Month: April 2019

ലോഹി സാറിന്റെ ഒരു സിനിമയില്‍ കൂടി അഭിനയിക്കണമായിരുന്നു

ഗായത്രി-
മണ്‍മറഞ്ഞ സംവിധായകന്‍ ലോഹിതദാസിന്റെ ഒരു സിനിമയില്‍ കൂടി അഭിനയിക്കണമെന്ന അതിയായ ആഗ്രഹം തനിക്ക് ഇപ്പോഴും ഉണ്ടെന്ന് നടി ഭാമ . അദ്ദേഹത്തിന്റെ നിവേദ്യം എന്ന സിനിമ നല്‍കിയ പല്‍റ്റ്‌ഫോമാണ് തന്റെ ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് പിന്നിലെന്നും ഭാമ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലിച്ചത്ര മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു ഭാമ തന്റെ ആഗ്രഹം പങ്കുവച്ചത്.
സിനിമയില്‍ എത്തിയത് തികച്ചും യാദൃച്ഛികമായാണ്. എന്നാല്‍ അതൊരു നിയോഗവുമായിരുന്നു. ദൈവം ഓരോരുത്തര്‍ക്ക് ഓരോന്ന് കരുതി വച്ചിട്ടുണ്ട്. അത് സംഭവിക്കും ഭാമ പറഞ്ഞു. 18ാം വയസിലാണ് സിനിമയില്‍ എത്തിയത്. ആദ്യ സിനിമയായ നിവേദ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ ഇതാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു. ഏതെങ്കിലും പ്രത്യേക കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന് തോന്നിയിട്ടില്ല. എന്നാല്‍, ലഭിക്കുന്ന കഥാപാത്രങ്ങള്‍ വ്യത്യസ്തമായിരിക്കണേയെന്നാണ് പ്രാര്‍ത്ഥന. നിവേദ്യത്തിലെ കോലക്കുഴല്‍ വിളി കേട്ടോ, തമിഴിലെ ഹിറ്റ് ചിത്രമായ സില്ലിന് ഒരു കാതല്‍ എന്ന സിനിമയിലെ മുന്‍പേ വാ എന്‍ അന്‍പേ എന്നീ ഗാനങ്ങളുടെ വരികള്‍ പാടിയ ശേഷമാണ് ഭാമ മടങ്ങിയത്.

 

ഉണ്ണി മുകുന്ദന് നൂരിന്‍ ഷെരീഫ് നായിക

ഫിദ-
നൂരിന്‍ ഷെരീഫ് ഉണ്ണി മുകുന്ദന്റെ നായികയാകുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ നൂരിന്‍ ഷെരീഫ്, ചോക്ലേറ്റ് റീറ്റോള്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ നായികയാകുന്നത്. സേതുവാണ് സിനിമയുടെ സംവിധായകന്‍.
അമ്മു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നൂരിന്‍ അവതരിപ്പിക്കുന്നത്. 3000 പെണ്‍കുട്ടികളുള്ള കോളജില്‍ പഠിക്കന്‍ വരുന്ന അഭിമന്യു എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

 

ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും

അളക ഖാനം-
ദുബൈ: ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നതോടെ ഗള്‍ഫ് പ്രവാസികളുടെ യാത്രാപ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. പ്രവാസികളെ കാത്തിരിക്കുന്നത് കഴുത്തറപ്പന്‍ ടിക്കറ്റ് നിരക്കായിരിക്കുമെന്ന് ട്രാവല്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു. പൊടുന്നനെ സര്‍വീസ് പിന്‍വലിച്ചതോടെ നാട്ടിലേക്ക് പോകുവാന്‍ മാസങ്ങള്‍ മുമ്പ് ടിക്കറ്റ് എടുത്ത നിരവധി പ്രവാസി കുടുംബങ്ങള്‍ പ്രതിസന്ധിയിലുമാവും. ഗള്‍ഫിലേക്ക് ആഴ്ചയില്‍ 40 ലേറെ സര്‍വീസുകളാണ് ജെറ്റ് എയര്‍വേസ് നടത്തി വന്നിരുന്നത്.
അബുദബിയിലെ ഇത്തിഹാദ് എയര്‍ലൈന്‍സുമായി ചേര്‍ന്ന് കോഡ് ഷെയറിങിലും സര്‍വീസ് നടത്തിയിരുന്നു. ജെറ്റിന്റെ അന്താരാഷ്ട്ര സര്‍വീസ് നിലക്കുന്നതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇന്ത്യക്കും ഇടയില്‍ കരാര്‍പ്രകാരം നിലവിലുള്ള സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകും. ഇന്ത്യഗള്‍ഫ് സെക്ടറിലാണെങ്കില്‍ വിമാന ടിക്കറ്റിന് വന്‍ഡിമാന്റുണ്ട്.
സീറ്റുകളുടെ എണ്ണം കുറയുകയും ആവശ്യക്കാര്‍ വര്‍ധിക്കുകയും ചെയ്യുന്നതോടെ ടിക്കറ്റ് നിരക്ക് ഉയരും. ഓഫ് സീസണുകളിലും ഉയര്‍ന്ന നിരക്ക് നല്‍കി യാത്ര ചെയ്യേണ്ട ഗതികേടിലായിരിക്കും പ്രവാസികള്‍. ബോയിംഗ്് മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് വിലക്കിയതും, ദുബൈ വിമാനത്താവളത്തിലെ റണ്‍വേ പുനര്‍നിര്‍മാണത്തിനായി വിമാനങ്ങളുടെ സര്‍വീസ് വെട്ടികുറച്ചതും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍ മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് അനുവദിക്കാനും, പുതിയ സര്‍വീസുകള്‍ക്ക് അനുമതി നല്‍കാനും നിലവില്‍ സാധ്യതയും കുറവാണ്.

ഫോക്‌സ്‌വാഗണ്‍ അമിയോ കോര്‍പ്പറേറ്റ് എഡിഷന്‍ വിപണിയില്‍

ഫിദ-
അമിയോ കോര്‍പ്പറേറ്റ് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍ വിപണിയില്‍. പുതിയ അമിയോ കോര്‍പ്പറേറ്റ് എഡിഷനെ ഹൈലൈന്‍ പ്ലസ് വകഭേദത്തില്‍ മാത്രമാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നത്. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ കാര്‍ ലഭ്യമാണ്. 6.69 ലക്ഷം രൂപയാണ് ങജക ഹൈലൈന്‍ പ്ലസ് പെട്രോള്‍ മോഡലിന്റെ വില. 1.5 ഠഉക ഹൈലൈന്‍ പ്ലസ് ഡീസല്‍ മോഡലിന് 7.99 ലക്ഷം രൂപയാണ് വില.
നിലവില്‍ കാറുകള്‍ക്ക് മുഴുവന്‍ നാലുവര്‍ഷം/ഒരുലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി ഫോക്‌സ്‌വാഗണ്‍ നല്‍കുന്നുണ്ട്. കൂടാതെ, നാലുവര്‍ഷ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും മോഡലുകളില്‍ ലഭ്യമാണ്. അഞ്ചു നിറങ്ങളിലാണ് അമിയോ വില്‍പ്പനക്ക് വരുന്നത്. ലാപിസ് ബ്ലൂ, റിഫല്‍ക്‌സ് സില്‍വര്‍, ക്യാന്‍ഡി വൈറ്റ്, ടോഫീ ബ്രൗണ്‍, കാര്‍ബണ്‍ സ്റ്റീല്‍ നിറങ്ങള്‍ കാറില്‍ തെരഞ്ഞെടുക്കാം.
അമിയോയിലെ 1.0 ലിറ്റര്‍ ങജക പെട്രോള്‍ എഞ്ചിന്‍ 75 യവു കരുത്തും 95 ചാ ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 109 യവു കരുത്തും 250 ചാ ടോര്‍ക്കും കുറിക്കാന്‍ ശേഷിയുണ്ട്.
ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ എസി എന്നിങ്ങനെ കാറില്‍ നൂതന സവിശേഷതകള്‍ ലഭ്യമാണ്. ആന്റി ലോക്ക് ബ്രേക്കിംഗ്, ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ഗാല്‍വനൈസ്ഡ് സ്റ്റീല്‍ ബോഡി സംവിധാനം മുതലായവ അമിയോ മോഡലുകളിലെ അടിസ്ഥാന ഫീച്ചറുകളാണ്. ആപ്പ് കണക്ടിവിറ്റിയുള്ള ഡയനാമിക് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മോഡലില്‍ ഉണ്ട്.

ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 11 ശതമാനത്തിലെത്തി. ഫാര്‍മ, കെമിക്കല്‍, എന്‍ജിനീയറിംഗ് മേഖലയിലെ വളര്‍ച്ചയാണ് ഇതിനു സഹായിച്ചത്. 2018-19 സാമ്പത്തികവര്‍ഷം 33,100 കോടി ഡോളറിന്റെ (23.03 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഇതുവരെയുള്ള ഏറ്റവും കൂടിയ നിരക്കാണിത്.
2013-14 സാമ്പത്തികവര്‍ഷമാണ് ഇതിനുമുമ്പ് ഇന്ത്യയുടെ കയറ്റുമതി ഏറ്റവും മെച്ചപ്പെട്ടത്. അന്ന് 31,440 കോടി ഡോളറിന്റേതായിരുന്നു കയറ്റുമതി. പല ആഗോള വെല്ലുവിളികള്‍ നേരിട്ടാണ് 2018’19 വര്‍ഷം ഇന്ത്യ നേട്ടം കൈവരിച്ചതെന്ന് വാണിജ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
മാര്‍ച്ചില്‍ 3,255 കോടി ഡോളറിന്റെ (2.2 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് നടത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ഇത് 2932 കോടി ഡോളറിന്റേതായിരുന്നു. 2018 ഒക്ടോബറിനുശേഷമുള്ള ഏറ്റവും മികച്ച കയറ്റുമതി വളര്‍ച്ചയാണ് ഇത്തവണത്തേത്; 17.86 ശതമാനം.
കയറ്റുമതിയില്‍ ഇക്കൊല്ലം പുതിയ റെക്കോഡിടുമെന്നാണ് വിലയിരുത്തല്‍. 53,540 കോടി ഡോളറിന്റെ (37.23 ലക്ഷം കോടി രൂപ) കയറ്റുമതി നടക്കുമെന്ന് കരുതുന്നു. 7.97 ശതമാനമാണ് വളര്‍ച്ചനിരക്ക്.
ഇക്കൊല്ലം മാര്‍ച്ചില്‍ ഇറക്കുമതിയില്‍ 1.44 ശതമാനം വര്‍ധനയുണ്ടായി. 4344 കോടി ഡോളറിന്റെ (3.02 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് ഇന്ത്യ നടത്തിയത്.

 

എല്ലാം ആലോചിച്ചെടുത്ത തീരുമാനം

രാംനാഥ് ചാവ്‌ല-
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും പ്രണയത്തിലായത് മുതല്‍ ആരാധകര്‍ ഇരുവരുടെയും വിശേഷങ്ങള്‍ക്ക് കാതോര്‍ക്കാറുണ്ട്. പ്രണയത്തെ തുടര്‍ന്നുള്ള വിവാഹവും ഹണിമൂണും ജോനാസ് സഹോദരന്മാരുടെ ഏറ്റവും പുതിയ ആല്‍ബവുമെല്ലാം തന്നെ ആരാധകരുടെ ഇഷ്ട വിഷയങ്ങളായിരുന്നു. താരദമ്പതികള്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളോട് ശക്തമായാണ് ഇരുവരും പ്രതികരിച്ചത്.
ഇപ്പോള്‍ പ്രിയങ്കയുമായുള്ള തന്റെ ജീവിതത്തിലെ സ്വപ്‌നങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നിക് ജോനാസ്. സാധാരണ എല്ലാ മനുഷ്യര്‍ക്കുമുള്ളതു പോലെ ഞങ്ങള്‍ക്കും ജീവിതത്തെ കുറിച്ച് ചില സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ട്. ഭാവിയെ സംബന്ധിച്ച ഏതു കാര്യവും പരസ്പരം ആലോചിച്ചാണ് തീരുമാനിക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. കുഞ്ഞിനോട് എന്തെല്ലാം പറയണം, എന്തെല്ലാം പറയരുത് എന്ന കാര്യങ്ങള്‍ വരെ ഞങ്ങള്‍ ആലോചിച്ചു തീരുമാനിച്ചിട്ടുണ്ട്.
കുഞ്ഞിനെ ആദ്യം തന്നെ പഠിപ്പിക്കുന്നത് എന്തുകാര്യവും രണ്ടാമതൊരാളോടു കൂടി ആലോചിച്ചു തീരുമാനിക്കണം എന്നായിരിക്കും. കാരണം എങ്കില്‍ മാത്രമെ ഭാവി സുരക്ഷിതമാകുകയുള്ളു. ചില തീരുമാനങ്ങളെടുക്കേണ്ടത് പങ്കാളിയോട് ആലോചിച്ച ശേഷമാണ്. മറ്റു ചിലതു സഹോദരങ്ങളോട് ആലോചിക്കേണ്ടി വരും. ഞങ്ങള്‍ എല്ലാം അങ്ങനെയാണു ചെയ്യുന്നത്. ഇതുവരെ എല്ലാം ആലോചിച്ചെടുത്ത തീരുമാനങ്ങളാണ് നിക് ജോനാസ് പറഞ്ഞു.

പി നോട്ട് നിക്ഷേപങ്ങളില്‍ വന്‍ വര്‍ധന

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ട്(പി നോട്ട്) നിക്ഷേപങ്ങളില്‍ വന്‍ വര്‍ധന. ഓഹരി വിപണികള്‍ അസ്ഥിരമായെങ്കിലും 78,110 കോടി രൂപയുടെ നിക്ഷേപമാണു പി നോട്ടുകള്‍ വഴി പ്രാദേശിക വിപണികളിലെത്തിയത്.
വിദേശനിക്ഷേപകര്‍ക്കു ഇന്ത്യന്‍ വിപണികളില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ നിക്ഷേപത്തിനു വഴിയൊരുക്കുന്ന മാര്‍ഗമാണു പി നോട്ടുകള്‍. ഇന്ത്യന്‍ വിപണികളില്‍ നിക്ഷേപകത്തിനു അര്‍ഹതയുള്ള രജിസ്റ്റര്‍ ചെയ്ത വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വഴിയാണ് ഇത്തരം നിക്ഷേപങ്ങള്‍ നടക്കുന്നത്. ഓഹരി, ഡെബ്റ്റ്, ഡെറിവേടീവ് എന്നിങ്ങനെയാണ് നിക്ഷേപത്തിന് അവസരമുള്ളത്.
മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ പി നോട്ട് നിക്ഷേപങ്ങള്‍ 78,110 കോടിയാണെന്നു വിപണി റെഗുലേറ്ററായ സെബിയുടെ കണക്കുകള്‍ വ്യക്തമാക്കി. ഫെബ്രുവരിയിലിത് 73,428 കോടിയായിരുന്നു. പി നോട്ട് നിക്ഷേപകങ്ങള്‍ കൂടുന്നത് വിദേശനിക്ഷേപങ്ങളുടെ വരവാണ് കാണിക്കുന്നത്.
ഫെബ്രുവരിയില്‍ 13,500 കോടി രൂപയായിരുന്ന വിദേശനിക്ഷേപം മാര്‍ച്ചില്‍ 32,000 കോടിയിലെത്തി. പി നോട്ടുകള്‍ വഴി ഓഹരിയില്‍ 56,288 കോടിയും ഡെബ്റ്റ് വഴി 20,999 കോടിയും ഡെറിവേടിവുകള്‍ വഴി 119 കോടി രൂപയും കഴിഞ്ഞ വര്‍ഷം വിപണിയിലെത്തി. മറ്റു രാജ്യങ്ങളുടെ ബോണ്ട് വിപണികള്‍ വരുമാനത്തില്‍ പിന്നിലായതും രാജ്യത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം വര്‍ധിച്ചതുമാണ് നേട്ടങ്ങള്‍ക്കു കാരണം.

സൈബര്‍ സുരക്ഷയില്‍ അറബ് ലോകത്ത് ഖത്തറിന് മൂന്നാം സ്ഥാനം

അളക ഖാനം-
ദോഹ: സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ വന്‍നേട്ടവുമായി ഖത്തര്‍. അറബ്്‌ലോകത്ത് സൈബര്‍ സുരക്ഷയില്‍ മൂന്നാം സ്ഥാനമാണ് ഖത്തറിനുള്ളത്. ലോകതലത്തില്‍ പതിനേഴാമത്തെ സ്ഥാനവും ഉണ്ട്. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷനല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂനിയന്റെ സൈബര്‍ സെക്യൂരിറ്റി ഇന്‍ഡക്‌സ് 2018ല്‍ ആണ് പുതിയ കണക്കുകള്‍ ഉള്ളത്. ആഗോളതലത്തില്‍ 2017ല്‍ ഖത്തറിന് 25ാം സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്.
ഖത്തറിന്റെ നിയമചട്ടക്കൂടും സൈബര്‍സുരക്ഷാ ഘടനയും ദേശീയ സൈബര്‍സുരക്ഷാ കര്‍മ്മപദ്ധതിയുടെ വികസനവും ഖത്തറിന്റെ മുന്നേറ്റത്തില്‍ പ്രേരകമായി. സൈബര്‍ സുരക്ഷ ആഗോള സൂചികയില്‍ ബ്രിട്ടണാണ് ഒന്നാമത്. യുഎസ് രണ്ടാമത്. ഫ്രാന്‍സ് മൂന്നാമത്. ലിത്വാനിയ, എസ്‌റ്റോണിയ, സിംഗപ്പൂര്‍, സ്‌പെയിന്‍, മലേഷ്യ, കാനഡ, നോര്‍വെ രാജ്യങ്ങളാണ് നാലു മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. 175 രാജ്യങ്ങളിലാണ് 2018ല്‍ പരിശോധന നടത്തിയത്. ഇതിന് ശേഷമാണ് വിവിധ രാജ്യങ്ങളിലെ സൈബര്‍ സുരക്ഷയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

സ്‌പൈസ് ജെറ്റ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: ജെറ്റ് എയര്‍വേയ് സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സ്‌പൈസ് ജെറ്റ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു.
ജെറ്റിന്റെ സര്‍വീസുകള്‍ ഏകദേശം നിലച്ചതോടെ ആഭ്യന്തര വിമാനയാത്രക്കാരുടെ തിരക്കാണ് സ്‌പൈസ് ജെറ്റ് ഫ്‌ളൈറ്റുകളില്‍. ഇതോടെയാണ് അഞ്ച് പുതിയ വിമാനങ്ങള്‍ കൂടി സര്‍വീസിന് ഇറക്കാനുള്ള തീരുമാനം. 90 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് സ്‌പൈസ് ജെറ്റ് വാടകക്കെടുക്കുന്നത്. ഇതോടെ മൊത്തം വിമാനങ്ങളുടെ എണ്ണം 32 ആകും.

ഏലക്കക്ക് റെക്കോര്‍ഡ് വില

ഗായത്രി-
കൊച്ചി: ഏലക്കാ വില റെക്കോഡില്‍. കിലോക്ക് 40 രൂപ ഉയര്‍ന്ന് വില 1,760 രൂപയിലെത്തി. പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ ഇന്നലെ നടന്ന ലേലത്തിലാണ് ഏലക്കയ്ക്ക് ഉയര്‍ന്ന വില ലഭിച്ചത്.
ഇടുക്കി ഡിസ്ട്രിക്ട് ട്രെഡിഷനല്‍ കാര്‍ഡമം പ്രഡ്യൂസര്‍ കമ്പനിയുടെ, പുറ്റടി ലേല സെന്ററില്‍ നടന്നിട്ടുള്ളതില്‍ ഏറ്റവും കൂടിയ വിലയാണിത്. ലേലത്തില്‍ 200 ലോട്ടുകളിലായി, 34453 കിലോയാണ് വില്‍പനക്കുണ്ടായിരുന്നത്. ഈ മാസം രണ്ടിന് വണ്ടന്‍മേട്ടില്‍ നടന്ന ഗ്രീന്‍ ഗോള്‍ഡിന്റെ ലേലത്തിലാണ് ഇതിന് മുമ്പ് ഏലക്കാ വില ഉയര്‍ന്നത്. 1,719.55 ആയിരുന്നു അന്നത്തെ ശരാശരി വില. 66031 കിലോയാണ് അന്ന് വില്‍പനക്ക് വന്നത്. വേനല്‍ മഴ ലഭിക്കാത്തതും വരള്‍ച്ചമൂലം ഏലം ചെടികള്‍ വ്യാപകമായി ഉണങ്ങുന്നതുമാണ് വിലക്കയറ്റത്തിന് കാരണം.