്‍ക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയനിയമം കൊണ്ടുവന്നിരിക്കുന്നത്.
പോലീസ് സ്‌റ്റേഷനില്‍ എത്തിയാല്‍ത്തന്നെ രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം 39 ലക്ഷംരൂപ) വരെയുള്ള ഇടപാടുകളില്‍ പിഴയായി നിശ്ചിതതുക അടച്ച് ക്രിമിനല്‍ക്കേസില്‍നിന്ന് പുറത്ത് വരാനുമാവും. പരാതിക്കാരന്‍ പിന്നീട് സിവില്‍ക്കേസ് കൊടുക്കുന്നതാണ് ഇപ്പോഴത്തെ പതിവ്. എങ്കിലും ഇത്തരം കേസില്‍പ്പെടുന്നവരെ പിന്നീട് കരിമ്പട്ടികയില്‍പെടുത്തും. ഇതോടെ അവര്‍ക്ക് മറ്റൊരിടത്തുനിന്നും ബാങ്ക് വായ്പയോ പുതിയ അക്കൗണ്ട് തുറക്കാനോ ആവില്ല. ഫലത്തില്‍ നിയമപരമായി ഒരു ഇടപാടും നടത്താനാവാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും.
പാപ്പരായിപ്പോയവരെ ഇവിടെത്തന്നെ നിലനിര്‍ത്തി അവര്‍ക്ക് തുടര്‍ന്നും ബിസിനസ് തുടരാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെയോ മറ്റൊരാള്‍ക്ക് നല്‍കിയ ചെക്ക് മടങ്ങുകയോ ചെയ്ത് കടക്കെണിയിലായവരെ ബാങ്ക് തന്നെ സഹായിക്കുന്നതാണ് പുതിയ നിയമത്തിലെ പ്രധാനവ്യവസ്ഥ. ഇതനുസരിച്ച് പാപ്പരായവര്‍ക്ക് ബാങ്കിനെ സമീപിച്ച് കടക്കെണിയില്‍നിന്ന് പുറത്തുവരാനുള്ള സഹായം തേടാം. ബാങ്ക് നിശ്ചയിക്കുന്ന വിദഗ്ധരുടെ ഉപദേശപ്രകാരം തുടര്‍ന്നും ബിസിനസ് നടത്താനും കടങ്ങളുടെ തിരിച്ചടവിന് മൂന്ന് വര്‍ഷംവരെ സമയം അനുവദിക്കാനും സാഹചര്യമൊരുക്കും.