കടക്കെണിയില്‍പ്പെട്ട് ഉഴലുന്നവരെ സഹായിക്കാന്‍ യു.എ.ഇ.യില്‍ പുതിയനിയമം

കടക്കെണിയില്‍പ്പെട്ട് ഉഴലുന്നവരെ സഹായിക്കാന്‍ യു.എ.ഇ.യില്‍ പുതിയനിയമം

അളക ഖാനം-
ദുബായ്: സാമ്പത്തിക ഇടപാടുകളിലൂടെ കടക്കെണിയില്‍പ്പെട്ട് ഉഴലുന്നവരെ സഹായിക്കാന്‍ യു.എ.ഇ.യില്‍ പുതിയനിയമം. ഇത്തരക്കാര്‍ക്ക് ഇനിമുതല്‍ കേസില്‍ കുടുങ്ങി ജയിലിലാവുകയോ രാജ്യം വിട്ടോടുകയോ ചെയ്യേണ്ടിവരില്ല. പകരം കോടതി നിയോഗിക്കുന്ന വിദഗ്ധരുടെ ഉപദേശമനുസരിച്ച് ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ പുതിയ അവസരം നല്‍കാനും പഴയ കടങ്ങള്‍ മൂന്നുവര്‍ഷംകൊണ്ട് തീര്‍ക്കാനും നിയമം വ്യവസ്ഥചെയ്യുന്നു. 2020 ജനുവരിയില്‍ ഇത് പ്രാബല്യത്തില്‍വരും.
കടക്കെണിയില്‍പ്പെട്ട് പാപ്പരാവുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ ബാധകമാവുന്ന പുതിയ ഫെഡറല്‍നിയമത്തിന് തിങ്കളാഴ്ചയാണ് യു.എ.ഇ. മന്ത്രിസഭ അന്തിമരൂപം നല്‍കിയത്. നിലവില്‍ ഒരാള്‍ക്ക് നല്‍കിയ ചെക്ക് ബാങ്കില്‍നിന്ന് മടങ്ങുകയോ അക്കൗണ്ടില്‍ പണം ഇല്ലാതിരിക്കുകയോ ചെയ്താല്‍ ആര്‍ക്കും നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാം. വീഴ്ച വരുത്തിയവരെ ഇത് ചിലപ്പോള്‍ ജയിലില്‍ എത്തിച്ചേക്കാം. ഒട്ടേറെപേര്‍ ഇത്തരംശിക്ഷ ഭയന്ന് എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് കടക്കാറുമുണ്ട്. ഇത് അവര്‍ അതുവരെ ചെയ്തുവന്ന ബിസിനസുകളെയും ഇടപാടുകളെയുമെല്ലാം തകര്‍ക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയനിയമം കൊണ്ടുവന്നിരിക്കുന്നത്.
പോലീസ് സ്‌റ്റേഷനില്‍ എത്തിയാല്‍ത്തന്നെ രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം 39 ലക്ഷംരൂപ) വരെയുള്ള ഇടപാടുകളില്‍ പിഴയായി നിശ്ചിതതുക അടച്ച് ക്രിമിനല്‍ക്കേസില്‍നിന്ന് പുറത്ത് വരാനുമാവും. പരാതിക്കാരന്‍ പിന്നീട് സിവില്‍ക്കേസ് കൊടുക്കുന്നതാണ് ഇപ്പോഴത്തെ പതിവ്. എങ്കിലും ഇത്തരം കേസില്‍പ്പെടുന്നവരെ പിന്നീട് കരിമ്പട്ടികയില്‍പെടുത്തും. ഇതോടെ അവര്‍ക്ക് മറ്റൊരിടത്തുനിന്നും ബാങ്ക് വായ്പയോ പുതിയ അക്കൗണ്ട് തുറക്കാനോ ആവില്ല. ഫലത്തില്‍ നിയമപരമായി ഒരു ഇടപാടും നടത്താനാവാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും.
പാപ്പരായിപ്പോയവരെ ഇവിടെത്തന്നെ നിലനിര്‍ത്തി അവര്‍ക്ക് തുടര്‍ന്നും ബിസിനസ് തുടരാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെയോ മറ്റൊരാള്‍ക്ക് നല്‍കിയ ചെക്ക് മടങ്ങുകയോ ചെയ്ത് കടക്കെണിയിലായവരെ ബാങ്ക് തന്നെ സഹായിക്കുന്നതാണ് പുതിയ നിയമത്തിലെ പ്രധാനവ്യവസ്ഥ. ഇതനുസരിച്ച് പാപ്പരായവര്‍ക്ക് ബാങ്കിനെ സമീപിച്ച് കടക്കെണിയില്‍നിന്ന് പുറത്തുവരാനുള്ള സഹായം തേടാം. ബാങ്ക് നിശ്ചയിക്കുന്ന വിദഗ്ധരുടെ ഉപദേശപ്രകാരം തുടര്‍ന്നും ബിസിനസ് നടത്താനും കടങ്ങളുടെ തിരിച്ചടവിന് മൂന്ന് വര്‍ഷംവരെ സമയം അനുവദിക്കാനും സാഹചര്യമൊരുക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close