Month: October 2017

സെക്കന്റ് ഹാന്റ് വിപണിയിലേക്ക് ഫളിപ്കാര്‍ട്ട്

വിഷ്ണു പ്രതാപ്
ബെംഗളൂരു: ഇ കോമേഴ്‌സ് കമ്പനിയായ ഫളിപ്കാര്‍ട്ട് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി മൊബൈല്‍, ഐ.ടി. കേടുപാടുകള്‍ തീര്‍ക്കുന്ന ‘എഫ് വണ്‍ ഇന്‍ഫോ സൊലൂഷന്‍’ എന്ന കമ്പനിയെയാണ് സ്വന്തമാക്കിയത്. ഇന്ത്യ മൊത്തം സാന്നിധ്യമുള്ള കമ്പനിയാണ് എഫ് വണ്‍ ഇന്‍ഫോ സൊലൂഷന്‍.
ഫളിപ്കാര്‍ട്ടിന്റെ സേവനദാതാക്കളായ ജീവ്‌സിന്റെ ഭാഗമായിരിക്കും ഇനിമുതല്‍ എഫ് വണ്‍. ഫല്‍പ്കാര്‍ട്ടിനു വേണ്ടി ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ വലുതും ചെറുതുമായ വീട്ടുപകരണങ്ങള്‍ക്കാവശ്യമായ പരിപാലനം നടത്തുന്നത് ജീവ്‌സ് ആണ്. ഇതോടെ മൊബൈല്‍, ഐ.ടി., ഇലക്‌ട്രോണിക്‌സ് മേഖലകളില്‍ ആജീവനാന്ത സേവനം ഉറപ്പുവരുത്താനുമാകും.
ഉപയോഗിച്ച സാധനങ്ങളുടെ (സെക്കന്‍ഡ് ഹാന്‍ഡ്) വില്‍പ്പനക്കായി ഇ ബെ ഇന്ത്യയുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാണ് ഫളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഇത്തരത്തില്‍ വില്‍പ്പനക്കെത്തിക്കും. ബൈബാക്ക് ഗാരന്റി, മാറ്റിവാങ്ങല്‍ എന്നിവയിലൂടെ കിട്ടുന്ന ഉത്പന്നങ്ങള്‍ ഉപയോഗയോഗ്യമാക്കി വില്‍ക്കുകയാണ് ചെയ്യുക.

 

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

വിഷ്ണു പ്രതാപ്
മുംബൈ: റിസര്‍വ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ നാലാമത്തെ ധനനയത്തില്‍ പലിശ നിരക്കുകളില്‍ മാറ്റമില്ല. പലിശ കുറക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ആര്‍.ബി.ഐ നിരക്കുകള്‍ നിലനിറുത്തുകയായിരുന്നു. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുമ്പോള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക് ആറ് ശതമാനമായും ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് കടമെടുക്കുമ്പോള്‍ നല്‍കേണ്ട പലിശയായ റിവേഴ്‌സ് റിപ്പോ 5.75 ശതമാനമായും തുടരും. കരുതല്‍ധനാനുപാതം നാല് ശതമാനമായും നിലനിറുത്തി. നടപ്പു വര്‍ഷം നാണയപ്പെരുപ്പം നാല് ശതമാനത്തിനു താഴെ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.
ജി.ഡി.പി വളര്‍ച്ചക്ക് ഉണര്‍വേകാനായി പലിശ കുറക്കണമെന്ന ആവശ്യം വ്യവസായ ലോകം മുന്നോട്ട് വച്ചിരുന്നതാണ്. എന്നാല്‍ റീട്ടെയില്‍ നാണയപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നത് ചൂണ്ടിക്കാട്ടി ആര്‍.ബി.ഐ നിരക്കുകള്‍ പഴയതു പോലെ നിലനിറുത്തുകയായിരുന്നു.

പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കും

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: പുതിയ 100 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. അടുത്ത ഏപ്രിലോടെ അച്ചടി തുടങ്ങാനാണ് ശ്രമം. 200 രൂപയുടെ നോട്ട് ആഗസ്റ്റില്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍, അത് ജനങ്ങളുടെ കൈയില്‍ ആവശ്യത്തിന് ഇനിയും എത്തിത്തുടങ്ങിയിട്ടില്ല.
എ.ടി.എമ്മുകളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ പഴയ 100 രൂപയുടെ അതേ വലുപ്പത്തില്‍തന്നെ പുതിയ 100 രൂപയും അച്ചടിക്കുമെന്നാണ് സൂചന. നോട്ട് നിരോധിച്ചപ്പോള്‍ ഇറക്കിയ 2000 രൂപയുടെ ആകൃതി വ്യത്യാസം എ.ടി.എമ്മുകളില്‍ വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു.

ജിഎസ്ടി മറവില്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നീക്കം

തിരു: കച്ചവടക്കാര്‍ ജി.എസ്.ടിയുടെ മറവില്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. ഇക്കാര്യം ജി.എസ്.ടി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജി.എസ്.ടിയിലെ അവ്യക്തതകളും ഫലപ്രദമായ സോഫ്റ്റ്‌വെയറിന്റെ അഭാവവും മുതലെടുത്താണ് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത്. വ്യാപാരികള്‍ക്ക് നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതിന് ജി.എസ്.ടി.എന്‍ എന്ന സ്വകാര്യ സ്ഥാപനത്തെയാണ് ഏല്പിച്ചിട്ടുളളത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കേണ്ടത് ജി.എസ്.ടി.എന്‍ ആണ്. സോഫ്റ്റ്‌വെയര്‍ സിസ്റ്റം പൂര്‍ണമാവാത്ത സാഹചര്യത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകുന്നതിന് പിഴ ഈടാക്കരുതെന്ന് കേരളം ജി.എസ്.ടി കൗണ്‍സിലില്‍ ആവശ്യപ്പെടും. ചില വസ്തുക്കള്‍ക്കുളള നികുതി പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നതും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. ഇത്തരം നികുതി നിരക്കുകള്‍ യുക്തിസഹമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. സോഫ്റ്റ്‌വേര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്‍ഫോസിസില്‍ നിന്ന് ഒരു സാങ്കേതിക ഓഫീസറെ കേരളത്തില്‍ ജി.എസ്.ടി.എന്‍ നിയോഗിക്കണം. വ്യാപാരികളുടെ പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാനതലത്തില്‍ വിവിധ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

ജിഎസ്ടി മാന്ദ്യം; ചര്‍ച്ച് ഇന്ന്‌

ഗായത്രി
കണ്ണൂര്‍: ഡോ എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് കണ്ണൂര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ച നടത്തുന്നു.
ഇന്ന് വൈകീട്ട് 7.30ന് കണ്ണൂര്‍ ബല്ലാര്‍ഡ് റോഡിലെ ഹോട്ടല്‍ റെയിന്‍ബോ സ്യൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവപ്രതാപ് ശുക്ല പങ്കെടുക്കും.
ജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിപാടിയില്‍ ചര്‍ച്ച ചെയ്യപ്പെടും.

ടൂറിസം രംഗത്ത് പെപ്പര്‍ പദ്ധതിയുമായി കേരളം

ഫിദ
കൊച്ചി: ജനപങ്കാളിത്തത്തോടെ ഒരു ടൂറിസം ആസൂത്രണ പദ്ധതിക്ക് കേരളത്തില്‍ തുടക്കമാവുന്നു. വിനോദസഞ്ചാര മേഖലയില്‍ ഉയര്‍ന്നു വരേണ്ട ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തി ജനപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പ്രക്രിയയാണിത്. തങ്ങളുടെ പ്രദേശത്തെ ടൂറിസം മേഖലയില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ജനങ്ങള്‍ക്കും, പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇതുവഴി കഴിയും.
സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പെപ്പെര്‍ എന്ന ജനപങ്കാളിത്ത ടൂറിസം ആസൂത്രണ പദ്ധതി നടപ്പാക്കുന്നത്. ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ പെപ്പെര്‍ നടപ്പാക്കുന്നത് വൈക്കത്താണ്. വൈക്കത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൂട്ടിയിണക്കി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. കഴിഞ്ഞ മാസം ചേര്‍ന്ന ടൂറിസം വര്‍ക്കിങ് ഗ്രൂപ് പദ്ധതിക്ക് അംഗീകാരം നല്‍കി.
ആദ്യ ഘട്ടത്തില്‍ വൈക്കം മുനിസിപ്പാലിറ്റി, ചെമ്പ്, മറവന്തുരുത്ത്, ഉദയനാപുരം, ടി.വി.പുരം,വെച്ചൂര്‍, തലയാഴം, കല്ലറ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും രണ്ടാം ഘട്ടത്തില്‍ തലയോലപറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമാകും. ഒക്ടോബറില്‍ ആരംഭിക്കുന്ന പദ്ധതി പ്രവര്‍ത്തനം വിവിധ ഘട്ടങ്ങളിലായി 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
പെപ്പെര്‍ പദ്ധതിയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ടൂറിസം ഗ്രാമസഭ, ടൂറിസം റിസോര്‍സ് മാപ്പിങ്, ടൂറിസം റിസോര്‍സ് ഡയറക്ടറി പ്രസിദ്ധീകരിക്കല്‍, ടൂറിസം മാര്‍ക്കറ്റിങ്, ഫാം ട്രിപ്പുകള്‍, ഗുണഭോക്താക്കളുടെ തെരെഞ്ഞെടുപ്പ് , കുറഞ്ഞത് 2000 പേര്‍ക്കു ടൂറിസം മേഖലയിലെ തൊഴില്‍ പരിശീലനം, തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളില്‍ നിന്നും ജനകീയമായി നിര്‍ദ്ദേശിക്കപ്പെട്ട് അംഗീകരിച്ച് നല്‍കുന്ന ടൂറിസം പ്രൊജെക്ടുകളുടെ അംഗീകാരവും നിര്‍വഹണവും, ടൂറിസം മാസ്‌റ്റെര്‍പ്ലാന്‍ തയ്യാറാക്കലും നിര്‍വഹണവും എല്ലാം പെപ്പര്‍ പദ്ധതി പ്രകാരം നടത്തും.
സ്ഥലം എംഎല്‍എ ചെയര്‍മാനും, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കണ്‍വീനറും ആയ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കമ്മിറ്റിയായിരിക്കും മേല്‍നോട്ട നിയന്ത്രണ ചുമതല വഹിക്കുക. ഇതില്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും ഭരണത്തലവന്‍മാര്‍ അംഗങ്ങളായിരിക്കും.

 

വരുന്നു തപാല്‍ പെയ്‌മെന്റ് ബാങ്കുകള്‍

പാലക്കാട്: തപാല്‍ വകുപ്പിനുകീഴിലുള്ള തപാല്‍ പെയ്‌മെന്റ് ബാങ്കുകള്‍ സംസ്ഥാനത്ത് നവംബറോടെ യാഥാര്‍ഥ്യമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് പെയ്‌മെന്റ് ബാങ്ക് ആരംഭിക്കുക. രണ്ടാംഘട്ടത്തില്‍ പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, ആലപ്പുഴ, കൊല്ലം, കാസര്‍കോട്, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലടക്കം 16 ഇടത്ത് ബാങ്ക് സംവിധാനം നടപ്പിലാക്കും.
ബാങ്ക് എ.ടി.എം. കാര്‍ഡുകളുപയോഗിച്ച് ചെയ്യാന്‍ സാധിക്കുന്ന എല്ലാ സേവനങ്ങളും നല്‍കുന്ന റുപേ കാര്‍ഡുകളും ഇത്തരം ബാങ്കുകളില്‍ ലഭിക്കും. നെറ്റ് ബാങ്കിങ് സൗകര്യങ്ങളും അധികംവൈകാതെ ഏര്‍പ്പെടുത്തും. വായ്പ ഒഴികെയുള്ള ഒരുവിധം എല്ലാ ബാങ്കിംഗ് സേവനങ്ങളും ഈ ബാങ്കിലൂടെ ലഭ്യമാവും.

 

എഡിബിഐയുടെ സാമ്പത്തിക വളര്‍ച്ച 7.4 ശതമാനമായി കുറച്ചു

അളക ഖാനം
ന്യൂഡല്‍ഹി: ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് ഇന്ത്യയുടെ ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും സാമ്പത്തിക വളര്‍ച്ച അനുമാനം കുറച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ച ഏഴു ശതമാനമേ ഉണ്ടാകൂവെന്നാണ് എ.ഡി.ബി.യുടെ വിലയിരുത്തല്‍. വളര്‍ച്ച 7.4 ശതമാനം ആയിരിക്കുമെന്നാണ് കഴിഞ്ഞ ഏപ്രിലില്‍ എ.ഡി.ബി. പ്രവചിച്ചിരുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച നേരത്തെ പ്രവചിച്ചിരുന്ന 7.6 ശതമാനത്തില്‍ നിന്ന് 7.4 ശതമാനമാക്കിയും കുറച്ചിട്ടുണ്ട്.
വ്യവസായ മേഖലയിലെ ഇടിവിനൊപ്പം സ്വകാര്യ ഉപഭോഗവും നിക്ഷേപവും കുറഞ്ഞതും ഇന്ത്യന്‍ സമ്പദ്ഘടനക്ക് ദോഷമായെന്നാണ് വിലയിരുത്തല്‍.വാര്‍ഷിക പ്രസിദ്ധീകരണമായ ‘ഏഷ്യന്‍ ഡവലപ്‌മെന്റ് ഔട്ട്‌ലുക്ക് 2017’ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ധനക്കമ്മി ലക്ഷ്യത്തില്‍ നിര്‍ത്തുന്നതിലെ പ്രാധാന്യവും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. നികുതിയേതര വരുമാനവും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വില്‍പ്പനയും മന്ദഗതിയിലായത് പ്രതികൂലമായെന്നും വിലയിരുത്തലുണ്ട്. ആഗോള വളര്‍ച്ച ശക്തമാകുന്നതോടെ ഈ വര്‍ഷം അവസാനം കയറ്റുമതിക്ക് പുതുജീവനുണ്ടാകുമെന്നാണ് പ്രവചനം.
നോട്ട് നിരോധനവും ചരക്ക്‌സേവന നികുതിയും ഇന്ത്യന്‍ സമ്പദ്ഘടനയില്‍ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.
എങ്കിലും പരിഷ്‌കരണ നടപടികള്‍ തുടരുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമായിത്തന്നെ നില്‍ക്കുമെന്ന് എ.ഡി.ബി. മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ യാസുയുകി സവാദ വ്യക്തമാക്കി.

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍

ഫിദ
ലെനയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു. ഇത്രയും ലുക്കില്‍, വ്യത്യസ്ഥമായി ലെനയെ ഇതുവരെ കണ്ടിട്ടില്ല. തികച്ചും ഗ്ലാമറസായാണ് ലെന ഫോട്ടോ ഷൂട്ട് നടത്തിയത്. ക്രീം ലൈഫിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ ശരിക്കും ബോള്‍ഡും ബ്യൂട്ടിഫുളുമായിരുന്നു ലെന. മഹാദേവന്‍ തമ്പിയുടെ ടീമാണ് ലെനയെ ക്യാമറയില്‍ പകര്‍ത്തിയത്.
ഈ ഫോട്ടോ ഷൂട്ടിനായി ലെന ഒരു മാസം കൊണ്ട് ഏഴ് കിലോ ശരീരഭാരം കുറച്ചതായി പ്രമുഖ കോണ്‍സെപ്റ്റ് മേക്കറും ഫോട്ടോഗ്രഫറുമായ മഹാദേവന്‍ തമ്പി ന്യൂസ് ടൈം നെറ്റ്‌വര്‍ക്കിനോട് പറഞ്ഞു. ഏതായാലും ലെനയുടെ പുതിയ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

 

ക്ലോസിംഗ് ചാര്‍ജും ജിഎസ്ടിയും എസ്ബിഐ പിന്‍വലിച്ചു

മുംബൈ: മിനിമം ബാലന്‍സ് സമ്പ്രദായം പരിഷ്‌കരിച്ചതിനു പിന്നാലെ സേവിംഗ്‌സ് അക്കൗണ്ടുകള്‍ പിന്‍വലിക്കുന്നതിനുള്ള ക്ലോസിംഗ് ചാര്‍ജും ജിഎസ്ടിയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിന്‍വലിച്ചു. ഈ മാസം ഒന്നു മുതല്‍ പുതിയ രീതി പ്രാബല്യത്തില്‍ വന്നതായി എസ്ബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചുരുങ്ങിയത് ഒരു വര്‍ഷം പഴക്കമുള്ള അക്കൗണ്ടുകള്‍ക്കും അക്കൗണ്ട് തുടങ്ങി 14 ദിവസത്തിനുള്ളില്‍ പിന്‍വലിക്കുന്നവര്‍ക്കും മാത്രമാണ് ഈ ഒഴിവു ലഭിക്കുക. എന്നാല്‍, ഒരു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള സേവിംഗ്‌സ് പിന്‍വലിക്കാന്‍ ക്ലോസിംഗ് ചാര്‍ജും ജിഎസ്ടിയും നല്‍കണം.