പ്രളയ സെസ് ഇന്നുമുതല്‍; ഒരു ശതമാനം വില കൂടും

പ്രളയ സെസ് ഇന്നുമുതല്‍; ഒരു ശതമാനം വില കൂടും

ഫിദ-
തിരു: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ പ്രളയസെസ് ഇന്ന് മുതല്‍ സംസ്ഥാനത്ത് നിലവില്‍വരും. ചരക്ക്‌സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്.
സ്വര്‍ണം ഒഴികെ അഞ്ചുശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ഉണ്ടാകില്ല. കോമ്പോസിഷന്‍ രീതി തെരഞ്ഞെടുത്ത വ്യാപാരികളെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷണം, എ.സി. ട്രെയിന്‍, ബസ് ടിക്കറ്റ് ബുക്കിെഗ് എന്നിവക്കും സെസ് ഉണ്ടാകില്ല. ഒരുവിഭാഗം അവശ്യവസ്തുക്കള്‍ ഒഴികെയുള്ള എല്ലാ ഉപഭോഗവസ്തുക്കള്‍ക്കും നിര്‍മാണ സാമഗ്രികള്‍ക്കും ഒരുശതമാനം വില കൂടും.
ജി.എസ്.ടി. നിയമത്തിലെ അഞ്ചാംപട്ടികയില്‍ ഉള്‍പ്പെടുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുപയോഗിച്ചുള്ള ആഭരണങ്ങള്‍ക്ക് 0.25 ശതമാനവും മറ്റുള്ളവയുടെ വിതരണ മൂല്യത്തിന്മേല്‍ ഒരു ശതമാനവുമാണ് പ്രളയസെസ്. ജി.എസ്.ടി. ചേര്‍ക്കാത്ത മൂല്യത്തിലാണ് പ്രളയസെസ് ഈടാക്കുന്നത്. സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണ ഘട്ടത്തില്‍ മാത്രമാണ് ഇത് ഈടാക്കുക.
പ്രളയസെസ് ഈടാക്കുന്നതിനുള്ള മാറ്റങ്ങള്‍ ബില്ലിംഗ് സോഫ്‌റ്റ്വേറുകളില്‍ വരുത്താന്‍ നികുതി വകുപ്പ് വ്യാപാരികളോട് നേരത്തെ തന്നെ അഭ്യര്‍ത്ഥിച്ചിരുന്നു. അതത് മാസത്തെ പ്രളയസെസ് സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദിഷ്ട ഫോം മുഖേന ംംം.സലൃമഹമമേഃല.െഴീ്.ശി എന്ന വെബ്‌സൈറ്റുവഴി സമര്‍പ്പിക്കാനും സംസ്ഥാന ജി.എസ്.ടി. കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.
പ്രളയ പുനര്‍നിര്‍മാണത്തിനായി 600 കോടി രൂപ കണ്ടെത്തുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രളയസെസ് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് ഒന്നുമുതല്‍ രണ്ടു വര്‍ഷത്തേക്കാണ് സെസ്. ഇതിനു പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമതി രംഗത്തുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close