വളപട്ടണത്ത് ഇനി ഹൈടെക് ടൂറിസം

വളപട്ടണത്ത് ഇനി ഹൈടെക് ടൂറിസം

ഫിദ-
കണ്ണൂര്‍: ടൂറിസം മേഖലയില്‍ അനന്ത സാധ്യതകള്‍ തേടുകയാണ് വളപട്ടണം. പുഴയുടെയും കായലിന്റെയും കണ്ടലിന്റെയും പ്രകൃതിയനുഗ്രഹിച്ച് നല്‍കിയ സൗന്ദര്യത്തെ ടൂറിസം രംഗത്ത് പ്രയോജനപ്പെടുത്താനാണ് നീക്കം നടക്കുന്നത്.
വളപട്ടണം പുഴയിലൂടെയുള്ള അതിവേഗ ബോട്ട് സവാരിയും ഹൗസ്‌ബോട്ട്, പുഴയുടെയും പ്രകൃതിയുടെയും ഭംഗി ആസ്വദിച്ചുകൊണ്ടുള്ള ബോട്ട് യാത്ര എന്നിങ്ങനെ വലിയ സാധ്യതകള്‍ വളപട്ടണത്ത് നിന്ന് തുടങ്ങുകയാണ്.
കേന്ദ്ര സര്‍ക്കാറിന്റെ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായാണ് വളപട്ടണത്ത് ടൂറിസം വികസനം ഒരുക്കുന്നത്. ഇതിന്റെ മുന്നോടിയായി നിലവിലുള്ള ബോട്ട് ജെട്ടി പുതുക്കിപ്പണിയും. അതിനൊപ്പം തൊട്ടടുത്ത് ആധുനിക സൗകര്യങ്ങളോടുകൂടി മറ്റൊരു ബോട്ട് ജെട്ടി കൂടി നിര്‍മ്മിക്കും. 25 വര്‍ഷം മുമ്പ് ടി കെ ബാലന്‍ എം എല്‍ എയായിരുന്നപ്പോഴാണ് ജെട്ടി നവീകരണത്തിന് 25 ലക്ഷം അന്ന് മുടക്കിയത്. വളപട്ടണം പുഴയുടെ തീരം പങ്കിടുന്ന വളപട്ടണം, അഴീക്കോട്, നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള ടൂറിസത്തിനാണ് വഴിയൊരുങ്ങുന്നത്. 12 കോടിയോളം രൂപ ചെലവിലാണ് ആധുനികതയുടെ മോടിയണിഞ്ഞ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. ഈമാസം 8ന് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെ എം ഷാജി എം എല്‍ എയും വളപട്ടണം ഗ്രാമപഞ്ചായത്തും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിനിധി സംഘങ്ങള്‍ നേരത്തെ തന്നെ വളപട്ടണത്ത് എത്തിയിരുന്നു. ഇവരുമായുള്ള ചര്‍ച്ചകളില്‍ രൂപപ്പെട്ട ആശയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ടൂറിസം പദ്ധതി തുടങ്ങുക.
65 വര്‍ഷം മുമ്പ് മൈക്കാരന്‍ ബാവക്കാന്റവിടെ മഹമൂദ് എന്നയാള്‍ സൗജന്യമായി നല്‍കിയ 6 സെന്റ് സ്ഥലത്താണ് നിലവിലുള്ള ബോട്ട് ജെട്ടി സ്ഥിതിചെയ്യുന്നത്. ആ സമയം 12 ബോട്ടുകളാണ് ഇവിടെ നിന്ന് മാട്ടൂല്‍, പറശ്ശിനി, അഴീക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതോടനുബന്ധിച്ച് വികസന സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്യാനുള്ള നടപടിയും പുരോഗമിക്കുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES