ടൂറിസം രംഗത്ത് പെപ്പര്‍ പദ്ധതിയുമായി കേരളം

ടൂറിസം രംഗത്ത് പെപ്പര്‍ പദ്ധതിയുമായി കേരളം

ഫിദ
കൊച്ചി: ജനപങ്കാളിത്തത്തോടെ ഒരു ടൂറിസം ആസൂത്രണ പദ്ധതിക്ക് കേരളത്തില്‍ തുടക്കമാവുന്നു. വിനോദസഞ്ചാര മേഖലയില്‍ ഉയര്‍ന്നു വരേണ്ട ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തി ജനപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പ്രക്രിയയാണിത്. തങ്ങളുടെ പ്രദേശത്തെ ടൂറിസം മേഖലയില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ജനങ്ങള്‍ക്കും, പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇതുവഴി കഴിയും.
സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പെപ്പെര്‍ എന്ന ജനപങ്കാളിത്ത ടൂറിസം ആസൂത്രണ പദ്ധതി നടപ്പാക്കുന്നത്. ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ പെപ്പെര്‍ നടപ്പാക്കുന്നത് വൈക്കത്താണ്. വൈക്കത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൂട്ടിയിണക്കി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. കഴിഞ്ഞ മാസം ചേര്‍ന്ന ടൂറിസം വര്‍ക്കിങ് ഗ്രൂപ് പദ്ധതിക്ക് അംഗീകാരം നല്‍കി.
ആദ്യ ഘട്ടത്തില്‍ വൈക്കം മുനിസിപ്പാലിറ്റി, ചെമ്പ്, മറവന്തുരുത്ത്, ഉദയനാപുരം, ടി.വി.പുരം,വെച്ചൂര്‍, തലയാഴം, കല്ലറ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും രണ്ടാം ഘട്ടത്തില്‍ തലയോലപറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമാകും. ഒക്ടോബറില്‍ ആരംഭിക്കുന്ന പദ്ധതി പ്രവര്‍ത്തനം വിവിധ ഘട്ടങ്ങളിലായി 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
പെപ്പെര്‍ പദ്ധതിയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ടൂറിസം ഗ്രാമസഭ, ടൂറിസം റിസോര്‍സ് മാപ്പിങ്, ടൂറിസം റിസോര്‍സ് ഡയറക്ടറി പ്രസിദ്ധീകരിക്കല്‍, ടൂറിസം മാര്‍ക്കറ്റിങ്, ഫാം ട്രിപ്പുകള്‍, ഗുണഭോക്താക്കളുടെ തെരെഞ്ഞെടുപ്പ് , കുറഞ്ഞത് 2000 പേര്‍ക്കു ടൂറിസം മേഖലയിലെ തൊഴില്‍ പരിശീലനം, തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളില്‍ നിന്നും ജനകീയമായി നിര്‍ദ്ദേശിക്കപ്പെട്ട് അംഗീകരിച്ച് നല്‍കുന്ന ടൂറിസം പ്രൊജെക്ടുകളുടെ അംഗീകാരവും നിര്‍വഹണവും, ടൂറിസം മാസ്‌റ്റെര്‍പ്ലാന്‍ തയ്യാറാക്കലും നിര്‍വഹണവും എല്ലാം പെപ്പര്‍ പദ്ധതി പ്രകാരം നടത്തും.
സ്ഥലം എംഎല്‍എ ചെയര്‍മാനും, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കണ്‍വീനറും ആയ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കമ്മിറ്റിയായിരിക്കും മേല്‍നോട്ട നിയന്ത്രണ ചുമതല വഹിക്കുക. ഇതില്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും ഭരണത്തലവന്‍മാര്‍ അംഗങ്ങളായിരിക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close