പി നോട്ട് നിക്ഷേപങ്ങളില്‍ വന്‍ വര്‍ധന

പി നോട്ട് നിക്ഷേപങ്ങളില്‍ വന്‍ വര്‍ധന

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ട്(പി നോട്ട്) നിക്ഷേപങ്ങളില്‍ വന്‍ വര്‍ധന. ഓഹരി വിപണികള്‍ അസ്ഥിരമായെങ്കിലും 78,110 കോടി രൂപയുടെ നിക്ഷേപമാണു പി നോട്ടുകള്‍ വഴി പ്രാദേശിക വിപണികളിലെത്തിയത്.
വിദേശനിക്ഷേപകര്‍ക്കു ഇന്ത്യന്‍ വിപണികളില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ നിക്ഷേപത്തിനു വഴിയൊരുക്കുന്ന മാര്‍ഗമാണു പി നോട്ടുകള്‍. ഇന്ത്യന്‍ വിപണികളില്‍ നിക്ഷേപകത്തിനു അര്‍ഹതയുള്ള രജിസ്റ്റര്‍ ചെയ്ത വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വഴിയാണ് ഇത്തരം നിക്ഷേപങ്ങള്‍ നടക്കുന്നത്. ഓഹരി, ഡെബ്റ്റ്, ഡെറിവേടീവ് എന്നിങ്ങനെയാണ് നിക്ഷേപത്തിന് അവസരമുള്ളത്.
മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ പി നോട്ട് നിക്ഷേപങ്ങള്‍ 78,110 കോടിയാണെന്നു വിപണി റെഗുലേറ്ററായ സെബിയുടെ കണക്കുകള്‍ വ്യക്തമാക്കി. ഫെബ്രുവരിയിലിത് 73,428 കോടിയായിരുന്നു. പി നോട്ട് നിക്ഷേപകങ്ങള്‍ കൂടുന്നത് വിദേശനിക്ഷേപങ്ങളുടെ വരവാണ് കാണിക്കുന്നത്.
ഫെബ്രുവരിയില്‍ 13,500 കോടി രൂപയായിരുന്ന വിദേശനിക്ഷേപം മാര്‍ച്ചില്‍ 32,000 കോടിയിലെത്തി. പി നോട്ടുകള്‍ വഴി ഓഹരിയില്‍ 56,288 കോടിയും ഡെബ്റ്റ് വഴി 20,999 കോടിയും ഡെറിവേടിവുകള്‍ വഴി 119 കോടി രൂപയും കഴിഞ്ഞ വര്‍ഷം വിപണിയിലെത്തി. മറ്റു രാജ്യങ്ങളുടെ ബോണ്ട് വിപണികള്‍ വരുമാനത്തില്‍ പിന്നിലായതും രാജ്യത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം വര്‍ധിച്ചതുമാണ് നേട്ടങ്ങള്‍ക്കു കാരണം.

Post Your Comments Here ( Click here for malayalam )
Press Esc to close