അളക ഖാനം-
ദുബായ്: അര്‍ബുദം, മള്‍ട്ടിപ്പിള്‍ സീറോസിസ് എന്നിവ ബാധിച്ച കുറഞ്ഞ വേതനമുള്ള രോഗികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനൊരുങ്ങി യു.എ.ഇ. ആരോഗ്യമന്ത്രാലയം. റോഷ് ഫാര്‍മസ്യൂട്ടിക്കല്‍സ്, മന്‍സില്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച് ഇരു കമ്പനികളുടെയും പ്രതിനിധികള്‍ ആരോഗ്യ, പ്രതിരോധ മന്ത്രാലയവുമായുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
സമൂഹത്തില്‍ മാനുഷികമൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018ല്‍ ആരോഗ്യമന്ത്രാലയം നടപ്പാക്കിയ ‘രോഗിക്ക് പിന്തുണ’ സംരംഭത്തിന്റെ ഭാഗമായാണ് പദ്ധതി. പദ്ധതിപ്രകാരം രോഗികള്‍ക്ക് മികച്ച ചികിത്സാസൗകര്യങ്ങളും ഉയര്‍ന്നനിലവാരമുള്ള മരുന്നുകളും ഉറപ്പുവരുത്തുമെന്ന് മന്ത്രാലയത്തിലെ ഡ്രഗ് വകുപ്പ് ഡയറക്ടര്‍ ഡോ. റുഖയ്യ അല്‍ ബസ്താക്കി അറിയിച്ചു.
കരാര്‍പ്രകാരം റോഷ് ഫാര്‍മസ്യൂട്ടിക്കല്‍സ് വര്‍ഷത്തില്‍ 100 രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കും. അര്‍ഹതപ്പെട്ടവര്‍ അതത് ആശുപത്രികളുമായി ബന്ധപ്പെട്ടാല്‍ മന്‍സില്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസസിലേക്ക് റഫര്‍ ചെയ്യപ്പെടും. തുടര്‍ന്നായിരിക്കും സേവനങ്ങള്‍ ലഭ്യമാവുക.