Month: October 2020

‘PUB G’ ഇന്നെത്തും

എംഎം കമ്മത്ത്-
കൊച്ചി: കോവിഡ്കാല പ്രതിസന്ധിയില്‍ നിജില്‍ ഡി കാന്‍ നിര്‍മിച്ചു ഛായാഗ്രഹണവും സംവിധാനവും ചെയ്യുന്ന ‘PUB G’ (3-10-2020) ഇന്നെത്തും. കലാകാരനും സിനിമാ അഭിനേതാവും ഷോര്‍ട് ഫിലിം സംവിധായകനുമായ നിജില്‍ ഒരു പെയിന്റിംഗ് തൊഴിലാളി കൂടിയാണ്. കോവിഡ് കാലം മറ്റുള്ളവരെ പ്രതിസന്ധിയിലാക്കിയത് പോലെത്തന്നെ നിജിലിനെയും സാമ്പത്തികമായും മാനസികമായും തകര്‍ത്തിരുന്നു. ഈ അവസരത്തിലാണ് നിജില്‍ തന്റെ പുതിയ ഷോര്‍ട് ഫിലിമിനെ കുറിച്ച് ചിന്തിച്ചത്. അങ്ങനെ തന്റെ ‘Redmi’ മൊബൈല്‍ ഫോണിന്റെ ബേയ്‌സ് മോഡലായ Y2 ല്‍ ആണ് ഈ ഷോര്‍ട് ഫിലിം ഷൂട്ടും എഡിറ്റും ചെയ്തിരിക്കുന്നത്.
നിജില്‍ തന്നെ തിരക്കഥ എഴുതി സംവിധാനവും ഛായാഗ്രഹണവും ചെയ്ത് അഭിനയിച്ച് എഡിറ്റ് ചെയ്തതാണ് PUB G’. ‘Rejected Thoughts’ എന്ന ബാനറിലാണ് നിജില്‍ തന്റെ 7 മിനിറ്റ് ദൈഘ്യമുള്ള Self Made Short Film നിര്‍മ്മിച്ചിരിക്കുന്നത്. ‘PUB G’ ഇന്ന് 3-10-2020 വൈകിട്ട് 7 മണിക്ക് www.youtube.com/MrNijildas എന്ന തന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്യും.

മഞ്ജു വാര്യര്‍ ചിത്രം ‘കയറ്റം’ ട്രെയ്‌ലര്‍ എആര്‍ റഹ്മാന്‍ റിലീസ് ചെയ്തു

എഎസ്സ് ദിനേശ്-
അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ എസ്. ദുര്‍ഗ്ഗക്കും ചോലക്കും ശേഷം, സനല്‍കുമാര്‍ ശശിധരന്‍, മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത ‘കയറ്റം’ (A’HR) എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍, പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍, തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ‘കയറ്റം’ ചിത്രത്തിന്റെ തിരക്കഥ രചന, എഡിറ്റിംങ്, സൗണ്ട് ഡിസൈന്‍ എന്നിവയും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്നെ നിര്‍വ്വഹിക്കുന്നു.
‘ജോസഫ്’ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.
ചന്ദ്രു സെല്‍വരാജ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. കയറ്റം എന്ന ചിത്രത്തിനു വേണ്ടി തയാറാക്കിയ അഹര്‍ സംസ എന്ന ഭാഷയാണ് മറ്റൊരു പ്രത്യേകത. ഈ ഭാഷയില്‍ ‘കയറ്റം’ എന്നതിനുള്ള വാക്കായ ‘അഹര്‍’ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍. അഹര്‍ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന സിനിമയുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.
മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, നിവ് ആര്‍ട്ട് മൂവീസ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയന്‍ ട്രെക്കിംഗ് സൈറ്റുകളില്‍ ഓണ്‍ ദി സ്‌പോട്ട് ഇംപ്രൊവൈസേഷന്‍ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നത് ഒരു സവിശേഷതയാണ്.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേര്‍- സ്ബിനീഷ് ചന്ദ്രന്‍, ബിനു ജി നായര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ആന്റ് പബ്ലിസിറ്റി- ദിലീപ് ദാസ്, സൗണ്ട് റെക്കോഡിംങ്- നിവേദ് മോഹന്‍ദാസ്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സ്റ്റില്‍സ്- ഫിറോഷ് കെ ജയേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിജു ആന്റണി, സ്റ്റുഡിയോ- രംഗ് റെയ്‌സ് ആന്റ് കാഴ്ച ക്രീയേറ്റീവ് സ്യൂട്ട്, പോസ്റ്റ് പ്രൊഡക്ഷന്‍ അസോസിയേറ്റ്- ചാന്ദിനി ദേവി, ലോക്കേഷന്‍ മാനേജര്‍- സംവിദ് ആനന്ദ്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

മണ്ണിലേക്കിറങ്ങിവന്ന താരങ്ങള്‍

ഷാജി പട്ടിക്കര-
കൊച്ചി: മലയാള സിനിമയിലെ രണ്ട് അഭിമാനതാരങ്ങളാണ് ജോജു ജോര്‍ജ്ജും, ടൊവിനോ തോമസും. ഇരുവരും വളരെ കഷ്ടപ്പെട്ട്, സിനിമയുടെ വിശാല ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയവരാണ്. അതുകൊണ്ടുതന്നെ മാനുഷിക മൂല്യങ്ങള്‍ കൈമോശം വന്നിട്ടില്ലാത്തവരുമാണ്.
കഴിഞ്ഞ രണ്ട് പ്രളയകാലത്തും, ദുരിതമനുഭവിക്കുന്നവരുടെ ഇടയിലേക്കിറങ്ങിച്ചെന്ന് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇവരെ നമ്മള്‍ കണ്ടിരുന്നു. ഇവരുടെ നന്മയെ അന്നേ നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ ഈ കൊറോണക്കാലത്തും തങ്ങളാലാവുന്ന സഹായങ്ങളുമായി ഇരുവരും മുന്നില്‍ തന്നെയുണ്ടായിരുന്നു. സ്വന്തം തൊഴില്‍ മേഖലയുള്‍പ്പെടെ അരക്ഷിതാവസ്ഥയിലാണെന്ന തിരിച്ചറിവിലും, മറ്റുള്ളവരുടെ വിശപ്പകറ്റാനും, വീണു പോയവര്‍ക്ക് താങ്ങൊരുക്കാനും ഇരുവരുമുണ്ടായിരുന്നു.
ഇരുവരുടെയും പ്രവര്‍ത്തനങ്ങളെ മലയാളികള്‍ ഒന്നടങ്കം അംഗീകരിക്കുകയും ചെയ്തിരുന്നു. തീര്‍ച്ചയായും പ്രശംസനീയം തന്നെ.
ഇപ്പോഴിതാ മാതൃകാപരമായ മറ്റൊരു തീരുമാനവുമായി ഇരുവരും വീണ്ടും ശ്രദ്ധ നേടുകയാണ്. ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പാടേ നിലച്ചുപോയ തൊഴില്‍ മേഖലയാണ് സിനിമ. ഒട്ടനവധി കുടുംബങ്ങളാണ് പട്ടിണിയിലായിപ്പോയത്. മരുന്നു വാങ്ങാന്‍ പോലും കഷ്ടപ്പെടുന്ന നിരവധിപ്പേരുണ്ട്. അവര്‍ക്കൊക്കെ ആശ്വാസം പകരുന്നതായിരുന്നു നിയന്ത്രണങ്ങളോടെയാണെങ്കിലും ചിത്രീകരണം തുടങ്ങാനുള്ള അനുമതി. ലൊക്കേഷനിലെ അംഗസംഖ്യ കുറയുമെങ്കിലും, കുറച്ച് പേര്‍ക്കെങ്കിലും തൊഴിലിടങ്ങളിലേക്ക് തിരിച്ചുവരാന്‍ ആ തീരുമാനം വഴിവച്ചു. പക്ഷേ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത് വന്‍ മുതല്‍ മുടക്കില്‍ ചിത്രങ്ങളെടുക്കുക എന്നത് നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണ്. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലമാണ് പ്രധാനം.
അതുകൊണ്ടുതന്നെ പ്രതിഫലം കുറയ്ക്കണം എന്ന് നിര്‍മ്മാതാക്കളുടെ സംഘടന താരങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആ അഭ്യര്‍ത്ഥന ശിരസ്സാ വഹിച്ച്, മാതൃകാപരമായ തീരുമാനമാണ് ഇപ്പോള്‍ ജോജുവിന്റേയും, ടൊവിനോയുടെയും ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ജോജു തന്റെ പ്രതിഫലത്തില്‍ നിന്നും ഇരുപത് ലക്ഷം രൂപയോളം വെട്ടിക്കുറച്ചപ്പോള്‍, ചിത്രം റിലീസ് ചെയ്തതിന് ശേഷം തന്റെ പ്രതിഫലം തന്നാല്‍ മതി എന്ന നിലപാടിലാണ് ടൊവിനോ. എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഈ തീരുമാനത്തെ. പാടേ നിലച്ചുപോയ ഒരു തൊഴില്‍ മേഖല ചലിച്ചു തുടങ്ങുമ്പോള്‍ അതിന് ഒരു കൈത്താങ്ങാണ് അവരുടെ ഈ തീരുമാനം.
സിനിമാ മേഖലയ്ക്ക് ആകെ ഉണര്‍വ്വേകുന്ന ഈ തീരുമാനം മറ്റുള്ളവര്‍ കൂടി മാതൃകയാക്കിയിരുന്നുവെങ്കില്‍ പഴയതിനേക്കാള്‍ ശക്തമായി ഈ തൊഴില്‍ മേഖലയും സജീവമാകും എന്ന കാര്യത്തില്‍ സംശയമേയില്ല.

 

‘കാഴ്ച്ചയില്ലായ്മയോട് പൊരുതി ഉയരത്തില്‍ ഒരു അത്ഭുത കലാകാരന്‍’

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ മാടക്കാല്‍ എന്ന ദ്വീപില്‍ താമസിക്കുന്ന ജന്മനാല്‍ രണ്ട് കണ്ണിനും പൂര്‍ണ്ണമായും കാഴ്ചയില്ലാത്ത ഒരു കുഞ്ഞു കലാകാരനാണ് ഗോകുല്‍ രാജ്. അമ്മയും, മുത്തശ്ശിയുമടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് ഗോകുലിന്റെത്. അച്ഛന്‍ നന്നേ ചെറുപ്രായത്തില്‍ തന്നെ ഉപേക്ഷിച്ചു പോയി. സുഖമില്ലാത്ത മകനെ നോക്കേണ്ടതിനാല്‍ അമ്മയ്ക്ക് ജോലിക്ക് പോകാനും പറ്റാത്ത അവസ്ഥയാണ്.കാഴ്ച്ച ഇല്ലെങ്കിലും ഈ 10 വയസു കാരന്‍ പഠനത്തിലും, ലോകവിവരത്തിലും മിടുക്കന്‍ തന്നെയാണ്. മാത്രവുമല്ല സംഗീതവും, സംഗീത ഉപകരണങ്ങള്‍ വായിക്കാനും, ട്യൂണുകള്‍ നല്‍കാനുമുള്ള കഴിവുകള്‍ അപാരം തന്നെയാണ്. അതില്‍ അസാധ്യമായ ഗാനാലാപന ശൈലി ഗോകുലിന്റെ കഴിവുകളില്‍ വ്യത്യസ്തമായ ഒന്നാണ്.നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചു വരുകയാണ് ഗോഗുല്‍.
രണ്ട് വര്‍ഷം മുന്‍പ് പ്രശസ്ത മിമിക്രി കലാകാരന്‍ പ്രജിത്ത് കുഞ്ഞിമംഗലം ഗോകുലിന്റെ ഗാനാലാപനം ശ്രദ്ധയില്‍ പെട്ടതുവഴി ഉടന്‍ തന്നെ കോമഡി ഉത്സവത്തില്‍ പങ്കെടുപ്പിക്കുവാന്‍ ഇടയായി. കലാഭവന്‍ മണിയുടെ കടുത്ത ആരാധകനായ ഗോകുല്‍ അന്ന് ഫ്‌ലോറില്‍ പാടിയതും മണിയുടെ പാട്ട് തന്നെ. അന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും, കരയിപ്പിക്കുകയും ചെയ്തു. അന്ന് സെലെബ്രിറ്റി ആയി ഉണ്ടായത് മലയാള സിനിമാതാരം ജയസൂര്യയും.ഉടന്‍ തന്നെ ജയസൂര്യ ഗോകുലിനെ അഭിനന്ദിക്കുകയും, അടുത്ത സിനിമയില്‍ ഒരു പാട്ട് പാടാന്‍ അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തു. വരാനിരിക്കുന്ന ‘ഗബ്രി’ എന്ന സിനിമയില്‍ പാടിക്കൊണ്ട് തന്നെ ഗോകുല്‍ പിന്നണി രംഗത്തേക്ക് കടക്കുകയും ചെയ്തു. പ്രശസ്ത ഗായികമാരായ ചിത്ര, സുജാത എന്നിവരുടെ മുന്നില്‍ പാടി പ്രശസകള്‍ നേടുകയും അതിനു ശേഷം നിരവധി ആല്‍ബങ്ങളില്‍ പാടി ശ്രദ്ദേയനാവുകയും ചെയ്തു. തുടര്‍ന്ന് ഗള്‍ഫ് ഷോകളിളും പാടി പ്രൊഫഷണലായി വരുമ്പോളാണ് കോറോണ ഭീതിയില്‍ ഗോകുലിന് പാടുവാനുള്ള അവസരങ്ങള്‍ ഇല്ലാതായത്. പക്ഷെ ഇപ്പോള്‍ അഭിനയ രംഗത്തുകൂടി കടന്നിരിക്കയാണ് ഗോകുല്‍ രാജ്.ടീം ചിരിമ പയ്യന്നൂരിന്റെ ബാനറില്‍ മിമിക്രി കലാകാരന്മാരുടെ ജീവിത കഥയെ ആസ്പദമാക്കിക്കൊണ്ടു സുല്‍ഫി കവ്വായി കഥ എഴുതി വൈശാഖ് കരിവെള്ളൂര്‍ സംവിധാനം ചെയ്ത് രജിത്ത് ചെറുതാഴം നിര്‍മ്മിച്ച ‘അയ്യൂബ്’എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് പാടി അഭിനയിച്ചിരിക്കുന്നത്.ഗോകുല്‍ രാജിന്റെ വ്യത്യസ്തമായ ആ ഗാനം റിലീസ് ചെയ്യുന്നത് Sep 25ന് ആണ്. അതും ജയസൂര്യയുടെതന്നെ FB പേജിലൂടെ. തൃക്കരിപ്പൂര്‍ ഇളമ്പച്ചി ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഗോകുല്‍ രാജ് 2018 ല്‍ കേരള സര്‍ക്കാറിന്റെ ഉജ്വല ബാല്യ പുരസ്‌ക്കാരവും നേടിയിട്ടുമുണ്ട്.

❤️❤️❤️???https://youtu.be/lHfKMjaOtcM

Posted by Jayasurya on Friday, October 2, 2020

https://www.youtube.com/watch?v=lHfKMjaOtcM&feature=youtu.be

അമീഷിന് ഇനി പപ്പടം വില്‍ക്കണ്ട; ഏറ്റെടുത്ത് ‘ബാദുഷ ലൗവ്വേഴ്‌സ്’

ശിവപ്രസാദ് ഒറ്റപ്പാലം-
കൊച്ചി: പറവൂര്‍ ചെറിയ പല്ലംതുരുത്തില്‍ തണ്ടാശേരി ഷാജി-പ്രമീള ദമ്പതികളുടെ പത്തു വയസുകാരന്‍ മകന്‍ അമീഷാണ് പപ്പട വില്‍പന നടത്തി കുടുംബത്തിന് അത്താണിയായിരിക്കുന്നത്. തളര്‍ന്ന് കിടക്കുന്ന അച്ഛന്‍, കൂലി പണിക്ക് പോകുന്ന അമ്മ, സഹോദരി എന്നിവര്‍ അടങ്ങുന്ന അമീഷിന്റെ കുടുംബം വാടക വീട്ടിലാണ് താമസം. കരിമ്പാടം സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയുമാണ് അമീഷ്.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അമീഷിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ടായിരുന്നു. ഇത് കണ്ടതിനെ തുടര്‍ന്ന് സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ബന്ധപ്പെടുകയും അമീഷിന്റെ കുടുംബത്തിന് അവശ്യമായ അടിയന്തിര സഹായങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു. ബാദുഷയുടെ നേതൃത്വത്തിലുള്ള ‘ബാദുഷ ലൗവ്വേഴ്‌സ്’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ മഞ്ജു ബാദുഷ, കോര്‍ഡിനേറ്റര്‍മാരായ ഹമദ് ബിന്‍ ബാബ, ശിവപ്രസാദ് ഒറ്റപ്പാലം എന്നിവരാണ് അമീഷിന്റെ വീട്ടിലേക്ക് വേണ്ട അവശ്യ സാധനങ്ങള്‍, ഗ്യാസ്സ് കണക്ഷന്‍, മറ്റ് അടിയന്തിര സാധങ്ങള്‍ എത്തിച്ച് കൊടുത്തത്.

100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി

ഫിദ-
തിരു:
കൊവിഡ് വ്യാപനം മൂലം സംസ്ഥാനത്തുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കര്‍മ്മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. 100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് സംസ്ഥാനത്ത് ഭീതിജനകമായി തൊഴിലില്ലായ്മ സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1000 ആളുകള്‍ക്ക് 5 എന്ന തോതില്‍ ഒരോ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുംക. ഏതൊക്കെ മേഖലകളില്‍ ഏതെല്ലാം ഏജന്‍സികളുടെ പരിധിയിലാണ് ഈ തൊഴിലവസരങ്ങള്‍ എന്ന് വിശദമായി രേഖ തയാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.