Month: August 2019

നമ്പര്‍ പുലിവാല്‍; ക്ഷമ ചോദിച്ച് സണ്ണി ലിയോണ്‍

രാംനാഥ് ചാവ്‌ല-
സണ്ണി ലിയോണിന്റെ പേരില്‍ പുലിവാല് പിടിച്ച യവാവിനോട് ക്ഷമ ചോദിച്ച് നടി സണ്ണി ലിയോണ്‍. സണ്ണി അഭിനയിച്ച അര്‍ജുന്‍ പാട്യാല എന്ന സിനിമയില്‍ അവരുടെ കഥാപാത്രം ഫോണ്‍ നമ്പര്‍ പറയുന്ന രംഗമുണ്ട്.
എന്നാല്‍ ഈ നമ്പറിന്റെ ശരിക്കുമുള്ള ഉടമ വടക്കന്‍ ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാള്‍ എന്നയാളാണ്. സിനിമ കണ്ടിറങ്ങിയ ചിലര്‍ ഇത് സണ്ണി ലിയോണിന്റെ നമ്പറാണെന്ന് തെറ്റിദ്ധരിച്ച് വിളിച്ചുതുടങ്ങിയതോടെ പുനീതിന്റെ മനസ്സമാധാനം നഷ്ടപ്പെടുകയായിരുന്നു. താരത്തിന്റെ നമ്പര്‍ ഇതാണെന്ന വ്യാജ പ്രചരണവും സമൂഹ മാധ്യമങ്ങളില്‍ നടന്നിരുന്നു.
സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണി പുനീതിനോട് മാപ്പ് പറഞ്ഞത്. ഫോണ്‍വിളി കാരണം ശല്യമായ പുനീത് പോലീസില്‍ പരാതി നല്‍കി.
സംരംഭകനായ പുനീതിന് ഒരു ചെറിയ സ്ഥാപനമുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക നമ്പറാണിത്. മാത്രമല്ല, ബാങ്കിങ് ആവശ്യങ്ങള്‍ക്കും മറ്റും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഈ നമ്പറാണ്. അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കനും പറ്റില്ല.
ഇതിനെ ഒരു ക്രിമിനല്‍ കേസായി കരുതാനാവില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സിവില്‍ കേസായി പരിഗണിക്കും. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

ഉത്തര്‍ പ്രദേശില്‍ ലുലുമാളുകള്‍ സ്ഥാപിക്കും

ഫിദ-
കൊച്ചി: മലയാളിയായ എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ഉത്തര്‍പ്രദേശില്‍ വന്‍തോതില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. നാലു ഷോപ്പിംഗ് മാളുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളിന്റെ നിര്‍മാണം ലഖ്‌നൗവില്‍ പുരോഗമിക്കുകയാണ്. 70 ശതമാനം നിര്‍മാണം പൂര്‍ത്തിയായെന്നും അടുത്തവര്‍ഷം ഇത് പ്രവര്‍ത്തനം തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. യു.പി. നിക്ഷേപകസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിക്ക് സമീപം സാഹിബാബാദില്‍ പുതിയ ഷോപ്പിംഗ് മാള്‍ പണിയുമെന്ന് ചടങ്ങില്‍ അദ്ദേഹം പ്രഖ്യാപിച്ചു. നിര്‍മാണത്തിലിരിക്കുന്ന ലഖ്‌നൗവിലെ മാള്‍, നേരത്തേ പ്രഖ്യാപിച്ച വാരാണസി, നോയിഡ മാളുകള്‍ എന്നിവയ്ക്കുപുറമേയാണിത്. ഓരോ മാളിനും ഏതാണ്ട് 2000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഓരോന്നും 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
ഇതിലേറെ പരോക്ഷ തൊഴിലവസരങ്ങളും ഉണ്ടാകും. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന സമീപനമാണ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

നടി കാജല്‍ അഗര്‍വാളിന്റെ ആരാധകനില്‍ നിന്നും 60 ലക്ഷം തട്ടി

ഗായത്രി-
അതിരുകളില്ലാത്ത താരാരാധനയുടെ ഭ്രമത്തില്‍ തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിന്റെ ആരാധകനില്‍ നിന്നും തട്ടിപ്പു സംഘം മുക്കിയത് 60 ലക്ഷം. കാജലിന്റെ കടുത്ത ആരാധകനായ രാമനാഥപുരം സ്വദേശിയായ യുവാവില്‍ നിന്നുമാണ് അരക്കോടിയില്‍ അധികം തട്ടിയത്. താരത്തെ കാണാനും സംസാരിക്കാനും അവസരം സൃഷ്ടിക്കാമെന്നു വാഗ്ദാനം ചെയ്ത് പല ഘട്ടങ്ങളിലായി പണം വാങ്ങുകയായിരുന്നു.
താരത്തിനെ കാണാനുള്ള അദ്യമമായ ആഗ്രഹത്തില്‍ തട്ടിപ്പുകാര്‍ ആദ്യം യുവാവില്‍ നിന്നും 50,000 രൂപയും നഗ്‌നഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങളും വാങ്ങി. വന്‍ പണക്കാരനായിരുന്നതിനാല്‍ പണവും ആവശ്യപ്പെട്ട കാര്യങ്ങളും ആരാധകന്‍ നല്‍കി. പിന്നീട് പല തവണ യുവാവില്‍ നിന്നും സംഘം വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പണം നല്‍കുന്നതല്ലാതെ കാജലിനെ കാണുന്നതുമായി ബന്ധപ്പെട്ട കാര്യമൊന്നും പിന്നീട് സംഘം പറയാതിരുന്നതോടെ താന്‍ വഞ്ചിക്കപ്പെടുകയാണെന്ന കാര്യം യുവാവിന് ബോധ്യമായി.
തട്ടിപ്പ് ബോദ്ധ്യപ്പെട്ടതോടെ വീണ്ടും പണം ചോദിച്ചപ്പോള്‍ യുവാവ് നിരസിച്ചു. പണം കിട്ടാതായതോടെ സംഘം ഭീഷണി മുഴക്കാന്‍ തുടങ്ങി. യുവാവിന്റെ അശ്ലീല ചിത്രങ്ങള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നും പണം തന്നില്ലെങ്കില്‍ അവ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തും എന്നും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതിനിടയില്‍ മാനസീക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ യുവാവ് വീട്ടില്‍ നിന്നും ഒളിച്ചോടി. യുവാവിനെ കാണാതായതോടെ അന്വേഷണം നടത്തിയ പോലീസ് കൊല്‍ക്കത്തയില്‍ നിന്നും കണ്ടെത്തിയപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തു വന്നത്.

സ്ത്രീകളുടെമേലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തി സൗദി

അളക ഖാനം-
റിയാദ്: സ്ത്രീകളുടെമേലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തി സൗദി അറേബ്യ. പുരുഷ രക്ഷകര്‍ത്താക്കളുടെ അനുമതിയില്ലാതെ തന്നെ വിദേശയാത്രകള്‍ക്ക് സൗദി ഭരണകൂടം സ്ത്രീകള്‍ക്ക് അനുമതി നല്‍കി. ഇരുപത്തിയൊന്നു വയസിനു മുകളിലുള്ള എല്ലാ വനിതകള്‍ക്കും പുരുഷ രക്ഷകര്‍ത്താക്കളുടെ അംഗീകാരമില്ലാതെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം.
ഇതോടെ പുരുഷനും സ്ത്രീകളുമടക്കം എല്ലാ മുതിര്‍ന്നവര്‍ക്കും പാസ്‌പോര്‍ട്ടിനും വിദേശയാത്രകള്‍ക്കും തുല്യ നിയമമായി. കുട്ടികളുടെ ജനനം, വിവാഹം, വിവാഹമോചനം എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിനും വനിതകള്‍ക്ക് അനുമതി നല്‍കി. പുതിയ നിയമം നിലവില്‍ വന്നു. ലിംഗഭേദം, വൈകല്യം എന്നീ വിവേചനങ്ങള്‍ കൂടാതെ എല്ലാ പൗരന്മാര്‍ക്കും തുല്യമായ ജോലി ചെയ്യാനുള്ള അവകാശവും ഈ നിയമം നല്‍കുന്നു.
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണമെങ്കിലോ വിദേശയാത്ര നടത്തണമെങ്കിലോ സൗദി വനികള്‍ക്ക് ഇതുവരെ ഭര്‍ത്താവിന്റെയോ പിതാവിന്റെയെ അതല്ലെങ്കില്‍ അടുത്ത ബന്ധമുള്ള പുരുഷ രക്ഷകര്‍ത്താവിന്റെയോ അംഗീകാരം ആവശ്യമായിരുന്നു. നേരത്തെ സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയിരുന്നു. 2018 ജൂണ്‍ 24 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 1,20,000 ലേറെ വനിതകളാണ് സൗദിയില്‍ െ്രെഡവിംഗ് ലൈസന്‍സ് സ്വന്തമാക്കിയത്. ഇതില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും.

സ്വര്‍ണ വില വര്‍ധിച്ചു

ഗായത്രി-
കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ആഭ്യന്തര വിപണിയില്‍ ഇത്രതന്നെ വില കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയത്. 25,920 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 3,240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച; ഇന്ത്യ എഴാം സ്ഥാനത്ത്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: 2018ലെ ആഗോള ജിഡിപി റാങ്കിംഗില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങള്‍. 2017ല്‍ ഇന്ത്യ ആറാമത്തെ വലിയ സമ്പദ്ഘടനയായിരുന്നുവെന്നും വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
റാങ്കിംഗില്‍ യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. 20.5 ട്രില്യണ്‍ ഡോളറാണ് 2018ല്‍ യുഎസിലെ മൊത്ത ആഭ്യന്തര ഉത്പാദനം.
13.6 ട്രില്യണ്‍ ഡോളറുമായി ചൈനായാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് ട്രില്യണ്‍ ഡോളറുമായി ജപ്പാന് മൂന്നാം സ്ഥാനമാണുള്ളത്. 2018ല്‍ ഇന്ത്യയുടെ ജിഡിപി 2.7 ട്രില്യണ്‍ ഡോളറായിരുന്നു. അതേസമയം, യുകെയുടെയും ഫ്രാന്‍സിന്റെയുമാകട്ടെ 2.8 ട്രില്യണ്‍ ഡോളറായിരുന്നു.
2017ല്‍ 2.65 ട്രില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ ജിഡിപി. അതേകാലയളവില്‍ യുകെയുടേത് 2.64 ട്രില്യണ്‍ ഡോളറും ഫ്രാന്‍സിന്റെ ജിഡിപി 2.5 ട്രില്യണ്‍ ഡോളറുമായിരുന്നു.
ലോകത്ത് വേഗത്തില്‍ വളരുന്ന സമ്പദഘടനയുടെ പട്ടികയില്‍ ഇന്ത്യയുണ്ടെങ്കിലും മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച ഏഴ് ശതമാനത്തില്‍ ചുരുങ്ങുമെന്നാണ് വിലയിരുത്തല്‍.

രാജുവിനോട് പ്രണയം തോന്നിയെന്ന വാര്‍ത്ത തെറ്റ്: ഷക്കീല

ഫിദ-
നിര്‍മ്മാതാവും നടനുമായ മണിയന്‍ പിള്ള രാജുവിനോട് തനിക്ക് പ്രണയം തോന്നിയെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ സത്യത്തിന് നിരക്കാത്തതാണെന്ന് നടി ഷക്കീല. ഇതിലൊന്നും സത്യമില്ല. എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയെന്ന് പറയുന്നത് ഇല്ലാത്ത പ്രചരണമാണ്. എന്റെ അമ്മ അസുഖ ബാധിതയായി കിടക്കുന്ന സമയത്ത് അദ്ദേഹം എനിക്ക് പണം നല്‍കി സഹായിച്ചു. എന്നാല്‍ പ്രണയം ഒന്നും എനിക്ക് തോന്നിയിട്ടില്ല. ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില്‍ ഒരു കാമുകന്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കും. എന്നെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ല. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യം തുറന്ന് പറഞ്ഞത്.
മണിയന്‍പിള്ള രാജുവിനോട് ഇഷ്ടം തോന്നി ഷക്കീല പ്രേമലേഖനം എഴുതിയെന്നും ഷക്കീലക്ക് മണിയന്‍പിള്ള രാജു പണം നല്‍കി സഹായിച്ചിരുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. ഛോട്ട മുംബൈ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് ഇതൊക്കെ നടന്നതെന്നും പ്രചരിച്ചിരുന്നു.

പ്രളയ സെസ് ഇന്നുമുതല്‍; ഒരു ശതമാനം വില കൂടും

ഫിദ-
തിരു: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ പ്രളയസെസ് ഇന്ന് മുതല്‍ സംസ്ഥാനത്ത് നിലവില്‍വരും. ചരക്ക്‌സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്.
സ്വര്‍ണം ഒഴികെ അഞ്ചുശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ഉണ്ടാകില്ല. കോമ്പോസിഷന്‍ രീതി തെരഞ്ഞെടുത്ത വ്യാപാരികളെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷണം, എ.സി. ട്രെയിന്‍, ബസ് ടിക്കറ്റ് ബുക്കിെഗ് എന്നിവക്കും സെസ് ഉണ്ടാകില്ല. ഒരുവിഭാഗം അവശ്യവസ്തുക്കള്‍ ഒഴികെയുള്ള എല്ലാ ഉപഭോഗവസ്തുക്കള്‍ക്കും നിര്‍മാണ സാമഗ്രികള്‍ക്കും ഒരുശതമാനം വില കൂടും.
ജി.എസ്.ടി. നിയമത്തിലെ അഞ്ചാംപട്ടികയില്‍ ഉള്‍പ്പെടുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുപയോഗിച്ചുള്ള ആഭരണങ്ങള്‍ക്ക് 0.25 ശതമാനവും മറ്റുള്ളവയുടെ വിതരണ മൂല്യത്തിന്മേല്‍ ഒരു ശതമാനവുമാണ് പ്രളയസെസ്. ജി.എസ്.ടി. ചേര്‍ക്കാത്ത മൂല്യത്തിലാണ് പ്രളയസെസ് ഈടാക്കുന്നത്. സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണ ഘട്ടത്തില്‍ മാത്രമാണ് ഇത് ഈടാക്കുക.
പ്രളയസെസ് ഈടാക്കുന്നതിനുള്ള മാറ്റങ്ങള്‍ ബില്ലിംഗ് സോഫ്‌റ്റ്വേറുകളില്‍ വരുത്താന്‍ നികുതി വകുപ്പ് വ്യാപാരികളോട് നേരത്തെ തന്നെ അഭ്യര്‍ത്ഥിച്ചിരുന്നു. അതത് മാസത്തെ പ്രളയസെസ് സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദിഷ്ട ഫോം മുഖേന ംംം.സലൃമഹമമേഃല.െഴീ്.ശി എന്ന വെബ്‌സൈറ്റുവഴി സമര്‍പ്പിക്കാനും സംസ്ഥാന ജി.എസ്.ടി. കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.
പ്രളയ പുനര്‍നിര്‍മാണത്തിനായി 600 കോടി രൂപ കണ്ടെത്തുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രളയസെസ് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് ഒന്നുമുതല്‍ രണ്ടു വര്‍ഷത്തേക്കാണ് സെസ്. ഇതിനു പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമതി രംഗത്തുണ്ട്.

ഗള്‍ഫ് വിമാനയാത്രക്കൂലി എം.പി.മാരുടെ യോഗംചേരും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഗള്‍ഫില്‍നിന്നുള്ള വിമാനയാത്രക്കൂലി ഉള്‍പ്പെടെ കേരളത്തിലെ വിമാനസര്‍വീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി വിളിച്ചുചേര്‍ത്ത എം.പി.മാരുടെ യോഗംചേരും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചതാണിത്.
കേരളത്തിലെ വികസനവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രി മുരളീധരന്‍ കഴിഞ്ഞമാസം 17നു സംസ്ഥാനത്തുനിന്നുള്ള എം.പി.മാരുടെ യോഗം വിളിച്ചിരുന്നു. ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനസര്‍വീസുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വിമാനയാത്രക്കൂലി വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ അംഗങ്ങള്‍ ആ യോഗത്തില്‍ ഉന്നയിച്ചു. ഇക്കാര്യം വ്യോമയാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണു വിപുലമായ യോഗം വിളിക്കാന്‍ തീരുമാനിച്ചത്.

വളപട്ടണത്ത് ഇനി ഹൈടെക് ടൂറിസം

ഫിദ-
കണ്ണൂര്‍: ടൂറിസം മേഖലയില്‍ അനന്ത സാധ്യതകള്‍ തേടുകയാണ് വളപട്ടണം. പുഴയുടെയും കായലിന്റെയും കണ്ടലിന്റെയും പ്രകൃതിയനുഗ്രഹിച്ച് നല്‍കിയ സൗന്ദര്യത്തെ ടൂറിസം രംഗത്ത് പ്രയോജനപ്പെടുത്താനാണ് നീക്കം നടക്കുന്നത്.
വളപട്ടണം പുഴയിലൂടെയുള്ള അതിവേഗ ബോട്ട് സവാരിയും ഹൗസ്‌ബോട്ട്, പുഴയുടെയും പ്രകൃതിയുടെയും ഭംഗി ആസ്വദിച്ചുകൊണ്ടുള്ള ബോട്ട് യാത്ര എന്നിങ്ങനെ വലിയ സാധ്യതകള്‍ വളപട്ടണത്ത് നിന്ന് തുടങ്ങുകയാണ്.
കേന്ദ്ര സര്‍ക്കാറിന്റെ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായാണ് വളപട്ടണത്ത് ടൂറിസം വികസനം ഒരുക്കുന്നത്. ഇതിന്റെ മുന്നോടിയായി നിലവിലുള്ള ബോട്ട് ജെട്ടി പുതുക്കിപ്പണിയും. അതിനൊപ്പം തൊട്ടടുത്ത് ആധുനിക സൗകര്യങ്ങളോടുകൂടി മറ്റൊരു ബോട്ട് ജെട്ടി കൂടി നിര്‍മ്മിക്കും. 25 വര്‍ഷം മുമ്പ് ടി കെ ബാലന്‍ എം എല്‍ എയായിരുന്നപ്പോഴാണ് ജെട്ടി നവീകരണത്തിന് 25 ലക്ഷം അന്ന് മുടക്കിയത്. വളപട്ടണം പുഴയുടെ തീരം പങ്കിടുന്ന വളപട്ടണം, അഴീക്കോട്, നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള ടൂറിസത്തിനാണ് വഴിയൊരുങ്ങുന്നത്. 12 കോടിയോളം രൂപ ചെലവിലാണ് ആധുനികതയുടെ മോടിയണിഞ്ഞ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. ഈമാസം 8ന് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെ എം ഷാജി എം എല്‍ എയും വളപട്ടണം ഗ്രാമപഞ്ചായത്തും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിനിധി സംഘങ്ങള്‍ നേരത്തെ തന്നെ വളപട്ടണത്ത് എത്തിയിരുന്നു. ഇവരുമായുള്ള ചര്‍ച്ചകളില്‍ രൂപപ്പെട്ട ആശയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ടൂറിസം പദ്ധതി തുടങ്ങുക.
65 വര്‍ഷം മുമ്പ് മൈക്കാരന്‍ ബാവക്കാന്റവിടെ മഹമൂദ് എന്നയാള്‍ സൗജന്യമായി നല്‍കിയ 6 സെന്റ് സ്ഥലത്താണ് നിലവിലുള്ള ബോട്ട് ജെട്ടി സ്ഥിതിചെയ്യുന്നത്. ആ സമയം 12 ബോട്ടുകളാണ് ഇവിടെ നിന്ന് മാട്ടൂല്‍, പറശ്ശിനി, അഴീക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതോടനുബന്ധിച്ച് വികസന സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്യാനുള്ള നടപടിയും പുരോഗമിക്കുകയാണ്.