Month: October 2020

പുതിയ OTT പ്ലാറ്റ്‌ഫോമുമായി ‘V NEXT’

കൊച്ചി: മലയാള ചലച്ചിത്രമാധ്യമ രംഗത്തെ ഏതാനും പേരുടെ കൂട്ടായ്മയായ ‘റോഡ് ട്രിപ്പ് ഇന്നോവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന മാധ്യമ സ്ഥാപനം, ഇന്നത്തെ കാലത്തിനു അനുസൃതമായി പുതിയ ഒരു മേഖലയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി, ലോകമെമ്പാടുമുള്ള കേരളീയര്‍ക്കായി ‘V NEXT’ എന്ന ഒരു OTT (Over the Top) പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വെര്‍ച്ച്വല്‍ ആയി ഒക്ടോബര്‍ 9 വെള്ളിയാഴ്ച 11.30 ന് പ്രശസ്ത അഭിനേതാവ് പത്മശ്രീ മധു സ്ഥാപനത്തിന്റെ ‘ലോഗോ’ പ്രകാശനം നിര്‍വഹിച്ചു. റോഡ് ട്രിപ്പ് ഇന്നോവേഷന്‍ ചെയര്‍മാന്‍ ശ്രി. ഇടവേള ബാബു, CEO പ്രകാശ് മേനോന്‍, ഡയറക്ടര്‍മാരായ അജയകുമാര്‍, രവീഷ് തുടങ്ങിയവര്‍ പത്ര സമ്മേളത്തില്‍ പങ്കെടുത്തു.
2021 ജനുവരി ഒന്നു മുതല്‍ സ്ട്രീമിംങ്ങ് ആരംഭിക്കുന്ന ‘V NEXT’, ലോകമെമ്പാടുമുള്ള കേരളീയര്‍ക്കായി വിനോദത്തിനും, വിജ്ഞാനത്തിനും മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഒരു OTT പ്ലാറ്റ്‌ഫോം ആയിരിക്കുമെന്ന് ‘റോഡ് ട്രിപ്പ് ഇന്നോവേഷന്‍’ ചെയര്‍മാന്‍ ശ്രി. ഇടവേള ബാബു പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.

മലയാള ചലച്ചിത്രങ്ങള്‍, വിനോദ-വിജ്ഞാന പരിപാടികള്‍, സെലിബ്രിറ്റി ഷോകള്‍, റിയാലിറ്റി പരിപാടികള്‍, തുടങ്ങി എല്ലാവിധ പ്രായക്കാര്‍ക്കും രസിക്കുവാനും, പങ്കെടുക്കുവാനും ഉതകുന്ന വിധത്തിലാണ് ‘V NEXT’ മലയാളികളുടെ മുന്നില്‍ എത്തുന്നത്.
വിനോദത്തിനും വിജ്ഞാനത്തിനുമപ്പുറം ഓരോ ‘V NEXT’ ഉപയോഗ്താവിന് ദൈനംദിന ജീവിതത്തില്‍ ഗുണകരമായ ഒട്ടനവധി കാര്യങ്ങള്‍ കൂടി ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ബീറ്റാ വേര്‍ഷനില്‍ ടെസ്റ്റ് സ്ട്രീമിംങ്ങ് പുരോഗമിക്കുന്ന ‘V NEXT’ 2021 ജനുവരി ഒന്നുമുതല്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറിലും, ആപ്പിള്‍ സ്‌റ്റോറിലും ഏവര്‍ക്കും ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.
യുട്യൂബ്, വിമിയോ പോലുള്ള സോഷ്യല്‍ മീഡിയ സ്ട്രീമിംങ്ങ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കണ്ടെന്റ് നിര്‍മ്മാതാക്കള്‍ക്കും ‘V NEXT’ പ്ലാറ്റ് ഫോം സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. സിനിമകള്‍ക്കും, ലഘു ചിത്രങ്ങള്‍, മ്യൂസിക് ആല്‍ബങ്ങള്‍, സിനിമ ട്രെയിലറുകള്‍ തുടങ്ങിയവയ്ക്കും പ്രത്യേക സ്ഥാനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരിക്കുമെന്നും ശ്രി. ഇടവേള ബാബു അറിയിച്ചു.

 

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 17മുതല്‍ ആരംഭിക്കും

രാംനാഥ് ചാവ്‌ല-
മുംബൈ: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വമ്പന്‍ ഓഫറുകളും, വിലക്കിഴിവും ഒക്ടോബര്‍ 17മുതല്‍ ആരംഭിക്കുന്നു. ദീപവലി, പൂജ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ആണ് ഒക്ടോബര്‍ 17മുതല്‍ ആരംഭിക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ 70 ശതമാനം വരെ കിഴിവുകളും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും അടക്കം വലിയ ഓഫറുകളായിരിക്കും ലഭിക്കുക. ചില ഓഫറുകള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസം അടുക്കുന്തോറും കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കും. ആമസോണിന്റെ ഒരു പ്രത്യേക മൈക്രോസൈറ്റില്‍ കമ്പനി ഡീലുകളും ഓഫറുകളും ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്ത്കഴിഞ്ഞു. നോകോസ്റ്റ് ഇഎംഐ ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് എന്നിവ കൂടാതെ സ്മാര്‍ട് ഫോണുകള്‍ക്കും സ്മാര്‍ട് ടിവികള്‍ക്കും ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകളാണ് നല്‍കുകയെന്ന് ആമസോണ്‍ അറിയിച്ചിരുന്നു. ഹോം ആന്‍ഡ് കിച്ചന്‍ വിഭാഗത്തില്‍ 60 ശതമാനം വരെയും, വസ്ത്രങ്ങള്‍ക്ക് 70 ശതമാനം വരെയും, ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം വരെയും, ഇലക്‌ട്രോണിക്‌സ് അനുബന്ധ ഉള്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെയും, ആമസോണ്‍ ഫാഷനില്‍ 80 ശതമാനം വരെയും കിഴിവും, മൊബൈലുകള്‍ക്ക് 40 ശതമാനം വരെ ഇളവും പ്രതീക്ഷിക്കാം.

യാത്രമുടങ്ങിയവര്‍ക്ക് 2021 ഡിസംബര്‍ 31വരെ യാത്ര ചെയ്യാം : എയര്‍ ഇന്ത്യാ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധിയില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിലിന് മുന്‍പ് ടിക്കറ്റെടുത്തവര്‍ക്ക് 2021 ഡിസംബര്‍ 31വരെ യാത്ര ചെയ്യാമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു. 2020 മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 31വരെയുള്ള കാലയളവില്‍ യാത്ര മുടങ്ങിയവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എയര്‍ ഇന്ത്യയുടെ ഈ നടപടി യാത്രക്കാര്‍ക്ക് വളരെയേറെ ആശ്വാസമാണ് നല്‍കുന്നത്. 2021 ഡിസംബര്‍ 31 വരെ ഈ ടിക്കറ്റുകളുടെ മൂല്യം അത്ര തന്നെയായി കണക്കാക്കപ്പെടുമെന്നാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ന്റെ അറിയിപ്പ്. കൂടാതെ ഇക്കാലയളവില്‍ ഒരു തവണ യാത്രാ തീയതി, വിമാനം, റൂട്ട്, ബുക്കിങ് കോഡ് എന്നിവ മാറ്റാന്‍ യാത്രക്കാര്‍ക്ക് അവസരവുമുണ്ട്. പുതിയ റൂട്ടിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിലവിലുള്ള ടിക്കറ്റ് നിരക്കിന് അനുസരിച്ച് പുതിയ ടിക്കറ്റ് നിരക്ക് ക്രമീകരിക്കും. അതേസമയം ആദ്യം ബുക്കുചെയ്ത ടിക്കറ്റ് നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റെടുത്താല്‍ ബാക്കി തുകയോ, പ്രത്യേക ക്ലാസോ അനുവദിക്കുകയുമില്ല. എന്നാല്‍ അതേ ക്ലാസ് യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് കൂടുതലുള്ള സാഹചര്യമാണെങ്കില്‍ നിരക്ക് വ്യത്യാസം യാത്രക്കാരില്‍ നിന്നും ഈടാക്കുകയുംചെയ്യും.

 

‘ദേശി രാഗ്’ നാലു ഭാഷകളില്‍ ഒരു ദേശഭക്തിഗാനം പുറത്തിറങ്ങി

എഎസ് ദിനേശ്-
കൊച്ചി: നാലു ഭാഷകളില്‍ ഒരു ദേശഭക്തിഗാനം പുറത്തിറങ്ങി. രാജ്യസ്‌നേഹവുംയുദ്ധങ്ങള്‍ക്ക് എതിരെയുള്ള സന്ദേശവും ആണ് ഈ പാട്ടിന്റെ പ്രധാന ആശയം. പ്രശസ്ത സിനിമാതാരം റഹ്മാനാണ് ‘ദേശി രാഗ്’ എന്ന വീഡിയോ ആല്‍ബത്തിന്റെ ഔദ്യോഗിക ലോഞ്ച് നിര്‍വഹിച്ചത്. മലയാളം, തമിഴ്, ഹിന്ദി കൂടാതെ ഇംഗ്ലീഷിലുമായി പ്രശസ്ത ഗായകരായ അഫ്‌സല്‍, വൈഷ്ണവ് ഗിരീഷ് (ഇന്ത്യന്‍ ഐഡല്‍ ഫെയിം), പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഇഷാന്‍ ദേവിനുമൊപ്പം ദോഹയില്‍ നിന്നുള്ള മെറില്‍ ആന്‍ മാത്യു ഈ ആല്‍ബത്തില്‍ നാലു ഭാഷകളിലായി പാടിയിരിക്കുന്നു. സംഗീതം സംവിധാനം പ്രസിദ്ധ വയലിനിസ്റ്റ് ഫായിസ് മുഹമ്മദാണ്. സംസ്ഥാന അവാര്‍ഡ് ജേതാവും പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവുമായ ബി.കെ.ഹരിനാരായണന്‍, ഫൗസിയ അബൂബക്കര്‍, തമിഴ് സിനിമയിലെ പ്രശസ്ത ഗാന രചയിതാവായ വല്ലവന്‍ അണ്ണാദുരൈ, ഷാജി ചുണ്ടന്‍ എന്നിവരുടേതാണ് വരികള്‍. പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യരാണ് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഈ ആല്‍ബത്തിന്റെ അവതരണം.
രാജ്യത്തിന്റെ കാവല്‍ക്കാരായ ധീര ജവാന്മാര്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ഈ മ്യൂസിക് ആല്‍ബം. ദേശത്തിന്റെ വിവിധ സംസ്‌കാരങ്ങളെവളരെ മനോഹരമായി കോര്‍ത്തിണക്കികൊണ്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ലോകോത്തര നിലവാരത്തില്‍ ചെയ്ത ഈ വീഡിയോ ആല്‍ബത്തിന്റെ ക്രീയേറ്റീവ് ഹെഡ് ശ്രീ ഷൌക്കത്ത് ലെന്‍സ്മാനാണ്. ആശയവും സംവിധാനവും ശ്രീ യൂസഫ് ലെന്‍സ്മാനാണ് നിര്‍വഹിച്ചിരിക്കുന്നത്. സെലെബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ആണ് ആല്‍ബം നിര്‍മിച്ചിട്ടുള്ളത്. സംഗീത നിര്‍മാണം എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷന്‌സിന്റെതാണ്. മലയാള സിനിമയിലെ നിരവധി പ്രശസ്ത താരങ്ങള്‍ ഈ വീഡിയോ ആല്‍ബത്തിന്റെ പ്രചാരണത്തിനായി പിന്തുണക്കുന്നു. വെര്‍ച്വല്‍ റിയാലിറ്റിസംവിധാനം ഉപയോഗിച്ചു കൊണ്ട്പുറത്തിറങ്ങുന്ന ആദ്യത്തെ വീഡിയോആല്‍ബമാണ് ‘ദേശി രാഗ്’
രാജ്യത്തിന് വേണ്ടി സ്വതന്ത്ര സമരത്തില്‍ ബലി അര്‍പ്പിച്ച സ്വതന്ത്ര സമര സേനാനികളെ അനുസ്മരിച്ചു കൊണ്ടാണ് വീഡിയോ ആല്‍ബം തുടങ്ങുന്നത്. ഒക്ടോബര്‍ രണ്ടിന് ഇന്റര്‍നാഷണല്‍ ആന്റിവയലന്‍സ് ദിനം അനുബന്ധിച്ചു ഇറങ്ങിയ ഈ ദേശഭക്തിഗാനം ഗാന്ധിജിയുടെ ഏറ്റവും വലിയ ആശയമായ അഹിംസയുടെ സന്ദേശങ്ങള്‍ ഉളവാക്കുന്നതാണ്. ‘ആന്റി വാര്‍’ എന്ന ആശയത്തിലാണ് വീഡിയോ ആല്‍ബം അവസാനിക്കുന്നത്. മോഹന്‍ലാലിന്റേയും മഞ്ജുവാര്യരുടെയുംശബ്ദത്തിലൂടെയുള്ള അവതരണം കൂടുതല്‍ ഈ സന്ദേശങ്ങളെ വികാരഭരിതമാക്കുന്നു. നാല് ഭാഷകളില്‍ഹൃദയസപര്‍ശിയായ ഗാന രചനയുംവ്യത്യസ്തമായ സംഗീതവും അന്താരാഷ്ട്ര നിലവാരമുള്ളവെര്‍ച്വല്‍ റിയാലിറ്റിടെക്‌നോളജിയും, വിഷ്വല്‍ട്രീറ്റ്‌മെന്റുംഈ ആല്‍ബത്തിന്റെ പ്രത്യേതകള്‍ ആണ്. പിആര്‍ഒ- എഎസ് ദിനേശ്‌

ലുലു ഗ്രൂപ്പില്‍ സൗദി അറേബ്യ നിക്ഷേപത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

അളക ഖാനം-
റിയാദ്: ലുലു ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(പിഐഎഫ്). ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലിയുമായി പിഐഎഫ് ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി ആയ ‘റോയിട്ടേഴ്‌സ്’ റിപ്പോര്‍ട്ട് ചെയ്തു.
ആറാഴ്ചകള്‍ക്ക് മുമ്പ് പിഐഎഫ് ലുലു ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലുലു ഗ്രൂപ്പിന്റെ എത്ര ശതമാനം ഓഹരികള്‍ വാങ്ങാനാണ് പിഐഎഫ് തയ്യാറെടുക്കുന്നതെന്ന് വ്യക്തമല്ല. സൗദി അറേബ്യയുടെ നിക്ഷേപത്തെ കുറിച്ച് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പിഐഎഫിന്റെ ചെയര്‍മാന്‍. യുഎഇ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അബുദാബി ഡവലപ്‌മെന്റ് ഹോള്‍ഡിങ് കമ്പനി ഈ വര്‍ഷം ആദ്യം ലുലു ഗ്രൂപ്പില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.

 

ഇനി N95 മാസ്‌കുക കയറ്റുമതി ചെയ്യാം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: N95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെതാണ് നടപടി. ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനായാണ് N95 മാസ്‌കുകളുടെ കയറ്റുമതി നേരത്തെ കേന്ദ്രം പൂര്‍ണമായും തടഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു മാസം 50 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതിക്കായി അനുമതി നല്‍കിയിരുന്നു. പിന്നീട് N95 മാസ്‌കുകളുടെയും പിപിഇ കിറ്റുകളുടെയും നിര്‍മാണം രാജ്യത്ത് വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഇതോടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് നിര്‍മാതാക്കള്‍ കേന്ദ്ര സര്‍ക്കാരിനട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്.

 

 

‘എന്റെ കെഎസ്ആര്‍ടിസി’ ആപ്പ് എത്തി

എംഎം കമ്മത്ത്-
തിരു: കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ സീറ്റ് ബുക്കിംഗിനുള്ള ‘എന്റെ കെഎസ്ആര്‍ടിസി’ (Ente KSRTC) മൊബൈല്‍ ആപ്പും കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ് കാര്‍ഗോ സര്‍വീസ് എന്നിവയുടെ ഉദ്ഘാടനവും ജനത സര്‍വീസിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ലാഭകരമായ വ്യവസായ സംരംഭം എന്നതിലുപരി ജനങ്ങളോടു പ്രതിബദ്ധതയുള്ള സ്ഥാപനം എന്ന നിലയിലാണ് കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെയാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കുന്നത്. Abhi Busമായി ചേര്‍ന്ന് ആന്‍ഡ്രോയ്ഡ് (ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍)/ഐ.ഒ.എസ് (ആപ്പ് സ്‌റ്റോര്‍) പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ആപ്പ് സ്‌റ്റോറില്‍ അടുത്ത് തന്നെ ലഭ്യമാകും. എല്ലാവിധ ആധുനിക പേയ്‌മെന്റ് സൗകര്യങ്ങളുമുള്ള ഈ ആപ്ലിക്കേഷന്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദവും ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുന്നതുമാണ്.

‘മല്ലനും മാധേവനും’ ഒക്ടോബര്‍ 10ന് എത്തും

എംഎം കമ്മത്ത്-
കൊച്ചി: ‘മല്ലനും മാധേവനും’ എന്ന ഷോര്‍ട് ഫിലിം ഒക്ടോബര്‍ 10ന് റിലീസ് ചെയ്യും. വിനീത് വിശ്വം, നിതിന്‍ രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ കെപികെ വെങ്ങര, റഫാന്‍ റഷീദ് എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഷോര്‍ട് ഫിലിമിന്റെ എഡിറ്റിംഗ് രചന സംവിധാനം- ശ്യാം കൃഷ്ണന്‍. ഹാലുസിനോയുടെ ബാനറില്‍ ശ്രീരാജ് പിവി ആണ് നിര്‍മാണം. ഛായാഗ്രഹണം- തരുണ്‍ സുധാകരന്‍, സംഗീതം- സനല്‍ വാസുദേവ്, വിഎഫ്എക്‌സ്- സമീര്‍ ഷാജഹാന്‍, സൗണ്ട് ഡിസൈന്‍- ചരണ്‍ വിനായിക്, അസ്സോസിയേറ്റ് ഡയറക്ടര്‍- പ്രബലേഷ് പാച്ചു, സ്റ്റില്‍സ്- നിക്‌സണ്‍ ജോണ്‍, അസ്സിസ്റ്റന്‍ ഡയറക്ടര്‍സ്- റഷീദ് എ പി, രാഹുല്‍ വിനോദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- സന്ദീപ് മോഹന്‍, നിയാസ് ഇഎം, ശ്യാം കൃഷ്ണന്‍, അസിസ്റ്റന്റ് ക്യാമറാമാന്‍- ഹലോ റഷാദ്, പോസ്റ്റര്‍സ് ഡിസൈന്‍ & ടൈറ്റില്‍സ്- സനീഷ് രാജ്, രജീഷ് പവിത്രന്‍, സംഗീത് സദാശിവന്‍, രോഹിത് സുകുമാരന്‍, ഹെലിക്യാം- രാജേഷ് എംപി.

‘PUB G’ റിലീസ് ചെയ്തു

എംഎം കമ്മത്ത്-
കൊച്ചി: കോവിഡ്കാല പ്രതിസന്ധിയില്‍ നിജില്‍ ഡി കാന്‍ നിര്‍മിച്ചു ഛായാഗ്രഹണവും സംവിധാനവും ചെയ്ത ‘PUB G’ എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു. ‘PUB G’ യെകുറിച്ച് നല്ല റിവ്യൂസാണ് വന്ന്‌കൊണ്ടിരിക്കുന്നത്. പൂര്‍ണ്ണമായും ഒരു ആന്‍ഡ്‌റോയ്ഡ് ബേയ്‌സ് മോഡല്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായി തോന്നിയിട്ടില്ല എന്നാണ് പലരുടേയും അഭിപ്രായം.
കലാകാരനും സിനിമാ അഭിനേതാവും ഷോര്‍ട് ഫിലിം സംവിധായകനുമായ നിജില്‍ ഒരു പെയിന്റിംഗ് തൊഴിലാളി കൂടിയാണ്. കോവിഡ് കാലം മറ്റുള്ളവരെ പ്രതിസന്ധിയിലാക്കിയത് പോലെത്തന്നെ നിജിലിനെയും സാമ്പത്തികമായും മാനസികമായും തകര്‍ത്തിരുന്നു. ഈ അവസരത്തിലാണ് നിജില്‍ തന്റെ പുതിയ ഷോര്‍ട് ഫിലിമിനെ കുറിച്ച് ചിന്തിച്ചത്. അങ്ങനെ തന്റെ ‘Redmi’ മൊബൈല്‍ ഫോണിന്റെ ബേയ്‌സ് മോഡലായ Y2 ല്‍ ആണ് ഈ ഷോര്‍ട് ഫിലിം ഷൂട്ടും എഡിറ്റും ചെയ്തിരിക്കുന്നത്.
നിജില്‍ തന്നെ തിരക്കഥ എഴുതി സംവിധാനവും ഛായാഗ്രഹണവും ചെയ്ത് അഭിനയിച്ച് എഡിറ്റ് ചെയ്തതാണ് PUB G’. ‘Rejected Thoughts’ എന്ന ബാനറിലാണ് നിജില്‍ തന്റെ 7 മിനിറ്റ് ദൈഘ്യമുള്ള Self Made Short Film നിര്‍മ്മിച്ചിരിക്കുന്നത്.

കേരളത്തിലെ മൈക്കിള്‍ ജാക്‌സന്‍മാരുടെ കഥയുമായി ‘മൂണ്‍വാക്ക്’ ട്രെയ്‌ലര്‍ റിലീസായി

എഎസ് ദിനേശ്
കൊച്ചി: ഒരുകാലത്ത് കേരളത്തിലെമ്പാടും അലയടിച്ച ബ്രേക്ക് ഡാന്‍സ് തരംഗത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെത്തുന്നു. ‘മൂണ്‍ വാക്ക്’. ഫയര്‍വുഡ് ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ജസ്‌നി അഹ്മദ് നിര്‍മ്മിക്കുന്ന ‘മൂണ്‍ വാക്ക്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. എകെ വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാന്‍സിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറെ പേരുടെ, കേരളത്തിലെ മൈക്കിള്‍ ജാക്‌സന്‍മാരുടെ കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത്. 134 ല്‍ പരം പുതുമുഖങ്ങളും 1000 ല്‍ പരം പരിസര വാസികളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
എകെ വിനോദ്, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അന്‍സര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. എഡിറ്റര്‍- കിരണ്‍ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂജ് വാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- സാബു മോഹന്‍, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- മാത്യു മാത്തന്‍, ജയപ്രകാശ് അതളൂര്‍, ബിജിത്ത് ധര്‍മ്മടം, പരസ്യക്കല- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെആര്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് വാസുദേവന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- സുമേഷ് എസ്‌ജെ, നന്ദു കുമാര്‍, നൃത്തം ശ്രീജിത്ത്, ആക്ഷന്‍- മാഫിയ ശശി, അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍സ് മാനേജര്‍- സുഹൈല്‍, രോഹിത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.